2019 December 14 Saturday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

വലതുപക്ഷം ചേര്‍ന്ന് പിണറായി സര്‍ക്കാര്‍

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

 

 

ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ ആദ്യ രാഷ്ട്രീയ പ്രതിനിധിയായി കാബിനറ്റ് പദവിയില്‍ മുന്‍ എം.പി എ. സമ്പത്തിനെ നിയമിച്ചതിനെതിരേ പ്രതിപക്ഷവും മാധ്യമങ്ങളും നടത്തിയ വിമര്‍ശന പെരുമഴ നിലച്ചെന്നു തോന്നുന്നു. വസ്തുതകളുടെ അംശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആ വിമര്‍ശനങ്ങള്‍ കുരുടന്മാര്‍ ആനയെക്കണ്ട പഴഞ്ചൊല്ലുപോലെ ആയെന്ന് പറയേണ്ടതുണ്ട്. കേരളത്തിലും ബംഗാളിലും ത്രിപുരയിലും പല കാലയളവില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇടത് സര്‍ക്കാരുകള്‍ നിലനിന്നിട്ടും രാജ്യതലസ്ഥാനത്ത് ആദ്യമായാണ് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ഇങ്ങനെയൊരു രാഷ്ട്രീയ നിയമനം.
ഇന്ത്യയിലെ ബ്രിട്ടീഷ് കോളനിവാഴ്ചയില്‍ ഒരു ഘട്ടത്തില്‍ റായ്‌സീനാ കുന്നിലെ വൈസ്രോയിയുടെ വസതിയില്‍ മുഖദര്‍ശനത്തിന് എത്താന്‍ സാമന്ത രാജാക്കന്മാര്‍ നിര്‍മിച്ച വസതികളിലൊന്നാണ് പഴയ ട്രാവന്‍കൂര്‍ ഹൗസ്. അതിന്റെ ഭാഗംകൂടിയായ ജന്തര്‍മന്തറിലെ കേരളാഹൗസിലിരുന്ന് മോദി സര്‍ക്കാരുമായി മുഖ്യമന്ത്രിക്കുവേണ്ടിയുള്ള രാഷ്ട്രീയ ദൗത്യനിര്‍വഹണമാണ് സമ്പത്തിനെ ഏല്‍പ്പിച്ചിട്ടുള്ളത്.

കേരള ഹൗസിലെ ആസ്ഥാന പ്രതിനിധിക്കും ലെയ്‌സണ്‍ ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്കും മേല്‍ മന്ത്രിപദവിയും പ്രത്യേക പേഴ്‌സനല്‍ സ്റ്റാഫും കൊടിവച്ച കാറും നല്‍കി മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സി.പി.എം സംസ്ഥാന സമിതി അംഗത്തെ നിയമിച്ചതിന് പ്രത്യേക രാഷ്ട്രീയ കാരണമുണ്ട്. ഉദ്യോഗസ്ഥ തലത്തില്‍ നടക്കാത്തതോ കൈകാര്യം ചെയ്യാനാവാത്തതോ ആയ വിഷയങ്ങള്‍ക്കും രാഷ്ട്രീയ നീക്കങ്ങള്‍ക്കും അത്തരമൊരു പ്രതിനിധി അനിവാര്യമാണെന്ന് മൂന്നുവര്‍ഷം ഇല്ലാത്ത ബോധോദയം മുഖ്യമന്ത്രിക്ക് ഉണ്ടായിക്കാണണം. മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്നു അതിനനുകൂലമായ ഒരു രാഷ്ട്രീയ സമന്വയനീക്കവും നടന്നുകാണും. അല്ലാതെ പിണറായിയും കോടിയേരിയും മാത്രം തീരുമാനിച്ചാല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ ഭാരതം ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ള ബി.ജെ.പി ഭരണത്തില്‍നിന്ന് നന്മ പ്രതീക്ഷിക്കാനാവില്ലല്ലോ.

