2019 June 20 Thursday
കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല. ജനങ്ങളോട് നന്ദി ചെയ്യാത്തവര്‍ക്ക് അല്ലാഹുവിനോടും നന്ദിയുണ്ടാവുകയില്ല -മുഹമ്മദ് നബി(സ)

എസ്.ബി.ഐ ശാഖ ആക്രമണം: രണ്ട് എന്‍.ജി.ഒ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

 

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം നാള്‍ സെക്രട്ടേറിയറ്റിന് മുന്നിലെ എസ്.ബി.ഐ ശാഖ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് എന്‍.ജി.ഒ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍. ജില്ലാ ട്രഷറി ഓഫീസിലെ ക്ലാര്‍ക്കും എന്‍.ജി.ഒ യൂണിയന്‍ ഏരിയാ സെക്രട്ടറിയുമായ അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റന്‍ഡറും എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാല്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ ദിവസം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ കീഴടങ്ങിയ ഇരുവരെയും ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് മൂന്നാം കോടതി 24 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. റിമാന്‍ഡിലായ രണ്ടുപേര്‍ക്കെതിരെയും ഇതുവരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കാത്തത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ ശനിയാഴ്ച നടപടി സ്വീകരിച്ചത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ക്രിമിനല്‍ കേസില്‍ പെട്ട് റിമാന്‍ഡിലായാല്‍ സര്‍വീസില്‍ നിന്ന് സസ്പന്റ് ചെയ്യണമെന്നാണ് സര്‍വീസ് ചട്ടം.

ഇതേ തുടര്‍ന്നാണ് ആറു മാസത്തേയ്ക്ക് ഇവരെ സസ്പന്റ് ചെയ്തത്. അതേസമയം, കേസില്‍ ഇനിയും പിടികൂടാനുള്ള എന്‍.ജി.ഒ യൂണിയന്‍ നേതാക്കളായ പ്രതികളെ അവരുടെ ഓഫീസില്‍ ജോലിക്ക് കയറാന്‍ അനുവദിക്കരുതെന്ന് പൊലിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച നോട്ടീസ് നാളെ നേതാക്കളുടെ ഓഫീസ് മേധാവികള്‍ക്ക് നല്‍കും. കൂടാതെ ഓഫീസിലെത്തിയാല്‍ ഉടന്‍ പൊലിസിനെ അറിയിക്കണമെന്ന് കന്റോണ്‍മെന്റ് സി.ഐ നേരിട്ട് പ്രതികളുടെ ഓഫീസിലെത്തി മേധാവികളോട് പറഞ്ഞിട്ടുണ്ട്.

അതിനിടെ ആക്രമണത്തിലെ പ്രതികള്‍ ഒളിവില്‍ കഴിയുന്നത് തിരുവനന്തപുരത്താണെന്ന് പൊലിസിന് സൂചന കിട്ടി. രണ്ട് ഇടത് യൂണിയന്‍ നേതാക്കളുടെ ഫോണ്‍ ലൊക്കേഷന്‍ വഴുതക്കാടെന്നാണ് കണ്ടെത്തിയത്. പാര്‍ട്ടി സംരക്ഷണത്തിലാണ് പ്രതികളെന്ന് പൊലിസ് സംശയിക്കുന്നു. തിങ്കളാഴ്ച ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നുണ്ട്. അതിനു ശേഷം മതി അറസ്‌റ്റെന്നാണ് ഉന്നതങ്ങളില്‍ നിന്ന് പൊലിസിനു നല്‍കിയ നിര്‍ദേശമെന്നും അറിയുന്നു.

എന്‍.ജി.ഒ സംസ്ഥാന കമ്മിറ്റി അംഗം ഇ. സുരേഷ് ബാബു, അനില്‍കുമാര്‍ (സിവില്‍ സപ്‌ളൈസ്), അജയകുമാര്‍ (സെയില്‍സ് ടാക്‌സ്), ശ്രീവല്‍സന്‍ (ട്രഷറി ഡയറക്ടറേറ്റ്) ബിജു രാജ് (ആരോഗ്യവകുപ്പ്), വിനുകുമാര്‍ എന്നിവരാണ് പൊലിസിനു പിടി കൊടുക്കാതെ ഒളിവിലുള്ളത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.