2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

തുര്‍ക്കി നല്‍കുന്ന പ്രബോധന പാഠങ്ങള്‍

ജൂലൈ ഒന്ന് മുതല്‍ നീണ്ടുനിന്ന രണ്ട് മാസകാംപയിന്‍ കാലയളവില്‍ ഏതെങ്കിലും 40 ദിവസം സുബ്ഹ് നിസ്‌കാരത്തിനു പള്ളിയില്‍ വരുന്ന 7 - 14 വയസിനിടയിലുള്ള കുട്ടികള്‍ക്ക് സൈക്കിള്‍ ആണ് കൊന്‍യ മെട്രോപൊളിറ്റന്‍ മുനിസിപ്പാലിറ്റി മേയര്‍ ഉഗുര്‍ ഇബ്‌റാഹിം ആല്‍തായി വാഗ്ദാനം ചെയ്തിരുന്നത്. വന്‍ ജന സ്വീകാര്യതായിരുന്നു അദ്ദേഹത്തിന്റെ ഈ ആശയത്തിന് ലഭിച്ചത്. കൊന്‍യയിലെ 3190 പള്ളികളിലായി ഏകദേശം 61,000 കുട്ടികള്‍ ഈ സംരംഭത്തിന്റെ ഭാഗവാക്കാവുകയുണ്ടായി.

 

 

