2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

ഒന്നിപ്പിക്കുന്നതു മേലെ ഭിന്നിപ്പിക്കുന്നതു താഴെ

മുഹമ്മദ് cmuhammadhudawi@gmail.com

വജ്രത്തിളക്കമുള്ള കത്രിക കാല്‍ക്കലാണ് ആ തയ്യല്‍ക്കാരന്‍ വയ്ക്കാറുള്ളത്. തുന്നാനുപയോഗിക്കുന്ന സൂചി തലപ്പാവില്‍ കുത്തിവയ്ക്കുകയും ചെയ്യും. ശീല വെട്ടേണ്ടി വരുമ്പോള്‍ കാല്‍ക്കല്‍നിന്നു കത്രികയെടുക്കും. തുന്നേണ്ടി വരുമ്പോള്‍ തലപ്പാവില്‍നിന്നു സൂചിയുമെടുക്കും. ആവശ്യം കഴിഞ്ഞാല്‍ രണ്ടും അതിന്റെ സ്ഥാനത്തുവയ്ക്കും. ഇതാണ് അയാളുടെ ശീലം.
നിത്യവും ഇതു കാണാനിട വന്ന മകന്‍ ഒരിക്കല്‍ അദ്ദേഹത്തോട് ചോദിച്ചു:
”അച്ഛാ, എനിക്കൊരു സംശയം..?”
”അതെന്താ..”
”കത്രികയ്ക്കാണല്ലോ സൂചിയെക്കാള്‍ വില. എന്നിട്ടും വില കൂടിയത് നിങ്ങള്‍ കാല്‍ക്കലും വില കുറഞ്ഞതു തലയ്ക്കലും വയ്ക്കാന്‍ കാരണമെന്താണ്..? നേരെ തിരിച്ചല്ലേ ചെയ്യേണ്ടത്..?”
”നല്ല ചോദ്യം..” അദ്ദേഹം അഭിനന്ദിച്ചു.
എന്നിട്ടു പറഞ്ഞു: ”പ്രത്യക്ഷത്തില്‍ നോക്കിയാല്‍ കത്രികയ്ക്കാണു തിളക്കവും ഒതുക്കവുമുള്ളത്. കൂടുതല്‍ വിലയും അതിനു തന്നെ. പക്ഷേ, വസ്തുക്കളെ വേര്‍പ്പെടുത്തുന്ന സാധനമാണത്. സൂചിക്കു വലിപ്പവും തിളക്കവും കുറവാണ്. വിലയും അങ്ങനെതന്നെ. പക്ഷേ, വേര്‍പ്പെട്ടതിനെ ഒന്നാക്കിമാറ്റുക എന്ന വലിയൊരു പ്രയോജനം അതുകൊണ്ടുണ്ട്. ആ ഗുണം കത്രികയ്ക്കില്ല. അപ്പോള്‍ ഭിന്നിപ്പിക്കുന്നതിനല്ല; ഒന്നിപ്പിക്കുന്നതിനാണു നാം സ്ഥാനം കൊടുക്കേണ്ടത്. അതുകൊണ്ടാണു കത്രിക താഴെയും സൂചി മേലെയും വയ്ക്കുന്നത്.”
ഭിന്നിപ്പിക്കുന്നവര്‍-അവരെത്ര വലിയവരാണെങ്കിലും-അവരുടെ സ്ഥാനം താഴെയാണ്. ഒന്നിപ്പിക്കുന്നവര്‍-അവരെത്ര ചെറിയവരാണെങ്കിലും-അവരുടെ സ്ഥാനം മേലെയാണ്. പാലം പൊളിക്കുന്നവര്‍ താഴേക്കു പതിയും. താഴ്ഭാഗത്തുകൂടെ മാത്രമേ അവര്‍ക്കു നടന്നുപോകാന്‍ കഴിയൂ. പാലം പണിയുന്നവര്‍ക്കു മേല്‍ഭാഗത്തുകൂടെതന്നെ ലക്ഷ്യത്തിലേക്കു നടന്നടുക്കാം.
മുകളില്‍നിന്നു താഴേക്കെഴുതുമ്പോള്‍ ഏറ്റവും മുകളില്‍ നിലകൊള്ളുന്ന സംഖ്യ ഒന്നാണ്. അതിനു താഴെയാണു രണ്ട്. മൂന്നും നാലും തുടര്‍ന്നുള്ള സംഖ്യകളും ക്രമപ്രകാരം താഴേക്കുപോകുന്നു. ഒന്നായ് ി നിന്നാല്‍ ഒന്നാം സ്ഥാനം ലഭിക്കും. രണ്ടായി നിന്നാല്‍ രണ്ടാം സ്ഥാനം. മൂന്നായ് നിന്നാല്‍ മൂന്നാം സ്ഥാനം. ഇങ്ങനെ എത്രയെണ്ണമായി നില്‍ക്കുന്നോ അത്രയളവില്‍ താഴേക്കുപോകും. ഒരു സമൂഹം എത്ര ഭിന്നിക്കുന്നോ അത്രയും അവര്‍ തരംതാണുകൊണ്ടിരിക്കുകയാണ്. ഒന്നാം റാങ്ക് കിട്ടണമെങ്കില്‍ ഒന്നായി തന്നെ നിലകൊള്ളണം. അതാണു ശക്തി. അതിലാണു മികവ്.
മഅ്‌നുബ്‌നു സാഇദയുടെ വരികള്‍ ഇങ്ങനെയാണ്:
കൂനൂ ജമീഅന്‍ യാ ബനിയ്യ ഇദഅ്തറാ
ഖത്വ്ബുന്‍ വലാ തതഫര്‍റഖൂ അഫ്‌റാദാ
തഅ്ബല്‍ ഇസ്വിയ്യു ഇദജ്തമഅ്‌ന തകസ്സുറാ
വഇദഫ്തറഖ്‌ന തകസ്സറത് ആഹാദാ
