2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ക്രൗര്യം കൂടുന്ന യു.എ.പി.എ; വിവരാവകാശ നിയമത്തിന് മരണമണി

 

 

 

എന്‍.ഐ.എ നിയമഭേദഗതിയിലൂടെ വ്യാപകമായ പ്രതിഷേധം ഏറ്റുവാങ്ങിയ ബി.ജെ.പി സര്‍ക്കാര്‍ ഇന്നലെ യു.എ.പി.എ നിയമഭേദഗതിയും ലോക്‌സഭയില്‍ അവതരിപ്പിച്ച് എട്ട് പേരുടെ എതിര്‍പ്പുകളോടെ പാസാക്കിയിരിക്കുന്നു. അതിനുമുമ്പാണ് വിവരാവകാശ നിയമഭേദഗതിയും ലോക്‌സഭയില്‍ പാസാക്കിയത്. ഭരണഘടന ഉറപ്പ് നല്‍കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും പൗരാവകാശത്തിന്റെയും ഓരോ വാതിലുകളും കൊട്ടിയടച്ചുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ ആക്കംകൂട്ടിയിരിക്കുന്നു എന്നുവേണം ഇതില്‍നിന്ന് മനസിലാക്കാന്‍. നിരവധി നിയമഭേദഗതിയിലൂടെ ഇന്ത്യയെ ഏകാധിപത്യ രാജ്യമാക്കുന്നതിലേക്ക് അതിവേഗം പൊയ്‌ക്കൊണ്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ മുന്നോടിയായിട്ടാണ് യു.എ.പി.എ ഭേദഗതി, വിവരാവകാശ നിയമഭേദഗതി ബില്ലുകള്‍ പാസാക്കിയത്.
സംഘടനകള്‍ക്ക് പുറമെ വ്യക്തികളെയും ഭീകരതയുടെ പേരില്‍ കരിമ്പട്ടികയില്‍പെടുത്താനുള്ള അധികാരം നല്‍കുന്നതാണ് യു.എ.പി.എ ഭേദഗതി ബില്‍. ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ ഏതെങ്കിലും വ്യക്തികളുടെ സ്വത്ത് സംസ്ഥാന പൊലിസിന്റെ സഹായമോ ഇടപെടലോ ഇല്ലാതെ എന്‍.ഐ.എക്ക് പിടിച്ചെടുക്കാന്‍ അനുവാദം നല്‍കുന്ന വ്യവസ്ഥകള്‍ ഈ ബില്ലിലുണ്ട്. വിയോജിക്കുന്നവരുടെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും വായമൂടിക്കെട്ടാന്‍ ഈ കരിനിയമം ബി.ജെ.പി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുമെന്നതിന് സംശയമില്ല.
വിവരാവകാശ നിയമ ഭേദഗതി ലോക്‌സഭ അംഗീകരിച്ചതോടെ വിവരാവകാശത്തിനും അന്ത്യം കുറിക്കപ്പെട്ടു. ഈ ബില്‍ ഭേദഗതിക്ക് അംഗങ്ങള്‍ അത്ര ഗൗരവം നല്‍കാത്തതിനാല്‍ രാജ്യസഭ ഇത് ചിലപ്പോള്‍ പാസാക്കിയേക്കാം. അതോടെ വിവരാവകാശ നിയമം കുഴിച്ച് മൂടപ്പെടും. കൂട്ടിലടച്ച തത്ത എന്ന് സി.ബി.ഐയെ വിശേഷിപ്പിച്ചത് സുപ്രിംകോടതിയാണ്. കൂട്ടിലടക്കപ്പെടാന്‍ ദിവസങ്ങള്‍ എണ്ണുന്ന മറ്റൊരു തത്തയാണ് വിവരാവകാശ നിയമവും.
തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ക്കുള്ള പദവിയും ശമ്പളവുമായിരുന്നു വിവരാവകാശ കമ്മിഷനും ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷനെപ്പോലെ ഭരണഘടനാ സ്ഥാപനമായിരുന്നില്ലെങ്കിലും അതിന്റെ പകിട്ടും തലയെടുപ്പും വിവരാവകാശ കമ്മിഷനും ഉണ്ട്. നിയമഭേദഗതിയിലൂടെ അത് ഇല്ലാതാകാന്‍ പോവുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന് അഞ്ച് വര്‍ഷത്തെ കാലാവധിയാണെങ്കില്‍ വിവരാവകാശ കമ്മിഷന്റെ കാലാവധി ഇനി കേന്ദ്രസര്‍ക്കാരിന്റെ ഇച്ഛക്കനുസൃതമായിരിക്കും. സര്‍ക്കാരിന് തോന്നിയ ശമ്പളം കൊടുക്കാം തോന്നുമ്പോള്‍ പിരിച്ച് വിടാം. കൂട്ടിലടക്കപ്പെടുന്ന തത്തയെക്കാള്‍ യോജിക്കുക സര്‍ക്കാരിന്റെ കൈയിലെ കളിപ്പാവയെന്നായിരിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ വിശദാംശങ്ങള്‍ അറിയാന്‍ വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തി നല്‍കിയ അപേക്ഷയും അതിന് കമ്മിഷന്‍ നല്‍കിയ മറുപടിയുമാണ് വിവരാവകാശ നിയമത്തിന്റെ അന്ത്യത്തിന് കാരണമായത്. ഇനി ബി.