2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

‘പരാജിത’ന്റെ സങ്കടവും ബധിരമനസ്സുകളും

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്നു പടിയിറങ്ങിയ ശേഷം രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ പുറത്തുവിട്ട കത്ത് രാഷ്ട്രീയചരിത്രവിദ്യാര്‍ഥികള്‍ക്കു വലിയൊരു പാഠഭാഗമാണ്. കോണ്‍ഗ്രസ്സിനെപ്പോലെ ഫലസമ്പുഷ്ടമായിരുന്ന രാഷ്ട്രീയവടവൃക്ഷം എന്തു കാരണത്താലാണ് അത്ര ശക്തമല്ലാത്ത കാറ്റില്‍ കടപുഴകിയതെന്നതിന്റെ നേര്‍ചിത്രമാണ് ആ വാക്കുകള്‍. കാറ്റിന്റെ ഊക്കല്ല, വേരുകളുടെ പൂതലിപ്പാണ് ആ വീഴ്ചയ്ക്കു വഴിവച്ചതെന്നാണു രാഹുല്‍ വരികള്‍ക്കിടയിലൂടെ പറയുന്നത്.

രാഹുലിന്റെ പ്രഖ്യാപനശേഷമുള്ള ദിനങ്ങളിലെ കോണ്‍ഗ്രസ്സിലെ കാര്യങ്ങള്‍ അതിലേറെ കൗതുകകരമായ പാഠങ്ങളാണ്. ദീര്‍ഘകാലം മഹാരഥന്മാര്‍ നിറഞ്ഞ കോണ്‍ഗ്രസ് പ്രസ്ഥാനം, ചവിട്ടേറ്റാലും കിടക്കപ്പായില്‍ മടിപിടിച്ചു കിടന്നുറങ്ങുന്ന ബാധിര്യം ബാധിച്ച കുറേ കടല്‍ക്കിഴവന്മാരുള്ള സത്രമായിരിക്കുന്നെതാണ് ആ പാഠം.
കടല്‍ക്കിഴവന്മാരെന്നപോലുള്ള കഠിനമായ വാക്കുകള്‍ പ്രയോഗിക്കേണ്ടി വന്നതില്‍ ഖേദമുണ്ട്. പക്ഷേ, രാഹുല്‍ ഗാന്ധിയെപ്പോലൊരു മാന്യന്‍ ഇത്രയും വ്യക്തമായി കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടും പാര്‍ട്ടിയെ രക്ഷിക്കാന്‍ വഴിമാറിക്കൊടുക്കാതെ പൊട്ടിപ്പൊളിഞ്ഞ കസേരക്കാലുകളില്‍ അള്ളിപ്പിടിച്ചിരിക്കുന്നവരെ കാണുമ്പോള്‍ മറ്റെന്തു വാക്കാണ് ഉപയോഗിക്കാനാവുക. രാഹുല്‍ പോയാലും പാര്‍ട്ടി നശിച്ചാലും തങ്ങള്‍ക്കു സമ്പത്തും സ്ഥാനവും കിട്ടണമെന്നു മനസ്സിലുറപ്പിച്ചവരല്ലേ അവരെല്ലാം.
തെരഞ്ഞെടുപ്പു പരാജയത്തിന്റെ തൊട്ടുപിന്നാലെ താന്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനമൊഴിയുകയാണെന്നു രാഹുല്‍ പറഞ്ഞതു മുതല്‍ അദ്ദേഹത്തെ അപക്വമതിയായ ഒളിച്ചോട്ടക്കാരന്‍ എന്നു വിശേഷിപ്പിച്ചവര്‍ ഒട്ടേറെയുണ്ട്. രാഷ്ട്രീയ ജയപരാജയങ്ങള്‍ സ്വാഭാവികമാണെന്നിരിക്കെ പരാജയം നേരിടുമ്പോള്‍ ഒളിച്ചോടുകയല്ല പക്വമതിയായ നേതാവ് ചെയ്യേണ്ടതെന്നും രാഹുല്‍ വിമര്‍ശകര്‍ അന്നുമിന്നും പറയുന്നുണ്ട്.