(എന്തെങ്കിലും പ്രശ്‌നം വന്നാല്‍ മക്കളേ, നിങ്ങളൊന്നിച്ചു നില്‍ക്കുക. ഒരിക്കലും ഭിന്നിച്ചുപോകരുത്. വടികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ പൊട്ടില്ല. ഓരോന്നായി നിന്നാല്‍ ഒന്നൊന്നായി പൊട്ടിപ്പോകും.)
ഭിന്നിച്ചവരെ ഒന്നിപ്പിക്കുന്നവര്‍ക്കു ദൈവം തമ്പുരാന്‍ നല്‍കുന്ന സമ്മാനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. അവരുടെ സ്ഥാനം അനവധി തവണ ഉപാസന നടത്തുകയും നിരവധി തവണ ഉപവാസമനുഷ്ഠിക്കുകയും കണക്കറ്റം ദാനധര്‍മാദികള്‍ നടത്തുകയും ചെയ്യുന്നവരെക്കാള്‍ മേലെയാണ്. ഐക്യമുണ്ടാക്കാന്‍വേണ്ടി ചില്ലറ കളവുകള്‍ പറയേണ്ടി വന്നാല്‍ പോലും അതിനു ശിക്ഷയില്ലെന്നുണ്ട്.
പണ്ഡിതനായ അബ്ദുല്ലാഹിബ്‌നു ഹബീബ് തന്റെ ഒരനുഭവം വിവരിക്കുന്നു: മുഹമ്മദുബ്‌നുല്‍ കഅബില്‍ ഖുറളിയുടെ കൂടെ ഇരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് ഒരാള്‍ അവിടേക്കു വന്നത്. ആളുകള്‍ അദ്ദേഹത്തോട് ചോദിച്ചു: ”നീയെവിടെയായിരുന്നു…?”
അദ്ദേഹം പറഞ്ഞു: ”ഞാനൊരു വിഭാഗത്തിനിടയില്‍ രഞ്ജിപ്പുണ്ടാക്കുകയായിരുന്നു.”
അപ്പോള്‍ മുഹമ്മദ് പറഞ്ഞു: ”യോദ്ധാക്കളുടെ പ്രതിഫലം പോലുള്ളത് നിനക്കുണ്ട്.”
എന്നിട്ടദ്ദേഹം ഖുര്‍ആനിക സൂക്തം പാരായണം ചെയ്തു: ”അവരുടെ മിക്ക രഹസ്യാലോചനകളിലും നന്മയേ ഇല്ല. ദാനം ചെയ്യാനോ സദാചാരമനുവര്‍ത്തിക്കാനോ ആളുകള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കാനോ നിര്‍ദേശിക്കുന്നവരുടേതിലൊഴികെ. ദൈവപ്രീതി കാംക്ഷിച്ച് അങ്ങനെയൊരാള്‍ ചെയ്താല്‍ അവനു നാം മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.”(4: 114)
പള്ളിയുടെ ഒരു ഭാഗത്തുനിന്നു രണ്ടുപേര്‍ പൊരിഞ്ഞ തര്‍ക്കം. പണ്ഡിതനായ മുഹമ്മദുബ്‌നുല്‍ മുന്‍കദിര്‍ തര്‍ക്കം പരിഹരിക്കാനായി ചെന്നു. അങ്ങനെ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കി. അതു കണ്ട സ്വഹാബിവര്യന്‍ അബൂഹുറൈറ പറഞ്ഞു: ”രണ്ടുപേര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കിയാല്‍ രക്തസാക്ഷിയുടെ പ്രതിഫലം അവന്‍ സ്വന്തമാക്കിയിരിക്കുന്നുവെന്ന് തിരുദൂതര്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്.”
സ്വഹാബി പ്രമുഖനും പണ്ഡിതവര്യനുമായി അനസ് ബിന്‍ മാലിക്് പറഞ്ഞു: ”രണ്ടുപേര്‍ക്കിടയില്‍ ആരെങ്കിലും രഞ്ജിപ്പുണ്ടാക്കിയാല്‍ അതിനുവേണ്ടി ഉപയോഗിക്കുന്ന ഓരോ വാക്കിനും പകരമായി അല്ലാഹു അവന് അടിമയെ മോചിപ്പിച്ച പ്രതിഫലം പ്രദാനം ചെയ്യും..”
യോദ്ധാവിനും രക്തസാക്ഷിക്കും അടിമമോചകനും ലഭിക്കുന്ന പ്രതിഫലമാണ് ഒന്നിപ്പുണ്ടാക്കുന്നവനു ലഭിക്കുന്നതെങ്കില്‍ ഭിന്നിപ്പുണ്ടാക്കുന്നവനു ലഭിക്കുന്നതു മഹാനാശം. ലാഭമാണ് കൊയ്യുന്നതെന്ന് അവന്‍ വിചാരിക്കും. പക്ഷേ, നഷ്ടങ്ങളായിരിക്കും അവനുണ്ടാവുക. ഒടുവില്‍ അവനെ കാത്തിരിക്കുന്നതു നരകവും. തഴവാ മുഹമ്മദ് കുഞ്ഞി മൗലവിയുടെ വരികള്‍ കൂടി കാണുക:
ഐക്യം വിതച്ചാല്‍ കൊയ്‌തെടുക്കാം സൗഖ്യവും
അതുപോലെ ഭിന്നതകൊണ്ട് നിത്യമനര്‍ഥവും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.