2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ഒറ്റപ്പെടുത്തുന്ന മതിലുകള്‍

മുഹമ്മദ്

 

 

വീടിനു ചുറ്റം കല്‍മതിലുകള്‍ സ്ഥാപിക്കുമ്പോഴാണ് ജ്ഞാനിയായ ആ ഗ്രാമീണന്‍ അതുവഴി കടന്നുവന്നത്. ആ വേല കണ്ട് അദ്ദേഹം കൗതുകത്തോടെ വീട്ടുകാരനോട് ചോദിച്ചു: ”എന്താണു നിങ്ങളീ പടുത്തുയര്‍ത്തുന്നത്…?”
വീട്ടുകാരന്‍ പറഞ്ഞു: ”എനിക്കും എന്റെ വീടിനും വീട്ടുകാര്‍ക്കും സുരക്ഷയൊരുക്കുകയാണ്. വീടിനു ചുറ്റും ഇങ്ങനെ മതില്‍ സ്ഥാപിച്ചാല്‍ പുറത്തുനിന്ന് ശല്യങ്ങളുണ്ടാവില്ല.”
”പക്ഷേ, ഈ മതിലുകള്‍ക്കകത്ത് നിങ്ങള്‍ ഒറ്റപ്പെട്ടുപോവില്ലേ..” ജ്ഞാനിയുടെ സംശയം.
”ഒറ്റപ്പെട്ടാലും സുരക്ഷിതത്വമുണ്ടാകുമല്ലോ..”
”അതെങ്ങനെ..? ഒറ്റപ്പെടലില്‍ അരക്ഷിതാവസ്ഥയല്ലേ ഉണ്ടാവുക.”
ഇതു പറഞ്ഞിട്ട് ജ്ഞാനി തന്റെ നിലപാട് വ്യക്തമാക്കി:
”എനിക്കു തോന്നുന്നത് നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി സ്വയം ഒരു ജയിലറ സ്ഥാപിക്കുകയാണെന്നാണ്. വന്‍മതിലുകള്‍ക്കകത്തെ ജയിലറയും കല്‍മതിലുകള്‍ക്കകത്തെ വീടും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നും കാണുന്നില്ല. ഒന്നില്‍ യഥേഷ്ടം പുറത്തിറങ്ങാന്‍ പറ്റില്ല. രണ്ടാമത്തേതില്‍ അങ്ങനെ പറ്റും എന്ന വ്യത്യാസമുണ്ടെന്നു മാത്രം.”
ഒന്നിനെ രണ്ടാക്കി പിളര്‍ത്തുന്ന മൂര്‍ച്ചയേറിയ കത്തിയാണു മതില്‍. ഞാനും നീയും ഒന്നല്ല, രണ്ടാണെന്നാണ് അത് പറയാതെ പറയുന്നത്. ഒന്നിച്ചുനില്‍ക്കേണ്ടവരല്ല, ഭിന്നിച്ചുനില്‍ക്കേണ്ടവരാണെന്നാണ് അതിന്റെ മറുവശം. ‘നമ്മളെ’ അതു ‘ഞങ്ങളാക്കി’ ചുരുക്കുന്നു. വിശാലതയെ സങ്കുചിതമാക്കിക്കളയുന്നു. പുരോഗതിക്കുമുന്നില്‍ അതു തടസങ്ങള്‍ സൃഷ്ടിക്കുന്നു. മറ്റുള്ളവന്റെ സ്ഥിതിഗതികളെ കാണാതാക്കി തന്റെതിനെ മാത്രം കാണിച്ചുതരുന്നു. ദീര്‍ഘദൃഷ്ടിയും ദൂരക്കാഴ്ചയുമെല്ലാം അതില്‍ നഷ്ടപ്പെട്ടുപോകുന്നു. ശരിക്കും ഒള്ളിലേക്കുള്ള ഒരു പിന്‍വലിയലും ചുരുങ്ങലും തന്നെ.
മതില്‍സംസ്‌കാരം വ്യാപകമാകുന്നതിനു മുന്‍പ് എല്ലാവരും മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലുമായിരുന്നു. മതിലുകള്‍ വന്നതോടെ ഇറങ്ങിച്ചെല്ലലുകള്‍ നിന്നു. പകരം മറ്റുള്ളവരില്‍നിന്ന് നാം നമ്മിലേക്കു ഉള്‍വലിയാനും പിന്‍വലിയാനും തുടങ്ങി.
ഇറങ്ങിച്ചെല്ലല്‍ ധീരതയാണെങ്കില്‍ പിന്‍വലിയല്‍ ഭീരുത്വമാണ്. മതില്‍സംസ്‌കാരം നമ്മുടെ ധീരതയെയാണ് കവര്‍ന്നുകൊണ്ടുപോയിരിക്കുന്നത്. പകരമായി നമുക്ക് നല്‍കിയിരിക്കുന്നത് ഭീരുത്വം.
മനുഷ്യനാകുമ്പോള്‍ സ്വകാര്യതകള്‍ സ്വാഭാവികമാണ്. പക്ഷേ, എല്ലാം (സ്വ)കാര്യമാകുന്നത് അപകടമാണ്. അല്‍പം പരകാര്യവും വേണം. അയല്‍ക്കാരന്റെ കണ്ണീരും പുഞ്ചിരിയും കാണേണ്ടതുണ്ട്. കണ്ണീരു കണ്ടാല്‍ ഒപ്പിയെടുക്കാനും പുഞ്ചിരി കണ്ടാല്‍ ഒപ്പം കൂടാനും മതിലുകള്‍ തടസം സൃഷ്ടിക്കും.
