2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

മനസിലെ മാലിന്യങ്ങളാണു പരിസരങ്ങളിലെ മാലിന്യങ്ങള്‍

മുഹമ്മദ് cmuhammadhudawi@gmail.com

രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന കൗതുകകരമായൊരു ഗൃഹപാഠമായിരുന്നു അത്. അധ്യാപകന്‍ ഓരോ വിദ്യാര്‍ഥിക്കും ചെറിയൊരു സഞ്ചി കൊടുത്തിട്ടു പറഞ്ഞു: ”ഏതായാലും അവധി ദിനങ്ങളാണല്ലോ വരാനിരിക്കുന്നത്. നിങ്ങള്‍ക്ക് ‘രസകരമായ’ ഒരു ഹോംവര്‍ക്ക് തരാന്‍ പോവുകയാണ്. അത് ഇന്നേവരെ നിങ്ങള്‍ ചെയ്തിട്ടുണ്ടാവില്ല. പേനയോ പേപ്പറോ ആവശ്യമില്ലാത്ത ഹോം വര്‍ക്കാണത്..”
അദ്ദേഹം വിശദീകരിച്ചു:
”നിങ്ങള്‍ ചെയ്യേണ്ടതിത്രമാത്രം. വീട്ടില്‍ ചെന്ന് ഈ സഞ്ചിയില്‍ കുറച്ചു തക്കാളികളിടണം. ഓരോ തക്കാളിയുടെയും പുറത്ത് നിങ്ങള്‍ വെറുക്കുന്ന വ്യക്തികളുടെ പേരെഴുതുക. എത്ര വ്യക്തികളോടാണോ നിങ്ങള്‍ക്കു വെറുപ്പുള്ളത് അത്രയും തക്കാളികളാണു സഞ്ചിയില്‍ വേണ്ടത്. അതിനുശേഷം രണ്ടാഴ്ച നിങ്ങളീ സഞ്ചി നിങ്ങളുടെ കൈയില്‍തന്നെ കൊണ്ടുനടക്കുകയും വേണം. എവിടെ പോവുകയാണെങ്കിലും സഞ്ചി കൈവിടരുത്.”
നിര്‍ദേശം പോലെ വിദ്യാര്‍ഥികള്‍ വീട്ടില്‍ ചെന്നു പരീക്ഷണം ആരംഭിച്ചു. മനസില്‍ വെറുപ്പുള്ള വ്യക്തികളുടെ പേരെഴുതിയ തക്കാളികള്‍ സഞ്ചിയിലിട്ടു. ചിലരുടെ സഞ്ചിയില്‍ അഞ്ചു തക്കാളികള്‍. വേറെ ചിലരുടേതില്‍ പത്തും പതിനഞ്ചും തക്കാളികള്‍. അങ്ങനെ സഞ്ചി കൈയില്‍ പിടിച്ചു ദിവസങ്ങള്‍ തള്ളിനീക്കി. പക്ഷെ, നാലഞ്ചു ദിവസമായപ്പോഴേക്കും തക്കാളി ചീയാന്‍ തുടങ്ങി. വല്ലാത്ത ദുര്‍ഗന്ധവും അതോടൊപ്പം മുന്‍പില്ലാത്ത ഭാരവും. ദിവസം കഴിയുന്നതിനനുസരിച്ചു ദുര്‍ഗന്ധം കൂടിക്കൂടി വരുന്നു. പലര്‍ക്കും അതു തരണം ചെയ്യാന്‍ കഴിഞ്ഞില്ല. ഒരാഴ്ചയായപ്പോഴേക്കും അവര്‍ സഞ്ചി വലിച്ചെറിഞ്ഞു.
അവധി കഴിഞ്ഞ് സ്‌കൂളിലെത്തിയപ്പോള്‍ അധ്യാപകന്‍ അവരുടെ അനുഭവങ്ങള്‍ അന്വേഷിച്ചു. എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് അസഹ്യമായ ദുര്‍ഗന്ധത്തെ പറ്റിയായിരുന്നു. ഒരാളും നല്ലതു പറഞ്ഞില്ല. സഞ്ചി രണ്ടാഴ്ച കൈയില്‍വച്ചവരുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഒരാഴ്ച തന്നെ തികയ്ക്കാത്തവരായിരുന്നു ഭൂരിപക്ഷവും. രണ്ടാഴ്ച തികച്ചവര്‍ ആരുമുണ്ടായിരുന്നില്ല.
