2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

Editorial

ഉപ്പുതിന്നുന്ന ‘ജയരാജന്‍’മാര്‍ വെള്ളം തന്നെ കുടിക്കണം


എം.എസ്.എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ കൊലക്കുറ്റം ചുമത്തി സി.ബി.ഐ തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ഒട്ടും അപ്രതീക്ഷിതമായ സംഭവമല്ല. കൊല നടന്നതു മുതല്‍ അതില്‍ ജയരാജന് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടാവാനുള്ള സാധ്യത കേരളീയ സമൂഹം സംശയിക്കുന്നുണ്ട്. കൊലയിലേക്കു നയിച്ച സംഭവവികാസങ്ങള്‍ അദ്ദേഹവുമായി ബന്ധപ്പെടുന്നുമുണ്ട്. അതുകൊണ്ട് ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹം ഈ കേസില്‍ പെടുമെന്ന് പ്രതീക്ഷിച്ചവരേറെയാണ്. അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. ജയരാജന്‍ അപരാധിയോ നിരപരാധിയോ എന്ന കാര്യമാണ് ഇനി അറിയാനുള്ളത്. ടി.വി രാജേഷ് എം.എല്‍.എയ്‌ക്കെതിരേയും സി.ബി.ഐ കൊലക്കുറ്റം ചുമത്തിയിട്ടുമുണ്ട്.

കേരളത്തിലുണ്ടായ നിരവധി രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏറ്റവും ക്രൂരവും നീചവുമായിരുന്നു ഷുക്കൂര്‍ വധവും ടി.പി ചന്ദ്രശേഖരന്‍ വധവും. രണ്ടിലും പ്രതിസ്ഥാനത്തുള്ള സി.പി.എം അതിന്റെ പേരില്‍ കടുത്ത ബഹുജനപ്രതിഷേധമാണ് നേരിട്ടത്. ഇതില്‍ എം.എസ്.എഫ് പ്രവര്‍ത്തകനായിരുന്നെങ്കിലും രാഷ്ട്രീയ അക്രമങ്ങളിലൊന്നും പങ്കെടുത്തിട്ടില്ലാത്ത ഷുക്കൂറിനെ വധിച്ചത് രാജ്യത്തെങ്ങും കേട്ടുകേള്‍വി പോലും ഇല്ലാത്ത വിധത്തിലായിരുന്നു. ജയരാജനും രാജേഷും സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ അക്രമത്തെ തുടര്‍ന്നാണ് കൊല നടന്നത്. അക്രമികള്‍ പിറകെ ഓടിവരുന്നതു കണ്ട് ഒരു വീട്ടില്‍ അഭയം തേടിയ ഷുക്കൂറിനെ അവിടെനിന്ന് പിടിച്ചിറക്കിക്കൊണ്ടുവന്ന് ജനമധ്യത്തില്‍ ഒരു മണിക്കൂറിലധികം വിചാരണ ചെയ്യുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്ത് ആര്‍ക്കൊക്കെയോ അയച്ചുകൊടുത്ത് എവിടെനിന്നോ ലഭിച്ച ഉത്തരവനുസരിച്ച് വെട്ടിക്കൊല്ലുകയുമായിരുന്നു.
ഒരു പരിഷ്‌കൃത സമൂഹത്തിനു സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത തരത്തിലുള്ള പ്രാകൃതവും നീചവുമായ കൊലയായിരുന്നു ഇത്. ഷുക്കൂറിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹോദരനുള്‍പ്പെടെ പലരും പ്രാദേശിക സി.പി.എം നേതാക്കളോട് കേണപേക്ഷിച്ചിട്ടും അവരതു ചെവിക്കൊണ്ടില്ല. കൊലയില്‍ ജയരാജനും രാജേഷുമുള്‍പ്പെടെയുള്ള പ്രമുഖ സി.പി.എം നേതാക്കളുടെ പങ്കിനെക്കുറിച്ച് അന്നു തന്നെ ആരോപണമുയര്‍ന്നിരുന്നെങ്കിലും തുടക്കത്തില്‍ അവരാരും പ്രതിചേര്‍ക്കപ്പെട്ടില്ല. ഷുക്കൂറിന്റെ മാതാവ് നടത്തിയ ദീര്‍ഘമായ നിയമപോരാട്ടത്തിന്റെ ഫലമായാണ് കേസ് സി.ബി.ഐ ഏറ്റെടുത്തതും ജയരാജനും രാജേഷും കേസില്‍ കുടുങ്ങിയതും. ജയരാജനും രാജേഷിനും നേരെയുണ്ടായ അക്രമത്തിനു ശേഷം അവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെവച്ച് അവരുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്താണ് കൊല നടത്തിയതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.

