2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഭീകരാക്രമണത്തിന് പോലും നല്‍കാത്ത പ്രാധാന്യം യൂനിവേഴ്‌സിറ്റി കോളജിലെ വാര്‍ത്തക്കെന്ന് ഡി.വൈ.എഫ്.ഐ: എസ്.എഫ്.ഐയെ തിരുത്തിയ വി.എസിന്റെ വാര്‍ത്ത ദേശാഭിമാനി മുക്കി

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ഭീകരാക്രമണത്തിന് പോലും കൊടുക്കാത്ത പ്രാധാന്യത്തോടെയാണ് ചില മാധ്യമങ്ങള്‍ യൂനിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങളെ ആഘോഷിക്കുന്നതെന്നായിരുന്നു ഡി.വൈ.എഫ്.ഐ നേതാവ് എം.സ്വരാജിന്റെ പരാതി. എന്നാല്‍ ആ വാര്‍ത്തയെ മാധ്യമങ്ങള്‍ പിറകോട്ട് തട്ടിയപ്പോള്‍ ദേശാഭിമാനി ആ വാര്‍ത്തക്ക് വലിയ തലക്കെട്ട് നല്‍കിയാണ് ഇന്ന് പുറത്തിറങ്ങിയത്. സംഭവത്തിനുശേഷം മൂന്ന് ദിവസങ്ങള്‍ക്കുശേഷം മിക്ക മാധ്യമങ്ങളും വാര്‍ത്തയുടെ പ്രാധാന്യം കുറച്ചു തുടങ്ങിയപ്പോഴാണ് വിട്ടുവീഴ്ചയില്ലെന്ന തലക്കെട്ടില്‍ ചൊവ്വാഴ്ചയിലെ ദേശാഭിമാനിയുടെ തലവാചകം.

സര്‍ക്കാരും പാര്‍ട്ടിയും ശക്തമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബോധ്യപ്പെടുത്തുക മാത്രമായിരുന്നു ഉദ്ദേശം. എന്നാല്‍ വി.എസ്.അച്യുതാനന്ദന്‍ എസ്.എഫ്.ഐയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച പ്രതികരണം ദേശാഭിമാനി മുക്കിയെന്നതും ശ്രദ്ധേയമാണ്.
വീണുകിട്ടിയ അക്രമസംഭവത്തിന്റെ പേരില്‍ കുഴിവെട്ടി അതില്‍ എസ്.എഫ്.ഐയെ മൂടിക്കളയാമെന്ന് വ്യാമോഹിക്കുന്ന മാധ്യമങ്ങളാണ് ഇവിടെയുള്ളതെന്നും യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ അതിക്രമത്തെ ഇടതുപക്ഷത്തുനിന്നുള്ളവരെല്ലാം തള്ളിപ്പറയുമ്പോള്‍ ധാര്‍ഷ്ട്യത്തിന്റെ ശബ്ദമായിരുന്നു എം.സ്വരാജ് എം.എല്‍.എ മുഴക്കിയത്. ഇതിനെതിരേ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. എസ്.എഫ്.ഐയ്ക്ക് നിരക്കാത്തതൊന്നും എസ്.എഫ്.ഐയില്‍ ഉണ്ടാവില്ലെന്നും തെറ്റാണ് സംഭവിച്ചതെന്നും അടിയന്തരമായി തിരുത്തുമെന്നും ഫേസ്ബുക്കില്‍ കുറിച്ച സ്വരാജ് എന്നാല്‍ ഈ തക്കത്തില്‍ എസ്.എഫ്.ഐയെ അങ്ങു ഭസ്മീകരിക്കാമെന്ന് ആരും കരുതേണ്ടെന്ന ഭീഷണിയും മുഴക്കിയിരുന്നു.
അതിന്റെ പിറ്റേന്നാണ് ദേശാഭിമാനി തന്നെ സര്‍ക്കാര്‍ നടപടി വലിയ സംഭവമാണെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഇതോടൊപ്പം വി.എസിന്റെ പ്രസ്താവന ദേശാഭിമാനി കണ്ടതേയില്ല. മറ്റുമാധ്യമങ്ങളെല്ലാം വലിയ വാര്‍ത്തയാക്കിയപ്പോള്‍ ദേശാഭിമാനി അത് മുക്കി.

