2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

പ്രകീര്‍ത്തിക്കാതെ വയ്യ പാക് നീതിപീഠത്തെ

എ. സജീവന്‍#

എ. സജീവന്‍#

 

 

 

പാകിസ്താനില്‍ നിലവിലുള്ള നിയമമനുസരിച്ചു മതനിന്ദ നടത്തുന്ന വ്യക്തിക്ക് വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷയില്ല. സിയാ ഉല്‍ ഹഖിന്റെ കാലത്തു കൊണ്ടുവന്ന നിയമമാണത്. ആ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറെപ്പേര്‍ക്കു വധശിക്ഷ വിധിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.
അതിനാല്‍ത്തന്നെ, ആസിയാ ബീബിയെന്ന ക്രിസ്ത്യന്‍ യുവതിക്ക് ജീവിതം നീട്ടിക്കിട്ടുന്നതിനെക്കുറിച്ചുള്ള പ്രതീക്ഷ ആര്‍ക്കുമുണ്ടായിരുന്നില്ല, അവര്‍ക്കുപോലും. ആസിയാ ബീബിക്കെതിരേയുള്ള മതനിന്ദാകേസ് സവിസ്തരം കേട്ട വിചാരണക്കോടതി 2010ല്‍ തന്നെ അവര്‍ക്കു വധശിക്ഷ വിധിച്ചിരുന്നു. 2014ല്‍ ഹൈക്കോടതി അതു ശരിവച്ചു. പ്രതീക്ഷകള്‍ക്കു വകയില്ലാത്തത്ര കടുത്ത നിയമമായതിനാല്‍ സുപ്രിംകോടതിയിലും വിധിയെന്താകുമെന്നതില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.
ഈ കേസില്‍ സുപ്രിംകോടതിയില്‍ നിന്ന് ഒരിളവും പ്രതീക്ഷിക്കാന്‍ വയ്യാത്ത പ്രത്യേക സാഹചര്യവും പാകിസ്താനിലുണ്ടായിരുന്നു. മിക്ക രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമായി ഭീകരസംഘടനകള്‍ സര്‍ക്കാരിനെയും നീതിപീഠത്തെയും തോക്കിന്‍മുനയില്‍ നിര്‍ത്തി തങ്ങള്‍ക്കിഷ്ടമുള്ള തീരുമാനമെടുപ്പിക്കുന്ന രാജ്യമാണു പാകിസ്താന്‍. അനുസരിക്കാത്തവര്‍ ആരായാലും അവരെ ഇല്ലായ്മ ചെയ്യുന്നതു പാക്ഭീകരരുടെ മാര്‍ഗമാണ്.
ആസിയാ ബീബിയുടെ മതനിന്ദാ കേസിലും നേരത്തേ തന്നെ അതു സംഭവിച്ചിരുന്നു. അവരുടെ ജീവന്‍ രക്ഷിക്കണമെന്ന് അഭിപ്രായപ്പെടുകയും പുതിയ മതനിന്ദാ നിയമത്തെ എതിര്‍ക്കുകയും ചെയ്ത മുന്‍ പാക് പഞ്ചാബ് പ്രവിശ്യാ ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെയും ന്യൂനപക്ഷവകുപ്പു മന്ത്രിയായിരുന്ന ശഹബാസ് ഭാട്ടിയയെയും 2011ല്‍ തീവ്രവാദികള്‍ വധിച്ചിരുന്നു.
മന്ത്രിയും ഗവര്‍ണറുമല്ല, അതിനുമപ്പുറത്തു പ്രധാനമന്ത്രിയോ പ്രസിഡന്റോ ആയാലും തങ്ങളുടെ നിലപാടുകള്‍ക്കും താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായി നിന്നാല്‍ അടുത്ത പുലരി കാണില്ലെന്ന മുന്നറിയിപ്പായിരുന്നു ആ കൊടുംഹത്യകള്‍. നീതിപീഠത്തിലിരിക്കുന്നവരും മനുഷ്യരാണല്ലോ, അവര്‍ക്കും ജീവഭയം കാണുമല്ലോ. അതുകൊണ്ട്, ഉന്നതനീതിപീഠത്തില്‍ നിന്നു കരുണാര്‍ദ്രമായൊരു ഉത്തരവ് ആസിയാ ബീബിപോലും പ്രതീക്ഷിച്ചില്ല.
