2020 May 27 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യു.എ.പി.എ അറസ്റ്റ്: ചിന്തിക്കുന്ന യുവത്വങ്ങളെ ശണ്ഡീകരിക്കാനുള്ള ഹിഡന്‍ അജന്‍ഡയെന്ന് അലന്റെ പിതാവ്, പൊലിസിനെതിരേ കടുത്ത ആരോപണങ്ങളുമായി കുടുംബം

കോഴിക്കോട്: യു.എ.പി.എ കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപ്പിക്കുന്ന കുടുംബം ആരോപിക്കുന്നത് പൊലിസിനെതിരേ കടുത്ത ആരോപണങ്ങള്‍. കേരളത്തിലെ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുക എന്ന ഗൂഢോദ്ദേശവും ചിന്തിക്കുന്ന യുവത്വങ്ങളെ ശണ്ഡീകരിക്കുക എന്ന ഹിഡന്‍ അജന്‍ഡയും ഇതിനു പിന്നിലുണ്ടെന്നും അറസ്റ്റിലായ അലന്റെ പിതാവ് ഷുഹൈബ് ആരോപിച്ചു.

മാവോയിസ്റ്റുകളുമായി അലന് ബന്ധമില്ല. കള്ളത്തെളിവുകളാണ് പൊലിസ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിന്റെ പിന്നിലെ യഥാര്‍ഥ ഉദ്ദേശം ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എ.പി.എക്കു എതിരായ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. എങ്കിലും സര്‍ക്കാരിന് ചില പരിമിതികളുണ്ട്. പൊലിസ് കള്ളക്കളികളാണ് കളിക്കുന്നത്. എന്റെ അടുക്കലേക്കു കൊണ്ടുവന്ന ബ്ലാങ്ക് പേപ്പറില്‍ ഒപ്പിടാനാണ് പൊലിസ് ആവശ്യപ്പെട്ടത്. ഇതില്‍ ഒപ്പിടില്ലെന്ന് താന്‍ ശഠിച്ചതുകൊണ്ടാണ് പൊലിസ് പൂര്‍ണമായി എഴുതി തയ്യാറാക്കിയ പേപ്പറില്‍ മാത്രം ഒപ്പിട്ടത്. എന്നാല്‍ തന്റെ മകനൊപ്പം അറസ്റ്റിലായ താഹയുടെ പിതാവിനു കാഴ്ചപോലുമില്ല. അതുകൊണ്ടുതന്നെ അവന്റെ കയ്യില്‍ നിന്ന് ബോംബടക്കം പിടിച്ചെടുത്തിട്ടുണ്ടെന്നുപോലും ആ പേപ്പറില്‍ എഴുതി ചേര്‍ക്കാന്‍ പൊലിസ് ശ്രമിച്ചിട്ടുണ്ടാകും. അതുറപ്പാണെന്നും ശുഹൈബ കൂട്ടിച്ചേര്‍ത്തു.

താഹക്കെതിരേയും പൊലിസ് ചമച്ചിരിക്കുന്നത് കെട്ടിചമച്ച തെളിവുകളാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പൊലിസ് കസ്റ്റഡിയില്‍വെച്ച് മര്‍ദിച്ച ശേഷം കുറ്റം സമ്മതിക്കുക എന്ന തന്ത്രമാണ് പൊലിസ് പയറ്റുന്നത്. കസ്റ്റഡിയില്‍ മര്‍ദനമേറ്റിട്ടുണ്ടെന്ന് താഹ പറഞ്ഞതായി മാതാവ് ആവര്‍ത്തിച്ചു. വീട്ടില്‍ വെച്ച് പൊലിസ് ഭീഷണിപ്പെടുത്തി കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് പേടിപ്പിച്ചതുകൊണ്ടാണ് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചതെന്ന് നേരത്തെ അവര്‍ ആരോപിച്ചിരുന്നു. ആ മുദ്രാവാക്യം വിളി കേള്‍ക്കുമ്പോള്‍ തന്നെ ആരോ പേടിപ്പിച്ച് പറയിപ്പിക്കുന്നതാണെന്ന് വ്യക്തമാണെന്നും വിലയിരുത്തലുകളുണ്ട്.
കോഴിക്കോട് സെഷന്‍സ് കോടതിയാണ് അലന്റെയും താഹയുടെയും ജാമ്യാപേക്ഷ തള്ളിയത്. ഇവരുടെ പേരില്‍ ചുമത്തിയ യു.എ.പി.എ പിന്‍വലിച്ചിരുന്നില്ല. ഇതുപിന്‍വലിക്കാനുള്ള നിര്‍ദേശമൊന്നും സര്‍ക്കാരില്‍ നിന്ന് പ്രോസിക്യൂഷനു ലഭിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ഇവരുടെ ജാമ്യേപേക്ഷ പരിഗണിച്ച കോഴിക്കോട് സെഷന്‍ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. യു.എ.പി.എ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം അനുവദിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അതേ സമയം കേസില്‍ ഹൈക്കോടതിയെ സമീപ്പിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ മാവോയിസ്റ്റുകളാണെന്ന് സമ്മതിച്ചതായി എഫ്.ഐ.ആറിലുണ്ട്. എന്നാല്‍ അലനോ താഹയോ സി.പി.ഐ മാവോയിസ്റ്റാണെന്ന് ഒരിടത്തും സമ്മതിച്ചിട്ടില്ല. പൊലിസ് അവര്‍ക്കുവേണ്ടത് എഴുതി ചേര്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഈ എഫ്.ഐ.ആര്‍ നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ദിനേശന്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ഇവര്‍ക്ക് ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ രണ്ട് ഹരജികളാണ് സമര്‍പ്പിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.