2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

19 ബില്യണ്‍ ഡോളര്‍ മുടക്കി വാങ്ങിയിട്ട് അഞ്ചു കൊല്ലമായി, ഇതുവരെ അഞ്ചിന്റെ ലാഭമുണ്ടാക്കാന്‍ വാട്‌സ്ആപ്പിനെക്കൊണ്ടായില്ല: സുക്കര്‍ബര്‍ഗിന്റെ പ്രസ്താവനയ്ക്കു പിന്നില്‍

 

വാട്‌സ്ആപ്പ് കാരണം ഇന്ത്യയില്‍ ഫെയ്‌സ്ബുക്കിന്റെ മറ്റെല്ലാ ഉല്‍പന്നങ്ങളും വെല്ലുവിളി നേരിടുകയാണെന്ന് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ആളുകള്‍ വാട്‌സ്ആപ്പില്‍ തന്നെ ലയിച്ചിരിക്കുകയാണെന്നും വരുമാനമുള്ള മാറ്റ് ആപ്പുകളില്‍ നിന്ന് മാറിനില്‍ക്കാന്‍ ഇതു പ്രേരിപ്പിക്കുന്നുമെന്നാണ് സുക്കര്‍ബര്‍ഗ് പ്രസ്താവിച്ചത്.

ബംഗളൂരൂവില്‍ അനലിസ്റ്റുകളുടെ സമ്മേളനത്തിലാണ് സക്കര്‍ബര്‍ഗിന്റെ പ്രസ്താവന.

19 ബില്യണ്‍ ഡോളറിനാണ് ഫെയ്‌സ്ബുക്ക് അഞ്ചു വര്‍ഷം മുന്‍പ് വാട്‌സാപ്പിനെ വാങ്ങിയത്. ഇന്നുവരെ അതില്‍ നിന്ന് ലാഭമുണ്ടാക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല.

പബ്ലിക് പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിനെ കടത്തിവെട്ടിയിരിക്കുകയാണ് പ്രൈവറ്റ് പ്ലാറ്റ് ഫോമായ വാട്‌സാപ്പ്. എന്നാല്‍ റിസ്‌കിനെക്കാളേറെ അവസരങ്ങളാണ് വാട്‌സാപ്പ് നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവില്‍ ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡില്‍ നിന്നാണ് വരുമാനത്തിന്റെ ഭൂരിഭാഗവും ലഭിക്കുന്നത്.

നിയമവാഴ്ച ദുര്‍ബലമായ രാജ്യങ്ങളില്‍ ഡേറ്റ ലോക്കലൈസേഷന്‍ താന്‍ പ്രോത്സാഹിപ്പിക്കില്ലെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. ഏത് രാജ്യങ്ങളാണ് എന്നത് അദ്ദേഹം പേരെടുത്ത് പറഞ്ഞില്ല. ഈയിടെ ഇന്ത്യ ഡേറ്റ ലോക്കലൈസേഷന്‍ ചട്ടങ്ങള്‍ കര്‍ശനമാക്കിയിരുന്നു.

‘നിയമങ്ങള്‍ ദുര്‍ബലമായ രാജ്യങ്ങളിലും സര്‍ക്കാരിന് ബലം പ്രയോഗിച്ച് ഡേറ്റ അക്‌സസ് ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങളിലും ഞങ്ങള്‍ സെന്‍സിറ്റീവ് ആയ ഡേറ്റ സ്റ്റോര്‍ ചെയ്യില്ല,- സര്‍ക്കര്‍ബര്‍ഗ് പറഞ്ഞു.

2019 ന്റെ ആദ്യ പാദത്തില്‍ ഫെയ്‌സ്ബുക്കിന്റെ ലാഭം നേര്‍പകുതിയായി 2.43 ബില്യണ്‍ ഡോളറിലേക്ക് താഴ്ന്നു. യു.എസ് റെഗുലേറ്ററില്‍ പിഴ ചുമത്താന്‍ സാധ്യതയുള്ളതിനാല്‍ അതിലേക്കായി 3 ബില്യണ്‍ ഡോളര്‍ വകമാറ്റിയതാണ് ഇതിനു കാരണം.

അതേസമയം, വാലറ്റ് സംവിധാനമായ വാട്‌സ്ആപ്പ് പേ ഇന്ത്യയില്‍ പരീക്ഷിക്കുമെന്നും സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു. എന്നാല്‍ ഇതിന്റെ സമയം നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.