മുഹമ്മദ് മാഹിര്‍ ഹുദവി mahirbusthan@gmail.com

നാട്ടിന്‍ പുറത്തെ ഒരു പള്ളിയാണ് രംഗം. പള്ളിയിലേക്ക് വന്ന രണ്ടു കുട്ടികളോട് ആക്രോശിച്ചു സംസാരിക്കുകയാണ് ‘പള്ളിപരിപാലക’നായ വയോധികന്‍. കുട്ടികള്‍ വൃത്തിയായി കാല്‍ കഴുകിയില്ല എന്നതാണ് പ്രശ്‌നം. ഇങ്ങനെ പെരുമാറിയാല്‍ കുട്ടികള്‍ വീണ്ടും പള്ളിയില്‍ വരാന്‍ മടിക്കില്ലേ? കുറച്ചു കൂടി മൃദുല സ്വരത്തില്‍ അവരെ വിഷയം പറഞ്ഞു ബോധ്യപ്പെടുത്താമല്ലോ എന്ന് ചോദിച്ച ഈ ലേഖകനോടും പരുഷ ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇവിടെ തുര്‍ക്കിയിലെ കൊന്‍യ മെട്രോപൊളിറ്റന്‍ മുനിസിപ്പാലിറ്റിയിലെ ഒരു പള്ളിയുടെ മുന്നില്‍ പതിച്ചിട്ടുള്ള പരസ്യ ബോര്‍ഡാണ് മേലുദ്ധരിച്ച ദുരനുഭവം ഓര്‍മിപ്പിച്ചത്. ‘ഗുലെ ഒയ്‌നയാ, ജാമിയെ ഗെല്‍’ (കളിയോട് വിട ചൊല്ലൂ! പള്ളിയിലേക്ക് വരൂ!) എന്ന തലക്കെട്ടോടെ കൊന്‍യ മെട്രോപൊളിറ്റന്‍ മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ പള്ളികളിലും കാണാം ഇത്തരമൊരു പരസ്യ വാചകം.
ജൂലൈ ഒന്ന് മുതല്‍ നീണ്ടുനിന്ന രണ്ട് മാസകാംപയിനായിരുന്നു അത്. പ്രസ്തുത 60 ദിവസങ്ങളില്‍ ഏതെങ്കിലും 40 ദിവസം സുബ്ഹ് നിസ്‌കാരത്തിനു പള്ളിയില്‍ വരുന്ന 7 – 14 വയസിനിടയിലുള്ള കുട്ടികള്‍ക്ക് സൈക്കിള്‍ ആണ് കൊന്‍യ മെട്രോപൊളിറ്റന്‍ മുനിസിപ്പാലിറ്റി മേയര്‍ ഉഗുര്‍ ഇബ്‌റാഹിം ആല്‍തായി വാഗ്ദാനം ചെയ്തിരുന്നത്. വന്‍ ജന സ്വീകാര്യതായിരുന്നു അദ്ദേഹത്തിന്റെ ഈ ആശയത്തിന് ലഭിച്ചത്. കൊന്‍യയിലെ 3190 പള്ളികളിലായി ഏകദേശം 61,000 കുട്ടികള്‍ ഈ സംരംഭത്തിന്റെ ഭാഗവാക്കാവുകയുണ്ടായി.
പാരമ്പര്യത്തിലൂന്നിയ ഇസ്‌ലാമിക വിശ്വാസ ധാരയായിരുന്നു നൂറ്റാണ്ടുകളോളം തുര്‍ക്കിയുടെയും തുര്‍ക്കി ജനതയുടെയും കൈമുതല്‍. സെല്‍ജൂക്കി,ഓട്ടോമന്‍ ഭരണ കൂടങ്ങള്‍ കാഴ്ചവച്ച ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിന്റെ ശാലീനതയും സൗന്ദര്യവും 1923 ല്‍ അധികാരത്തില്‍ വന്ന അത്താതുര്‍കിന്റെ പാശ്ചാത്യവല്‍കൃത നീക്കങ്ങള്‍ ഗുരുതരമായ പോറലേല്‍പ്പിച്ചു.
തുര്‍ക്കി ജനതയുടെ ഇസ്‌ലാമിക ബാന്ധവത്തെ അറുത്തു മാറ്റാന്‍ ഭാഷയെ തുറുപ്പുചീട്ടായി ഉപയോഗിച്ച അത്താതുര്‍ക് അറേബ്യന്‍ ലിപിയില്‍ എഴുതിയിരുന്ന ടര്‍ക്കിഷ് ഭാഷയ്ക്ക് ലാറ്റിന്‍ അക്ഷരമാല പകരം വയ്ക്കുകയായിരുന്നു. ഒരൊറ്റ രാത്രി കൊണ്ട് നിരക്ഷരരായിത്തീര്‍ന്ന വലിയൊരു സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പിന്മുറക്കാര്‍ സിയാറത്ത് കേന്ദ്രങ്ങളിലും മറ്റും അറബി അക്ഷരമാലകള്‍ വശമില്ലാത്തതിനാല്‍ ലിപ്യന്തരണം (ൃേമിഹെശലേൃമശേീി) ചെയ്യപ്പെട്ട ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് കാണുമ്പോള്‍ ഹൃദയം പിടച്ചുപോകാറുണ്ട്.
