2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മനസ്സുകൊണ്ടെങ്കിലും പങ്കാളികളാകൂ ഈ വിവാഹച്ചടങ്ങില്‍..!

 

 

 

ഇന്നു കായംകുളത്ത് ഒരു വിവാഹം നടക്കുന്നുണ്ട്. കാലത്ത് 11.30നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ആ വിവാഹം.
ചേരാവള്ളി അമൃതാഞ്ജലിയില്‍ ബിന്ദുവിന്റെ മകള്‍ അഞ്ജലിയാണ് വധു. എല്ലാ ആചാരങ്ങളും പാലിച്ചു മുഹൂര്‍ത്തം നോക്കി നിശ്ചയിച്ച വിവാഹമാണ്.
ആ വിവാഹം നടക്കുന്നത് ഏതെങ്കിലും ക്ഷേത്രാങ്കണത്തിലോ ഹാളിലോ വീട്ടുമുറ്റത്തോ അല്ല, ചേരാവള്ളി മുസ്‌ലിം പള്ളിയുടെ തിരുമുറ്റത്താണ്. ആ വിവാഹം നടത്തുന്നതു ചേരാവള്ളി പള്ളിക്കമ്മിറ്റിയാണ്. കത്ത് അച്ചടിച്ചതു മുതല്‍ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നതും ചെലവു വഹിക്കുന്നതും പള്ളിക്കമ്മിറ്റി. തങ്ങളുടെ സഹോദരിയുടെ മകളുടെ വിവാഹമാണെന്നാണ് അവര്‍ അഭിമാനത്തോടെ പറയുന്നത്.

ഈ വിവാഹത്തെക്കുറിച്ച് ഇത്രമാത്രം പറയാനെന്തെന്നു മുകളില്‍ നല്‍കിയ വിശദീകരണം വായിക്കുന്ന മനുഷ്യത്വമുള്ളവരാരും ചോദിക്കില്ല. മതത്തിന്റെ പേരില്‍ പക വളര്‍ത്താനും തമ്മില്‍ത്തല്ലിക്കാനും ഒരുകൂട്ടമാളുകള്‍ കച്ചകെട്ടിയിറങ്ങിയ ഇക്കാലത്ത് ഈ വിവാഹത്തെക്കുറിച്ച് ഉറക്കെയുറക്കെ, ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയേണ്ടതുണ്ട്. മതഭ്രാന്തന്മാര്‍ എത്രമാത്രം വിഷലിപ്തമാക്കാന്‍ ശ്രമിച്ചാലും ഈ നാട്ടില്‍ സാഹോദര്യം പൂത്തുലഞ്ഞു നില്‍ക്കുക തന്നെ ചെയ്യുമെന്നു തെളിയിക്കുന്നതാണത്.

സാമ്പത്തികമായി ഏറെ പരാധീനതയിലാണ് ചേരാവള്ളി അമൃതാഞ്ജലിയിലെ ബിന്ദുവിന്റെ കുടുംബം. വാടകവീട്ടിലാണു താമസം. ഭര്‍ത്താവ് അശോകന്‍ രണ്ടുവര്‍ഷം മുന്‍പ് മരിച്ചു. രണ്ടു പെണ്‍മക്കളും മകനുമുള്ള കുടുംബം പുലര്‍ത്തല്‍ എളുപ്പമല്ല. സാമ്പത്തിക ഞെരുക്കം മൂലം അഞ്ജലിക്കും അനുജത്തിക്കും പ്ലസ്ടുവിനു ശേഷം പഠനം തുടരാനായില്ല.

അതിനിടയിലാണ് അഞ്ജലിക്കു വിവാഹാലോചന വന്നത്. പെണ്‍മക്കളെ നല്ലനിലയില്‍ വിവാഹം കഴിപ്പിച്ചയയ്ക്കണമെന്ന് ഏതമ്മയ്ക്കും ആഗ്രഹമുണ്ടാകുമല്ലോ. ബിന്ദുവിനും അതു ജീവിതാഭിലാഷമായിരുന്നു. വിവാഹാലോചന വന്നപ്പോള്‍ ആ മോഹവും തന്റെ പരാധീനതയും ആത്മഗതമെന്നപോലെ ബിന്ദു അയല്‍വാസികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.
അയല്‍വാസിയായ നുജുമുദ്ദീന്‍ ആലുംമൂട്ടില്‍ അവരുടെ പ്രതിസന്ധിയുടെ ആഴമറിഞ്ഞു. മഹല്ല് കമ്മിറ്റി ഭാരവാഹിയായ അദ്ദേഹം ഒരു ഉപായം കണ്ടെത്തി. ‘പള്ളിക്കമ്മിറ്റിയില്‍ ഇക്കാര്യം അറിയിക്കുക, സഹായം ചോദിക്കുക.’

ബിന്ദുവിന്റെ അപേക്ഷയ്ക്കു മേല്‍ നുജുമുദ്ദീന്റെ സമ്മര്‍ദവും ചെന്നപ്പോള്‍ തീരുമാനം പെട്ടെന്നുണ്ടായി, ‘ആ സഹോദരിയുടെ കുടുംബത്തെ നമ്മള്‍ സഹായിക്കും, അയല്‍ക്കാരായ നമ്മള്‍ തന്നെയാണു സഹായിക്കേണ്ടത്.’

