2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

‘വീടുകൃഷി’സൃഷ്ടിച്ച പ്രളയം

എ.പി അബ്ദുല്ലക്കുട്ടി

പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക്, 

പ്രളയാനന്തര കേരളം പുനര്‍നിര്‍മിക്കുന്നതിനു രാജ്യാന്തര വിദഗ്ധര്‍ മുതല്‍ പൊതുജനങ്ങളില്‍ നിന്നു വരെ ആശയങ്ങള്‍ സ്വീകരിക്കുമെന്ന അങ്ങയുടെ അഭിപ്രായം കേട്ടു. അതിനെത്തുടര്‍ന്നാണ് ഈ കുറിപ്പെഴുതുന്നത്.
കേരളത്തിലെ വയലും മലയും പുഴയോരവും കടലോരവും വികൃതമാക്കിയത് നമ്മുടെ തെറ്റായ കെട്ടിടനിര്‍മാണ നയമാണ്. ശരിയായ കൃഷിയല്ല ‘വീടുകൃഷി’യാണു നാം കൂടുതലും ചെയ്തത്.

പുര മതി പുരയിടം വേണ്ട
പ്രളയത്തില്‍ ആയിരക്കണക്കിനാളുകള്‍ക്കു വീടു നഷ്ടപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ആദ്യം തീരുമാനിക്കേണ്ടത് ഇവര്‍ക്കു പുര മതി പുരയിടം വേണ്ടെന്നാണ്. കാരണം, പതിനായിരം വീടിന് അഞ്ചുസെന്റ് പുരയിടമെന്ന തോതില്‍ കണക്കാക്കിയാല്‍ 500 ഏക്കര്‍ ഭൂമി വേണം.
ഹൈടെക് സൗകര്യങ്ങളോടു കൂടി ഫ്‌ളാറ്റ് നിര്‍മിക്കുകയാണെങ്കില്‍ ഒരു ഏക്കര്‍ ഭൂമിയില്‍ 500 ഫ്‌ളാറ്റുണ്ടാക്കാം. 20 ഏക്കര്‍ ഭൂമിയില്‍ 10,000 കുടുംബങ്ങള്‍ക്കു താമസിക്കാം. 480 ഏക്കര്‍ ഭൂമി വീട്, കിണര്‍, സെപ്റ്റിക് ടാങ്ക്, മതില്‍, കോണ്‍ക്രീറ്റ് മുറ്റം എന്നീ അതിക്രമങ്ങളില്‍ നിന്നു രക്ഷപ്പെടും.
ഹോങ്കോങ്ങില്‍ അരയേക്കര്‍ ഭൂമിയില്‍ 30 നിലകളില്‍ 300 ഫ്‌ളാറ്റുകളുണ്ട്. പക്ഷേ, മലയാളി വീടുപോലെ വലുപ്പം കൊണ്ടല്ല സൗകര്യങ്ങള്‍ കൊണ്ടാണ് അവരുടെ വീടുകള്‍ക്ക് ആര്‍ഭാടം. ഇവിടെ ചില്‍ഡ്രന്‍സ് പാര്‍ക്കും ഗാര്‍ഡനും പച്ചക്കറി തോട്ടവും ഉണ്ടാക്കാം. ഈ അംബരചുംബികളായ ആവാസകേന്ദ്രങ്ങളെ കൂട്ടുകുടുംബ വ്യവസ്ഥയിലേയ്ക്കുള്ള മടക്കവുമാക്കാം.

പുഴ
44 നദികള്‍ കൊണ്ടു സമ്പന്നമാണു സുന്ദരകേരളം. പ്രളയം പുഴകള്‍ക്കു പുനര്‍ജന്മം നല്‍കിയിരിക്കുന്നു. പണ്ടു പുഴ വീതിയും ആഴവും തെളിഞ്ഞ വെള്ളവും കൊണ്ടു സമൃദ്ധമായിരുന്നു. അടിത്തട്ടിലെ ഒളിചിതറുന്ന വെള്ളാരങ്കല്ലുകള്‍ കാണാമായിരുന്നു. പിന്നീട്, പുഴ കൈയേറ്റം ചെയ്യപ്പെട്ടു. കരയിടിഞ്ഞു മണലും ചെളിയും നിറഞ്ഞു വികൃതമായി.
മഴക്കാലത്തും വഞ്ചി പോയിട്ട്, കളിത്തോണി പോലും ഇറക്കാനാവാത്ത കോലത്തിലായി പുഴകള്‍. നാം മലമുകളില്‍ കാടു വെട്ടി മണ്ണിടിച്ചു മരാമത്തു തുടങ്ങി. അതോടെയാണു പുഴയുടെ നാശം പൂര്‍ണമായത്.