മതകീയ സാമൂഹിക സാംസ്‌കാരിക വ്യവഹാര മേഖലകളില്‍ പാശ്ചാത്യ ചിന്തകളുടെ കടന്നു കയറ്റത്തിന്റെ ഭവിഷ്യത്തുകള്‍ കണ്ടും കൊണ്ടുമറിഞ്ഞ തുര്‍ക്കി ജനതയില്‍ മാറ്റത്തിന്റെ അലയൊലികള്‍ പ്രത്യക്ഷപ്പെടാന്‍ അധിക കാലം വേണ്ടി വന്നില്ല. നിരന്തര പട്ടാള അട്ടിമറികളും അധികാര കൈമാറ്റങ്ങളും സൃഷ്ട്ടിച്ച അരക്ഷിതാവസ്ഥയില്‍നിന്ന് തുര്‍ക്കിയുടെ മോചനം ലക്ഷ്യമാക്കി ഇപ്പോഴത്തെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട എ.കെ പാര്‍ട്ടിയുടെ മതകീയ രാഷ്ട്രീയ സാമ്പത്തിക കാഴ്ചപ്പാടുകള്‍ക്ക് വന്‍ സ്വീകാര്യതയായിരുന്നു തുര്‍ക്കി ജനതയ്ക്കിടയില്‍ ലഭിച്ചത്. നീണ്ട 16 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന അക് പാര്‍ട്ടി പള്ളികള്‍ ഉണ്ടാക്കിയും മത ബോധമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാനും ഉതകുന്ന രീതിയില്‍ വിദ്യാഭ്യാസ സംവിധാനങ്ങളെ പരിഷ്‌കരിച്ചും തുര്‍ക്കിയുടെ നഷ്ട പ്രതാപം തിരിച്ചു പിടിക്കുകയാണ്.
തുര്‍ക്കിയിലെ വിദ്യാര്‍ഥികള്‍ക്ക് മുഖ്യമായും മതം പഠിക്കാനുള്ള സാഹചര്യമുണ്ടാകുന്നത് ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള സ്‌കൂള്‍ വെക്കേഷന്‍ സമയങ്ങളിലാണ്. ഖുര്‍ആന്‍ പാരായണ പാഠങ്ങള്‍, അറബി ഭാഷാ പഠനങ്ങള്‍, കര്‍മശാസ്ത്ര വിശദീകരണങ്ങള്‍ ഇവയൊക്കെയാണ് നടക്കാറുള്ളത്. നമ്മുടെ കേരളത്തിലുള്ളത് പോലുള്ള ശാസ്ത്രീയവും പ്രായോഗികവുമായ മദ്‌റസ സംവിധാനങ്ങളൊന്നും അവിടെ കാണുക സാധ്യമല്ല.
ഈ പഠന കാലയളവിന്റെ ക്രിയാത്മകത വര്‍ധിപ്പിക്കാനാണ് കൊന്‍യ മെട്രോപൊളിറ്റന്‍ മുനിസിപ്പാലിറ്റി ‘സൈക്കിള്‍’ വാഗ്ദാനവുമായി രംഗത്ത് വന്നിരിക്കുന്നത്. സുബ്ഹ് നിസ്‌കാരത്തിനു കുട്ടികളെ തനിച്ചു വിടാന്‍ മടിക്കുന്ന രക്ഷിതാക്കളും പള്ളിയില്‍ വരാനുള്ള സാഹചര്യം ഇതുമൂലമുണ്ടായി. ഒരു വെടിക്കു രണ്ടു പക്ഷി.
ഇങ്ങനെ കുട്ടികളുടെ ഇളം മനസില്‍ മതബോധം ഉണ്ടാക്കുന്ന ചില നല്ല രീതികള്‍ ഒരുപാട് തുര്‍ക്കിയില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്.
നിസ്‌കാര ശേഷം പതിവായി കണ്ടു വരുന്ന സുന്ദരവും ആകര്‍ഷകവുമായ ശൈലിയിലും ശബ്ദ വിന്യാസത്തിലുമുള്ള തസ്ബീഹുകള്‍ക്കു ഇവിടെ കൊച്ചു കുട്ടികള്‍ നേതൃത്വം നല്‍കുന്നത് കാണാം. സുബ്ഹ്, ഇശാഅ് നിസ്‌കാരങ്ങള്‍ക്കു ശേഷം യഥാക്രമം സൂറത്തുല്‍ ഹശ്‌റിലെയും സൂറത്തുല്‍ ബഖറയിലെയും അവസാന ആയത്തുകള്‍ പാരായണം ചെയ്യുന്ന ഒരു സമ്പ്രദായമുണ്ടിവിടെ. ചില മിടുക്കരായ വിദ്യാര്‍ഥികള്‍ ഇതിനും നേതൃത്വം കൊടുക്കുന്നതായി കാണാം.
ഏറെ കൗതുകമുണ്ടാക്കിയ മറ്റൊരു കാര്യമാണ് ചില പള്ളികളില്‍ കൊച്ചു കുട്ടികള്‍ക്കായുള്ള കളിസ്ഥലം. ഉപ്പയോടൊപ്പം പള്ളിയില്‍ വന്നു നിസ്‌കാരം കഴിയുന്നത് വരെ കളികളില്‍ മുഴുകിയിരിപ്പുണ്ടാവും ചില കുട്ടികള്‍. ലേഖകന്‍ താമസിക്കുന്ന മെറാം മുനിസിപ്പാലിറ്റി പള്ളിയിലെ ഇമാം സെയ്ദ് ഹോജ തന്റെ നാലര വയസുള്ള മകള്‍ എമിനെ ഇഖ്‌റയെയും കൂട്ടിയാണ് ചിലപ്പോള്‍ പള്ളിയില്‍ വരാറുള്ളത്. നിസ്‌കാര ശേഷം പ്രാര്‍ഥിക്കാനാവുമ്പോള്‍ ഉപ്പയുടെ മടിയില്‍ ചെന്നിരിക്കും എമിനെ ഇഖ്‌റ. പ്രാര്‍ഥന കഴിഞ്ഞാല്‍ ‘ സറ്ക്’ (തുര്‍ക്കി ഇമാമുമാര്‍ നിസ്‌കാരത്തില്‍ ധരിക്കുന്ന പ്രത്യേക തരംതൊപ്പി) തിരിച്ചു റൂമില്‍ കൊണ്ടുവയ്ക്കുന്നത് അവളാണ്.
