2020 May 30 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

ഏകാധിപത്യത്തിന്റെ തിരനോട്ടം


 

നമ്മുടെ ഏറ്റവും വലിയ അഭിമാനം ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് എന്നതാണ്. ലോകത്തെ ഏറ്റവും ബൃഹത്തും മഹത്തും സമഗ്രവുമായ ഭരണഘടന നമ്മുടേതാണെന്ന അഭിമാനവും ഏഴുപതിറ്റാണ്ടോളമായി നാം വച്ചുപുലര്‍ത്തുന്നു. തീര്‍ച്ചയായും അഭിമാനിക്കാവുന്ന കാര്യങ്ങള്‍ തന്നെയാണിവ.
വലുതും ചെറുതുമായ ആയിരത്തോളം നാട്ടുരാജ്യങ്ങളും ഒട്ടനവധി മതങ്ങളും എണ്ണിയാലൊടുങ്ങാത്ത ജാതികളും ഉപജാതികളും നിരവധി ഭാഷകളും ഉപഭാഷകളും അനവധി സംസ്‌കാരഭേദങ്ങളും സകലമാന അന്ധവിശ്വാസങ്ങളും ആഭിചാരക്രിയകളുമെല്ലാമുള്ള ഈ ഉപഭൂഖണ്ഡത്തിന്റെ ഭരണാധികാരം രണ്ടായി പകുത്താണെങ്കിലും ഇന്ത്യക്കാരെ ഏല്‍പ്പിച്ചാല്‍ കുരങ്ങന്റെ കൈയില്‍ പൂമാല നല്‍കിയപോലാകുമെന്നാണു ബ്രിട്ടിഷുകാര്‍ വിശ്വസിച്ചിരുന്നത്. വിന്‍സ്റ്റന്‍ ചര്‍ച്ചിലിനെപ്പോലുള്ളവര്‍ പരിഹാസത്തോടെ അതു പ്രസംഗിച്ചു നടന്നു. ജോണ്‍ സ്ട്രാച്ചിയെപ്പോലുള്ളവര്‍ അതു സമര്‍ത്ഥിക്കാന്‍ പുസ്തകമെഴുതി. അക്കാലത്തെ ലോകശക്തികളും അങ്ങനെത്തന്നെ വിശ്വസിച്ചു.
എന്നിട്ടും, ഇന്ത്യക്കാരുടെ കൈകളില്‍ ഇന്ത്യ സ്വാതന്ത്ര്യലബ്ധിയുടെ കാലം മുതല്‍ സുരക്ഷിതമായി നിന്നു, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ, മതേതര രാഷ്ട്രമായിത്തന്നെ. ഇന്ത്യക്കൊപ്പം പിറവിയെടുത്ത പാകിസ്താനില്‍ ആഭ്യന്തരകലാപമുണ്ടാകാനും അത് ആഭ്യന്തരയുദ്ധമായി വളരാനും ആ രാജ്യം രണ്ടായി വിഭജിക്കപ്പെടാനും ഏറെക്കാലം വേണ്ടി വന്നില്ല. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതിനു കാല്‍നൂറ്റാണ്ടു മുന്‍പ് പിറവിയെടുത്ത സോവിയറ്റ് യൂനിയന്‍ കാല്‍നൂറ്റാണ്ടിലേറെക്കാലം മുന്‍പ് പൊട്ടിച്ചിതറുകയും ചെയ്തു. വെള്ളക്കാര്‍ വീതിച്ചു തന്ന ഭൂപ്രദേശങ്ങള്‍ കൂടാതെ അഞ്ഞൂറോളം നാട്ടുരാജ്യങ്ങളും കൂട്ടിച്ചേര്‍ത്താണു ഭൂഖണ്ഡത്തോളം വലുപ്പമുള്ള ഇന്ത്യാ മഹാരാജ്യം നാം കെട്ടിപ്പടുത്തത്. അന്നു കൂട്ടിച്ചേര്‍ത്ത നാട്ടുരാജ്യങ്ങളില്‍ പാകിസ്താനില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞവയും പാക് ആഭിമുഖ്യം പുലര്‍ത്തിയവയും സ്വതന്ത്രമായി നില്‍ക്കാന്‍ തീരുമാനിച്ചവയുമുണ്ടായിരുന്നു.