ലക്ഷ്യം ഇടതുപക്ഷം വേണ്ടത് ജാഗ്രതയാണെന്ന പി.രാജീവിന്റെ ലേഖനവും ഒറ്റതിരിഞ്ഞ് എസ്.എഫ്.ഐയെ ആക്രമിക്കുന്നു എന്ന പി.എ മുഹമ്മദ് റിയാസിന്റെ വാക്കുകള്‍ക്കുപോലും ഇടം കൊടുത്ത ദേശാഭിമാനിയാണ് വി.എസിന്റെ കനപ്പെട്ടതും സംഘടന തിരുത്തേണ്ടതുമായ വാക്കുകള്‍ക്ക് ചെവികൊടുത്തതേയില്ല.
ഗുണ്ടായിസമല്ല, പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ആയുധമെന്നും തുല്യതയ്ക്കു വേണ്ടി പോരാടുന്നവരുടെ കയ്യില്‍ ആശയങ്ങളാണ് വേണ്ടതെന്നുമാണ് വി.എസ് വിമര്‍ശിച്ചത്. ആയുധങ്ങളല്ല. ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ഥി പ്രസ്ഥാനം, കഠാരയും കുറുവടിയുമായി ക്യാമ്പസുകളില്‍ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്നമുണ്ട് എന്നും ഓര്‍മപ്പെടുത്തിയതും ദേശാഭിമാനി കണ്ടില്ല. പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനില്‍പ്പില്ലെന്നും വി.എസ് ചൂണ്ടിക്കാട്ടി.

ഈ തിരിച്ചറിവ് നേതൃത്വത്തിനാണ് നഷ്ടപ്പെടുന്നതെങ്കില്‍ അവരെ കര്‍ശനമായി തിരുത്താന്‍ വിദ്യാര്‍ഥി സമൂഹം മുന്നോട്ടു വന്നേ തീരൂ. ഇന്നിപ്പോള്‍ പൊലിസ് തിരയുന്നവരും അറസ്റ്റിലായവരുമെല്ലാം ഇത്രകാലവും പ്രസ്ഥാനത്തെ നയിച്ചവരാണ് എന്നത് ദുഃഖകരമാണ്. ലജ്ജ തോന്നുന്നു, തല കുനിക്കുന്നു എന്നെല്ലാം യുവജന നേതാക്കള്‍ക്ക് പറയേണ്ടിവരുന്ന സാഹചര്യം ഉണ്ടാക്കിയത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് നാണക്കേടാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
യൂനിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷവും കത്തിക്കുത്തും അറസ്റ്റും മാത്രമല്ല മുഖ്യപ്രതിയുടെ വീട്ടില്‍ നിന്നും യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫഐയുടെ യൂനിറ്റ് മുറിയില്‍ നിന്നും സര്‍വ്വകലാശാല ഉത്തക്കടലാസുകള്‍ അടക്കം പിടിച്ചെടുത്ത സാഹചര്യത്തില്‍ കൂടിയായിരുന്നു വി.എസിന്റെ പ്രതികരണം.

എന്നാല്‍ അക്രമങ്ങള്‍ ഇല്ലാതാക്കുകയല്ല മറിച്ച് എസ്.എഫ്.ഐയുടെ ചോര കുടിയ്ക്കുകയാണ് മാധ്യമങ്ങളുടെ ലക്ഷ്യമെന്നു പറയുന്ന സ്വരാജ് എസ്.എഫ്.ഐയുടെ ഗുണ്ടായിസത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ വന്നതും അറിഞ്ഞിരിക്കണം. അതും യൂനിവേഴ്‌സിറ്റി കോളജിന്റെ മൂക്കിനു താഴെയുള്ള ആര്‍ട്‌സ് കോളേജില്‍ നിന്ന്. അപ്പോള്‍ എവിടെയാണ് സഖാവേ എസ്.എഫ്.ഐ തിരുത്തിയതെന്നും തിരുത്തുന്നു എന്നതെന്നും തിരിച്ചു ചോദിക്കാതിരിക്കാനാവില്ലെന്നാണ് വിദ്യാര്‍ഥികള്‍ തന്നെ ചോദിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.