2018 December 13 Thursday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

വര്‍ക്കല ഭൂമിയിടപാട്: ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ മറുപടിയില്‍ റവന്യൂ വകുപ്പിന് അതൃപ്തി

തിരുവനന്തപുരം: വര്‍ക്കലയില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിയ്ക്കു പതിച്ചു നല്‍കിയ സംഭവത്തില്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ റവന്യൂ വകുപ്പിന് അതൃപ്തി. സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ റവന്യൂ കമ്മിഷണര്‍, കളക്ടര്‍ ഹിയറിംഗ് നടത്തിയ ശേഷം മതി തുടര്‍നടപടിയെന്നാണ് മന്ത്രിയെ അറിയിച്ചത്.

വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ വില്ലിക്കടവില്‍ വര്‍ക്കല, പാരിപ്പള്ളി സംസ്ഥാന പാതയോരത്തെ സ്ഥലം സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ സ്വകാര്യ വ്യക്തിക്കു പതിച്ചു നല്‍കിയ നടപടിയാണു വിവാദമായത്. 27 സെന്റ് റോഡ് പുറമ്പോക്ക് സ്വകാര്യ വ്യക്തി അനധികൃതമായി കൈവശംവച്ചിരിക്കുന്നതായി കണ്ടെത്തി വര്‍ക്കല തഹസില്‍ദാര്‍ കഴിഞ്ഞ ജൂലൈ 19ന് ഏറ്റെടുത്തു. ഇവിടെ അയിരൂര്‍ പൊലിസ് സ്റ്റേഷനു കെട്ടിടം നിര്‍മിക്കണമെന്നു തീരുമാനിച്ച് ഒഴിച്ചിടുകയും ചെയ്തു. എന്നാല്‍ റവന്യൂ വകുപ്പിന്റെ നടപടി ചോദ്യം ചെയ്തു ഭൂമി കൈവശം വച്ചിരുന്ന വ്യക്തി ഹൈക്കോടതിയെ സമീപിച്ചു.

ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്കു നിര്‍ദേശം നല്‍കി. തുടര്‍ന്നു സബ് കലക്ടര്‍ പരാതിക്കാരിയുടെ ഭാഗം കേട്ടശേഷം തഹസില്‍ദാറുടെ നടപടി റദ്ദാക്കുകയായിരുന്നു. സബ്കലക്ടര്‍ ദിവ്യ എസ്. അയ്യരുടെ ഭര്‍തൃപിതാവ് മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഗണ്‍മാന്റെ കുടുംബത്തിന് സ്ഥലം തിരിച്ചു നല്‍കിയതാണ് വിവാദമായത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.