ആ തീരുമാനത്തിനു പൊടുന്നനെ ഫലമുണ്ടായി. വിവാഹച്ചെലവ് വഹിക്കാന്‍ മഹല്ലിലെ ഒരംഗം സന്നദ്ധനായി. മറ്റുള്ളവരും മിണ്ടാതിരുന്നില്ല. കഴിയുംവിധം സഹായിക്കാമെന്ന് ഓരോരുത്തരും ഏറ്റു. ആരുടെയും സമ്മര്‍ദമോ ശാസനയോ വേണ്ടിവന്നില്ല.
പള്ളിക്കമ്മിറ്റിയുടെ തീരുമാനങ്ങളില്‍ ഏറെ ശ്രദ്ധേയമായത്, ഏറ്റവും ശ്ലാഘനീയമായത് ഇനി പറയാന്‍ പോകുന്നതാണ്. അഞ്ജലിയുടെ വിവാഹം വേണമെങ്കില്‍ ഏതെങ്കിലും ഹാളില്‍ വച്ചു നടത്താമായിരുന്നു. അതിനുള്ള ചെലവ് വഹിക്കാനും ആ മഹല്ലിലെ മനുഷ്യസ്‌നേഹികള്‍ തയ്യാറാകുമായിരുന്നു.

എന്നാല്‍, അവര്‍ തീരുമാനിച്ചത് ആ ഹിന്ദു സഹോദരിയുടെ വിവാഹം മുസ്‌ലിം പള്ളിയങ്കണത്തില്‍ വച്ചു നടത്താനാണ്. മതവിരോധം ആളിക്കത്തിക്കാനും ഊതിവീര്‍പ്പിക്കാനും ഒരു വിഭാഗമാളുകള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ആ തീരുമാനത്തിന് ഏറെ പ്രസക്തിയും ഭംഗിയുമുണ്ട്. ആ തീരുമാനം പ്രാവര്‍ത്തികമാക്കപ്പെടുന്ന നിമിഷങ്ങളില്‍ മതവിരോധത്തിന്റെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിയപ്പെടുകയാണ്. അത്തരമൊരു മഹനീയമായ തീരുമാനമെടുത്ത ചേരാവള്ളി മഹല്ലിലെ സഹോദരങ്ങളേ.., നിങ്ങള്‍ക്ക് ഒരായിരം അഭിവാദ്യങ്ങള്‍.
ഈ നിമിഷത്തില്‍ ചില നല്ല മനുഷ്യരെയും മഹനീയസന്ദര്‍ഭങ്ങളും ഓര്‍ക്കാതിരിക്കാന്‍ വയ്യ. അതില്‍ എക്കാലവും ഓര്‍ക്കേണ്ട പേരാണ് കോഴിക്കോട് നഗരത്തില്‍ ഓട്ടോ ഡ്രൈവറായിരുന്ന നൗഷാദിന്റേത്. കുടുംബത്തിന്റെ അന്നത്തെ അന്നത്തിനുവേണ്ടി ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയില്‍ ക്ഷീണം തീര്‍ക്കാന്‍ തട്ടുകടയില്‍ നിന്നു ചായ കുടിക്കുമ്പോഴാണ് നൗഷാദ് തെല്ലകലെ എന്തോ ബഹളവും ആള്‍ക്കൂട്ടവും കാണുന്നത്.
കാര്യം തിരക്കിയപ്പോള്‍ ഭൂമിക്കടിയിലൂടെ പോകുന്ന ഓടയിലെ മാന്‍ഹോളില്‍ രണ്ടു തൊഴിലാളികള്‍ ബോധം കെട്ടുവീണതാണെന്നറിഞ്ഞു. അവിടെ കൂടിയ പലര്‍ക്കും അതു കൗതുകക്കാഴ്ചയായിരുന്നു. പക്ഷേ, നൗഷാദിന് അതു പിടിയുന്ന രണ്ടു മനുഷ്യജീവിതങ്ങളുടെ നേര്‍ക്കാഴ്ചയായിരുന്നു. മറ്റൊന്നും ചിന്തിക്കാതെ, അവരെ രക്ഷിക്കാന്‍ ഓടയിലേയ്ക്കു ചാടിയിറങ്ങിയ നൗഷാദിനെയും അതിലെ വിഷവാതകം വിഴുങ്ങി.

