2020 February 23 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മുതല്‍കൂട്ടാകുന്ന സുഹൃത്തും മുതല്‍ കൂട്ടുന്ന സുഹൃത്തും

സുഹൃത്തുക്കളില്‍ ചിലര്‍ അങ്ങനെയാണ്. നിഴലിന്റെ സ്വഭാവം കാണിച്ചുകളയും. വെളിച്ചമുണ്ടാകുമ്പോള്‍ സന്തതസഹചാരിയാണു നിഴല്‍. ഇരുള്‍ പരന്നാല്‍ ഒരു തരിപോലും എവിടെയും കാണില്ല. ക്ഷേമകാലത്ത് ഉറ്റബന്ധുവായിരിക്കും. ക്ഷാമകാലത്തു ബദ്ധവൈരിയുമായിരിക്കും. യഥാര്‍ഥത്തില്‍ അവര്‍ നമ്മുടെ കൂട്ടുകാരല്ല നമുക്കുള്ളതിന്റെ കൂട്ടുകാരാണ്. നമുക്കുള്ളത് നമ്മുടെ കൂടെയുള്ള കാലത്തോളം അവരും കൂടെയുണ്ടാകും. നമുക്കുള്ളത് നമ്മെ വിട്ടുപോയാല്‍ അവരും വിട്ടുപോകും.
പെണ്ണിന്റെ ദേഹത്തിരിക്കുന്ന പൊന്നിനെ നോക്കി ‘എന്റെ പൊന്നേ’ എന്നു വിളിക്കുന്ന ചില വര്‍ഗങ്ങളുണ്ടല്ലോ. പാവം, പെണ്ണ് കരുതുക അതു തന്നെ നോക്കിയുള്ള വിളിയാണെന്നായിരിക്കും. അതു തന്നെയല്ല, തന്റെ ദേഹത്തിരിക്കുന്ന പൊന്നിനെയാണു വിളിക്കുന്നതെന്ന് അവളുണ്ടോ ചിന്തിക്കുന്നു.. പൊന്നില്ലാതായി നോക്കണം. അപ്പോള്‍ തെളിയും സത്യാവസ്ഥ. പിന്നീട് അവന്റെ വിളി ‘എന്റെ പൊന്നേ’ എന്നല്ല, ‘പോ പെണ്ണേ’ എന്നായിരിക്കും. ഇത്തരക്കാരെയാണു കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. അവരെ കൂട്ടിനു വയ്ക്കാതിരുന്നാല്‍ കീശ കാലിയാകാതെ നോക്കാം.
പണമുണ്ടാകുമ്പോള്‍ ഇണങ്ങുകയും പണം പോകുമ്പോള്‍ പിണങ്ങുകയും ചെയ്യുന്നവനല്ല; പണമുണ്ടാകുമ്പോള്‍ കാണിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹവും സഹകരണവും പണം പോകുമ്പോള്‍ കാണിക്കുന്നവനാണു യഥാര്‍ഥ സുഹൃത്ത്.
അവന്‍ നമ്മുടെ പണത്തിന്റെ സുഹൃത്തല്ല, നമ്മുടെ സുഹൃത്താണ്. ആ സുഹൃത്താണു നമുക്ക് മുതല്‍കൂട്ടാവുക. മറ്റെ സുഹൃത്ത് മുതല്‍ കൂട്ടാന്‍ നടക്കുന്ന സുഹൃത്താണ്. മുതലുണ്ടെങ്കിലേ അവന്‍ നമുക്കൊപ്പം കാണൂ. അവന്‍ നമ്മുടെ സുഹൃത്തല്ല, നമ്മുടെ മുതലിന്റെ സുഹൃത്താണ്.