പള്ളിയും കുട്ടികളും തമ്മിലുള്ള ബന്ധം അടയാളപ്പെടുത്തുന്ന ഒട്ടനവധി ചരിത്ര സംഭവങ്ങള്‍ നമുക്ക് പ്രവാചക ജീവിതത്തിലും കാണാന്‍ സാധിക്കും.
പേരക്കുട്ടികളായ ഹസന്‍, ഹുസൈന്‍ സന്തതികളിലൊരാളെ എടുത്തുകൊണ്ട് പ്രവാചകര്‍(സ) പള്ളിയിലേക്ക് കടന്നു വന്നു. പേരക്കുട്ടിയെ അരികത്താക്കി നിസ്‌കാരം തുടര്‍ന്ന പ്രവാചകര്‍ (സ) സുജൂദിലേക്ക് പ്രവേശിച്ചതും പേരക്കുട്ടി അവിടത്തെ ചുമലില്‍ കയറി ഇരുന്നു. പതിവിനു വിപരീതമായി സുജൂദ് അല്‍പം ദീര്‍ഘിക്കുകയും ചെയ്തു. നിസ്‌കാര ശേഷം സുജൂദിന്റെ ദൈര്‍ഘ്യത്തെക്കുറിച്ചു വിശദീകരണമാരാഞ്ഞ അനുചരന്മാരോട് അവിടുന്ന് പറഞ്ഞുവത്രേ. എന്റെ മകന്‍ പുറത്തു കയറി ഇരുന്നത് കൊണ്ട് അല്‍പം കൂടി കളിക്കട്ടെ എന്ന് കരുതി ഞാന്‍ സാവകാശം ചെയ്യുകയായിരുന്നു. പേരമകള്‍ ഉമാമയെ പ്രവാചകര്‍(സ) വഹിച്ചു നിസ്‌കരിച്ചതായും സുജൂദിന്റെ സമയം താഴെ ഇറക്കിയതായും സുജൂദില്‍നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ എടുത്തുയര്‍ത്തിയതായും ഹദീസില്‍ കാണാം.
ഈ ഒരു മാതൃകയായിരിക്കണം നാമും പിന്‍പറ്റേണ്ടത്. പള്ളിയില്‍ വരുന്ന കുട്ടികള്‍ നമ്മുടെ പെരുമാറ്റ ദൂഷ്യം കാരണം പള്ളിയെയോ പള്ളിയുമായി ബന്ധപ്പെട്ട സംസ്‌കാരങ്ങളെയോ വെറുക്കുന്ന ഒരു സാഹചര്യമുണ്ടാവരുത്.
തുര്‍ക്കി സംഗീതജ്ഞനായിരുന്ന ജെം കറാജെക്ക് പള്ളിയില്‍വച്ച് ഏഴാം വയസില്‍ നേരിട്ട ഒരു ദുരനുഭവം എര്‍ജിയെസ് യൂനിവേഴ്‌സിറ്റിയിലെ പ്രൊഫ. ഡോ. മുഹമ്മദ് ഷെവ്കി ആയ്ദിന്‍ തന്റെ ഒരു ലേഖനത്തില്‍ എഴുതുന്നുണ്ട്. പള്ളിയിലിരക്കേ മുട്ടിനു ചെറുതായി വേദന വന്നപ്പോള്‍ കാലു നീട്ടിവച്ച ജെം കറാജെയുടെ കാല്‍ അടുത്തുള്ള ഒരു വയോധികന്റെ കാലില്‍ തട്ടി. ക്രുദ്ധനായ അയാള്‍ പരുഷ ഭാഷയില്‍ പറഞ്ഞത്രേ: ‘നാണമില്ലേ …അല്ലാഹുവിന്റെ ഭവനത്തില്‍ ഇങ്ങനെ കാലു നീട്ടിയിരിക്കാന്‍. എണീറ്റ് പോ ഇവിടുന്ന്’. പള്ളിയില്‍നിന്ന് ഇറങ്ങിയ ജെം കറാജെ തിരിച്ചു വീണ്ടും പള്ളിയില്‍ കയറിയത് തന്റെ എഴുപതാം വയസിലായിരുന്നത്രെ.
തുര്‍ക്കിയിലെ മുന്‍ മതകാര്യ വിഭാഗം മേധാവി പ്രൊഫ. ഡോ. മെഹ്മത് ഗോര്‍മെസിന്റെ പ്രശസ്തമായ ഒരു വാചകമുണ്ട്. ‘ജമാഅത്തോട് കൂടി നിസ്‌കാരം നിര്‍വഹിക്കവെ പിറകില്‍നിന്ന് പിഞ്ചു മക്കളുടെ ചിരിക്കുന്ന ശബ്ദം കേള്‍ക്കുന്നില്ലെങ്കില്‍ വരും തലമുറയുടെ കാര്യത്തില്‍ നിങ്ങള്‍ ആശങ്കപ്പെടേണ്ടതുണ്ട്. ആരാധനാലയവുമായി ബന്ധപ്പെട്ട മോശമായ ഒരു അനുഭവവും നാം കാരണം നമ്മുടെ കുട്ടികള്‍ അനുഭവിക്കാന്‍ ഇടവരാതിരിക്കട്ടെ’.

( തുര്‍ക്കി സെല്‍ജൂക് യൂനിവേഴ്‌സിറ്റി
ഗവേഷണ വിദ്യാര്‍ഥിയാണ് ലേഖകന്‍)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.