അത്തരമൊരു രാഷ്ട്രീയ സഹകരണം സി.പി.എം നിലപാടിനും വിരുദ്ധമാണ്. ആര്‍.എസ്.എസ് നയിക്കുന്ന ബി.ജെ.പിയുടെ മോദി ഗവണ്മെന്റ് ഇന്ത്യന്‍ ജനാധിപത്യത്തിനും ജനങ്ങള്‍ക്കുംമേലുള്ള ദുരന്തമാണെന്ന് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സി.പി.എം ആവര്‍ത്തിച്ചതാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ജൂനിയര്‍ പങ്കാളി, യു.എസ്- ഇസ്‌റാഈല്‍ സൈനിക കൂട്ടുകെട്ടിലെ പങ്കാളി എന്നൊക്കെ മോദി ഗവണ്മെന്റിനെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ കുറ്റവിചാരണ ചെയ്തതുമാണ്. അതുകൊണ്ട് ഇടതു സര്‍ക്കാരിന്റെ വലതു രാഷ്ട്രീയ സഹകരണം വിശദീകരിക്കാന്‍ സി.പി.എം കേന്ദ്രനേതൃത്വം ബുദ്ധിമുട്ടും.
മോദി ഗവണ്മെന്റുമായി തുടക്കം മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമാക്കാതെ രാഷ്ട്രീയ സഹകരണം നിലനിര്‍ത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ആദ്യ കൂടിക്കാഴ്ചക്കുശേഷം സ്വന്തം വീടുപോലെ തന്റെ ഔദ്യോഗിക വസതിയെ കാണണമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി മുഖ്യമന്ത്രിതന്നെ വെളിപ്പെടുത്തിയിരുന്നു.
പിണറായി അധികാരമേറ്റ് രണ്ടുമാസത്തിനകം കേരളത്തിലെ ആര്‍.എസ്.എസ് – ബി.ജെ.പി നേതൃത്വവുമായി ആദ്യ രഹസ്യ കൂടിയാലോചന നടത്തി. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ 2016 ജൂലൈ 30നായിരുന്നു മുഖ്യമന്ത്രി പ്രോട്ടോകോള്‍ പാലിക്കാതെ യോഗത്തില്‍ പങ്കെടുത്തത്. ദിവസങ്ങളോളം മാധ്യമങ്ങളില്‍നിന്ന് മറച്ചുവച്ച ഇതിന്റെ വിശദവിവരങ്ങള്‍ മുഖ്യമന്ത്രിതന്നെ പ്രകാശനം ചെയ്ത ഒരു പുസ്തകം വെളിപ്പെടുത്തുന്നു.

പിണറായിയില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകരെ ആര്‍.എസ്.എസുകാര്‍ കൊലചെയ്യുകയും പകരം ഒരു ആര്‍.എസ്.എസുകാരനെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്താകെ വ്യാപിച്ച സംഘര്‍ഷം അവസാനിപ്പിക്കാനും ആര്‍.എസ്.എസും സി.പി.എമ്മുമായുള്ള വെടിനിര്‍ത്തലിനുമായിരുന്നു മുഖ്യമന്ത്രി മുന്‍കൈ എടുത്ത ഈ യോഗം. ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിനോടും പിണറായി, കോടിയേരി എന്നിവരോടും അടുപ്പമുള്ള ആത്മീയ നേതാവ് ശ്രി എമ്മിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം കോടിയേരി ബാലകൃഷ്ണനും വി. ശിവന്‍കുട്ടിയും പങ്കെടുത്ത യോഗത്തില്‍ മറുപക്ഷത്ത് ആര്‍.എസ്.എസ് സംസ്ഥാന മേധാവി പി. ഗോപാലന്‍കുട്ടി മാസ്റ്ററും ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒ. രാജഗോപാലും പങ്കെടുത്തു. വെടിനിര്‍ത്തലിനെക്കുറിച്ച് അണികളെ ബോധ്യപ്പെടുത്താമെന്ന ധാരണയില്‍ പിരിഞ്ഞെങ്കിലും അത് നടപ്പിലായില്ല. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകനും സി.പി.എം നേതാവായിരുന്ന പാട്യം ഗോപാലന്റെ മകനുമായ ഉല്ലേഖ് എഴുതിയ ‘കണ്ണൂര്‍ – പ്രതികാര രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങള്‍’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍.
രാഷ്ട്രീയ കൊലപാതകങ്ങളുടെ ചോരക്കളിയിലൂടെ വളര്‍ന്ന ഇരുപക്ഷത്തെയും ചില നേതാക്കള്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. തുടര്‍ന്ന് കേരള മുഖ്യമന്ത്രി ചെന്ന സംസ്ഥാനങ്ങളിലെല്ലാം ആര്‍.എസ്.എസ് പ്രതിഷേധവും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു. കേരളത്തില്‍ ഇരുകൂട്ടരും വീണ്ടും കൊലപാതകങ്ങളുടെ തുടര്‍ച്ച കുറിച്ചു. ഇതിന്റെ മൂര്‍ധന്യത്തില്‍ തിരുവനന്തപുരത്തെ പുതിയ ബി.ജെ.പി കോട്ടകളില്‍ സി.പി.എം കടന്നാക്രമണവും നടത്തി.