‘ഒളിച്ചോട്ട’മെന്നു പലരും വിശേഷിപ്പിച്ച സ്ഥാനത്യാഗത്തെക്കുറിച്ചു ധാരാളം പേര്‍ വിലയിരുത്തിക്കഴിഞ്ഞതിനാല്‍ ഈ വിഷയത്തെക്കുറിച്ച് എഴുതേണ്ട എന്നാണു കരുതിയിരുന്നത്. എന്നാല്‍, ”എന്തിനാണ് കോണ്‍ഗ്രസ്സിന് ഇത്തരത്തില്‍ നിര്‍ഗുണപരബ്രഹ്മംപോലൊരു നേതാവ് ” എന്ന ചോദ്യം ആവര്‍ത്തിച്ചു കേള്‍ക്കുമ്പോള്‍ എഴുതാതിരിക്കാന്‍ വയ്യെന്നു തോന്നുന്നു.
രാഹുലിന്റെ നടപടി ‘ഒളിച്ചോട്ട’മാണോ ‘പൊളിച്ചെഴുത്തി’നുള്ള രാഷ്ട്രീയതന്ത്രമാണോയെന്നു മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ വാക്കുകളെത്തന്നെ ആശ്രയിക്കുന്നതാണ് യുക്തി. 2017ല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയെടുക്കും മുമ്പ് രാഹുല്‍ നടത്തിയ രണ്ടു പ്രസ്താവനകള്‍ ഇവിടെ പ്രസക്തമാണ്. 2017 മാര്‍ച്ച് 14ന് അദ്ദേഹം പറഞ്ഞത് ‘കോണ്‍ഗ്രസ്സില്‍ ഘടനാപരവും ഭരണപരവുമായ മാറ്റം ഉടനുണ്ടാകു’മെന്നായിരുന്നു. മാസങ്ങള്‍ക്കു ശേഷം സെപ്റ്റംബര്‍ 12നു കാലിഫോര്‍ണിയയില്‍ വിദ്യാര്‍ഥികളുമായി നടത്തിയ ആശയവിനിമയത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു:

”പാര്‍ട്ടി നേതൃത്വമേറ്റെടുക്കാന്‍ തയാറാണ്. ഏറ്റെടുത്താല്‍ ചെറുപ്പക്കാര്‍ക്കു കൂടുതല്‍ അവസരം നല്‍കും. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്തുണ്ടായ ധാര്‍ഷ്ട്യമാണ് കോണ്‍ഗ്രസ്സിന്റെ ജനബന്ധം ഇല്ലാതാക്കിയത്. പാര്‍ട്ടിയിലെ ആശയവിനിമയം ഇല്ലാതായതാണു പ്രശ്‌നം. മോദിക്ക് ആള്‍ക്കൂട്ടത്തിലുള്ള വിവിധ വിഭാഗങ്ങളെ എങ്ങനെ കൈയിലെടുക്കണമെന്നറിയാം.”
ദിവസങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുലിന്റെ മനസ്സിലെ തീരുമാനങ്ങളും ലക്ഷ്യങ്ങളുമെന്തായിരുന്നെന്നു കാലിഫോര്‍ണിയയിലെ വാക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. കോണ്‍ഗ്രസ് ജനബന്ധമില്ലാതെ നിര്‍ജീവമായിപ്പോയതും ആ അവസരം മുതലെടുത്ത് മോദി ജനമനസ്സു പിടിച്ചെടുത്തതുമാണു 2014ലെ തോല്‍വിക്കു കാരണമെന്നും അതില്‍ നിന്നു പാര്‍ട്ടിയെ രക്ഷിച്ചു പഴയ പ്രതാപത്തിലേയ്ക്കു കൊണ്ടുവരാന്‍ സിരകളില്‍ ചോരയോട്ടമുള്ള യുവാക്കളെ മുന്‍നിരയില്‍ നിര്‍ത്താനാണു താന്‍ ആഗ്രഹിക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. 2017 മുതല്‍ 2019 വരെയുള്ള കാലത്തു രാഹുല്‍ ആഗ്രഹിച്ചപോലെ കോണ്‍ഗ്രസ് പ്രസ്ഥാനം ജനങ്ങള്‍ക്കിടയില്‍ വേരോട്ടമുള്ള പാര്‍ട്ടിക്കൂറുള്ള യുവാക്കളുടെ കൈകളില്‍ ഭദ്രമായിരുന്നെങ്കില്‍ ഈ ദുരന്തം സംഭവിക്കുമായിരുന്നോ.
ആ ലക്ഷ്യത്തോടെയാണ് രാഹുല്‍ സച്ചിന്‍പൈലറ്റ്, ജ്യോതിരാദിത്യസിന്ധ്യ തുടങ്ങിയ നേതാക്കളെ പാര്‍ട്ടിച്ചുമതലയും തെരഞ്ഞെടുപ്പു പ്രചാരണച്ചുമതലയും ഏല്‍പ്പിച്ചത്. എന്നിട്ടു സംഭവിച്ചതെന്താണ്. തുടക്കം മുതല്‍ രാഹുലിനെ വിമര്‍ശിച്ച ദിഗ്വിജയ്‌സിങ്ങിനെപ്പോലുള്ളവര്‍ ആ നീക്കം തകിടം മറിക്കാന്‍ ശ്രമിച്ചു. രാഹുല്‍ അഴിച്ചുപണിയാന്‍ ആലോചിച്ച പ്രവര്‍ത്തകസമിതിയുള്‍പ്പെടെ പാര്‍ട്ടി സ്ഥാനങ്ങളിലും പാര്‍ലമെന്ററി സ്ഥാനങ്ങളിലും സോണിയയുടെ കാലുപിടിച്ചു കാലഹരണപ്പെട്ട പലരും കടിച്ചുതൂങ്ങി. കേരളത്തിലെ മൂന്നു യുവ കോണ്‍ഗ്രസ് നേതാക്കള്‍ ”വൃദ്ധനേതാക്കള്‍ വഴിമാറണ”മെന്ന് ആവശ്യപ്പെട്ടപ്പോള്‍ കേരളത്തിലെ തന്നെ ഒരു മൂത്തുപഴുത്ത നേതാവ് പ്രതികരിച്ചത്, ‘വൃദ്ധരാകുമെന്നു യുവാക്കള്‍ മനസ്സിലാക്കണം. മുതിര്‍ന്ന നേതാക്കളാണ് പാര്‍ട്ടിയുടെ കരുത്ത് ‘എന്നായിരുന്നു.

