2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

എന്തുകൊണ്ട് ഉരുള്‍പൊട്ടല്‍?

ബാസിത് ഹസന്‍

 

 

സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴും ഇതിന്റെ യഥാര്‍ഥ കാരണം നിഗൂഢമാണ്. കേന്ദ്ര ഖനന മന്ത്രാലയത്തിന് കീഴിലുള്ള ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജി.എസ്.ഐ), ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകളെക്കുറിച്ച് പഠനം നടത്തുന്നുണ്ടെങ്കിലും യഥാര്‍ഥ കാരണം സംബന്ധിച്ച് ഗവേഷണം നടത്തുന്നില്ല. ശാസ്ത്രലോകം ഒരുപാട് അന്വേഷിച്ചെങ്കിലും യഥാര്‍ഥ കാരണം കണ്ടെത്താനായിട്ടില്ല. ചില സാധ്യതകള്‍ മാത്രമാണ് എല്ലാവരും പറയുന്നത്. ഉരുള്‍പൊട്ടല്‍ മുന്‍കൂട്ടി അറിയാന്‍ ഈ ഐ.ടി യുഗത്തിലും സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. പ്രകൃതിയുടെ ഈ പ്രതിഭാസം മുന്‍കൂട്ടി അറിയാനുള്ള ഒരുപകരണം ഏഴു വര്‍ഷം മുമ്പ് മൂന്നാറില്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഉപകരണത്തിന്റെ കാര്യക്ഷമത ഇതുവരെ അധികൃതര്‍ ബോധ്യപ്പെടുത്തിയിട്ടില്ല.

നിലയ്ക്കാതെ പെയ്യുന്ന മഴ സംസ്ഥാനത്തിന്റെ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ സംഹാരതാണ്ഡവമാടുകയാണ്. പ്രകൃതിയെ ചവിട്ടി മെതിക്കുന്നതിനുള്ള ശിക്ഷയായി ഉരുള്‍പൊട്ടലിനെ വ്യാഖ്യാനിക്കാം. ഉരുള്‍പൊട്ടലിന്റെ പല മുഖങ്ങളിലേക്കാണ് ശാസ്ത്രലോകം വിരല്‍ ചൂണ്ടുന്നത്. അഗ്നിപര്‍വതം പോലെ ഭൂഗര്‍ഭത്തില്‍ നിന്നും പൊട്ടുന്നതല്ല ഉരുള്‍. മലയുടെ ഉച്ചിയിലോ, അടിയിലോ, അടിവാരത്തോ, തുറസ്സായിക്കിടക്കുന്ന സ്ഥലത്തോ ഉരുള്‍പൊട്ടല്‍ സംഭവിക്കാം. ഉരുള്‍പൊട്ടിയ സ്ഥലങ്ങളില്‍ 30 – 40 അടി ആഴമുള്ള ഗര്‍ത്തങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതത് സ്ഥലത്തെ മണ്ണും അന്തരീക്ഷത്തിലെ ജലസാന്ദ്രതയും അനുസരിച്ചാണ് ഗര്‍ത്തത്തിന്റെ ആഴം.
സംസ്ഥാനത്ത് 5607 ച.കി.മീ പ്രദേശത്ത് ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നാണ് ആസൂത്രണ രേഖയില്‍ പറയുന്നത്. കേരളത്തിന്റെ മൊത്തം വിസ്തൃതിയുടെ 14.4 ശതമാനം വരും ഇത്. പട്ടികയില്‍പ്പെട്ട പലയിടത്തും ഇപ്പോള്‍ത്തന്നെ ഉരുള്‍പൊട്ടലുണ്ടായിക്കഴിഞ്ഞു. സമുദ്രനിരപ്പില്‍ നിന്നും 1500 – 1700 മീറ്റര്‍ ഉയരമുള്ള ഹൈറേഞ്ച് മേഖലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന്റെ (സെസ്) മുന്നറിയിപ്പ് നിലവിലുണ്ട്.
കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ 1500 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് ഇതിന് സാധ്യതയുള്ളതായി സെസ് കണ്ടെത്തിയിരിക്കുന്നത്. തുടര്‍ച്ചയായി കനത്ത മഴ പെയ്യുമ്പോള്‍ ഈ മേഖലയിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയോ അതീവ ജാഗ്രത പാലിക്കുകയോ ചെയ്യണമെന്ന് സെസ് പലവട്ടം സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. സുനാമിക്ക് ശേഷം ദുരന്തനിവാരണത്തിനായി സംസ്ഥാനത്ത് പ്രത്യേക വകുപ്പ് രൂപീകരിച്ചിട്ടും ഉരുള്‍ പൊട്ടലിനും മണ്ണിടിച്ചിലിനുമെതിരേ ജനങ്ങളെ ജാഗരൂകരാക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല.