ഇതേത്തുടര്‍ന്നാണ് സെക്രട്ടേറിയറ്റിനു മുമ്പിലേക്ക് ‘രക്ഷായാത്ര’ നയിക്കാന്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ 2017 ഒക്ടോബറില്‍ കണ്ണൂരില്‍ എത്തിയത്. പിണറായി ഗവണ്മെന്റിനെ വലിച്ചു താഴെയിടുമെന്ന് യാത്ര ഉദ്ഘാടനംചെയ്ത് അമിത് ഷാ വെല്ലുവിളിയുയര്‍ത്തി. ഡല്‍ഹിയില്‍നിന്ന് അടിയന്തര സന്ദേശം വന്നതിനെ തുടര്‍ന്ന് അദ്ദേഹം പക്ഷെ ഡല്‍ഹിക്കു പറന്നു. അരുണ്‍ ജെയ്റ്റ്‌ലിയും അമിത് ഷായും പ്രധാനമന്ത്രിയുടെ വീട്ടില്‍ അടിയന്തരയോഗം ചേര്‍ന്നു. കേരളത്തിലേക്ക് മടങ്ങിയ അമിത് ഷാ പിന്നെ മിതത്വം പാലിക്കുന്നതാണ് കണ്ടത്.

2018ല്‍ കേരളം നേരിട്ട പ്രളയത്തിന് മോദി ഗവണ്മെന്റ് വേണ്ടത്ര സഹായിച്ചില്ലെന്നു മാത്രമല്ല വിദേശത്തുനിന്നുള്ള സഹായം സ്വീകരിക്കുന്നതുപോലും തടഞ്ഞെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പായി മുഖ്യമന്ത്രിയുടെ സ്വപ്നപദ്ധതിയായ ദേശീയപാതാ വികസനവും കേന്ദ്രം ഇടപെട്ട് മരവിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിന്നീട് തെരഞ്ഞെടുപ്പു ഘട്ടത്തില്‍പോലും പ്രധാനമന്ത്രിക്കെതിരേ ഇതൊന്നും രാഷ്ട്രീയ ആയുധമാക്കിയില്ല. വയനാട്ടില്‍നിന്നു ലോക്‌സഭയിലേക്കു മത്സരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ശ്രദ്ധ.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പൊടിപടലങ്ങള്‍ അമരുന്നതിനു മുമ്പുതന്നെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കേന്ദ്ര ഉപരിതല – ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കുടുംബസമേതം സ്വകാര്യ സന്ദര്‍ശനത്തിന് തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രിയുടെ സുഹൃത്തും അതിഥിയുമെന്ന നിലയില്‍ കേരള നിയമസഭാ സമ്മേളനം വീക്ഷിക്കുകയും ക്ലിഫ് ഹൗസില്‍ വിരുന്നുണ്ണുകയും ചെയ്തു. കേരള സര്‍ക്കാരിന്റെ നയം തിരുത്തിയാല്‍ കേന്ദ്ര ഗവണ്മെന്റിന്റെ പരമാവധി സഹായം വികസനത്തിന് ലഭ്യമാക്കുമെന്നും ഗഡ്കരി പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം മോദി ഗവണ്മെന്റ് ഒരു പക്ഷത്തും രാജ്യത്തെ ഭൂരിപക്ഷ പ്രതിപക്ഷ പാര്‍ട്ടികള്‍ മറുപക്ഷത്തുമായി അപകടകരമായ നിലയില്‍ മാറിക്കൊണ്ടിരിക്കുകയാണ് ദേശീയ രാഷ്ട്രീയം. അതിനിടയില്‍ മോദിയുടെ കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കാനുള്ള കുറുക്കുവഴി തന്റെ മുന്‍ഗാമികളില്‍നിന്ന് ഭിന്നമായി പിണറായി വിജയന്‍ കണ്ടെത്തിയതാണ് ഇപ്പോള്‍ വെളിപ്പെടുന്നത്.