നമ്മുടെ സുഹൃത്തിനും നമ്മുടെ മുതലിന്റെ സുഹൃത്തിനുമിടയിലുള്ള വ്യത്യാസം വളരെ നേരിയതാണ്. സൂക്ഷ്മദൃക്കുകള്‍ക്കേ ആ വ്യത്യാസം പെട്ടെന്നു കണ്ടുപിടിക്കാനാകൂ. അതു കണ്ടുപിടിക്കുന്നിടത്താണു നമ്മുടെ വിജയം കിടക്കുന്നതും. രണ്ടുപേരെയും ഒരുപോലെ കണ്ടാല്‍ ചതി ഉറപ്പിക്കാം.
അറബ് കവി സ്വാദിഖ് യൂസുഫിന്റെ വരികള്‍ എത്ര ചിന്തോദ്ദീപകം:
ഫമാ അക്ഥറല്‍ അസ്വ്ഹാബ ഹീന തഉദ്ദുഹൂം
വലാകിന്നഹും ഫിന്നാഇബാത്തി ഖലീലു

(കണക്കെടുപ്പ് നടത്തിയാല്‍ സുഹൃത്തുക്കളെത്രയാണുള്ളത്..! പക്ഷേ, ദൗര്‍ഭാഗ്യനിമിഷങ്ങളില്‍ അവര്‍ തുലോം തുച്ഛമല്ലോ..)
യഥാര്‍ഥ സുഹൃത്താരാണെന്നു കാണിക്കുന്ന ഒരു കഥ ഇവിടെ കാണിക്കാം:
നില്‍ക്കപ്പൊറുതിയില്ലാതെ യുദ്ധമുഖത്തുനിന്നു വിരണ്ടോടിയ ഒരു സൈന്യമുണ്ടായിരുന്നു.. അവര്‍ തങ്ങളുടെ കിതപ്പു മാറ്റാന്‍ വഴിമധ്യേ ശത്രുദൃഷ്ടി പതിയാത്തൊരിടത്തു തമ്പടിച്ചു. ആ സമയത്താണു പരിഭ്രാന്തനായി ഒരു സൈനികന്‍ സൈന്യാധിപന്റെ അടുക്കലേക്കു വരുന്നത്. സൈന്യാധിപനോടു വെപ്രാളപ്പെട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു: ”എന്റെ സുഹൃത്ത് ഇപ്പോഴും അങ്കക്കളത്തില്‍നിന്നു തിരിച്ചെത്തിയിട്ടില്ല. ഞാനവനെ അന്വേഷിച്ചുപോകട്ടെ..”
സൈന്യാധിപന്‍ പറഞ്ഞു: ”വേണ്ടാ, നീയങ്ങനെ അന്വേഷിച്ചുപോകേണ്ട..”
”അതു പറയരുത്. അവനെന്റെ ഉറ്റസുഹൃത്താണ്.”
”ഞാന്‍ പറയുന്നതു കേള്‍ക്ക്. ഇപ്പോള്‍ നീയങ്ങോട്ടുപോയാല്‍ നിന്റെ ജീവന്‍ ബാക്കിയുണ്ടാകില്ല. ശത്രുസേന ഇപ്പോഴും അവിടം വിട്ടിട്ടില്ല..” സൈന്യാധിപന്‍ നിലപാട് കര്‍ക്കശമാക്കി.
”എനിക്കതൊന്നും പ്രശ്‌നമില്ല. അവനെന്തായി എന്നറിയാതെ ഇനി എനിക്കു സമാധാനമുണ്ടാകില്ല. അതുകൊണ്ട് ദയവു ചെയ്ത് എന്നെ പോകാനനുവദിക്കണം.” അയാള്‍ കെഞ്ചി.

”എടോ, ജീവിച്ചിരിപ്പുണ്ടോ എന്നറിയാത്ത ഒരാള്‍ക്കുവേണ്ടി നീ നിന്റെ വിലപ്പെട്ട ജീവന്‍ കളയുന്നതെന്തിനാണ്…?” സൈന്യാധിപന്‍ വീണ്ടും രോഷത്തോടെ.