നാം നമുക്കുവേണ്ടി മാത്രമായാല്‍ മറ്റുള്ളവരും അവര്‍ക്കുവേണ്ടി മാത്രമാകും. നമ്മുടെ കാര്യം നാം മാത്രം നോക്കേണ്ട സ്ഥിതിയിലേക്കുവരും. അതൊരിക്കലും ജീവിതത്തെ സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്ന കാര്യമല്ല. ചെറിയ ദൂരങ്ങളിലേക്കെല്ലാം അതു കൊണ്ടുപോകുമെങ്കിലും ദീര്‍ഘദൂരങ്ങളിലേക്കു കൊണ്ടുപോകില്ല. നാം മറ്റുള്ളവര്‍ക്കുവേണ്ടിയാകുമ്പോഴേ മറ്റുള്ളവര്‍ നമുക്കു വേണ്ടിയുമാകൂ. അതിനു തടസമാകുന്ന മതിലുകള്‍ പൊളിച്ചുകളയുക തന്നെവേണം. വീട്ടുവളപ്പില്‍ മതില്‍ പണിയുമ്പോള്‍ അവിടെ മാത്രമല്ല, മനസിനകത്തും മതിലുകള്‍ രൂപപ്പെടുന്നുണ്ട്. അകത്തെ മതിലാണ് പുറത്തെ മതിലിനെക്കാള്‍ ഭയാനകം. പുറത്തെ മതില്‍ വീടിനു ചുറ്റും മാത്രമാണുള്ളതെങ്കില്‍ മനസിനകത്തെ മതില്‍ നാം ഉള്ളിടത്തെല്ലാം ഉണ്ടാകും. ആ മതിലുകള്‍ നമുക്ക് നേട്ടങ്ങളൊന്നും പ്രദാനം ചെയ്യുകയുമില്ല.
ന്യായങ്ങള്‍ പലതുമുണ്ടാകാമെങ്കിലും ഓരോരുത്തരും ഓരോരോ മതിലുകള്‍ക്കകത്ത് ഒറ്റപ്പെട്ടുപോയതാണ് ഇക്കാലത്തെ ഏറ്റവും വലിയ ദുരന്തം. ചുറ്റും മതിലുകള്‍ കെട്ടുമ്പോള്‍ അവിടെ നഷ്ടപ്പെട്ടുപോകുന്നത് നമുക്കിടയിലെ ഒറ്റക്കെട്ടാണ്.
ഒറ്റക്കെട്ടിനെ ഒട്ടേറെ കെട്ടുകളാക്കി മാറ്റുന്ന മതില്‍കെട്ടുകള്‍ ലാഭമല്ല, നഷ്ടമാണ്. മതില്‍ കെട്ടുമ്പോള്‍ എന്റെ ലക്ഷ്യം എന്റെ സുരക്ഷിതത്വമായിരിക്കാം. പക്ഷേ, അവിടെ ഞാന്‍ എന്നെയും എന്റെതിനെയും അകത്താക്കി മറ്റുള്ളവരെയെല്ലാം പുറത്താക്കുകയാണു ചെയ്യുന്നതെന്ന സത്യം കാണാതെ പോകുന്നു. ഒരു വാതിലടയ്ക്കുമ്പോള്‍ അവിടെ അകത്താക്കല്‍ മാത്രമല്ല, പുറത്താക്കലും നടക്കുന്നുണ്ട്. പാത്രം മൂടിവയ്ക്കുമ്പോള്‍ പാത്രത്തിനകത്തുള്ളത് അകത്താകുന്നതുമാത്രമേ നാം കാണാറുള്ളൂ. എന്നാല്‍ മൂടാനുപയോഗിക്കുന്ന മൂടി അതോടെ പുറത്താകുന്നുണ്ടെന്നത് നാം ചിന്തിക്കാറില്ല.
എത്ര പറഞ്ഞിട്ടും റൂമില്‍നിന്ന് പുറത്തിറങ്ങാത്ത മകനോട് പിതാവ് വാത്സല്യത്തോടെ പറഞ്ഞു: ”മോന്‍ ആ വാതില്‍ പുറത്തുനിന്ന് കുറ്റിയിടുമോ…?”
മകന്‍ വേഗം അതനുസരിച്ചു. പുറത്തുനിന്ന് അവന്‍ കുറ്റിയിട്ടു. കുറ്റിയിട്ടപ്പോഴേക്കും അവന്‍ പുറത്തായി…!
മതിലുകള്‍ പണിയുകവഴി സുരക്ഷിതവലയം തീര്‍ക്കുകയാണെന്നു കരുതുമ്പോഴും സമൂഹത്തില്‍നിന്ന് അതുമൂലം ഒറ്റപ്പെട്ടുപോകുന്നുണ്ടെന്ന സത്യം കൂടി മറന്നുപോകരുത്. മതില്‍ നമ്മെ അകത്താക്കി മറ്റുള്ളവരെ പുറത്താക്കുന്നതോടൊപ്പം മറ്റുള്ളവരെയെല്ലാം അകത്താക്കി നമ്മെ പുറത്താക്കുകയും ചെയ്യുന്നുണ്ട്…! വാതിലടയ്ക്കുമ്പോള്‍ അകത്തുള്ളവര്‍ക്ക് പുറത്തുള്ളവര്‍ പുറത്താണെങ്കിലും പുറത്തുള്ളവര്‍ക്ക് അകത്തുള്ളവര്‍ പുറത്താണ്. അപ്പോള്‍ മതിലുകള്‍ അകത്താക്കുക മാത്രമല്ല, പുറത്താക്കുക കൂടി ചെയ്യുന്നുണ്ട്. മതില്‍ കെട്ടി സ്വയം പുറത്താകുന്നതിനു പകരം ഒറ്റക്കെട്ടായി നമുക്ക്
മുന്നേറാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.