2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഫാറൂഖ് ലുഖ്മാന്‍: യെമനില്‍നിന്ന് ലോകത്തേക്ക് പടര്‍ന്ന അത്ഭുത മനുഷ്യന്‍

വഹീദ് സമാന്‍

 

ഊന്നുവടിയുടെ ശബ്ദം അടുത്തടുത്ത് വരുന്ന പാതിരാത്രികള്‍ അവസാനിച്ചിരിക്കുന്നു. മറ്റെല്ലാ ശബ്ദവും ഇല്ലാതാകുകയും ഊന്നുവടിയുടെ ഒച്ചമാത്രം ഉയരുകയും ചെയ്യുന്ന പാതിരാവുകള്‍. ഏത് ആള്‍ക്കൂട്ടത്തിലും തലയെടുപ്പോടെ കാണപ്പെട്ടിരുന്ന ഒരു മാധ്യമമനുഷ്യന്‍ ഇനി ചരിത്രത്തിന്റെ ഭാഗം. ഉസ്താദ്, അങ്ങിനെയായിരുന്നു ഞങ്ങളെല്ലാവരും വിളിച്ചിരുന്നത്. സ്‌നേഹവും ആദരവും ബഹുമാനവുമെല്ലാം ചേര്‍ത്തുവെച്ച് മധുരം പുരട്ടിയുള്ള വിളിയായിരുന്നു അത്. മലയാളം ന്യൂസിന്റെ പ്രഥമ എഡിറ്റര്‍ ഇന്‍ ചീഫ് ഫാറൂഖ് ലുഖ്മാന്‍. മുഖത്തെ മായാത്ത പുഞ്ചിരിയും തൂവെള്ള തലമുടിയും സ്വര്‍ണനിറമാര്‍ന്ന വസ്ത്രവുമണിഞ്ഞ്, ലോകം ഉറക്കത്തിലേക്ക് വീഴുന്ന നേരത്തും വാര്‍ത്തയുടെ ലോകത്തേക്ക് അവശത തടസമാകാതെ നടന്നുവരാറുണ്ടായിരുന്നു, ഈയടുത്ത കാലം വരെയും.

ജോലിയെല്ലാം തീര്‍ത്ത് ഇറങ്ങിപ്പോകാന്‍ നേരമായിരിക്കും ഊന്നുവടി കുത്തിപ്പിടിച്ച് ഉസ്താദ് കടന്നുവരിക. ഉസ്താദിനായി അപ്പോഴും പഴയ മുറിയില്‍ ഇരിപ്പിടം കാത്തുവച്ചിട്ടുണ്ടായിരുന്നു. വാര്‍ത്തകളുടെ ലോകത്ത് ചെലവിട്ട് പുലര്‍കാലത്ത് ആരുമറിയാതെ ഊന്നുവടിയും കുത്തിപ്പിടിച്ച് തിരിച്ചിറക്കം.

വാര്‍ത്താമുറിയിലെ അത്ഭുതമായിരുന്ന ഒരു മനുഷ്യന്‍. ദൗത്യവാഹകന്‍ എന്നായിരുന്നു അറബ് ന്യൂസ് ഇരുപത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ഉസ്താദിനെ പറ്റിയുള്ള ലേഖനത്തിന്റെ തലക്കെട്ട്. ആ ലേഖനത്തില്‍ ആ മനുഷ്യാത്ഭുതം പൂര്‍ണമായുണ്ടായിരുന്നു.
യെമനില്‍നിന്നായിരുന്നു ഫാറൂഖ് ലുഖ്മാന്‍ സൗദിയിലേക്കും പിന്നീട് ലോകത്തിലേക്കും പടര്‍ന്നത്. പിതാവ് മുഹമ്മദ് അലി ലുഖ്മാന്‍ സ്ഥാപിച്ച ഏഡന്‍ ക്രോണിക്കിളിലൂടെയായിരുന്നു പത്രപ്രവര്‍ത്തനത്തിന്റെ ആരംഭം. അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ ഇംഗ്ലിഷ് ദിനപത്രമായിരുന്നു ഏഡന്‍ ക്രോണിക്കിള്‍. മുഹമ്മദ് അലി ലുഖ്മാന്‍ തന്നെയാണ് യെമനിലെ ആദ്യ അറബി പത്രമായ ഫത്തഹുല്‍ ജസീറയും സ്ഥാപിച്ചത്. അറുപതുകളില്‍ ദക്ഷിണ യെമനിന്റെ നിയന്ത്രണം മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ മറ്റെല്ലാ പത്രങ്ങളെയും പോലെ ഏഡന്‍ ക്രോണിക്കിളും ഫത്തഹുല്‍ ജസീറയും 1967ല്‍ അടച്ചുപൂട്ടി. പിന്നീട് യുനൈറ്റഡ് പ്രസിന്റെയും അസോസിയേറ്റഡ് പ്രസിന്റെയും ലേഖകനായി ഫാറൂഖ് ലുഖ്മാന്‍ മാറി. ഫിനാന്‍ഷ്യല്‍ ടൈംസ്, ന്യൂസ് വീക്ക്, ഡെയ്‌ലി മെയില്‍ എന്നീ പത്രങ്ങളിലെല്ലാം കോളങ്ങള്‍ ഇടതടവില്ലാതെ വന്നു.