ജെ.പിക്കോ നരേന്ദ്രമോദിക്കോ ദഹിക്കാത്ത വിവരങ്ങളാണ് കമ്മിഷന്‍ നല്‍കുന്നതെങ്കില്‍ അവര്‍ക്ക് പുറത്തേക്കുള്ളവഴി സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചുകൊടുക്കും. ഇതോടെ വിവരാവകാശ കമ്മിഷന്റെ സുതാര്യമായ പ്രവര്‍ത്തനമാണ് നിലയ്ക്കാന്‍ പോകുന്നത്. സത്യസന്ധരായ കമ്മിഷണര്‍മാര്‍പോലും ജോലിയുടെ സുരക്ഷിതത്വമോര്‍ത്ത് അവരുടെ സത്യസന്ധത കോള്‍ഡ് സ്‌റ്റോറേജില്‍വെച്ച് പൂട്ടാന്‍ നിര്‍ബന്ധിതരാകും.
അറിയാനുള്ള പൗരന്റെ അവകാശത്തിന് തടയിടപ്പെടും. രാജ്യസഭയില്‍ ഇപ്പോള്‍ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. നാളെയത് മാറിയേക്കാം. ജനപ്രതിനിധികള്‍ക്ക് വില നിശ്ചയിച്ച് അവരെ വാങ്ങിക്കൂട്ടുകയാണ് സംസ്ഥാനങ്ങളിലും രാജ്യസഭയിലും ഇപ്പോള്‍ ബി.ജെ.പി. അതിനുമാത്രമുള്ള ആസ്തി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അവര്‍ നേടിക്കഴിഞ്ഞു. രാജ്യസഭയില്‍ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ഉണ്ടായിട്ടുപോലും എന്‍.ഐ.എ നിയമഭേദഗതി കൂടുതല്‍ എതിര്‍പ്പുകളില്ലാതെ പാസാക്കിയെടുത്തത് ബി.ജെ.പിയെ തന്നെ അത്ഭുതപ്പെടുത്തിയിരുന്നു. എതിര്‍ത്താല്‍ തങ്ങള്‍ ഭീകരര്‍ക്കൊപ്പമാണെന്ന് ബി.ജെ.പി സര്‍ക്കാരിന് തോന്നിയാലോ എന്ന ആശങ്കയാണ് പല പാര്‍ട്ടികളെയും എന്‍.ഐ.എ ബില്‍ ഭേദഗതിക്കെതിരേയും യു.എ.പി.എ ഭേദഗതിക്കെതിരെയും എതിര്‍പ്പ് പ്രകടിപ്പിക്കുന്നതില്‍നിന്നും പിന്തിരിപ്പിക്കുന്നത്.
ഇപ്പോള്‍തന്നെ ചില രാജ്യസഭാ എം.പിമാര്‍ ബി.ജെ.പിയിലേക്ക് മാറിക്കഴിഞ്ഞു. ഈ പ്രക്രിയ അനുസ്യൂതം തുടരുമ്പോള്‍ വിവരാവകാശ നിയമഭേദഗതിയും യു.എ.പി.എ നിയമഭേദഗതിയും രാജ്യസഭ പാസാക്കിയേക്കാം. എം.പിമാരെയും എം.എല്‍.എമാരെയും ചാക്കിട്ട് പിടിക്കുന്നതിന് ബി.ജെ.പി നല്‍കിയ പേരാണ് ഓപ്പറേഷന്‍ താമര. കര്‍ണാടകയില്‍ അത് വിജയിച്ചു. ഇനി രാജസ്ഥാനിലും മധ്യപ്രദേശിലും രാജ്യസഭയിലുംകൂടി ഓപ്പറേറ്റ് ചെയ്യേണ്ടതുണ്ട്. അതോടുകൂടി ഒരുപക്ഷെ ഇന്ത്യന്‍ ജനാധിപത്യം കടങ്കഥയായി മാറിയേക്കാം. മുത്വലാഖ് ബില്‍ ലോക്‌സഭ പാസാക്കിയിരുന്നുവെങ്കിലും രാജ്യസഭ എന്ന കടമ്പ കടക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഓര്‍ഡിനന്‍സുകള്‍ പുതുക്കിക്കൊണ്ടിരിക്കുകയാണ്.
വിവരാവകാശ നിയമഭേദഗതി യാഥാര്‍ഥ്യമാകുന്നതോടെ സര്‍ക്കാരിനെ സംബന്ധിച്ച നിഗൂഢ വിവരങ്ങള്‍ ഇനി സര്‍ക്കാരിന് മറച്ച് വയ്ക്കാന്‍ കഴിയും. അതിനുപറ്റിയ വിവരാവകാശ കമ്മിഷണര്‍മാരായിരിക്കും നിയോഗിക്കപ്പെടുക. സുപ്രധാനമായ വിവരങ്ങള്‍ ജനങ്ങളുമായി പങ്കുവെക്കുന്നതിന് ബി.ജെ.പി സര്‍ക്കാര്‍ ഭയപ്പെടുന്നുണ്ടെന്ന് വേണം കരുതാന്‍. നിയമഭേദഗതിയിലൂടെ അവര്‍ ജനങ്ങളില്‍നിന്നും ഒളിച്ചോടുകയാണ്. ഭരണഘടന പൗരന് നല്‍കുന്ന അറിയാനുള്ള അവകാശത്തിന് കോടാലി വീഴ്ത്തുകയും അതോടൊപ്പം അവനെ ഭീകരനായി ചിത്രീകരിക്കുകയും ചെയ്യുന്ന നാളുകളായിരിക്കും ഇനി വരാനുണ്ടാവുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.