2020 February 26 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പാലാരിവട്ടം പാലം: ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ പൊതുമരാമത്ത് മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇതുസംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചെന്നാണ് വിജിലന്‍സ് നല്‍കുന്ന സൂചന.
ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കിയിരുന്നു. നിയമസഭാ സമ്മേളനത്തിനുശേഷമായിരിക്കും ചോദ്യം ചെയ്യലുള്‍പ്പടെയുള്ള നടപടികളിലേക്ക് വിജിലന്‍സ് കടക്കുകയെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വാര്‍ത്തകള്‍. ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയതിനുശേഷമുള്ള ചോദ്യം ചെയ്യലാണിത്. തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.

നിലവില്‍ എം.എല്‍.എ ആയതിനാല്‍ സ്പീക്കറുടെ അനുമതിയും ചോദ്യം ചെയ്യുന്നതിന് ആവശ്യമാണ്. ഇതിനുള്ള നടപടികളും വിജിലന്‍സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതോടൊപ്പം വിശദമായ ചോദ്യവലിയും അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറാക്കും.

അതേസമയം അറസ്റ്റ് വേണോ പ്രതി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമോ എന്ന കാര്യത്തില്‍ സര്‍ക്കാറിനോട് അഭിപ്രായം തേടും. എ.ജിയുടെ നിയമോപദേശം തേടിയ ശേഷമാണ് ഗവര്‍ണര്‍ മുന്‍മന്ത്രിക്കെതിരെ അന്വേഷണത്തിന് അനുമതി നല്‍കിയത്.

പാലാരിവട്ടം അഴിമതിയില്‍ കരാറുകാരന് മുന്‍കൂര്‍ പണം അനുവദിച്ചതില്‍ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ക്രമക്കേട് നടന്നത് ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജും വെളിപ്പെടുത്തിയിരുന്നു.

കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ അനുമതി നല്‍കിയത് അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞാണെന്നും കരാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുന്‍കൂറായി പണം നല്‍കാനും ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്നും ടി.ഒ.സൂരജ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. അതേ സമയം അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്കൊന്നും ഒളിക്കാനില്ലെന്നും കേസില്‍ ഉദ്യോഗസ്ഥരാണ് ഉത്തരവാദികളെന്നുമായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ വിശദീകരണം


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.