2018 September 18 Tuesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഗസ്സ വെടിവയ്പ്പ്: പുറത്താക്കിയ ഇസ്‌റാഈല്‍ അംബാസറെ ഷൂ അഴിച്ച് പരിശോധിച്ച് തുര്‍ക്കി, ടി.വിയിലൂടെ വീഡിയോയും പുറത്തുവിട്ടു

അങ്കാറ: ഗസ്സയില്‍ പ്രതിഷേധം നടത്തിയവര്‍ക്കു നേരെ വെടിയുതിര്‍ത്ത് 60 ഫലസ്തീനികളെ കൊന്ന ഇസ്‌റാഈല്‍ നടപടിയില്‍ ശക്തമായ അമര്‍ഷം അറിയിച്ച് തുര്‍ക്കി. പ്രതിഷേധത്തിന്റെ ഭാഗമായി പുറത്താക്കിയ ഇസ്‌റാഈല്‍ അംബാസഡര്‍മാരെ ഇസ്താംബൂള്‍ അതാതുര്‍ക്ക് വിമാനത്താവളത്തില്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. ഷൂ അഴിപ്പിച്ചും മറ്റും സാധാരണ പൗരന്മാരെ പരിശോധിക്കുന്നതിലും കര്‍ശനമായാണ് ഇവരെ ചെയ്തത്. ഇതിന്റെ വീഡിയോ എടുത്ത് പുറത്തുവിടുകയും ചെയ്തു.

തങ്ങളുടെ അംബാസഡര്‍ക്കു നേരെ അനുചിതമായ പെരുമാറ്റമാണ് തുര്‍ക്കി നടത്തിയതെന്ന് ഇസ്‌റാഈല്‍ പ്രതിഷേധം അറിയിച്ചു. തുര്‍ക്കി ടി.വിയിലൂടെ വീഡിയോ പുറത്തുവിട്ടതിനു പിന്നാലെയാണ് ഇസ്‌റാഈലിന്റെ പ്രതികരണം.

ഗസ്സയില്‍ വെടിവയ്പ്പ് നടന്നതിനു പിന്നാലെ, തുര്‍ക്കി വിടുന്നതാണ് നല്ലതെന്ന് ഇസ്‌റാഈല്‍ അംബാസഡര്‍ അയ്താന്‍ നാവേയോട് പറഞ്ഞിരുന്നു. കൂടാതെ, ഇസ്‌റാഈലിലും യു.എസിലുമുള്ള തങ്ങളുടെ അംബാസഡര്‍മാരെ തുര്‍ക്കി തിരിച്ചുവിളിക്കുകയും ചെയ്തു.

ജറുസലമില്‍ യു.എസ് എംബസി തുറക്കുന്ന സമയത്ത് പ്രതിഷേധം നടത്തിയ ഫലസ്തീനികള്‍ക്കു നേരെയാണ് ഇസ്‌റാഈല്‍ സൈന്യം വെടിവയ്പ്പും ആക്രമണവും നടത്തിയത്. സംഭവത്തില്‍ ലോകരാജ്യങ്ങള്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥര്‍, എംബസി ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പമാണ് നാവേ അതാതുര്‍ക്ക് വിമാനത്താവളത്തിലെത്തിയത്. ഇവരെ എല്ലാവരെയും ഷൂ അഴിപ്പിച്ചും മറ്റും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി.

ഇസ്‌റാഈലില്‍ അറബ് യാത്രക്കാര്‍ക്ക് കര്‍ശന പരിശോധന നേരിടേണ്ടി വരുന്നുവെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.