ഇനി ചെയ്യേണ്ടത്
ഇരു കരകളും കടല്‍ഭിത്തി പോലെ കെട്ടി സംരക്ഷിക്കണം. ഡ്രഡ്ജ് ചെയ്ത് മണലും ചെളിയും മാറ്റി ആഴം കൂട്ടണം. 44 നദികള്‍ മഴവെള്ള സംഭരണിയാക്കിയാല്‍ 82 ഡാമുകളില്‍ ശേഖരിക്കുന്നതിനേക്കാള്‍ വെള്ളംകിട്ടും. ഭൂഗര്‍ഭ ജലവിതാനം കൂടും. പുഴയോരം കൈയേറിയ വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റണം. പുഴകള്‍ ലോകോത്തര നിലവാരമുള്ള വിനോദകേന്ദ്രങ്ങളാക്കി മാറ്റുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കണം.

കടല്‍
38,863 കിലോമീറ്റര്‍ സ്‌ക്വയര്‍ ഭൂമിയാണു കേരളത്തിന്റെ വിസ്തൃതി. ഇതില്‍ നിന്നു സുമാര്‍ 200 സ്‌ക്വയര്‍ കിലോമീറ്റര്‍ കടല്‍ കൈയേറിയിട്ടുണ്ട്. 600 കിലോമീറ്റര്‍ കേരളതീരങ്ങളില്‍ കണ്ണോടിച്ചാല്‍ അകലെയകലെ കറുത്ത പാറക്കൂട്ടങ്ങള്‍ കാണാം. അതായിരുന്നു പഴയ കരയുടെ അതിര്‍ത്തി. ഈ നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കണം. റീ ക്ലൈയ് മിങ്ങ് ലോസ്റ്റ് ലാന്‍ഡ് പ്രോജക്ടിന്റെ രൂപരേഖ ഞാന്‍ മുമ്പു നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു.
നഷ്ടപ്പെട്ട കര വീണ്ടെടുക്കുനതു വിദേശരാജ്യങ്ങള്‍ ചെയ്തപോലെ കടല്‍ നികത്തി ടൗണ്‍ഷിപ്പുകള്‍ ഉണ്ടാക്കാനല്ല, കടല്‍ കവര്‍ന്നതു തിരിച്ചെടുക്കാനാണ്. ഈ മഹായത്‌നത്തിനുള്ള മണല്‍ കടലമ്മ തന്നെ തരും. സമാന്തരമായി പുലിമുട്ട് കെട്ടിയാല്‍ മാത്രം മതി. കടല്‍ മണല്‍ കൊണ്ടുവന്നു തള്ളും.
അവിടെ തീരദേശ ഹൈവേ, മത്സ്യസംസ്‌കരണ കേന്ദ്രങ്ങള്‍, ടൗണ്‍ ഷിപ്പുകള്‍, ലോകോത്തര നിലവാരമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഉണ്ടാക്കാം. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ പ്രളയ പോരാളികളായ മത്സ്യത്തൊഴിലാളി കുടുംബങ്ങളായിരിക്കും.

കിണറും സെപ്റ്റിക് ടാങ്കും വേണ്ട
പ്രളയത്തിനു ശേഷം ശുചീകരണത്തിനു പോയവര്‍ പറയുന്നതു സഹിക്കാന്‍ പറ്റാത്ത ദുര്‍ഗന്ധത്തെക്കുറിച്ചാണ്. മഴ പെയ്യുന്ന നമ്മുടെ നാടിനു സെപ്റ്റിക് ടാങ്ക് ചേരില്ല, സ്വീവേജ് ലൈനാണു വേണ്ടത് (ഇതിനുള്ള പണം മുഴുവന്‍ കേന്ദ്ര നഗരവികസന വകുപ്പില്‍ കെട്ടിക്കിടക്കുകയാണ്.)
കേരളത്തില്‍ 1.30 കോടി വീടുണ്ട്. അത്ര തന്നെ കിണറിനും സെപ്റ്റിക് ടാങ്കിനും മലയാളി കാശു കളഞ്ഞിട്ടുണ്ട്. ഏതു നിമിഷവും പൊട്ടിയൊലിക്കാവുന്ന മലമൂത്ര പര്‍വതത്തിനു മുകളിലാണു മലയാളി ഉറങ്ങുന്നത്. കിണര്‍ വെള്ളം മാത്രമല്ല ഭൂര്‍ഗഭ ജലം പോലും മലിനമയമാകും.