ഡല്‍ഹിയില്‍ പാര്‍ലമെന്റിലെ ഗഡ്കരിയുടെ ഓഫിസില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന പ്രതിനിധി സംഘവും ഗഡ്കരിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘവും നടത്തിയ ചര്‍ച്ചയില്‍ കേരള സര്‍ക്കാരിന്റെ നയമാറ്റത്തിന് വേണ്ട ഒട്ടേറെ തീരുമാനങ്ങള്‍ എടുത്തു. ദേശീയപാതാ സ്ഥലമെടുപ്പിന് മൊത്തം ചെലവിന്റെ നാലിലൊന്ന് ദേശീയപാതാ അതോറിറ്റിക്ക് നല്‍കാന്‍ ധാരണയായത് ഇതിലൊന്നുമാത്രം. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള രാഷ്ട്രീയ സഹകരണം ഉറപ്പുവരുത്താനും വേഗത്തിലാക്കാനുമുള്ള പുതിയ രാഷ്ട്രീയ നിയമനവും മോദി ഗവണ്മെന്റുമായുള്ള സഹകരണത്തിന്റെ ഭാഗമാണ്.
കേരളത്തിന്റെ ഇനിയുള്ള വികസനത്തില്‍ ലോകബാങ്കിനെ പങ്കാളിയാക്കാനുള്ള രാഷ്ട്രീയ തീരുമാനവും മുഖ്യമന്ത്രിയുടെ ഡല്‍ഹി ചര്‍ച്ചകളുടെ ഭാഗമാണ്. ഇന്ത്യയില്‍ ആദ്യമായി ലോകബാങ്ക് ഒരു സംസ്ഥാനത്തിന്റെ വികസന പങ്കാളിയായി കരാറില്‍ കേരളവുമായി ഒപ്പുവച്ചു. 1,725 കോടി രൂപയുടെ വായ്പ ഒന്നാംഘട്ടമായി നല്‍കാന്‍ തീരുമാനിച്ചത് കഴിഞ്ഞ ജൂലൈ 15നാണ്. ലോകബാങ്കിന് ഒരു രാജ്യത്തും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരിട്ട് സഹായം നല്‍കാന്‍ കഴിയില്ല. കേന്ദ്ര ഗവണ്മെന്റിന്റെ സാമ്പത്തിക കാര്യ ഡിപ്പാര്‍ട്ട്‌മെന്റായ ഡി.ഇ.എ മുഖേനയാണ് കേരളത്തിന് ലോകബാങ്ക് സഹായം നല്‍കുന്നത്. അതിന് കേന്ദ്ര ഗവണ്മെന്റിന്റെ രാഷ്ട്രീയവും ഭരണപരവുമായ പൂര്‍ണ പിന്തുണയുണ്ട്. കരാറില്‍ ലോകബാങ്കിന്റെ ഇന്ത്യയിലെ മേധാവിയായ കണ്‍ട്രി ഡയരക്ടര്‍ ജുനൈദ് അഹമ്മദും മോദി ഗവണ്മെന്റിനുവേണ്ടി കേന്ദ്ര ധനകാര്യ അഡീഷനല്‍ സെക്രട്ടറി സമീര്‍ കുമാര്‍ ഖരെയും കേരള സര്‍ക്കാരിനായി ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിയും തിരുവനന്തപുരത്ത് ഒപ്പുവച്ചു.
ലോക ബാങ്കില്‍നിന്ന് രണ്ടു ഗഡുക്കളായി കേന്ദ്ര ഗവണ്മെന്റ് വഴി കേരളത്തിനു ലഭിക്കുന്ന 1,725 കോടി രൂപയ്ക്ക് 30 വര്‍ഷത്തേക്ക് 1057.5 കോടി രൂപ പലിശയിനത്തില്‍ കേരളം നല്‍കണം. ആദ്യ അഞ്ചുവര്‍ഷത്തേക്ക് തിരിച്ചടവ് വേണ്ടെന്നത് പിണറായി സര്‍ക്കാരിന് ആശ്വാസം.