പക്ഷേ, ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഒക്ടോബര്‍ 31ന് ചീഫ് ജസ്റ്റിസ് മിയാന്‍ സാഖിബ് നിസാറിന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ സുപ്രിം കോടതിയിലെ മൂന്നംഗ ബെഞ്ച് ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ട ആ വിധി പ്രഖ്യാപിച്ചു, ‘ആസിയാ ബീബിയെ വധശിക്ഷയില്‍നിന്നു മുക്തയാക്കിയിരിക്കുന്നു.’
ആസിയാ ബീബിക്കെതിരേ തെളിവില്ലെന്നു കണ്ടാണ് ഈ വിധി പ്രഖ്യാപിച്ചതെങ്കില്‍ അത്ഭുതത്തിനു സ്ഥാനമില്ല. സുപ്രിംകോടതി ബെഞ്ച് അതല്ല പറഞ്ഞത്. പകരം ലോകജനത നെഞ്ചിലേറ്റേണ്ട വലിയൊരു പാഠം ഓര്‍മിപ്പിക്കുകയായിരുന്നു,
‘ക്ഷമയാണ് ഇസ്‌ലാമിന്റെ അടിസ്ഥാനം.’
പാക് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ നാവില്‍ നിന്നുതിര്‍ന്ന ആലോചനാമൃതമായ ഈ വാക്കുകള്‍ പാകിസ്താനിലെ മതഭ്രാന്തന്മാരുടെ ബധിരകര്‍ണങ്ങളില്‍ പതിച്ചില്ലെന്നതു വ്യക്തം. വിധി പുറത്തുവന്ന നിമിഷം തന്നെ തഹ്‌രീകെ ലബ്ബൈക്ക് പാകിസ്ഥാനുള്‍പ്പെടെയുള്ള തീവ്രസംഘടനകള്‍ കലാപകാഹളമുയര്‍ത്തി തെരുവിലിറങ്ങുകയും കണ്ണില്‍ക്കണ്ടതെല്ലാം നശിപ്പിക്കുകയുമാണല്ലോ ചെയ്തത്.
അതിനിടയില്‍ ആ പ്രസ്ഥാനങ്ങളുടെ ഭ്രാന്തുമൂത്ത നേതാക്കളും അണികളും അലറിവിളിച്ചത്, ആ വിധി പ്രഖ്യാപിച്ച ന്യായാധിപന്മാരെ വധിക്കണമെന്നാണ്. ആസിയാ ബീബിയോടു കാരുണ്യം കാണിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെന്ന ഒറ്റക്കാരണത്താല്‍ പഞ്ചാബ് പ്രവിശ്യാ ഗവര്‍ണര്‍ സല്‍മാന്‍ തസീറിനും ന്യൂനപക്ഷവകുപ്പു മന്ത്രിയായിരുന്ന ശഹബാസ് ഭാട്ടിയയ്ക്കും നേരിടേണ്ടിവന്ന ‘വധശിക്ഷ’യെക്കുറിച്ചാലോചിച്ചാല്‍ ഇത്തരമൊരു വിധി പുറപ്പെടുവിച്ച ന്യായാധിപന്മാര്‍ നേരിടാന്‍ പോകുന്ന വിധിയെന്താകുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ.
എന്നിട്ടും എന്തുകൊണ്ടു പാകിസ്താനിലെ പരമോന്നത നീതിപീഠം ഇത്തരമൊരു ചരിത്രവിധി പ്രഖ്യാപിച്ചു. അതിന് ഒരുത്തരമേയുള്ളൂ, ആ വിധിയിലൂടെ അവര്‍ ഇസ്‌ലാമിന്റെ സത്ത ലോകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു. മതഭ്രാന്തന്മാര്‍ ആയുധബലം കൊണ്ടു നടപ്പാക്കാന്‍ ശ്രമിക്കുന്നപോലെ അസഹിഷ്ണുതയും അക്രമവും ക്രൂരതയുമല്ല ഇസ്‌ലാം, അതു സഹിഷ്ണുതയും കാരുണ്യവും സാഹോദര്യവുമാണെന്നാണ് പാക് സുപ്രിംകോടതി മൂന്നംഗ ബെഞ്ച് ആ വിധിയിലൂടെ ബോധ്യപ്പെടുത്തുന്നത്.
