2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

വനിതാമതിലിന് ഗിന്നസ് റെക്കോഡില്ല

 

അന്‍സാര്‍ മുഹമ്മദ്#
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നവോത്ഥാനമെന്നപേരില്‍ സര്‍ക്കാര്‍ നടത്തിയ വനിതാമതിലിന് ഗിന്നസ് റെക്കോഡില്ല. റെക്കോഡ് തരപ്പെടുത്താന്‍ ഒരു ഇന്ത്യന്‍ ഏജന്‍സിയെയും ചില വിദേശ ഏജന്‍സികളെയും സമീപിച്ചതായി സൂചനയുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ വനിതാമതിലിന് തീരുമാനിച്ചതിനു പിന്നാലെ സര്‍ക്കാര്‍ യു.കെ ആസ്ഥാനമായ ഗിന്നസ് അധികൃതരെ സമീപിച്ചെങ്കിലും സമയക്കുറവു കാരണം അവര്‍ പരിഗണിച്ചില്ല. ഇതിനുപിന്നാലെ റെക്കോഡിനായി കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മില്യന്‍ റെക്കോഡിനെ സമീപിച്ചതായാണ് സൂചന. ലോക റെക്കോഡ് നല്‍കുന്ന ആധികാരിക സ്ഥാപനമാണ് 1952ല്‍ യു.കെയില്‍ സ്ഥാപിതമായ ഗിന്നസ്.
120 ദിവസം മുന്‍പ് അറിയിച്ചാല്‍ മാത്രമേ പരിശോധന നടത്താനാവൂയെന്ന് അറിയിച്ച ഗിന്നസ് അധികൃതര്‍ ചില നിബന്ധനകളും ഉന്നയിച്ചു. 50 പേര്‍ക്ക് ഒരാള്‍ എന്ന നിലയില്‍ വളന്റിയര്‍മാരെ നിയോഗിക്കണം. ഓരോ വനിതകള്‍ക്കും ചിപ്പ് ഘടിപ്പിച്ച ടാഗ് നല്‍കുകയും അത് വനിതാമതില്‍ തുടങ്ങുന്നതിനു മുന്‍പും അവസാനിച്ചശേഷവും സ്‌കാന്‍ ചെയ്ത ശേഷവും മാത്രമേ റെക്കോഡിന് പരിഗണിക്കൂ. ചുരുങ്ങിയ സമയംകൊണ്ട് ഇത് സാധ്യമല്ലെന്നും യു.കെയില്‍ ക്രിസ്മസ്, ന്യൂ ഇയര്‍ അവധിയായതിനാല്‍ ഏറ്റെടുക്കാനാവില്ലെന്നും അറിയിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ ഏജന്‍സിയെ സമീപിച്ച സര്‍ക്കാര്‍ റെക്കോഡ് തരപ്പെടുത്താന്‍ 2,80,000 രൂപ നല്‍കിയതായും സൂചനയുണ്ട്.
വനിതാമതില്‍ ദിവസം ഇന്ത്യന്‍ ഏജന്‍സിയുടെ പ്രതിനിധികള്‍ തിരുവനന്തപുരത്തെത്തി. 15 ദിവസത്തിനകം ഇന്ത്യന്‍ മില്യന്‍ റെക്കോഡ് നല്‍കാമെന്നായിരുന്നു കരാര്‍. മതില്‍ തകര്‍ന്നതായി പ്രചാരമുണ്ടായാല്‍ റെക്കോഡ് നല്‍കുന്നത് പുനപ്പരിശോധിക്കുമെന്നും അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ മതില്‍ തകര്‍ന്നതായി ചിത്രങ്ങള്‍ സഹിതം പ്രചരിക്കുന്നതിനാല്‍ ഈ ഏജന്‍സി നല്‍കുമെന്നു കരുതിയ റെക്കോഡും തുലാസിലായെന്നാണ് സൂചന.
ചില റെക്കോഡ് ബുക്കുകള്‍ ഇറക്കുന്ന ഏജന്‍സികളെയും സര്‍ക്കാര്‍ സമീപിച്ചതായാണ് സൂചന. എല്ലാ വര്‍ഷവും ജൂണില്‍ ലോക റെക്കോഡിന്റെ പേരില്‍ ബുക്ക് ഇറക്കുന്ന ഏജന്‍സികളാണിവ. യു.ആര്‍.എഫ് വേള്‍ഡിന് 50,000, യു.ആര്‍.എഫ് ഏഷ്യന് 40,000, എ.ബി.ആറിന് ഒരു ലക്ഷം, ഒ.ഡബ്ല്യു.ആര്‍ സ്‌പെയിനിന് 80,000 എന്നിങ്ങനെയാണ് നിരക്ക്. പണം നല്‍കി ഇവയില്‍ പ്രസിദ്ധീകരിക്കാനും നീക്കം നടക്കുന്നുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.