2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കശ്മീര്‍ വിഷയത്തില്‍ നിര്‍ണായക യു.എന്‍ രക്ഷാസമിതി ഇന്ന്, ‘കശ്മീരി’ല്‍ യു.എന്നിന്റെ യോഗം നടക്കുന്നത് 50 വര്‍ഷത്തിന് ശേഷം; നടപ്പാക്കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെടുന്ന യു.എന്‍ പ്രമേയം ഇതാണ്

യുനൈറ്റഡ് നാഷന്‍സ്: കശ്മീര്‍ വിഷയം ചര്‍ച്ചചെയ്യാനായി മാത്രം ഇന്ന് യു.എന്‍ രക്ഷാസമിതി ചേരും. ഇന്ത്യാ- പാക് ക്വസ്റ്റ്യന്‍ എന്ന അജണ്ടയായാണ് യോഗം. രക്ഷാസമിതി അധ്യക്ഷനും പോളീഷ് നയതന്ത്ര ഉദ്യോഗസ്ഥനുമായ ജൊവാന്ന റെനേക്കയുടെ അധ്യക്ഷതയില്‍ അടച്ചിട്ട റൂമിലാവും യോഗം. കശ്മീര്‍ വിഷയത്തില്‍ 50 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് യു.എന്‍ യോഗം ചേരുന്നത്.

കശ്മീരിനുള്ള പ്രത്യേക അവകാശങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് എടുത്തുകളയുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത വിഷയം ചര്‍ച്ചചെയ്യാനായി പ്രത്യേക യോഗം ചേരണമെന്ന് ഇന്നലെ യു.എന്‍ രക്ഷാസമിതിയോട് ചൈന ആവശ്യപ്പെട്ടിരുന്നു. ‘ഇന്ത്യ- പാകിസ്താന്‍ ചോദ്യം’ എന്ന വിഷയം അജന്‍ഡയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ചൈന യു.എന്‍ രക്ഷാസമിതി അധ്യക്ഷ സ്ഥാനം വഹിക്കുന്ന പോളണ്ടിനു കത്തയക്കുകയും ചെയ്തു. കശ്മീരിനെ വിഭജിച്ച് ലഡാക് മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കിയതില്‍ രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈന അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യം ചര്‍ച്ചചെയ്യാനായി രക്ഷാസമിതി ചേരുന്നത്. യു.എന്നില്‍ വീറ്റോ അധികാരമുള്ള രാജ്യമാണ് ചൈന.

കശ്മീര്‍ വിഷയത്തില്‍ തുടക്കത്തില്‍ യു.എന്‍ പുറപ്പെടുവിച്ച പ്രമേയം പാസാക്കണമെന്നാവും പാകിസ്താന്‍ യോഗത്തില്‍ ആവശ്യപ്പെടുക. കശ്മീര്‍ വിഷയം അതീവ ആശങ്കജനകമാണെന്നും കശ്മീരില്‍ നിന്ന് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ഗൗരവമേറിയതാണെന്നും നേരത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറന്‍സ് പറഞ്ഞിരുന്നു. ഇക്കാര്യവും പാകിസ്താന്‍ യോഗത്തില്‍ ഉന്നയിക്കുമെന്നും യു.എന്നിലെ പാക് പ്രതിനിധി മലീഹ ലോധി പറഞ്ഞു.

 

15 അംഗങ്ങളാണ് സമിതിയിലുള്ളത്. ഇതില്‍ ഒന്‍പത് അംഗങ്ങളും അനുകൂലമായി വോട്ട്‌ചെയ്താല്‍ വിഷയം ചര്‍ച്ചചെയ്യാനായി ഒരിക്കലൂടെ യോഗം ചേരും. ആ യോഗത്തിലാവും തീരുമാനം ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട്. ഇനി അങ്ങിനെ അല്ല എങ്കില്‍ കശ്മീരിലെ സംഭവവികാസങ്ങള്‍ ആശങ്ക അറിയിച്ച് സമിതി നോട്ട് ഇറക്കും. ഇതേ ചൊല്ലി സംഘര്‍ഷത്തിലേക്കു പോവരുതെന്ന് ഇന്ത്യക്കും പാകിസ്താനും നിര്‍ദേശവും നല്‍കും.

ചൈന, റഷ്യ, ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ് എന്നിവരാണ് 15 അംഗ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍. ബെല്‍ജിയം, ഐവറികോസ്റ്റ്, ഡൊമിനിക്കന്‍ റിപബ്ലിക്, ഗിനിയ, ജര്‍മനി, ഇന്ത്യോനേഷ്യ, കുവൈത്ത്, പെറു, പോളണ്ട്, ദക്ഷിണാഫ്രിക്ക എന്നിരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

1947ല്‍ ജമ്മുകശ്മീര്‍ ഇന്ത്യയുടെ ഭാഗമായതോടെയുണ്ടായ ഇന്ത്യാ- പാക് യുദ്ധത്തെത്തുടര്‍ന്നാണ് ആദ്യം വിഷയത്തില്‍ യു.എന്‍ ഇടപെട്ടത്. ഇരുരാജ്യങ്ങളുടെയും ഭാഗം കേട്ട യു.എന്‍ അമേരിക്ക, അര്‍ജന്റിന, ബെല്‍ജിയം, ചെക്കോസ്ലോവാക്കിയ, കൊളംബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളടങ്ങിയ സമിതിയെ വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തുകയായിരുന്നു. ജമ്മുകശ്മീര്‍ ആരുടെ ഭാഗമാണോ എന്നത് തീരുമാനിക്കേണ്ടത് ജനങ്ങളില്‍ ഹിതപരിശോധന നടത്തിയാണ്, ഹിതപരിശോധന നടത്താന്‍ ശുപാര്‍ശ ചെയ്യും, ജമ്മുകശ്മീരിന്റെ കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് ഹിതപരിശോധനയിലൂടെ മാത്രമാണ്, ജമ്മുകശ്മീരില്‍ നിന്ന് പലായനം ചെയ്ത മുഴുവന്‍ ജനങ്ങളെയും തിരിച്ചുവിളിച്ചാണ് ഹിതപരിശോധന നടത്തേണ്ടത് എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങളാണ് സമിതി നടത്തിയത്. ഇതില്‍ ഹിതപരിശോധന നടത്തണമെന്ന നിര്‍ദേശം ഇതുവരെ നടപ്പായിട്ടില്ല. ഇക്കാര്യമാവും പാകിസ്താന്‍ ആവശ്യപ്പെടുകയെന്നാണ് റിപ്പോര്‍ട്ട്.

UNSC set to hold Kashmir meeting after 50 yesar #370 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.