2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ബലാത്സംഗം ചെയ്യുന്നതു വരെ ഞാനയാളെ ഭയ്യാ എന്നായിരുന്നു വിളിച്ചത്’- ഉന്നാവോ പെണ്‍കുട്ടി

ലഖ്‌നോ: തന്നെ പീഡിപ്പിച്ച എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറുമായി അടുത്ത ബന്ധമായിരുന്നുവെന്ന് വെളിപ്പെടുത്തി ഉന്നാവോ പെണ്‍കുട്ടി. സഹോദര തുല്യമായ ബന്ധമായിരുന്നു തമ്മിലെന്ന് പെണ്‍കുട്ടി പറഞ്ഞു. തന്നെ ബലാത്സംഗം ചെയ്യുന്നതു വരെ ‘ഭയ്യാ’ എന്നായിരുന്നു ഞാന്‍ വിളിച്ചിരുന്നത്. ജോലി വാഗ്ദാനം ചെയ്ത് ബന്ധുവിനോടൊപ്പം എം.എല്‍.എയുടെ വീട്ടില്‍ എത്തുന്നതു വരെ അങ്ങനെയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.

”കഴിഞ്ഞവര്‍ഷം ജൂണ്‍ നാലിനായിരുന്നു അത്. ഒരു മുറിക്കുള്ളില്‍ പോവാന്‍ എന്നോട് ആവശ്യപ്പെട്ടു. അവിടെ എന്നെ മാനഭംഗപ്പെടുത്തി. ഇത് എന്റെ അച്ഛനോടും കുടുംബത്തിലും മാത്രം പറഞ്ഞു, പുറത്ത് പറഞ്ഞാല്‍ ഞാന്‍ കൊല്ലപ്പെടുമായിരുന്നു. അദ്ദേഹത്തിന്റെ കുറച്ചാളുകള്‍ എന്നെ തട്ടിക്കൊണ്ടു പോകുന്നതു വരെ ഞാനിതേപ്പറ്റി ഒന്നും പറഞ്ഞിരുന്നില്ല. അവര്‍ കുറച്ച് ദിവസങ്ങള്‍ എന്ന കൂട്ടബലാത്സംഗത്തിനിരയാക്കി എന്നെ വേറൊരാള്‍ക്ക് വിറ്റു. അയാളില്‍ നിന്നാണ് ഞാന്‍ രക്ഷപ്പെട്ടത്”- 17 കാരിയായ പെണ്‍കുട്ടി വെളിപ്പെടുത്തി.

 

ഐ.പി.സി ആക്ട് പ്രകാരവും പോക്‌സോ നിയമ പ്രകാരവും എം.എല്‍.എയ്‌ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കേസ് സി.ബി.ഐയ്ക്ക് കൈമാറിയെന്നും അന്വേഷിച്ച് അറസ്റ്റ് ചെയ്യുമെന്ന നിലപാടിലാണ് പൊലിസ്.

പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലിസ് കസ്റ്റഡിയില്‍ മരിച്ചതോടെയാണ് സംഭവം പുറത്തറിയുകയും വലിയ പ്രതിഷേധത്തിലേക്ക് നീങ്ങിയതും. ഇതേത്തുടര്‍ന്നാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായതും. അച്ഛനെ മര്‍ദിച്ച കേസില്‍ എം.എല്‍.എയുടെ സഹോദരന് അതുല്‍ സിങ് സെന്‍ഗറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

”ഒടുവില്‍ രക്ഷപ്പെട്ട് ഞാന്‍ ഡല്‍ഹിയിലെ അമ്മാവന്റെ വീട്ടിലെത്തി. അവിടെ അമ്മായിയോട് ആദ്യം കാര്യങ്ങളൊക്കെ പറഞ്ഞു. പിന്നീട് അമ്മാവനോടും പറഞ്ഞു”.

”കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 17ന് ഞാനും അമ്മാവനും കൂടി ലഖ്‌നോവില്‍ പോയി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ട് നിവേദനം നല്‍കി. അദ്ദേഹമത് അടുത്തുനില്‍ക്കുന്നവര്‍ക്ക് കൊടുത്തു, പക്ഷെ ഒന്നും നടന്നില്ല”

”സഹായം ആവശ്യപ്പെട്ട് ഞാന്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും യു.പി ഡി.ജി.പിക്കും കത്തെഴുതി. എന്നിട്ടും ഒന്നും നടന്നില്ല. പകരം, എം.എല്‍.എയെ വിട്ട് പോവാനാണ് പൊലിസുകാരില്‍ നിന്ന് എനിക്ക് ഉപദേശം കിട്ടിയത്”- പെണ്‍കുട്ടി പറയുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.