2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

ഉല്‍ക്കകളുടെ കഥ

 

#ഇര്‍ഫാന പി.കെ

വര്‍ഷങ്ങളായി സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്ന ധൂമകേതുക്കളുടേയോ ചിന്ന ഗ്രഹങ്ങളുടേയോ അവശിഷ്ടങ്ങള്‍, ബാഹ്യാകാശധൂളികള്‍ എന്നിവ ചിലഘട്ടങ്ങളില്‍ ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയും ഭൗമാന്തരരീക്ഷത്തിലെ തീവ്രഘര്‍ഷണത്താല്‍ ചുട്ടുപഴുത്ത് നീരാവിയായി തീരുകയോ കത്തിക്കരിഞ്ഞ് താഴെ പതിക്കുകയോ ചെയ്യുന്നു. ഉല്‍ക്കകള്‍ എന്നാണ് നാമതിനെ പേരിട്ടു വിളിക്കുന്നത്. ഉല്‍ക്കകള്‍ കത്തിജ്ജ്വലിക്കുമ്പോള്‍ ദൃശ്യമാകുന്ന വാതകത്തിളക്കത്തെ കൊള്ളിമീനുകള്‍ എന്നു വിളിക്കാറുണ്ട്. ഉജ്ജ്വലശോഭയോടെ കത്തിത്തീരുന്ന ഉല്‍ക്കകളെ തീഗോളങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഇവയുടെ പ്രകാശതീവ്രതയ്ക്കനുസരിച്ച് ബൊളൈഡുകള്‍ സൂപ്പര്‍ ബൊളൈഡുകള്‍ എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്.

ഉല്‍ക്കകള്‍

ബഹിരാകാശത്തു കൂടി സഞ്ചരിക്കുന്ന ലോഹീയമോ അലോഹീയമോ ആയ ശിലാശകലങ്ങളാണ് ഉല്‍ക്കകള്‍. പ്രതിവര്‍ഷം 15000 ടണ്ണിലേറെ ഉല്‍ക്കകള്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഗ്രഹങ്ങളുടേയോ ഉപഗ്രഹങ്ങളുടേയോ നിര്‍മാണത്തിന് സഹായകമായ ധൂളികളോ ധാതുക്കളോ ആണ് ഉല്‍ക്കകളുടെ രൂപീകരണത്തിനു പിന്നില്‍.പ്രപഞ്ചോല്‍പ്പത്തിയില്‍ രൂപീകൃതമായ ലഘുഗ്രഹങ്ങളോ ധൂമകേതുക്കളോ ആന്തരിക ഭൗതിക പ്രതിഭാസങ്ങളില്‍ പൊട്ടിച്ചിതറുന്നതിലൂടെ അസഖ്യം ഉല്‍ക്കകള്‍ രൂപപ്പെട്ടുവെന്നാണ് ശാസ്ത്രം. വാല്‍നക്ഷത്രങ്ങളുടെ ന്യൂക്ലിയസ്സ് തകര്‍ന്നാണ് ഉല്‍ക്കകള്‍ കൂടുതലായും രൂപപ്പെടുന്നത്.

ഉല്‍ക്കാശിലകള്‍

കത്തിത്തീരാത്ത ഉല്‍ക്കാ പാളികളെ ഉല്‍ക്കാശിലകള്‍ എന്നാണ് വിളിക്കുന്നത്.ഭൗമേതര പാറകളാല്‍ നിര്‍മിതമായ ഉല്‍ക്കാശിലകളില്‍ നിക്കല്‍,അയേണ്‍ തുടങ്ങിയ ലോഹസങ്കരങ്ങളും കാണപ്പെടുന്നു. റേഡിയോ ആക്റ്റീവ് ഡേറ്റിങ് ഉപയോഗിച്ച് നടത്തിയ പല പഠനങ്ങളിലും ഉല്‍ക്കാശിലകളുടെ പ്രായം സൗരയൂഥസമാനമാണ്. ഇതിനാല്‍ തന്നെ സൗരയൂഥ പഠനത്തിന് ഉല്‍ക്കാപഠനം വളരേയേറെ സഹായകമാകുന്നുണ്ട്.