മാലിന്യം
വിളപ്പില്‍ശാല പൂട്ടാന്‍ കൂട്ടുനിന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വികേന്ദ്രീകൃത മാലിന്യ സംസ്‌കരണമാണു തന്റെ നയമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനും നാം കൈയടിച്ചു. രണ്ടും തെറ്റാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു.
വിമാനത്താവളത്തിനും തുറമുഖത്തിനും ആയിരക്കണക്കിന് ഏക്കര്‍ ഭൂമി പൊന്നുംവിലയ്ക്ക് എടുത്തപോലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനും ഖര, ജൈവ മാലിന്യസംസ്‌കരണ പ്ലാന്റിനും വേണ്ടി ഓരോ ജില്ലയിലും ഭൂമി ഏറ്റെടുക്കണം.
ഗോവയില്‍ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ടൗണില്‍ പൊതുമരാമത്ത് ഓഫിസ് കോംപൗണ്ടിലാണ്. മംഗളൂരു നഗരത്തിലെ മാലിന്യ പ്ലാന്റ് വിമാനത്താവളത്തിനു സമീപമാണ്. കാടിനടുത്ത് അല്ലെങ്കില്‍ നീണ്ട വയലുകള്‍, കൃഷിയിടങ്ങള്‍ എന്നിവയ്ക്കടുത്ത് ഇതിനു ഭൂമി കണ്ടെത്തണം. ആവശ്യമെങ്കില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കണം. ഇതു ചെയ്തില്ലെങ്കില്‍ പ്രളയംപോലെ പ്ലേഗ് രോഗം വരാനിരിക്കുന്നു. സര്‍വനാശമായിരിക്കും ഫലം.

നിര്‍മാണം
നവകേരള സൃഷ്ടി നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമമായിരിക്കും. കല്ലും മണ്ണും സിമന്റും ഇല്ലാതെയും നിര്‍മാണം നടത്താം. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫ 70 ശതമാനവും അങ്ങനെയാണു നിര്‍മിച്ചത്.
സ്ട്രക്ച്ചറല്‍ ഡിസൈന്‍ എന്നു വിളിക്കുന്ന ഈ രീതിയാവണം നിര്‍മാണത്തിന്റെ അടിസ്ഥാനം. സ്റ്റീലും മരവും ഗ്ലാസും അലൂമിനിയവും ഫൈബറും റബറും പ്ലാസ്റ്റിക്കുമെല്ലാം ചേര്‍ത്തുള്ള നിര്‍മിതിയാണിത്. കാല്‍ഭാഗം വരുന്ന അടിത്തറയ്ക്കു മതി കല്ലും, മണ്ണും സിമന്റും.

വാല്‍ കഷണം:
പണ്ട് എം.പിയായിരിക്കെ മണ്ഡലത്തില്‍പ്പെട്ട കുടിയാന്‍മലയില്‍ ഒരാള്‍ക്ക് ഔട്ട് ഓഫ് ടേണ്‍ വ്യവസ്ഥയില്‍ ഫോണ്‍ കണക്ഷന്‍ കൊടുത്തു. ബി.എസ്.എന്‍.എല്ലിന്റെ 18 തൂണുകളും കേബിളും വലിച്ച് ഫോണ്‍ നല്‍കി. അന്നത്തെ ജനറല്‍ മാനേജര്‍ പറഞ്ഞത് ഇങ്ങനെയാണ്, ‘അവര്‍ക്കു താഴെ ഭൂമി വാങ്ങി വീടുവച്ച് നല്‍കിയിരുന്നുവെങ്കില്‍ ബി.എസ്.എന്‍.എല്ലിനു പകുതി പണം ലാഭമായിരിക്കും.’!

സ്‌നേഹപൂര്‍വം
എ.പി അബ്ദുല്ലക്കുട്ടി

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.