1980ല്‍ അധികാരത്തില്‍ വന്ന ഇന്ദിരാഗാന്ധി ഐ.എം.എഫില്‍നിന്ന് കടമെടുത്തപ്പോഴും മന്‍മോഹന്‍സിങ് ലോകബാങ്കിന്റെയും ആഗോളീകരണത്തിന്റെയും നയങ്ങളുടെ പുറത്ത് ഇന്ത്യന്‍ സമ്പദ് രംഗത്തെ നയിക്കാന്‍ തുടങ്ങിയപ്പോഴും അതിനെതിരേ ജനങ്ങളെ അണിനിരത്തി പടനയിക്കാന്‍ മുന്നില്‍നിന്നത് ഇടതുപക്ഷ പാര്‍ട്ടികളായിരുന്നു. രാജ്യത്തിന്റെ പരമാധികാരം തകര്‍ക്കുന്ന സാമ്പത്തിക നയങ്ങള്‍ക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികളെയും തൊഴിലാളികളെയും കൃഷിക്കാരെയും കൂടെനിര്‍ത്താനും ഇടതുപക്ഷം ശ്രമിച്ചിരുന്നു. ഇ.എം.എസും ജ്യോതി ബസുവും മുന്‍ ധനമന്ത്രി അശോക് മിത്രയും മറ്റും അന്നു പഠിപ്പിച്ച ആശയങ്ങളും ആ നിലപാടുകളുമാണ് മുഖ്യമന്ത്രി പിണറായിയും അദ്ദേഹത്തിന്റെ സര്‍ക്കാരും ഇപ്പോള്‍ കാറ്റില്‍ പറത്തുന്നത്.
അമേരിക്കന്‍ സാമ്രാജ്യത്വത്തിനും അവരുടെ സാമ്പത്തിക മേല്‍ക്കോയ്മയ്ക്കും കീഴടങ്ങി എന്നു കുറ്റപ്പെടുത്തിയാണ് സി.പി.എം കോണ്‍ഗ്രസിനെ ഇന്നും ബി.ജെ.പിയെക്കാള്‍ അപകടകാരിയായി കാണുന്നത്. എന്നാല്‍ അതേ സാമ്രാജ്യത്വ തൊഴുത്തില്‍തന്നെ കേരളത്തിലെ ഇടതു സര്‍ക്കാരിനെയും മുഖ്യമന്ത്രി കൊണ്ടുചെന്നു കെട്ടിയിരിക്കുന്നു. ലോകബാങ്കും മറ്റ് ആഗോള സാമ്പത്തിക സ്ഥാപനങ്ങളും ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമൊക്കെ മുഖ്യമന്ത്രി പിണറായി വിജയന് പൂച്ചെണ്ടുകള്‍ നല്‍കാന്‍ മത്സരിക്കുമ്പോള്‍ ഇ.എം.എസിന്റെ ഒരു മുന്നറിയിപ്പ് ഓര്‍മവരുന്നു: കമ്മ്യൂണിസത്തെ എതിര്‍ക്കുന്നവര്‍ എന്നെ വാഴ്ത്തുമ്പോള്‍ നിങ്ങള്‍ ഉറപ്പിക്കണം, എനിക്കെന്തോ സാരമായ കുഴപ്പമുണ്ടെന്ന്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News