മലഞ്ചെരുവുകളില്‍ ശക്തമായ മഴയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം മണ്ണിലേക്ക് താഴ്ന്ന് അടിത്തട്ടിലെ പാറയ്ക്കുള്ളില്‍ സംഭരിക്കപ്പെടുമ്പോള്‍ ഉറപ്പു നഷ്ടപ്പെട്ട മേല്‍മണ്ണ് തെന്നിമാറുന്ന പ്രതിഭാസമാണ് മണ്ണിടിച്ചിലെന്ന് ഭൗമശാസ്ത്ര കേന്ദ്രം വിശദീകരിക്കുന്നു. വനനശീകരണം മൂലം വേരുപടലങ്ങളുമായി മേല്‍മണ്ണിനുള്ള ബന്ധം നഷ്ടപ്പെടുന്നതിനാലും ശക്തമായ മഴയില്‍ മണ്ണിടിച്ചിലുണ്ടാകും. മലഞ്ചെരുവുകളില്‍ പെയ്യുന്ന മഴവെള്ളം ഒഴുകിമാറാന്‍ സഹായിക്കുന്ന ചാലുകള്‍ മുറിയുകയോ തടസപ്പെടുകയോ ചെയ്താല്‍ വെള്ളം കെട്ടിനിന്ന് മണ്ണിടിച്ചില്‍ ഉണ്ടാകും.

സമുദ്രനിരപ്പില്‍ നിന്നും ശരാശരി 1500 മീറ്റര്‍ ഉയരമുള്ള 20 ഡിഗ്രി ചരിഞ്ഞ മലയോരങ്ങളിലാണ് അപകട സാധ്യത കൂടുതല്‍. ഇവിടെ മഴക്കാലത്ത് വന്‍തോതില്‍ വെള്ളം താഴാന്‍ അനുവദിക്കാതെ ചാലുകള്‍വഴി പെയ്ത്തുവെള്ളത്തെ ഉടന്‍ താഴ്‌വാരത്ത് എത്തിക്കണം. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ മഴക്കാലത്ത് മണ്ണിടിയാന്‍ ഇടയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി മുന്‍കരുതല്‍ സ്വീകരിക്കാനുള്ള ലാന്റ് ഹസാഡ് സൊണേഷന്‍ പദ്ധതി സര്‍ക്കാരിന്റെ പക്കലുണ്ടെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. പെയ്യുന്ന മഴ, സസ്യാവരണം, മണ്‍ഘടന, വെള്ളം ഒഴുകിപ്പോകേണ്ട ചാലുകളുടെ കിടപ്പ്, ചാലുകളിലെ തടസ്സംമൂലം മഴവെള്ളം മലഞ്ചെരുവില്‍ കെട്ടിനില്‍ക്കുന്നുണ്ടോ, കപ്പയും ഇഞ്ചിയും പോലെ മണ്ണിളക്കിയുള്ള കൃഷിയുണ്ടോ തുടങ്ങിയ ഘടകങ്ങള്‍ പഠിച്ച് ഉരുള്‍ പൊട്ടാന്‍ സാധ്യതയുള്ള പുരയിടങ്ങള്‍ കണ്ടെത്തി മുന്നറിയിപ്പ് നല്‍കുന്ന പദ്ധതിയാണിത്.
ഉപഗ്രഹം വഴി തത്സമയം മഴയുടെ തോതും ശക്തിയും അളക്കാനുള്ള ആസൂത്രണ വകുപ്പിന്റെയും ഐ.എസ്.ആര്‍.ഒ യുടേയും കൊച്ചി സര്‍വകലാശാലയുടേയും സംയുക്ത പദ്ധതി 2005ല്‍ ആരംഭിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല. ഇടുക്കി, വയനാട്, വഴിക്കടവ് – നാടുകാണി, മൂന്നാര്‍ – ബോഡിമെട്ട്, വാഗമണ്‍, പഴയ കെ.കെ റോഡ് തുടങ്ങിയ ചുരം റോഡുകളിലും തള്ളിനില്‍ക്കുന്ന പാറക്കെട്ടുകള്‍ കൊങ്കണ്‍ മേഖലയിലുള്ളതുപോലെ നെറ്റ് ഇട്ട് ബലപ്പെടുത്തണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. പുറം ലോകമറിയാതെ വനമേഖലകളില്‍ നിരവധി ഉരുള്‍ പൊട്ടുന്നുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍പൊട്ടല്‍ മേഖലയിലെ മണ്ണ് പൂര്‍ണമായും ഉറയ്ക്കാത്തതിനാല്‍ ഇത്തവണ അപകട സാധ്യത കൂടുതലാണെന്ന് ജി.എസ്.ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ രണ്ടായിരത്തോളം സ്ഥലങ്ങളിലാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പഠനം നടത്തിയത്. ചെറുതും വലുതുമായ അയ്യായിരത്തോളം ഉരുള്‍ പൊട്ടല്‍ 2018ല്‍ ഉണ്ടായെന്നാണ് ജി.എസ്.ഐയുടെ കണക്ക്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News