ധൂമകേതുക്കള്‍

തലയും നീണ്ടവാലുമുള്ള ധൂമകേതുക്കളുടെ ചിത്രം കണ്ടിട്ടുണ്ടാകുമല്ലോ.വാല്‍നക്ഷത്രം എന്ന പേരിലാണ് ഇവ ഏറെ സുപരിചിതം. സൂര്യനോട് അടുത്തായിരിക്കുമ്പോഴാണ് വാല്‍നക്ഷത്രങ്ങള്‍ക്ക് ഈ ആകൃതി ലഭിക്കുന്നത്. കൂയ്പ്പര്‍ ബെല്‍ട്ടില്‍ നിന്നും ഊര്‍ട്ട് മേഘങ്ങളില്‍ നിന്നുമാണ് ധൂമകേതുക്കളുടെ ആഗമനം എന്നാണ് ശാസ്ത്ര നീരീക്ഷണം.

തലയും വാലും

ധൂമകേതുക്കള്‍ സൂര്യനോട് അടുത്ത് വരുമ്പോള്‍ അവയിലെ ഖരവസ്തുക്കള്‍ ബാഷ്പീകരിച്ച് രൂപപ്പെടുന്നവയാണ് കോമ എന്ന പേരിലറിയപ്പെടുന്ന തല. ധൂമ കേതുക്കള്‍ സൂര്യന് അടുത്തായിരിക്കുമ്പോഴാണ് അവയ്ക്ക് വാലുണ്ടാകുന്നത്. കോമയിലെ വാതകങ്ങള്‍ സൂര്യന്റെ എതിര്‍ദിശയില്‍ സഞ്ചരിക്കുമ്പോഴാണ് വാല്‍ രൂപപ്പെടുന്നത്. പലപ്പോഴും ധൂമകേതുക്കള്‍ക്ക് ഒന്നിലധികം വാലുണ്ടാകാറുണ്ട്.

ഹാലിയുടെ വാല്‍നക്ഷത്രം


ഹാലിയുടെ ധൂമകേതുവാണ് വാല്‍നക്ഷത്രങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത്. കോമെറ്റ് ഷൂമാക്കര്‍ ലെവി 9,കോമെറ്റ് ബാക്കു-ബോക്ക് -ന്യൂകിര്‍ക്ക്, ഹിയാക്കു താക്കെ, കോമെറ്റ് ലവ് ജോയ് തുടങ്ങിയ നീണ്ടനിര തന്നെ ഈ ലിസ്റ്റിലുണ്ട്.

കൂയ്പ്പര്‍ ബെല്‍റ്റ്

സൗരയൂഥത്തിലെ അവസാനത്തെ ഗ്രഹമായ നെപ്റ്റിയൂണിന് പുറത്തായാണ് കൂയ്പ്പര്‍ ബെല്‍റ്റ് കാണപ്പെടുന്നത്. വലയ രൂപത്തില്‍ സ്ഥിതി ചെയ്യുന്ന ലഘുഘടങ്ങളുടെ ശേഖരണമാണിത്. ജെറാള്‍ഡ് പീറ്റര്‍ കൂയ്പര്‍ എന്ന ശാസ്ത്രജ്ഞനാണ് കൂയ്പ്പര്‍ ബെല്‍റ്റിനെ സംബന്ധിച്ച ആദ്യത്തെ സൂചന ശാസ്ത്ര ലോകത്തിനു നല്‍കിയത്. 200 വര്‍ഷത്തില്‍ താഴെ ഭ്രമണകാലമുള്ള സൗരയൂഥപരിധിയിലുള്ള ധൂമകേതുക്കളുടെ ഉല്‍ഭവം ഇവിടെനിന്നാണെന്ന് കരുതപ്പെടുന്നു. പ്ലൂട്ടോ ഈ ഗണത്തില്‍പെടുന്നവയാണ്. ജലം, മീഥേയ്ന്‍, അമോണിയ എന്നിവ ജലരൂപത്തില്‍ കൂയ്പ്പര്‍ വസ്തുക്കളില്‍ കാണപ്പെടുന്നു.

ഊര്‍ട്ട് മേഘം

ധൂമകേതുക്കളുടെ ആഗമന കേന്ദ്രങ്ങളിലൊന്നായ ഊര്‍ട്ട് മേഘം സൂര്യനില്‍നിന്നു വളരെ അകലെയായി സ്ഥിതി ചെയ്യുന്നു. ലഘുഘടകങ്ങള്‍ ഗോളാകൃതിയില്‍ സ്ഥിതി ചെയ്യുന്ന വന്‍ മേഘമാണിത്. ജാന്‍ ഹെന്‍ഡ്രിക് ഊര്‍ട്ട് എന്ന ശാസ്ത്രജ്ഞനാണ് ഊര്‍ട്ട് മേഘസിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്.