ഉംറക്ക് വേണ്ടി സൗദിയിലെത്തിയ ഫാറൂഖ് ലുഖ്മാന്‍ അറബ് ന്യൂസിന്റെ പ്രസാധകരായ ഹാഫിസ് സഹോദരങ്ങളുമായി പരിചയപ്പെടുകയും അത് സൗദിയിലെ ആദ്യത്തെ ഇംഗ്ലിഷ് പത്രമായ അറബ് ന്യൂസിന്റെ പിറവിയിലെത്തുകയും ചെയ്തു. സൗദിയില്‍നിന്നുള്ള മലയാളി സഹവാസമാണ് ഫാറൂഖ് ലുഖ്മാന്റെ തന്നെ നേതൃത്വത്തില്‍ മലയാളം ന്യൂസിന്റെ പിറവിയിലേക്കും നയിച്ചത്. ഭാഷ അറിയില്ലെങ്കിലും മലയാളിയുടെ മനസ് ഫാറൂഖ് ലുഖ്മാന് പച്ചവെള്ളമായിരുന്നു. ആന്റണിയുടെ ന്യൂനപക്ഷവിരുദ്ധ പ്രസ്താവനക്കെതിരെ ആന്റണിക്ക് കത്തയച്ച് പ്രതിഷേധിച്ച ഉസ്താദില്‍ ഒരു മലയാളിയുടെ മുഖം തെളിഞ്ഞുകാണുന്നു.
ഇന്ത്യയുടെ മൂന്നു പ്രധാനമന്ത്രിമാരെ തന്റെ മുന്നിലിരുത്തിക്കാന്‍ ഉസ്താദിന് കഴിഞ്ഞു. നെഹ്‌റുവിനെയും ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും. ഇന്ദിരാഗാന്ധി മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് നടത്തിയ അഭിമുഖം വിവാദമായി. മേനക ഗാന്ധിയെ പറ്റിയുള്ള പരാമര്‍ശമായിരുന്നു വിവാദമായത്. പിന്നീട് ഇന്ദിരാഗാന്ധി പ്രത്യേകം പത്രസമ്മേളനം വിളിച്ചുകൂട്ടി നിഷേധപ്രസ്താവന നടത്തി. അപ്പോഴും ഉസ്താദ് തന്റെ നിലപാടില്‍ ഉറച്ചുനിന്നു. തെളിവുണ്ടെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞു. എങ്കിലും ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായില്ല. രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് ഒരു മാസം മുമ്പായിരുന്നു ഇന്റര്‍വ്യൂ നടത്തിയത്. വിവിധ ലോക രാജ്യങ്ങളിലെ ഭരണാധികാരികളുമായെല്ലാം അഭിമുഖം നടത്താനുള്ള അവസരവും ലഭിച്ചു. ഉസ്താദിനെ പറ്റിയുള്ള ഏറ്റവും ചുരുക്കെഴുത്താണിത്. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്രയും ചരിത്രമുണ്ട്.

സൗദിയുടെയും കേരളത്തിന്റെയും മാധ്യമചരിത്രത്തില്‍ സുപ്രധാന സ്ഥാനം തുന്നിച്ചേര്‍ത്താണ് ഫാറൂഖ് ലുഖ്മാന്‍ എന്ന മഹാപ്രതിഭയുടെ ജീവിതത്തിന് തിരശീല വീഴുന്നത്. ഒന്‍പതുവര്‍ഷം മുമ്പുള്ള ഒരു ജനുവരിയിലാണ് ഉസ്താദിന്റെ മുന്നിലിരിക്കാന്‍ തുടങ്ങിയത്. യാ ശബാബ് അഹ്‌ലന്‍ എന്ന് പറഞ്ഞു വിളിച്ചിരുത്തുകയായിരുന്നു. എന്തെന്നില്ലാത്ത ശുഭധൈര്യം പ്രസരിപ്പിക്കാന്‍ കഴിവുള്ള മഹാമനുഷ്യന്‍. പതിവായി കാണാനെത്തുന്ന എത്രയോ ആളുകള്‍. സാധാരണക്കാര്‍ മുതല്‍ ഭരണാധികാരികള്‍ വരെ. ആരുടെ മുന്നിലും തലയെടുപ്പോടെ തല ഉയര്‍ത്തിനിന്നു..
മനക്കണ്ണുകൊണ്ട് വലിയൊരു ലോകം കീഴടക്കിയ മകള്‍ വഹി. കാഴ്ച്ചയില്ലാത്ത ലോകത്തുനിന്ന് ലോകം പടവെട്ടി കീഴടക്കിയ ഈ മകള്‍ വിജയിക്കാനാവശ്യമായ പോസിറ്റീവ് എനര്‍ജി കൈവരിച്ചത് പിതാവില്‍നിന്ന് തന്നെയായിരിക്കണം. ഇന്റര്‍നാഷണല്‍ ലോയില്‍ ഡോക്ടറേറ്റുള്ള വഹി സൗദിയിലെ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായിരുന്നു. മകള്‍ വഹി മാത്രം മതി ഉസ്താദിന്റെ ലോകമറിയാന്‍.

ഇനി പാതിരാത്രികളില്‍ വാതില്‍ പതിയെ തുറന്ന് കടന്നെത്താനൊരു ഊന്നുവടിയൊച്ചയില്ല.
സ്വര്‍ണനിറമാര്‍ന്ന വസ്ത്രമണിഞ്ഞ് അരികിലെത്താനുമില്ല. ചരിത്രം രചിച്ച് ഉസ്താദ് കടന്നുപോകുന്നു.
സൗദിയുടെ മാത്രമല്ല, മലയാളത്തിന്റെയും മാധ്യമചരിത്രത്തിലെ ഒരു സുപ്രധാന അധ്യായത്തിന് തിരശീല വീഴുന്നു. വിദേശമലയാളിയെ ഹൃദയം കൊണ്ടുചേര്‍ത്തുപിടിച്ച ഒരധ്യായവും അവസാനിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.