കേരളത്തില്‍, പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ ഫാസിസമായി രൂപാന്തരം പ്രാപിച്ചുകഴിഞ്ഞ രാഷ്ട്രീയ സംസ്‌കാരത്തിന്റെ അടയാളങ്ങളാണ് ഇത്തരം കൊലപാതകങ്ങള്‍. രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തന ശൈലി ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല. അനുയായികളെ നേര്‍വഴിയിലും സമാധാനത്തിന്റെ പാതയിലും നയിക്കേണ്ട നേതാക്കള്‍ തന്നെ അവരെ കൊലയ്ക്കു പ്രേരിപ്പിക്കുകയെന്ന ഭീതിജനകമായ സ്ഥിതിവിശേഷം നാടിന്റെ ജനാധിപത്യ ഭാവിക്കു നേരെ ഉയര്‍ത്തുന്ന വെല്ലുവിളി ഏറെ ഗുരുതരമാണ്.
സംസ്ഥാനത്തു നടക്കുന്ന മിക്ക രാഷ്ട്രീയ കൊലപാതകങ്ങളിലും പ്രധാന കുറ്റവാളികള്‍ അതു നിര്‍വഹിക്കുന്നവരല്ല, മറിച്ച് അവര്‍ക്കു മുകളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളാണ് എന്നതാണ് വസ്തുത. നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് അന്ധമായ പാര്‍ട്ടി വിധേയത്വമുള്ള പാര്‍ട്ടി പ്രവര്‍ത്തകരോ പണം നല്‍കി ചുമതലപ്പെടുത്തുന്ന ഗുണ്ടകളോ ഒക്കെ ഇത്തരം കൃത്യങ്ങള്‍ നിര്‍വഹിക്കുന്നത്. ഫലത്തില്‍ ഉപകരണങ്ങളുടെ റോള്‍ മാത്രമാണ് കൊലയാളികള്‍ക്കുള്ളത്. എന്നാല്‍ ഈ ഉപകരണങ്ങള്‍ ശിക്ഷിക്കപ്പെടുകയും അവരെ പറഞ്ഞുവിടുന്ന പ്രധാന പ്രതികളായ നേതാക്കള്‍ക്കു നേരെ നിയമത്തിന്റെ കൈകള്‍ നീണ്ടുചെല്ലാതിരിക്കുകയുമാണ് പതിവ്.
ടി.പി വധത്തില്‍ ഇത് ഏറെക്കുറെ പകല്‍പോലെ വ്യക്തമായതാണ്. അതിക്രൂരമായ ഈ കൊലയില്‍ സി.പി.എമ്മിനുള്ള പങ്ക് അന്വേഷണത്തില്‍ വെളിപ്പെട്ടതാണ്. രണ്ടു ജില്ലകളിലെ സി.പി.എം പ്രവര്‍ത്തകര്‍ക്കും പ്രാദേശിക നേതാക്കള്‍ക്കും കൊലയിലുള്ള പങ്ക് വ്യക്തമായിട്ടുണ്ട്. പാര്‍ട്ടിയുടെ രീതിയനുസരിച്ച് രണ്ടു ജില്ലകളിലെ പ്രവര്‍ത്തകര്‍ സംസ്ഥാന കമ്മിറ്റി അറിയാതെ പരസ്പരം ആശയവിനിമയം നടത്തി ഒരു പരിപാടിയും ആസൂത്രണം ചെയ്യാന്‍ പാടില്ല. അങ്ങനെ വരുമ്പോള്‍ സംസ്ഥാന നേതൃത്വത്തിലെ ആരുടെയോ നിര്‍ദേശപ്രകാരമാണ് കൊല നടന്നതെന്ന് ഉറപ്പാണ്. എന്നാല്‍ ഈ കേസിലും ശിക്ഷിക്കപ്പെട്ടത് കൊലയില്‍ നേരിട്ടു പങ്കെടുത്തവരും പ്രാദേശിക നേതാക്കളുമൊക്കെയാണ്. ശിക്ഷിക്കപ്പെട്ട പ്രാദേശിക നേതാവ് കുഞ്ഞനന്തന് ഭരണസ്വാധീനമുപയോഗിച്ച് അനര്‍ഹമായി തുടര്‍ച്ചയായ പരോള്‍ നല്‍കുന്നതില്‍നിന്നു തന്നെ പാര്‍ട്ടിയിലെ സംസ്ഥാന നേതൃത്വത്തിന് ഈ കേസില്‍ വലിയ താല്‍പര്യമുണ്ടെന്നതിനു തെളിവാണ്. എന്നാല്‍ അത്തരം ഉന്നത നേതാക്കളിലേക്കൊന്നും തന്നെ ടി.പി വധക്കേസ് എത്തിയിട്ടില്ല.

