2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

ബഹ്‌റൈനിലെ മകന്റെ മയ്യത്ത് നാട്ടിലെത്തും മുമ്പെ മാതാവ് കണ്ണടച്ചു

 

# ഉബൈദുല്ല റഹ് മാനി

 

മനാമ: ബഹ്‌റൈനില്‍ മരണപ്പെട്ട മകന്റെ മൃതദേഹം നാട്ടിലെത്തും മുമ്പെ നാട്ടിലുള്ള മാതാവും മരണപ്പെട്ടെന്ന വാര്‍ത്ത ബഹ്‌റൈന്‍ പ്രവാസികള്‍ക്കിടയി നൊമ്പരമായി.

മലപ്പുറം ജില്ലയിലെ മംഗലംകൂട്ടായി സ്വദേശിയും ബഹ്‌റൈന്‍ പ്രവാസിയുമായ ഖാലിദിന്റെ മരണം നടന്ന് മൂന്നാം ദിവസം മാതാവ് നഫീസയും മരണപ്പെട്ടുവെന്ന വാര്‍ത്തയാണ് ബഹ്‌റൈനിലെ സുഹൃത്തുക്കള്‍ക്കും പ്രദേശവാസികള്‍ക്കും ഏറെ വേദന പടര്‍ത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് സല്‍മാനിയ ആശുപത്രിയില്‍ വച്ച് കുന്പലകത്ത് ഖാലിദ് (38)മരണപ്പെട്ടത്. ഇവിടെ താമസ സ്ഥലത്ത് കുളിമുറിയില്‍ തെന്നി വീണതിനെ തുടര്‍ന്ന് ബോധം നഷ്ടപ്പെട്ടാണ് ഖാലിദിനെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. വിശദമായ പരിശോധനയില്‍ തലയിലെ ഞരമ്പ് പൊട്ടിയതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് വെന്റിലേറ്ററില്‍ തീവ്ര പരിചരണത്തില്‍ കഴിയവെയാണ് നാലുദിവസങ്ങള്‍ക്ക് ശേഷം ഖാലിദ് മരണത്തിന് കീഴടങ്ങിയത്.

സല്‍മാനിയ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങള്‍ കമ്പനി അധികൃതരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതായി കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് സലാം മന്പാട്ടുമൂലയും നാട്ടുകാരനും തവനൂര്‍ മണ്ഡലം കെ.എം.സി.സി പ്രസിഡന്റുമായ സുലൈമാന്‍ മംഗലവും ഇവിടെ സുപ്രഭാതത്തെ അറിയിച്ചിരുന്നു.

വാരാന്ത്യ അവധി ദിനത്തെ തുടര്‍ന്ന് മൃതദേഹം കൊണ്ടുപോകാനുള്ള രേഖകള്‍ ഞായറാഴ്ചയോടെ മാത്രമേ പൂര്‍ത്തിയാക്കാനാകുകയുള്ളുവെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. എട്ടു വര്‍ഷത്തോളമായി ബഹ്‌റൈന്‍ പ്രവാസിയായ ഖാലിദ് രണ്ടു മാസം മുന്പാണ് നാട്ടില്‍ പോയി ബഹ്‌റൈനില്‍ തിരിച്ചെത്തിയത്. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം നാട്ടിലാണ്. സുമയ്യയാണ് ഖാലിദിന്റെ ഭാര്യ. മക്കള്‍ മുഹമ്മദ് സന്‍ഹാന്‍, ഫാത്വിമ ശദ.

വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മാസത്തോളമായി മാതാവ് നഫീസ രോഗ ശയ്യയിലായിരുന്നു. ഇക്കാരണത്താല്‍ മകന്റെ മരണ വിവരം നഫീസയെ അറിയിച്ചിരുന്നില്ല. ഇതിനിടെ രോഗം മൂര്‍ഛിച്ചതോടെയാണ് ശനിയാഴ്ച വൈകിട്ടോടെ നഫീസയും മരണത്തിന് കീഴടങ്ങിയത്. ഭര്‍ത്താവ് കുന്പലകത്ത് മുഹമ്മദ് കുട്ടി നേരത്തെ മരണപ്പെട്ടിരുന്നു. ഖാലിദിനെ കൂടാതെ മറ്റു മക്കള്‍ ഉമ്മര്‍കുട്ടി, റഷീദ്, സലാം, ഗഫൂര്‍(സൗദി ), ബാവ, ഷംസു, റഫീഖ്(സൗദി), ഷഫീഖ്.
മരുമക്കള്‍ താഹിറ(തവനൂര്‍) സുഹറ(എടക്കുളം), സീനത്ത് (താനൂര്‍), ഫൗസിയ (പരിയാപുരം) നസീമ(വാക്കാട്) മുനീറ(കൈമലശ്ശേരി), സുമയ്യ (പുതുപ്പള്ളി), ജുബൈരിയ (ഇരിങ്ങാവൂര്‍).
നഫീസയുടെ ജനാസ ഖബറടക്കം ഞായറാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് കൂട്ടായി പുതിയ ജുമാഅത്ത് പള്ളിയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.