എന്നാല്‍, അവരാരും തെരഞ്ഞെടുപ്പുഗോദയില്‍ കരുത്തുകാണിച്ചില്ല. എന്നുമാത്രമല്ല, യുവാക്കള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ അധികാരത്തിനായി വാശിപിടിക്കുകയും തട്ടിയെടുക്കുകയും ചെയ്തു. രാജസ്ഥാനിലും മധ്യപ്രദേശിലും അശോക് ഗെലോട്ടിനെയും കമല്‍നാഥിനെയും പോലുള്ളവര്‍ ചെയ്തത്. ആ പിടിവാശിയില്‍ നിന്ന് അവരെ ശാസിച്ചുമാറ്റിക്കാന്‍ പ്രവര്‍ത്തകസമിതിയിലെ ഒരു മുതിര്‍ന്ന നേതാവും തയ്യാറായില്ല. ഒടുവില്‍ രാഹുലിനു മുട്ടുമടക്കേണ്ടിവന്നു.

രാജ്യത്തിനും കോണ്‍ഗ്രസ്സിനും ഏറ്റവും നിര്‍ണായകമായ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുക്തഭരണം സാധ്യമാക്കാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും രാഹുല്‍ തയ്യാറായപ്പോള്‍ മിക്ക സംസ്ഥാനങ്ങളിലെയും നേതാക്കള്‍ അതിനെ തുരങ്കംവയ്ക്കുകയായിരുന്നു. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുമായി സഹകരണത്തിനു ഷീലാ ദീക്ഷിത് പരാജയപ്പെടുത്തി. പശ്ചിമബംഗാളിലും ഇതിന്റെ തനിയാവര്‍ത്തനം നടന്നു. ഒരു ഭാഗത്ത് മായാവതിയെയും മമതയെയും പോലുള്ളവര്‍ മഹാഗഡ്ബന്ധന്‍ എന്ന രാഹുലിന്റെ മോഹം തകര്‍ത്തു. മറുഭാഗത്ത്, കോണ്‍ഗ്രസ്സിലെ ആര്‍ത്തിപിടിച്ച മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയുടെ അടിവേരറുത്തു.

