2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

Editorial

ഐക്യരാഷ്ട്രസഭക്ക് വിശ്വാസ്യത നേടിക്കൊടുത്ത സെക്രട്ടറി ജനറല്‍


ലോകത്തിന്റെ സമാധാനദൂതനായി ഔദ്യോഗികജീവിതത്തിലും അല്ലാതെയും നിരന്തരം പ്രയത്‌നിച്ച യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ വിടവാങ്ങി. രണ്ടുതവണ ഐക്യരാഷ്ട്രസഭയുടെ നായകത്വം വഹിച്ച അദ്ദേഹത്തിന്റെ ജീവിതം സംഭവബഹുലവും ആകസ്മികതകള്‍ നിറഞ്ഞതുമായിരുന്നു. ദുരിതമനുഭവിക്കുന്ന ലോകത്തെ മുഴുവന്‍ മനുഷ്യരുടെയും പക്ഷത്തു നിലയുറപ്പിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. 

ലോകസമാധാനത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ശ്രമം എത്രത്തോളം വിജയിച്ചുവെന്നതു മറ്റൊരു കാര്യം. വേദനാജനകമായ നിരവധി അനുഭവങ്ങള്‍ ഔദ്യോഗികജീവിതകാലത്തുണ്ടായി എന്നു പില്‍ക്കാലത്ത് അദ്ദേഹം വിലയിരുത്തിയിട്ടുണ്ട്. രാഷ്ട്രങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങളും യുദ്ധങ്ങളും ഒഴിവാക്കാനാവ ാതിരുന്നതാകാം ഇത്തരമൊരു അഭിപ്രായപ്രകടനത്തിനു നിദാനം.
തിരിച്ചടികളെയും പരാജയങ്ങളെയും വകവയ്ക്കാതെ യുദ്ധഭൂമികളിലും സംഘര്‍ഷഭരിതപ്രദേശങ്ങളിലും അദ്ദേഹം ഓടിയെത്തി. ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്നു അനിശ്ചിതത്വത്തിലായ നൈജീരിയയില്‍ ഭരണം പുനഃസ്ഥാപിച്ചതും ലിബിയയെ യു.എന്നുമായി അടുപ്പിച്ചതും കിഴക്കന്‍ തിമൂറിലെ ആക്രമണങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവന്നതും അദ്ദേഹത്തിന്റെ നയതന്ത്രജ്ഞതാവൈഭവമാണ്.
എന്നാല്‍, അമേരിക്കയുടെ ഇറാഖ് അധിനിവേശവും തുടര്‍ന്നുണ്ടായ യുദ്ധവും തടയാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അത് അദ്ദേഹത്തിന്റെ വീഴ്ചകൊണ്ടല്ല, അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന് ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനോടുണ്ടായ തീരാപ്പക മൂലമായിരുന്നു. സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ കോഫി അന്നന്‍ തീവ്രമായി പരിശ്രമിച്ചെങ്കിലും അമേരിക്ക അതെല്ലാം അട്ടിമറിച്ചു.
2016 സെപ്റ്റംബര്‍ 18 ന് അദ്ദേഹം ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തു നടത്തിയ വിടവാങ്ങല്‍ പ്രസംഗം ഹൃദയസ്പൃക്കായിരുന്നു. നീതിരഹിത ലോകസാമ്പത്തിക വ്യവസ്ഥയെക്കുറിച്ചും മനുഷ്യാവകാശങ്ങളോടും നിയമവാഴ്ചയോടും ലോകത്തു വ്യാപിച്ചുകൊണ്ടിരിക്കുന്ന എതിര്‍പ്പുകളെക്കുറിച്ചും അദ്ദേഹം സുദീര്‍ഘമായി സംസാരിച്ചു. ലോകത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന താളഭ്രംശത്തെക്കുറിച്ചു വാചാലനായി. ആഫ്രിക്കയില്‍ നടക്കുന്ന ആക്രമണങ്ങളും അറബ് – ഇസ്രാഈല്‍ സംഘര്‍ഷങ്ങളും ലോകത്തിന്റെ സജീവശ്രദ്ധയില്‍ കൊണ്ടുവന്നത് കോഫി അന്നനാണ്.