പരമകാരുണികനും കരുണാവാരിധിയുമായ സര്‍വശക്തന്റെ നാമത്തിലാണ് പരിശുദ്ധ ഖുര്‍ആന്‍ ആരംഭിക്കുന്നത്. ‘സമസ്ത ലോകത്തിനും കാരുണ്യവുമായാണു’ പ്രവാചകനെ ഈ ലോകത്തേയ്ക്ക് അയച്ചതെന്നും ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു. പൊറുക്കലിന്റെ ആഹ്വാനങ്ങളും മാതൃകകളും നിറഞ്ഞതാണു പ്രവാചകന്റെ ജീവിതത്തിലെ ഓരോ മുഹൂര്‍ത്തവും. പ്രവാചകന്റെ വാക്കിലും പ്രവൃത്തിയിലും നിറഞ്ഞുനിന്നത് അനുകമ്പയായിരുന്നു.
അത്തരമൊരു മതത്തിനെങ്ങനെ തികച്ചും അബോധപൂര്‍വമായി ഒരു സ്ത്രീ പറഞ്ഞുപോയ വാക്കുകളുടെ പേരില്‍ അവളെ നിഷ്‌കരുണം ശിക്ഷിക്കാനാകുമെന്ന ചോദ്യമാണു പാക് ചീഫ് ജസ്റ്റിസിന്റെ വാക്കുകളില്‍ തെളിഞ്ഞുനില്‍ക്കുന്നത്. യുദ്ധത്തില്‍ മരിച്ച തന്റെ മാതുലന്റെ മൃതദേഹത്തോട് അതിക്രൂരമായി പെരുമാറിയ ഹിന്ദ്‌നോടു പൊറുത്ത പ്രവാചകന്റെ മാതൃക പിന്‍പറ്റുകയാണിവിടെ പാക് നീതിപീഠം ചെയ്തത്. അതിന്റെ പേരില്‍ എന്തെല്ലാം തിക്താനുഭവങ്ങളുണ്ടായാലും ആ മൂന്നംഗ ബെഞ്ച് നടത്തിയ വിധി ചരിത്രത്താളുകളില്‍ എന്നും തിളക്കമാര്‍ന്നു നില്‍ക്കുക തന്നെ ചെയ്യും.
കൃഷിപ്പണിക്കിടെ ഒരു കപ്പ് വെള്ളത്തെച്ചൊല്ലി സ്്ത്രീകള്‍ക്കിടയിലുണ്ടായ നിസാര തര്‍ക്കത്തിനിടയില്‍ തികച്ചും അവിചാരിതമായും ബോധപൂര്‍വമല്ലാതെയുമുണ്ടായ പരാമര്‍ശമെന്ന നിലയിലാണു സുപ്രിംകോടതി ഇതിനെ പരിഗണിച്ചത്. ഇത്തരമൊരു ഘട്ടത്തില്‍ സ്വീകരിക്കേണ്ടതു പ്രവാചകമാതൃകയായ പൊറുക്കലാണ് എന്ന മഹനീയ തത്വം, പാകിസ്താന്‍പോലെ അതിഭീകരസംഘടനകള്‍ വാഴുന്ന രാജ്യത്ത് സംഭവിച്ചേയ്ക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുപോലും ഭയക്കാതെ, കോടതി നെഞ്ചുറപ്പോടെ പ്രഖ്യാപിക്കുകയായിരുന്നു.
ഇന്ത്യയിലെ നീതിപീഠങ്ങള്‍ തന്നെ ചരിത്രം സൃഷ്ടിക്കുന്നതോ കോളിളക്കമുണ്ടാക്കുന്നതോ ആയ വിധികള്‍ തുടര്‍ച്ചയായി പുറപ്പെടുവിക്കുന്ന ഇക്കാലത്ത്, എഴുതിയാലും തീരാത്തത്ര രാഷ്ട്രീയ, സാമുദായികപ്രശ്‌നങ്ങളില്‍ നമ്മുടെ നാട് പുകഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്ത് എന്തിനു പാകിസ്താനിലെ ഒരു കോടതിവിധിയെക്കുറിച്ച് എഴുതുന്നുവെന്ന ചോദ്യം ഒരുപക്ഷേ ഉയര്‍ന്നേയ്ക്കാം.
അതിനൊരു മറുപടി പറയാതെ ഈ കുറിപ്പ് അവസാനിക്കാനാവില്ല.
പാകിസ്താനില്‍ നടക്കുന്നതെല്ലാം ഇന്ത്യാവിരുദ്ധവും അന്യമതവിരുദ്ധവുമാണെന്ന മൂഢധാരണയില്‍ ജീവിക്കുന്നവരാണു നാം. എന്നാല്‍, ആരുടെയും മനസില്‍ ആദരവു തോന്നിപ്പിക്കുന്ന വാര്‍ത്തകള്‍ ആ നാട്ടില്‍നിന്നും അതിര്‍ത്തി കടന്നെത്തുന്നുണ്ടെന്ന യാഥാര്‍ഥ്യം നാം അറിഞ്ഞേ തീരൂ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.