ഉല്‍ക്കാഗര്‍ത്തം

ഉല്‍ക്കാപതനം നിമിത്തം ഗ്രഹങ്ങളില്‍ രൂപപ്പെടുന്ന ഗര്‍ത്തമാണിത്. അമേരിക്കയിലെ അരിസോണയില്‍ രൂപപ്പെട്ട ബാരിംഗര്‍,കാന്യോണ്‍ ഡയബ്ലോ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന 1.2 കി.മീ വ്യാസമുള്ള ഗര്‍ത്തമാണ് ഭൂമിയിലെ ഏറ്റവും വലിയ ഉല്‍ക്കാഗര്‍ത്തം. ചൊവ്വയിലും ബുധനിലും ശുക്രനിലുമൊക്കെ ഇത്തരം ഗര്‍ത്തങ്ങളുണ്ട്.

ഉല്‍ക്കമഴ

തുടര്‍ച്ചയായ ഉല്‍ക്കാപതനങ്ങളാണ് ഉല്‍ക്കമഴ. ഉല്‍ക്കമഴ ദൃശ്യമാകുന്ന ദിശയിലെ നക്ഷത്രങ്ങളുടേയോ നക്ഷത്ര സമൂഹത്തിന്റേയോ പേരിലായിരിക്കും അറിയപ്പെടുക.

ചന്ദ്രശേഖര്‍ ലിമിറ്റും
ബ്ലാക്ക് ഹോളും


സൂര്യന്റെ ദ്രവ്യത്തിന്റെ 1.44 മടങ്ങു വരെ പിണ്ഡമുള്ള നക്ഷത്രങ്ങളെല്ലാം സ്വയം കത്തിയെരിഞ്ഞ് വെള്ളക്കുള്ളനായി (White dwarf) മാറുമെന്നാണ് ഇന്ത്യക്കാരനായ സുബ്രമണ്യ ചന്ദ്രശേഖറിന്റെ സിദ്ധാന്തം പറയുന്നത്. വെള്ളക്കുള്ളനെന്നാല്‍ ഊര്‍ജ്ജം തീര്‍ന്നുപോയ നക്ഷത്രം സ്വയം ചുരുങ്ങുന്ന അവസ്ഥയാണ്. ഒരു നക്ഷത്രം വെള്ളക്കുള്ളനായി മാറാനുള്ള ഉയര്‍ന്ന ദ്രവ്യമാനപരിധിയാണു ചന്ദ്രശേഖര്‍ ലിമിറ്റ്. ചന്ദ്രശേഖര്‍ കണ്ടെത്തിയ 1.44 ആണ് ചന്ദ്രശേഖര്‍ ലിമിറ്റായി അറിയപ്പെടുന്നത്.

ചന്ദ്രശേഖര്‍ ലിമിറ്റിന് മുകളിലുള്ള നക്ഷത്രങ്ങളുടെ അന്ത്യം എങ്ങനെയായിരിക്കും? അവയുടെ ഊര്‍ജ്ജം തീര്‍ന്നാല്‍ ഗുരുത്വാകര്‍ഷണ ഫലമായി സ്വയം ചെറുതാകാന്‍ തുടങ്ങും. ചുരുങ്ങുന്നതോടൊപ്പം ഗുരുത്വാകര്‍ഷണം വര്‍ധിക്കും. ഇതിനൊരുപരിധി കഴിയുമ്പോള്‍ പ്രകാശത്തെപ്പോലും പിടിച്ചു നിര്‍ത്താന്‍ സാധിക്കും. ഇതാണ് ബ്ലാക്ക് ഹോളുകള്‍. ഇനി ഏതെങ്കിലും വസ്തു ബ്ലാക്ക് ഹോളില്‍ വീണാലോ? ആ വസ്തുവിനെക്കുറിച്ച് പ്രപഞ്ചത്തിലൊരു തെളിവും അവശേഷിക്കില്ല.

സൂര്യപിണ്ഡത്തിന്റെ ആയിരം കോടി ഇരട്ടി പിണ്ഡമുള്ള സൂപ്പര്‍ മാസീവ് ബ്ലാക്ക് ഹോളുകള്‍,സാധാരണ നക്ഷത്രങ്ങളേക്കാള്‍ പിണ്ഡം കുറവായ മൈക്രോ ബ്ലാക്ക് ഹോളുകള്‍ എന്നിവയൊക്കെ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.