അധ്യാപകന്‍ പറഞ്ഞു: ”വലിയൊരു യാഥാര്‍ഥ്യമാണ് നിങ്ങളിപ്പോള്‍ മനസിലാക്കിയിരിക്കുന്നത്. നിങ്ങള്‍ക്കു വെറുപ്പുള്ള വ്യക്തിയുടെ പേരെഴുതിയ തക്കാളി കെട്ടുകഴിഞ്ഞപ്പോള്‍ അതുമായി ഒരാഴ്ച പോലും നടക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ല. തക്കാളിയുടെ ദുര്‍ഗന്ധവും ഭാരവും നിങ്ങളെ അസ്വസ്ഥമാക്കി. എങ്കില്‍ മനസിനുള്ളില്‍ ആ വ്യക്തികളോടുള്ള വെറുപ്പും വിദ്വേഷവും വച്ച് എങ്ങനെയാണു നിങ്ങള്‍ ആയുസ് മുഴുവന്‍ കഴിയുന്നത്? അപരവിദ്വേഷം മനസിനെ മലിനമാക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യില്ലേ.
നിങ്ങള്‍ നിത്യവും നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്ന ഒരുകാര്യം നിങ്ങള്‍ക്കു ഞാന്‍ പച്ചയ്ക്കു കാണിച്ചുതന്നതാണ്. തക്കാളി കെട്ടപ്പോള്‍ മലിനമായതു നിങ്ങളല്ല, നിങ്ങളുടെ കൈയിലുള്ള സഞ്ചി മാത്രമാണ്. ആ സഞ്ചിയുമായി നടക്കാന്‍ കഴിയാത്തതുകൊണ്ടാണ് നിങ്ങളതു വലിച്ചെറിഞ്ഞ് സ്വസ്ഥത വീണ്ടെടുത്തത്. എന്നാല്‍ മറ്റുള്ളവരെ പറ്റിയുള്ള ചിന്തകള്‍ ചീഞ്ഞളിയുമ്പോള്‍ മലിനമാകുന്നത് നിങ്ങളുടെ സഞ്ചിയല്ല, നിങ്ങളുടെ മനസാണ്. ആ മനസുമായിട്ടാണ് നിങ്ങള്‍ എവിടെക്കും പോകുന്നത്. ചീഞ്ഞളിഞ്ഞ ആ ചിന്തകള്‍ നിങ്ങളെ അസ്വസ്ഥമാക്കിയിട്ടും നിങ്ങളതിനെ വലിച്ചെറിയാന്‍ സന്നദ്ധരാകുന്നില്ല!! സഞ്ചിയില്‍ കെട്ട തക്കാളിയുമായി നടക്കുന്നതിനെക്കാള്‍ കഷ്ടമല്ലേ മനസില്‍ കെട്ട ചിന്തകളുമായി നടക്കുന്നത്? അതല്ലേ നിങ്ങള്‍ നിത്യവും ചെയ്തുകൊണ്ടിരിക്കുന്നതും?”