കൊല നടത്തുന്ന താഴേക്കിടയിലുള്ളവര്‍ക്ക് ബന്ധപ്പെട്ട പാര്‍ട്ടികള്‍ കനത്ത സാമ്പത്തിക സഹായം നല്‍കുമെന്നതിനാല്‍ അതു ചെയ്യാന്‍ ഇനിയും കേരളത്തില്‍ ആളുകളെ കിട്ടാന്‍ പ്രയാസമുണ്ടാവില്ല. അതുകൊണ്ട് നാട്ടില്‍ അതിനിയും തുടരുന്ന സാഹചര്യമാണുള്ളത്. കൊലകള്‍ ആസൂത്രണം ചെയ്യുന്ന നേതാക്കള്‍ക്കു നേരെ കൂടി നിയമത്തിന്റെ കരങ്ങള്‍ എത്തിയാല്‍ മാത്രമേ അതിന് അറുതിയുണ്ടാക്കാനാവൂ. ഷുക്കൂര്‍ കേസിലെ സി.ബി.ഐ നടപടി അതിനൊരു തുടക്കമായാല്‍ രാഷ്ട്രീയ കക്ഷികളെല്ലാം തന്നെ കൊലക്കത്തി താഴെയിടാന്‍ നിര്‍ബന്ധിതരാകുമെന്ന് ഉറപ്പാണ്.
പി. ജയരാജന്‍ ഇപ്പോള്‍ കേസില്‍ പ്രതിചേര്‍ക്കപ്പെടുക മാത്രമാണുണ്ടായത്. അദ്ദേഹം കുറ്റവാളിയാണെന്നു വിലയിരുത്താന്‍ സമയമായിട്ടില്ല. അതു തീരുമാനിക്കേണ്ടത് കോടതിയാണ്. നിരപരാധിയാണെങ്കില്‍ അതു തെളിയിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കണം. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കുകയും വേണം. അണികളെ കൊലയാളികളാക്കി മാറ്റുന്ന നേതാക്കള്‍ ആരായാലും, ഏതു പാര്‍ട്ടിയില്‍ പെട്ടവരായാലും ശിക്ഷിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ മാത്രമാണ് ജനാധിപത്യവും നിയമവാഴ്ചയുമൊക്കെ അര്‍ഥപൂര്‍ണമാകുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.