അതുകൊണ്ടു തന്നെ വളരെ വൈകാതെ ഇന്ത്യ ശിഥിലമാകുമെന്നു പുറംലോകം വിശ്വസിച്ചു. എന്നിട്ടും, ഏഴു പതിറ്റാണ്ടു പിന്നിട്ട ഇന്ത്യ ഏകശിലാരൂപത്തില്‍ നിലനില്‍ക്കുന്നു. കശ്മിരുള്‍പ്പെടെ ചിലയിടങ്ങളില്‍ ചില പ്രസ്ഥാനങ്ങള്‍ വിഘടനവാദം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും എല്ലാ സംസ്ഥാനങ്ങളിലെയും മഹാഭൂരിപക്ഷവും ‘ഞങ്ങള്‍ ഇന്ത്യക്കാരനാണ് ‘ എന്ന ആത്മാഭിമാനമുള്ളവരാണ്. ആരും അടിച്ചേല്‍പ്പിക്കാതെ, ആരെയും ഭയക്കാതെയാണ് ഈ ദേശീയബോധം.ഈ ‘അത്ഭുതം’ എങ്ങനെ സംഭവിച്ചു.അതിനുത്തരം ഒന്നേയുള്ളൂ, ഇന്ത്യ അന്നു മുതല്‍ ജനാധിപത്യ, മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചു. അതിനൊക്കെ ഉപരിയായി ഏകാധിപത്യ പ്രവണതയ്ക്ക് അവസരം നല്‍കാതെ ഫെഡറല്‍ സംവിധാനം ശക്തമാക്കി. ഒരിക്കല്‍ മാത്രമാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലൂടെ ഏകാധിപത്യ പ്രവണത ഫണം വിരിച്ചത്. അന്ന് ആ പത്തി തല്ലിത്താഴ്ത്താന്‍ ഇന്ത്യയിലെ ജനസഞ്ചയം ഒന്നിച്ചു.
ഈ പശ്ചാത്തലത്തില്‍ വേണം ജമ്മുകശ്മിരുമായി ബന്ധപ്പെട്ടു കേന്ദ്രസര്‍ക്കാര്‍ ഈയിടെ കൈക്കൊണ്ട തീരുമാനങ്ങളെയും നടപടികളെയും കുറിച്ചു വിചിന്തനം നടത്താന്‍. ജമ്മുകശ്മിരെന്ന സംസ്ഥാനത്തിന് ഇക്കാലമത്രയും ഭരണഘടനാനുസൃതമായി ലഭിച്ച പ്രത്യേകപദവി എടുത്തുമാറ്റിയിരിക്കുകയാണ്. ഇനി മുതല്‍ ജമ്മുകശ്മിരിനു സ്വന്തമായ ഭരണഘടനയും പതാകയും ക്രിമിനല്‍ നിയമവും ഉണ്ടാകില്ല. കശ്മിരികളുടെ ഇരട്ടപൗരത്വവും ഒഴിവാകും. ഇന്ത്യയ്ക്കു നിയന്ത്രണമുള്ള കശ്മിര്‍ പ്രദേശത്ത് ഇനി ഏത് ഇന്ത്യക്കാരനും ഭൂമി വാങ്ങുകയും സ്ഥിരതാമസമാക്കുകയും ചെയ്യാം.
ഇതുവരെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്ന നിയമം കശ്മിരിലെ നിയമസഭ അംഗീകരിച്ചാലോ അവിടെ നിയമമാകുമായിരുന്നുള്ളൂ. ഇന്ത്യന്‍ പീനല്‍കോഡിനു പകരം രണ്‍ബീര്‍ പീനല്‍ കോഡാണ് അവര്‍ക്കു ബാധകമായിരുന്നത്. ഏഴു പതിറ്റാണ്ടായി ഇന്ത്യന്‍ സംസ്ഥാനമെന്നു പറയപ്പെടുമ്പോഴും അന്യരാജ്യം പോലെയായിരുന്നു കശ്മിരെന്നും അതുകൊണ്ടാണ് അവിടെ തീവ്രവാദം വേരൂന്നിയതെന്നുമുള്ള വാദമുന്നയിച്ചാണ് ഈ നടപടി. ആ വാദം കോണ്‍ഗ്രസിലെ ഉന്നതനേതാക്കളില്‍ ചിലര്‍പോലും അംഗീകരിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണല്ലോ രാഹുലിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ ജ്യോതിരാദിത്യസിന്ധ്യയുള്‍പ്പെടെ പല കോണ്‍ഗ്രസ് നേതാക്കളും ഇന്ത്യയിലെ നല്ലൊരു പങ്ക് ജനങ്ങളും മോദിസര്‍ക്കാരിനെ ഈ നടപടിയുടെ പേരില്‍ പ്രകീര്‍ത്തിച്ചത്. ആംആദ്മി പാര്‍ട്ടിയും ബി.എസ്.പിയും ടി.ഡി.പിയുമെല്ലാം ഈ നടപടിയെ അനുകൂലിച്ചത് അക്കാരണത്താലാണല്ലോ.
ഒട്ടേറെപ്പേര്‍ പ്രകീര്‍ത്തിച്ചുകൊണ്ടു മോദി സര്‍ക്കാരിന്റെ ഈ നടപടി രാജ്യത്തിന്റെ ഉത്തമതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണെന്ന് എല്ലാവരും വിശ്വസിക്കേണ്ടതുണ്ടോ. ഇക്കാര്യത്തില്‍, തികച്ചും നിഷ്പക്ഷമായ ഒരു വിലയിരുത്തല്‍ നടത്തേണ്ടതുണ്ട്.
കശ്മിരുമായി ബന്ധപ്പെട്ട നടപടികളില്‍ 370ാം വകുപ്പും 35 (എ) വകുപ്പും റദ്ദാക്കിയതിനെക്കുറിച്ചാണു വിമര്‍ശകരെല്ലാം പറയുന്നത്. അതു തന്നെയാണു നേട്ടമായി നരേന്ദ്രമോദി സര്‍ക്കാരും അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനക്കാര്‍ക്കും ഇല്ലാത്ത ഈ ‘പ്രത്യേകരാജ്യ’പദവി കശ്മിരിന് അനുവദിക്കാമോ എന്നു മോദി ചോദിക്കുമ്പോള്‍ അതിന്റെ ഉള്ളുകളികളറിയാത്തവരെല്ലം വേണ്ടെന്നേ പറയൂ.
ഇവിടെ വിശകലനം ചെയ്യേണ്ട സുപ്രധാനവിഷയം കശ്മിരിന്റെ വിഭജനമാണ്. ഇതുവരെ ഇന്ത്യയിലെ സംസ്ഥാനങ്ങളിലൊന്നായിരുന്നു ജമ്മുകശ്മിര്‍. അതിനെയിപ്പോള്‍ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റിയിരിക്കുകയാണ്. സ്വാതന്ത്ര്യലബ്ധിയുടെ ആരംഭം മുതല്‍ ഉണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ ഒന്നിനെപ്പോലും ഇതുവരെ കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയിട്ടില്ല. കേന്ദ്രഭരണപ്രദേശങ്ങളെ സംസ്ഥാനമാക്കി മാറ്റിയതിനും ഒരു സംസ്ഥാനത്തെ രണ്ടായി പകുത്തു രണ്ടു സംസ്ഥാനങ്ങളാക്കിയതിനും ഉദാഹണങ്ങള്‍ ഏറെയുണ്ട്. സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കുന്നതില്‍ വലിയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട്.
