2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

യു.ഡി.എഫ് പ്രചാരണത്തിന് തുടക്കമാകും

 

#കെ. ജംഷാദ്

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാജ്യത്തെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുസമ്മേളനം ഇന്ന് കോഴിക്കോട്ട്. കേരളത്തിലെ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഇന്ന് രാഹുല്‍ ഔദ്യോഗികമായി തുടക്കംകുറിക്കും.

വൈകിട്ട് 4.30ന് കോഴിക്കോട് കടപ്പുറത്താണ് സമ്മേളനം. കോഴിക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശംപകരാന്‍ രാഹുലിന്റെ സന്ദര്‍ശനം ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ നേരിട്ടെത്തുന്നത് അപൂര്‍വമാണ്. കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷമുള്ള രാഹുലിന്റെ കോഴിക്കോട്ടെ ആദ്യ പൊതുപരിപാടിയാണിത്. സീറ്റ് വിഭജന, സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ വൈകിയതോടെ തുടക്കത്തില്‍ പ്രചാരണം സജീവമായ കോഴിക്കോട്ട് യു.ഡി.എഫിന്റെ പ്രചാരണം മന്ദഗതിയിലായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകാത്തതിനാലാണ് യു.ഡി.എഫ് പ്രചാരണത്തിന് വേഗം കുറഞ്ഞത്. അതിനിടെ, എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം കൊഴുപ്പിക്കുകയും ചെയ്തു.ഒരുമാസം മുന്‍പേ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചിട്ടയായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കി നടപ്പാക്കിയിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ നേതൃത്വത്തില്‍ ജനഹൃദയ യാത്രയെന്ന പേരില്‍ മണ്ഡല പര്യടനവും പൂര്‍ത്തിയാക്കി.

എന്നാല്‍ പിന്നീട് നേതാക്കളില്‍ പലരും മത്സരരംഗത്തില്ലെന്ന വാര്‍ത്ത പരന്നതും ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതും പ്രചാരണത്തിന്റെ മാറ്റുകുറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് ഉള്‍പ്പെടെയുള്ളവര്‍ മറ്റു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ തയാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നതോടെ ഡി.സി.സി കേന്ദ്രീകരിച്ച് നടന്ന പ്രചാരണത്തിനും വേഗമില്ലാതായി.
മണ്ഡലത്തിലെ സാമൂഹിക, രാഷ്ട്രീയ, സാഹിത്യ മേഖലകളിലെ പ്രമുഖരെ സന്ദര്‍ശിച്ച് പിന്തുണ തേടുകയാണ് എം.കെ രാഘവന്‍ ഇപ്പോള്‍ ചെയ്യുന്നത്. ഇടതുസ്ഥാനാര്‍ഥിയും മണ്ഡലത്തില്‍ പ്രചാരണം സജീവമാക്കിയിട്ടുണ്ട്. നിലവില്‍ പ്രചാരണത്തില്‍ യു.ഡി.എഫ് മുന്നിലാണെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. ഇന്ന് രാഹുല്‍ ഗാന്ധി മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കാന്‍ എത്തുന്നതോടെ പ്രചാരണം അടുത്തഘട്ടത്തിലേക്ക് നീങ്ങും.

ഇടതുമുന്നണി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി കുടുംബയോഗങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ജനമഹാറാലിയോടെയാണ് സംസ്ഥാനത്തെ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിക്കുന്നത്. പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ ഒരു ലക്ഷം പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്.

റാലിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി, മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറി കെ.സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ രാഘവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, ഡോ. എം.കെ മുനീര്‍, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എം.പി അബ്ദുസമദ് സമദാനി രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.