”എന്റെ ജീവന്‍ പോയാലും സുഹൃത്തിന്റെ ജീവന്‍ പോകരുതെന്ന് എനിക്കു നിര്‍ബന്ധമുണ്ട്.”
”എങ്കില്‍ പോയ്‌ക്കോളൂ. വല്ല അപകടവും പറ്റിയാല്‍ അതിനു ഞാനുത്തരവാദിയാകില്ല.”
”അക്കാര്യത്തില്‍ അങ്ങ് ബേജാറാകേണ്ട.. അതു ഞാനായിക്കൊള്ളും..”
സൈന്യാധിപന്റെ അരസമ്മതം കിട്ടിയ ആശ്വാസത്തില്‍ സൈനികന്‍ വേഗം അങ്കക്കളത്തിലേക്കു കുതിച്ചു. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് അയാള്‍ തിരിച്ചെത്തി. ശരീരത്തിലാകെ മാരകമായ മുറിവുകളുണ്ട്. തോളത്ത് തന്റെ സുഹൃത്തിന്റെ ജീവനറ്റ ശരീരവും. ദയനീയമായ ഈ രംഗം കണ്ടതും സൈന്യാധിപന്‍ പറഞ്ഞു: ”ഇപ്പോള്‍ എന്തായി.. ഞാനാദ്യമേ പറഞ്ഞില്ലേ ജീവന്‍ പോയ ആള്‍ക്കുവേണ്ടി നീ നിന്റെ ജീവന്‍ പോക്കരുതെന്ന്.”
അപ്പോള്‍ സൈനികന്റെ മറുപടി: ”സൈന്യാധിപരേ, ഞാനവിടെയെത്തിയപ്പോള്‍ ഇദ്ദേഹത്തിനു ജീവനുണ്ടായിരുന്നു. അതിനുശേഷമാണു ജീവന്‍ പോയത്.”
തുടര്‍ന്നു സൈനികന്‍ പറഞ്ഞു: ”സൈന്യാധിപാ, എന്നോട് ഇദ്ദേഹം പറഞ്ഞ അവസാന വാക്കെന്താണെന്നറിയുമോ താങ്കള്‍ക്ക്..?”
”എന്താ പറഞ്ഞത്..?”
”എന്നോടവന്‍ അവസാനമായി ഇങ്ങനെ പറഞ്ഞു: ‘സുഹൃത്തേ നീ വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.’ സത്യം പറയാലോ.. ഇതു കേട്ടപ്പോള്‍ എന്റെ കണ്ണു നിറഞ്ഞുപോയി..”

സൈനികന്റെ ഈ വാക്കു കേട്ട സേനാധിപനും കണ്ണുതുടച്ചു.
നീയില്ലെങ്കില്‍ ഞാനില്ല എന്നതല്ല; നീയില്ലാതായാലും നിനക്കു ഞാനുണ്ടാകുമെന്നതാണു യഥാര്‍ഥ സൗഹൃദം. എല്ലാം ഇല്ലാതായാലും ഇല്ലാതാവാത്തതാണാ സൗഹൃദം. കീശ നിറഞ്ഞുനില്‍ക്കുമ്പോള്‍ കൂടെ കൂടുന്നവരെ വിരട്ടിവിടണമെന്നല്ല പറഞ്ഞുവന്നതിന്റെ താല്‍പര്യം. കീശ കാലിയായിമാറിയാലും കൂട്ടുവിടാതെ കൂടെനില്‍ക്കുന്ന ചിലരുണ്ടാകും. അവരെ നിലനിര്‍ത്താന്‍ ത്യാഗം വേണ്ടി വന്നാലും അതിനു മുതിരാതിരിക്കരുതെന്നു പറഞ്ഞതാണ്. ആ കൂട്ടായിരിക്കും എപ്പോഴും നമുക്കുള്ള പ്രധാന മുതല്‍കൂട്ട്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.