ധരിച്ച വസ്ത്രം അഴുക്കായാല്‍ വേഗം അലക്കി വൃത്തിയാക്കുന്നവരാണു നമ്മള്‍. അഴുക്കുമായി ജനങ്ങള്‍ക്കിടയിലിറങ്ങാന്‍ നാണം നമ്മെ അനുവദിക്കില്ല. എന്നാല്‍ വസ്ത്രത്തെക്കാള്‍ എത്രയോ ഇരട്ടി വിലയുള്ള മനസ് അഴുക്കായാല്‍ അലക്കി അഴകും മിഴിവും വരുത്താന്‍ നാം മുതിരാത്തതെന്തുകൊണ്ടാണ്? വില കൊടുത്തുവാങ്ങിയ മുട്ട കെട്ടുനാറിയാല്‍ അതു ഞാന്‍ പണം ചെലവാക്കി വാങ്ങിയതല്ലേ എന്നു പറഞ്ഞ് ആരും കൈവശംവയ്ക്കില്ല. പരിസരത്തുപോലും വയ്ക്കാതെ ദൂരെ വലിച്ചെറിയും. എന്നാല്‍ മനസില്‍ ചിന്തകള്‍ കെട്ടുനാറിയാല്‍ ഉടനടി അവിടം കഴുകി വൃത്തിയാക്കാതെ അതവിടെ തന്നെ പൂഴ്ത്തിവയ്ക്കുന്നതെന്തിനാണ്? വാഹനത്തിനു ചെറിയൊരു പോറലേല്‍ക്കുന്നതുപോലും നമുക്കിഷ്ടമില്ല. അഥവാ, ചെറിയൊരു പോറല്‍ വന്നാല്‍ നാം വേഗം അതു നന്നാക്കി പൂര്‍വസ്ഥിതി കൈവരുത്തും. എന്നാല്‍ മനസിനേല്‍ക്കുന്ന പോറലുകളെ ഇല്ലാതാക്കാന്‍ നേരിയൊരു ശ്രമം പോലും നമ്മുടെ ഭാഗത്തുനിന്നുണ്ടാവാത്തതെന്തുകൊണ്ടാണ്?
മനസ് ദുഷിക്കുന്നതാണ് ഏറ്റവും ഗുരുതരമായ പ്രശ്‌നം. അതു ദുഷിച്ചാല്‍ മനുഷ്യന്‍ തന്നെ ദുഷിച്ചുപോകും. വസ്ത്രം അഴുക്കായെന്നു കരുതി ആരും ഒരാളെ എന്നെന്നേക്കുമായി വെറുത്തൊഴിവാക്കില്ല. വാഹനത്തിനു പോറലേറ്റെന്നു കരുതി വാഹനമുടമയുടെ വ്യക്തിത്വം ജനദൃഷ്ടിയില്‍ നഷ്ടപ്പെട്ടുപോകില്ല. മനസ് ദുഷിച്ചാല്‍ മനുഷ്യനാണു ദുഷിക്കുന്നത്. അതുകൊണ്ടാണു മനഃസംസ്‌കരണം എന്നത് ഏറ്റവും പ്രധാന കാര്യമായി മാറുന്നത്.
ആരോടെങ്കിലും വെറുപ്പുമായി നടക്കുകയെന്നത് കൈയില്‍ കെട്ടുനാറുന്ന കോഴിമുട്ടയുമായി നടക്കുന്നതിനെക്കാള്‍ കഷ്ടം. വീടകത്തു ചീത്ത വസ്തുക്കളെ ആരും പാര്‍പ്പിക്കാറില്ല. അതാരും ഇഷ്ടപ്പെടുകയുമില്ല. വീടകം സദാവൃത്തിയിലും വെടിപ്പിലുമാവണമെന്ന നിര്‍ബന്ധക്കാരാണു നാം. മനസാകുന്ന വീടകവും സര്‍വവിധ മാലിന്യങ്ങളില്‍നിന്നു വിമുക്തമായി മാറണം.
മാലിന്യസംസ്‌കരണം പുറത്തല്ല, അകത്താണ് ആദ്യം നടക്കേണ്ടതണ്. അകം മാലിന്യനിര്‍ഭരമാകുന്നതുകൊണ്ടാണു പരിസരങ്ങളും മാലിന്യനിര്‍ഭരമാകുന്നത്. അകം മാലിന്യമുക്തമായവനില്‍നിന്നു പ്രകൃതിക്കോ സമൂഹത്തിനോ ഒരുപദ്രവവും സംഭവിക്കില്ല. ലോകത്തു സംഭവിക്കുന്ന സര്‍വമാന അനര്‍ഥങ്ങളുടെയും മൂലകാരണം മനസ് മലിനമായിപ്പോയതാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.