‘വീണ്ടുവിചാരമില്ലാതെ ഓടയിലേയ്ക്കു ചാടിയിട്ടല്ലേ ജീവന്‍ നഷ്ടപ്പെട്ടതെ’ന്നു ചോദിക്കുന്ന കുടിലമനസ്സുകളുണ്ടാകാം. ദുരന്തമുഖത്ത്, അതില്‍പ്പെട്ടവരുടെ ജാതിയോ മതമോ നോക്കാതെ, സ്വന്തം ജീവനെക്കുറിച്ചു പോലും ചിന്തിക്കാതെ രക്ഷകനാകാന്‍ ചാടിയിറങ്ങുന്ന മനസ്സിന് ചുരുങ്ങിയ വിശാലതയൊന്നും പോരാ എന്നോര്‍ക്കുക.
മറ്റൊരു നൗഷാദ്, തെരുവില്‍ തുണികള്‍ വില്‍ക്കുന്നയാള്‍, കഴിഞ്ഞ പ്രളയകാലത്ത്, താന്‍ വില്‍ക്കാന്‍ വാങ്ങിവച്ച വസ്ത്രങ്ങളത്രയും പ്രളയദുരിതമനുഭവിക്കുന്നവര്‍ക്കു വാരിക്കോരി നല്‍കിയതിന്റെ ദൃശ്യം നാം ഏറെ കൗതുകത്തോടെ, അതിലേറെ ബഹുമാനത്തോടെ കണ്ടതാണല്ലോ. താന്‍ നല്‍കുന്ന തുണിത്തരങ്ങള്‍ ഏതു ജാതിക്കാരനും മതക്കാരനുമാണ് ഉപയോഗിക്കുകയെന്നു നൗഷാദ് ചിന്തിച്ചില്ല. ഏതെങ്കിലും മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കേ കൊടുക്കാവൂവെന്നു ശഠിച്ചില്ല.

ഇക്കഴിഞ്ഞ ദുരന്തകാലത്ത് കവളപ്പാറയില്‍ മണ്ണിനടിയില്‍ ജീവന്‍പൊലിഞ്ഞവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് അടുത്തുള്ള മുസ്‌ലിം പള്ളിയില്‍ വച്ചായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം ചെയ്യപ്പെട്ട ശരീരങ്ങള്‍ ഏതെങ്കിലും മതത്തില്‍പ്പെട്ടവരുടേതായിരുന്നില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇവിടെയും ആരുടെയും നിര്‍ബന്ധമോ ഉപദേശമോ വേണ്ടിവന്നില്ല അത്തരമൊരു തീരുമാനമെടുക്കാന്‍. അതൊരു സന്നദ്ധതയാണ്, ഹൃദയവിശാലതയാണ്.

സ്വാഭാവികമായും ഇവിടെയൊരു സംശയം ഉന്നയിക്കപ്പെടാം. മുസ്‌ലിംകള്‍ ചെയ്ത നല്ല കാര്യം മാത്രമല്ലേ ഈ കുറിപ്പില്‍ പറഞ്ഞുള്ളൂ, മറ്റു മതവിഭാഗക്കാരെല്ലാം വിഭാഗീയമായി ചിന്തിക്കുന്നവരാണെന്നാണോ ഉദ്ദേശിക്കുന്നത് എന്നാവും ആ സംശയം. തീര്‍ച്ചയായും അല്ല എന്നാണുത്തരം. മറ്റു മതവിഭാഗങ്ങളില്‍, പ്രത്യേകിച്ചു ഹിന്ദുക്കളില്‍, മനുഷ്യസ്‌നേഹികള്‍ എത്രയോ കൂടുതലുണ്ട്. അവര്‍ വളരെ ഭംഗിയായി മനുഷ്യത്വപരമായ കടമ നിര്‍വഹിക്കുന്നുമുണ്ട്.

അതിന് ഏറ്റവും മഹനീയമായ ഉദാഹരണം പൗരത്വനിയമ ഭേദഗതിക്കെതിരായ പോരാട്ടമാണ്. മുസ്‌ലിംകളെ മാത്രം ഉന്മൂലനം ചെയ്യാനുള്ള നിയമമല്ലേ നമ്മളെന്തിനു വേവലാതിപ്പെടുന്നുവെന്നു ഭൂരിപക്ഷം ഹിന്ദുക്കളും ചിന്തിച്ചില്ല. നിയമനിര്‍മാണസഭകള്‍ക്ക് അകത്തും പുറത്തുമുള്ള പോരാട്ടങ്ങള്‍ക്ക് അവര്‍ നേതൃത്വം കൊടുത്തു. ആ മഹനീയമായ നിലപാടിന് ഒരായിരം അഭിവാദ്യങ്ങള്‍.

മതേതര നിലപാട് കൈക്കൊണ്ടതിന്റെ പേരില്‍ രക്തസാക്ഷിത്വം വഹിച്ച മഹാത്മജിക്ക് ഏറെ പ്രിയപ്പെട്ട പ്രാര്‍ഥനയാണ് ‘രഘുപതിരാഘവ രാജാറാം’ എന്നത്. അതിലെ ഒരു ഈരടി ഇങ്ങനെയാണ്, ‘ഈശ്വര് അള്ളാ തേരേ നാം. സബ്‌കോ സന്മതി ദേ ഭഗവന്‍.’

പല പേരുകളില്‍ വിളിക്കപ്പെടുന്നുവെങ്കിലും ഒരു സ്രഷ്ടാവേയുള്ളൂവെന്ന തത്വം കന്മഷമില്ലാതെ ഉള്‍ക്കൊള്ളാനായാല്‍ ഈ ഭ്രാന്തെല്ലാം അവസാനിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.