പലരും കരുതുന്നപോലെ തോല്‍വി പേടിച്ചോടുകയല്ല രാഹുല്‍ എന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്നു വ്യക്തം. പ്രവര്‍ത്തകസമിതി യോഗത്തില്‍ ആദ്യമായി രാജി തീരുമാനം പ്രഖ്യാപിച്ച രാഹുല്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക. ‘മോദിക്കും സംഘ്പരിവാറിനുമെതിരേ ഞാന്‍ രാജ്യം മുഴുവന്‍ ഓടിനടന്നു പോരാടുമ്പോള്‍ ഒപ്പം നില്‍ക്കാന്‍ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍പോലുമുണ്ടായില്ല. എന്നെ ഒറ്റപ്പെടുത്തുകയായിരുന്നു.’പാര്‍ട്ടിയെ വിജയത്തിലെത്തിക്കാന്‍ ശ്രമിക്കാതെ അശോക് ഗെലോട്ടും കമല്‍നാഥും പി. ചിദംബരവുമെല്ലാം മക്കള്‍ക്കു സീറ്റ് നേടിയെടുക്കാന്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നെന്നും രാഹുല്‍ പറഞ്ഞു.

എന്നിട്ടും, ഒരു മുതിര്‍ന്ന നേതാവിനും കുറ്റബോധമുണ്ടായില്ല. ആരും സ്ഥാനത്യാഗത്തിനു തയ്യാറായില്ല. രാഹുലിന്റെ മാതൃക പിന്തുടര്‍ന്ന് കോണ്‍ഗ്രസ്സിലും പോഷകസംഘടനകളിലും പെട്ട മുതിര്‍ന്നവരല്ലാത്തെ പല നേതാക്കളും രാജിവച്ചു. അതും മുതിര്‍ന്നവര്‍ കണ്ടമട്ടു നടിച്ചില്ല. രാഹുലിനെ പിന്തിരിപ്പിച്ച് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാണവര്‍ ശ്രമിച്ചത്.
ഇതു കണ്ട് നിരാശ ബാധിച്ചാണ് രാഹുല്‍ തീരുമാനം കടുപ്പിച്ച് അവസാന സന്ദേശം തയ്യാറാക്കിയത്. അതില്‍ പറയുന്ന കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ മനസ്സുണ്ട്. അതിങ്ങനെ വായിക്കാം:
‘പാര്‍ട്ടിയുടെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് ഉത്തരവാദിത്വബോധം നിര്‍ണായകമാണ്. പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ കടുത്ത തീരുമാനങ്ങള്‍ ആവശ്യമുള്ള വേളയാണിത്. 2019 ലെ തെരഞ്ഞെടുപ്പു തോല്‍വിക്ക് ഒട്ടേറെപ്പേര്‍ ഉത്തരവാദിത്വം ഏല്‍ക്കേണ്ടതുണ്ട്. പ്രധാനമന്ത്രി, ആര്‍.എസ്.എസ്, അവര്‍ നിയന്ത്രണത്തില്‍ ന ിര്‍ത്തിയ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേ വ്യക്തിപരമായിത്തന്നെ ഞാന്‍ പോരാടി. ഇടയ്ക്ക് തീര്‍ത്തും ഒറ്റയ്ക്കു തന്നെയായിരുന്നു ഞാന്‍ നിലയുറപ്പിച്ചത്. രാജ്യം അതിന്റെ സ്ഥാപനസംവിധാനങ്ങളെ പുനരുജ്ജീവിപ്പിക്കാനും വീണ്ടെടുക്കാനും ഒരുമിച്ചുനില്‍ക്കേണ്ട കാലമാണിത്. പുനരുജ്ജീവനത്തിന്റെ ഉപാധി കോണ്‍ഗ്രസ് മാത്രമാണ്. ഈ സുപ്രധാന ലക്ഷ്യം കൈവരിക്കാന്‍ കോണ്‍ഗ്രസ് അടിമുടി മാറേണ്ടതുണ്ട്.’

ഈ വാക്കുകളിലെ ആത്മാര്‍ഥത ബധിരകര്‍ണങ്ങളില്‍ പതിച്ചിരുന്നെങ്കില്‍!


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.