 

 

ചൂടിലും വെള്ളം കുടിപ്പിച്ചില്ല

ലളിതം മലയാളം,
മറ്റുള്ളവ അതിലളിതം

#എ.കെ ഫസലുറഹ്മാന്‍

അറബി ഈസി, ഉര്‍ദു വെരി ഈസി, മലയാളം മധുരം… ഇന്നലെ തുടങ്ങിയ എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികളുടെ മനസുനിറയെ ആഹ്‌ളാദമായിരുന്നു. മികച്ച ഗ്രേഡോടെ ആദ്യപരീക്ഷയെ കീഴ്‌പെടുത്താന്‍ ആകുമെന്ന ആത്മവിശ്വാസം പങ്കുവച്ചാണ് മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം പരീക്ഷ എഴുതിയ പത്താംക്ലാസ് വിദ്യാര്‍ഥികളായ ഷാരികയും അറബി പരീക്ഷ എഴുതിയ സനിയ്യയും പുറത്തിറങ്ങിയത്്.

പരീക്ഷയുടെ ആദ്യ ദിനം ഒന്നാം ഭാഷ പാര്‍ട്ട് വണ്‍ മലയാളം, സംസ്‌കൃതം, അറബിക്, ഉര്‍ദു പേപ്പറുകളാണ് നടന്നത്. ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. 40 മാര്‍ക്കിലായിരുന്നു പരീക്ഷകള്‍. അറബിയിലെ 13, 16 ചോദ്യങ്ങള്‍ അര്‍ഥം പിടികിട്ടാത്തവരെ ചെറിയ രീതിയില്‍ കറക്കിയെങ്കിലും ഒപ്ഷന്‍ ഉണ്ടായിരുന്നതിനാല്‍ തലവേദനയായില്ലെന്ന് കുട്ടികള്‍ പറയുന്നു.
പട്ടിണിമാറ്റാന്‍ പട്ടാളത്തില്‍ ചേര്‍ന്ന് ശത്രുരാജ്യവുമായി പൊരുതി മരിച്ച സൈനികന്റെ കണ്ണീരണിയിപ്പിക്കുന്ന കവിതയാണ് മലയാളത്തില്‍ സമകാലിക പ്രസക്തി പരിഗണിച്ച് ആസ്വാദനക്കുറിപ്പ് തയാറാക്കാന്‍ ചോദിച്ചത്. ഒ.എന്‍.വിയുടെ കവിത ആസ്പദമാക്കി പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ വന്ന ചോദ്യം ലളിതവും കാലിക പ്രസ്‌കതവുമാണെന്ന് മലയാളം അധ്യാപകനും എഴുത്തുകാരന്‍കൂടിയായ രഘുനാഥ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടര്‍ന്നുവന്ന പാറ്റേണ്‍ ആവര്‍ത്തിച്ചതായും മോഡല്‍ പരീക്ഷയേക്കാള്‍ ലളിതമായിരുന്നുവെന്നുമാണ് കോഴിക്കോട് ജില്ലയിലെ ചെറുവാടി സ്‌കൂള്‍ ഉര്‍ദു അധ്യാപനായ സത്താര്‍ പറയുന്നത്.
കൊടുംചൂടില്‍ ആദ്യപരീക്ഷ എഴുതാന്‍ ആവോളം സമയം ലഭിച്ചതായും കുട്ടികള്‍ പറയുന്നു. വ്യാഴാഴ്ച ഒന്നാം ഭാഷ പാര്‍ട്ട് രണ്ട് വിഷയങ്ങളുടെ പരീക്ഷ നടക്കും.

സംസ്ഥാനത്തിനകത്തും പുറത്തുമായി 4,35,142 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. ഇതില്‍ 2,22,527 പേര്‍ പെണ്‍ കുട്ടികളാണ്. 2,12,615 ആണ്‍കുട്ടികളും ഇന്നലെ പരീക്ഷ എഴുതി.
ഇന്നലത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും പ്രശ്‌നങ്ങളൊന്നുമില്ലാതെ നടന്നെന്ന് അധ്യാപകരും വിദ്യാര്‍ഥികളും പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.