ഒരാളുടെ ജീവിതകാലത്തെയും അദ്ദേഹം ഉള്‍പ്പെട്ട ജീവിതസംഭവങ്ങളെയും അദ്ദേഹം അഭിമുഖീകരിച്ച പ്രശ്‌നങ്ങളെയും കോര്‍ത്തിണക്കുന്നതാണ് അയാളുടെ ജീവചരിത്രം. ആ നിലയ്ക്കു നോക്കുമ്പോള്‍ കോഫി അന്നന്റെ ജീവചരിത്രം ലോകചരിത്രത്തിന്റെ സുപ്രധാനഭാഗമാണ്. ജീവിച്ച കാലത്തോടു ഗാഢമായ ബന്ധം പുലര്‍ത്തിയ അത്യപൂര്‍വ വ്യക്തിത്വങ്ങളെയാണു ചരിത്രപുരുഷന്മാരെന്നു വിശേഷിപ്പിക്കുന്നത്. കോഫി അന്നന്‍ ചരിത്രപുരുഷനായിരുന്നു. മനുഷ്യ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പു സാധിതമാക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
പദവിയൊഴിഞ്ഞതിനു ശേഷവും ആഗോളപ്രശ്‌നങ്ങള്‍ പലതും പരിഹരിക്കാന്‍ യു.എന്‍ ചുമതലപ്പെടുത്തിയത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവിനുള്ള അംഗീകാരമാണ്. 1962 ല്‍ ലോകാരോഗ്യസംഘടനയുടെ ജനീവ ഓഫിസില്‍ ബജറ്റ് ഓഫിസറായി ചേര്‍ന്നു കൊണ്ടാണു കോഫി അന്നന്‍ നയതന്ത്രയജ്ഞത്തിനു തുടക്കമിട്ടത്. യു.എന്‍ ജീവനക്കാരന്‍ അതിന്റെ പരമോന്നതപദവിയിലെത്തുന്ന ആദ്യ സംഭവമായിരുന്നു അത്.
മാനുഷികതയുടെ ഭാഗത്ത് അടിയുറച്ചു നിന്ന, ലോകസമാധാനത്തിനുവേണ്ടി അനവരതം പ്രയത്‌നിച്ച വ്യക്തിയെന്ന നിലയിലായിരിക്കും ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തുക. ഇന്ത്യയെ അതിരറ്റു സ്‌നേഹിച്ച അദ്ദേഹം ആഫ്രിക്കയുടെ അഭിമാനമായിരുന്നു. ബുട്രോസ് ഗാലിയായിരുന്നു ആഫ്രിക്കയില്‍ നിന്നുള്ള പ്രഥമ യു.എന്‍ സെക്രട്ടറി ജനറലെങ്കില്‍ കറുത്തവര്‍ഗക്കാരില്‍ നിന്നുള്ള ആദ്യത്തെ സെക്രട്ടറി ജനറലാണു കോഫി അന്നന്‍. ദുര്‍ബലമായ രാജ്യങ്ങള്‍ക്കു വേണ്ടിയാണ് ഏറിയ പങ്കും അദ്ദേഹം സംസാരിച്ചതും പ്രവര്‍ത്തിച്ചതും.
റുവാണ്ടയിലെ കൂട്ടക്കൊലകളെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെയും യുഗോസ്ലാവ്യയിലെ ആഭ്യന്തരക്കുഴപ്പങ്ങളെയും സമചിത്തതയോടെ അഭിമുഖീകരിച്ചു വിജയപൂര്‍വം തരണംചെയ്തത് അദ്ദേഹത്തിന്റെ ഔദ്യോഗികകാലത്തെ സുപ്രധാനമായ സംഭവമാണ്. വളര്‍ന്നുകൊണ്ടിരിക്കൂന്ന രാജ്യങ്ങളിലെ ജനങ്ങളെ സഹായിക്കാന്‍ ഗ്ലോബല്‍ എയ്ഡ്‌സ് ആന്റ് ഹെല്‍ത്ത് ഫണ്ട് രൂപീകരിച്ചത് അദ്ദേഹത്തിന്റെ ശ്രമഫലത്താലാണ്
. ഇതിന്റെയടിസ്ഥാനത്തിലാണ് 2001 ല്‍ ഐക്യരാഷ്ട്ര സഭക്കൊപ്പം കോഫി അന്നനും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. രാഷ്ട്രനേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തിയ അദ്ദേഹത്തെ കാലം ഓര്‍മിക്കുക ആഗോള സമാധാനത്തിന് വേണ്ടി സ്വയം അര്‍പ്പിച്ച മനുഷ്യ സ്‌നേഹി എന്ന നിലയിലായിരിക്കും.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.