ഇന്ത്യ ഇക്കാലമത്രയും തുടര്‍ന്നുവന്നതു പരിപൂര്‍ണമായല്ലെങ്കിലും ഫെഡറല്‍ സംവിധാനമാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും കൈകാര്യം ചെയ്യാവുന്ന വിഷയങ്ങളും മേഖലകളും ഭരണഘടന കൃത്യമായി പകുത്തുനല്‍കിയിട്ടുണ്ട്. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുപോലെ ഇടപെടാവുന്നവയും പട്ടിക നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ നിയന്ത്രിതമായ സ്വയംഭരണാവകാശം നിലനില്‍ക്കണമെന്ന ലക്ഷ്യത്തോടെയാണത്. വിഘടനവാദം തലയുയര്‍ത്തല്‍ തടയല്‍ തന്നെയാണ് ആ അധികാരവികേന്ദ്രീകരണത്തിന്റെ ലക്ഷ്യം.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനത്തെ ഇല്ലാതാക്കി രണ്ടു കേന്ദ്രഭരണപ്രദേശങ്ങള്‍ രൂപീകരിക്കുമ്പോള്‍ ഭരണഘടന മഹനീയമായി ആദരിച്ച ഫെഡറല്‍ സംവിധാനത്തിന്റെ കഴുത്തില്‍ കത്തിവയ്ക്കപ്പെടുകയാണ്. ഇനി കശ്മിരിനെ ബാധിക്കുന്ന ഓരോ കാര്യവും തീരുമാനിക്കാനുള്ള അധികാരം കേന്ദ്രത്തില്‍ നിക്ഷിപ്തമായിരിക്കും. ഈ മാതൃക പിന്തുടര്‍ന്ന് നാളെ കേരളമുള്‍പ്പെടെ ഏതു സംസ്ഥാനത്തെയും കേന്ദ്രഭരണപ്രദേശമാക്കാം. കേന്ദ്രം കൈക്കൊള്ളുന്ന എന്തും അത്തരം സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിക്കാം.
പണ്ട്, അഹിന്ദി സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് ശ്രമിച്ചപ്പോള്‍ ഭാഷാഭിമാനത്താല്‍ ശക്തമായ പ്രക്ഷോഭം നടത്തി അതിനെ തോല്‍പ്പിച്ചവരായിരുന്നു തമിഴന്മാര്‍. അത്തരം തീരുമാനങ്ങള്‍ ഇനി നടപ്പാക്കണമെങ്കില്‍ എതിര്‍ക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളെ വിഭജിച്ചോ വിഭജിക്കാതെയോ കേന്ദ്രഭരണപ്രദേശമാക്കിയാല്‍ മതി. പിന്നീട് അവിടെ ജനത്തെ നിയന്ത്രിക്കാന്‍ എത്ര കമ്പനി പട്ടാളത്തെയും അയച്ചു നിയമം നടപ്പാക്കാം. കേരളത്തില്‍ ഗോവധം നിരോധിക്കാന്‍ ഇവിടത്തെ നിയമസഭ തീരുമാനമെടുക്കേണ്ടതില്ല. ഇതേ നടപടി ആവര്‍ത്തിച്ചാല്‍ മതി.അത് ഏകാധിപത്യമാണ്. ഫെഡറലിസം നശിച്ചാല്‍ ജനാധിപത്യം നശിക്കും. പിന്നെ, രണ്ടു വഴികളാണു തെളിയുക. ഒന്ന്, ഏകാധിപത്യം. രണ്ടാമത്തേതു വിഘടനവാദം. രണ്ടും നമ്മുടെ നാട്ടില്‍ സംഭവിക്കാതിരിക്കട്ടെയെന്നു പ്രാര്‍ഥിക്കാം.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.