2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

യു.ഡി.എഫിനു ബാലികേറാമലയല്ല കാസര്‍കോട്

#വി.കെ പ്രദീപ്

 

ഇടതു കാറ്റില്‍ മയങ്ങുന്ന മണ്ഡലമാണ് കാസര്‍കോട് എന്നതാണ് വയ്പ്. പ്രഥമ ലോക്‌സഭയില്‍ എ.കെ ഗോപാലനെന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇവിടെ നിന്ന് വിജയിച്ചാണ് പ്രതിപക്ഷ നേതാവായത്. എന്നാല്‍ ഇതേ മണ്ണില്‍ ഇ.കെ നായനാരെന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്‍ മലര്‍ത്തിയടിച്ചിട്ടുമുണ്ട്. ഇടതുകോട്ടയാണെന്ന് പറയുമ്പോഴും കാസര്‍കോട് യു.ഡി.എഫിനു ബാലികേറാമലയല്ലെന്ന് ചില തെരഞ്ഞെടുപ്പുകള്‍ തെളിയിച്ചിട്ടുണ്ട്. 12 തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിയെ പുല്‍കിയ മണ്ഡലം മൂന്നു തവണ യു.ഡി.എഫിനൊപ്പം നിന്നിട്ടുണ്ട്.
കാസര്‍കോട് ജില്ലയിലെ അഞ്ചും കണ്ണൂര്‍ ജില്ലയിലെ രണ്ടും നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് കാസര്‍കോട് ലോക്‌സഭാ മണ്ഡലം. വലിയ ഭൂരിപക്ഷത്തിന് ഇടതുമുണി വിജയിച്ചിരുന്ന കാസര്‍കോട്ട് കഴിഞ്ഞ തവണ സി.പി.എമ്മിലെ പി. കരുണാകരനോട് കോണ്‍ഗ്രസിലെ അഡ്വ. ടി. സിദ്ദീഖ് പരാജയപ്പെട്ടത് വെറും 6,921 വോട്ടിനാണ്. കപ്പിനും ചുണ്ടിനുമിടയില്‍ കഴിഞ്ഞ തവണ കൈവിട്ട വിജയം കൈപ്പിടിയിലൊതുക്കാനാണ് ഇക്കുറി യു.ഡി.എഫ് ക്യാംപിലെ ശ്രമം.
സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും സി.പി.എം ലോക്‌സഭാ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമാണ് നിലവിലെ പ്രതിനിധി പി. കരുണാകരന്‍. മൂന്നു തവണ മത്സരിച്ചുകഴിഞ്ഞ അദ്ദേഹം ഇക്കുറി കളംവിടുമെന്നുറപ്പാണ്. മുന്‍ എം.എല്‍.എയും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ കെ.പി സതീഷ് ചന്ദ്രന്റെ പേരാണ് ഇടതുമുന്നണിയില്‍ കൂടുതല്‍ പറഞ്ഞുകേള്‍ക്കുന്നത്. ഇതിനെ ശരിവയ്ക്കുന്ന രീതിയില്‍ സി.പി.എമ്മിന്റെ ഉരുക്കുകോട്ടകളായ കല്യാശേരി, പയ്യന്നൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തക ശില്‍പശാലകള്‍ ഉദ്ഘാടനം ചെയ്തത് സതീഷ് ചന്ദ്രനായിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റി കാസര്‍കോട് ജില്ലയില്‍ നടത്തിയ ജാഥയില്‍ മുഴുവന്‍ സമയവും സതീഷ് ചന്ദ്രന്‍ ഉണ്ടായതും ഈ സൂചന നല്‍കുന്നു. എന്നാല്‍ സി.പി.എമ്മിന്റെ സൈദ്ധാന്തിക മുഖം എം.വി ഗോവിന്ദന്റെ പേരും അണിയറയില്‍നിന്ന് ഉയരുന്നുണ്ട്. കഴിഞ്ഞ തവണ സിദ്ദീഖ് ഉയര്‍ത്തിയ വെല്ലുവിളി നിലനിര്‍ത്തി, പൊതുസമ്മതനായ സ്ഥാനാര്‍ഥി എത്തിയാല്‍ കാസര്‍കോട് ബാലികേറാമലയല്ലെന്ന് തെളിയിക്കാനാവുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നു. സിദ്ദീഖ് ഇക്കുറി ഇവിടെ മത്സരത്തിനിറങ്ങാന്‍ സാധ്യതയില്ല. മുമ്പ് ഇവിടെ വിജയിച്ച അന്തരിച്ച കോണ്‍ഗ്രസ് നേതാവ് രാമറായിയുടെ മകന്‍ സുബ്ബയ്യറായ്, ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍, മുന്‍ എം.എല്‍.എ എ.പി അബ്ദുല്ലക്കുട്ടി, കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. കഴിഞ്ഞ തവണ ഇടതു സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുത്തനെ കുറയ്ക്കാനായതാണ് യു.ഡി.എഫ് ക്യാംപിന് ഇക്കുറി ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.
ബി.ജെ.പിക്കു ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ കരുതലോടെയാണ് ഇരുമുന്നണികളും തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്നത്. ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരേ ഇരുമുന്നണികളും ശക്തമായ പ്രചാരണം നടത്തും. പൊതുവില്‍ ശബരിമല, എന്‍ഡോസള്‍ഫാന്‍, കന്നഡ പിന്നാക്ക മേഖലകളോടുള്ള അവഗണന, കുടിവെള്ള ക്ഷാമം എന്നിവയടക്കമുള്ള പ്രാദേശിക പ്രശ്‌നങ്ങളും പ്രചാരണ വിഷയമാകും. ബി.ജെ.പിയും അതിശക്തനായ സ്ഥാനാര്‍ഥിയെയാണ് തേടുന്നത്. കെ. സുരേന്ദ്രന്‍ മുതല്‍ സുരേഷ് ഗോപി വരെയുള്ളവരുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. മംഗളൂരു എം.പി നളിന്‍ കുമാര്‍ കട്ടീലിനെ മത്സരിപ്പിച്ച് ശക്തി തെളിയിക്കണമെന്ന ആവശ്യവും വിവിധ മണ്ഡലം കമ്മിറ്റികള്‍ ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം മൂന്നു മുന്നണികളും തുടങ്ങിക്കഴിഞ്ഞു. ശബരിമലയടക്കമുള്ള വിഷയങ്ങള്‍ മണ്ഡലത്തെ വലിയതോതില്‍ സ്വാധീനിക്കുമെന്നതിനാല്‍ അവരെല്ലാം അരയും തലയും മുറുക്കിയാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.