2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കശ്മീരിലെ സ്ഥിതി സ്‌ഫോടനാത്മകം, തനിക്ക് പലതും ചെയ്യാന്‍ കഴിയും; അതിനാല്‍ താന്‍ മധ്യസ്ഥനാവാമെന്ന് ട്രംപ്

 
ഫ്രാന്‍സിലെ കൂടിക്കാഴ്ചയില്‍ മധ്യസ്ഥ ഓഫര്‍ ട്രംപ് മുന്നോട്ടുവച്ചാല്‍ മോദിയുടെ പ്രതികരണം എന്താവും?

 

വാഷിങ്ടണ്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവികള്‍ എടുത്തുകളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ചതിനെത്തുടര്‍ന്ന് ഇന്ത്യക്കും പാകിസ്താനും ഇടയില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരിക്കെ വിഷയത്തില്‍ ഒരിക്കലൂടെ മധ്യസ്ഥതയ്ക്ക് തയാറാണെന്ന് അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യക്കും പാകിസ്താനും ഇടയില്‍ ഘോരമായ പ്രശ്‌നങ്ങളാണ് നിലനില്‍ക്കുന്നത്. അതിനാല്‍ എനിക്ക് ഇക്കാര്യത്തില്‍ പലതും ചെയ്യാനാവും. ഞാന്‍ മധ്യസ്ഥത വഹിക്കാം- ട്രംപ് പറഞ്ഞു. ഏതാനും സമയം മുന്‍പ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ സ്‌ഫോടനാത്മകമാണെന്നു വിശേഷിപ്പിച്ച ട്രംപ്, വിഷയത്തില്‍ ഒരിക്കല്‍ കൂടി മധ്യസ്ഥചര്‍ച്ചയ്ക്ക് സന്നദ്ധനാണെന്ന് അറിയിക്കുകയായിരുന്നു.

മേഖലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ട്രംപ് പറഞ്ഞു. മേഖലയില്‍ എനിക്ക് പലതും ചെയ്യാന്‍ കഴിയും. കശ്മീര്‍ ഒരു സങ്കീര്‍ണ പ്രദേശമാണ്. നിങ്ങള്‍ക്ക് ഹിന്ദുക്കള്‍ ഉണ്ട്. അതുപോലെ മുസ്‌ലിംകളും ഉണ്ട്. എന്നാല്‍, അവര്‍ ഒരുപോലെ നല്ല നിലയില്‍ പോവുമെന്ന് എനിക്ക് പറയാന്‍ കഴിയില്ല. ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ നരേന്ദ്രമോദിയുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇക്കാര്യങ്ങളെല്ലാം ഉയര്‍ന്നുവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതോടെ ഉച്ചകോടിക്കിടെയുള്ള മോദി- ട്രംപ് ചര്‍ച്ചയില്‍ കശ്മീരും മധ്യസ്ഥതയും പ്രധാനവിഷയമാവുമെന്ന് ഉറപ്പായി. മധ്യസ്ഥ ചര്‍ച്ചയ്ക്ക് ട്രംപ് സന്നദ്ധത അറിയിച്ചാല്‍ മോദി ഏതു വിധത്തില്‍ പ്രതികരിക്കുമെന്നതിനും പ്രാധാന്യമുണ്ട്.

നേരത്തെ കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സഹായം അഭ്യര്‍ത്ഥിച്ചെന്ന ട്രംപിന്റെ പ്രസ്താവന വിവാദമായിരുന്നു. കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷിയുടെ ഇടപെടലിനെ നിരാകരിച്ചുവരുന്നതാണ് ഇന്ത്യയുടെ നയം. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടുകള്‍ക്കു വിരുദ്ധമായ മോദിയുടെ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നതിന് പിന്നാലെ, ട്രംപിനോട് മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഒരിക്കല്‍ കൂടി മധ്യസ്ഥത ചര്‍ച്ചയില്‍ ട്രംപ് ഇടപെടുന്നത്.

വിഷയം രാജ്യാന്തര കോടതിയിലേക്ക് പാകിസ്താന്‍ വലിച്ചിഴക്കാന്‍ തീരുമാനിക്കുകയും രാജ്യത്തിന്റെ ആഭ്യന്തരകാര്യമാണ് കശ്മീരെന്ന് ഇന്ത്യ ആവര്‍ത്തിക്കുകയും ചെയ്തതിന് പിന്നാലെയാണ് ട്രംപിന്റെ നടപടിയെന്നതും ശ്രദ്ധേയമാണ്. കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്ര നീതിന്യായ കോടതിയിലെത്തിക്കുമെന്ന് ഇന്നലെ പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേശിയാണ് പറഞ്ഞത്. എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷമാണ് ഇതിനൊരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭയില്‍ ഇതുസംബന്ധിച്ച് തത്വത്തില്‍ തീരുമാനമായതായും ജമ്മുകശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ നിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നും പാക് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

കശ്മീരില്‍ ഇന്ത്യ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ യു.എന്‍ രക്ഷാസമിതി മുമ്പാകെ ചൈനയുടെ സഹായത്തോടെ പാകിസ്താന്‍ കശ്മീര്‍ വിഷയം ചര്‍ച്ചയ്‌ക്കെത്തിച്ചെങ്കിലും ചൈനയൊഴികെ ഒരു രാജ്യവും പാക് പക്ഷം ചേര്‍ന്ന് സംസാരിച്ചിരുന്നില്ല. ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കട്ടെ എന്ന നിലപാടാണ് യു.എസ്, ഫ്രാന്‍സ്, ബ്രിട്ടന്‍, റഷ്യ എന്നീ രക്ഷാമസിമിതിയിലെ മറ്റ് സ്ഥിരാംഗങ്ങള്‍ സ്വീകരിച്ചത്. രക്ഷാസമിതി കൈവിട്ടതോടെയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാന്‍ പാകിസ്താന്‍ ഒരുങ്ങിയത്.

അതേസമയം, കശ്മീര്‍ രാജ്യത്തിന്റെ ആഭ്യന്തരകാര്യമാണെന്ന് ഇന്ത്യ ഇന്നലെയും ആവര്‍ത്തിച്ചു. യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറുമായുള്ള ടെലഫോണ്‍ സംഭാഷണത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കശ്മിര്‍ പ്രശ്‌നം ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയ കക്ഷി ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടത്. അതിന് മറ്റൊരു കക്ഷിയുടെ ആവശ്യമില്ല. ജമ്മുകശ്മിരിന് നല്‍കിയിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി തീര്‍ച്ചയായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അത് ഒരു സ്വതന്ത്ര രാജ്യത്തിന്റെ പരമാധികാരത്തില്‍ വരുന്ന വിഷയമാണെന്നും രാജ്‌നാഥ് സിങ് സംഭാഷണത്തില്‍ വ്യക്തമാക്കി.

ഇന്ത്യയുടെ നിലപാടിനെ മാര്‍ക് എസ്പര്‍ അനുകൂലിച്ചതായാണ് റിപ്പോര്‍ട്ട്. കശ്മിരിന്റെ കാര്യം കേവലം ഉഭയ കക്ഷി പ്രശ്‌നമാണെന്നും ഇക്കാര്യത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്ന നിലപാടാണ് യു.എസിനുള്ളതെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം. ടെലഫോണ്‍ സംഭാഷണത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധകാര്യങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നു. മേഖലയിലെ സുരക്ഷയെ സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി പ്രധാനമന്ത്രി മോദി സംസാരിച്ചതിനു പിന്നാലെയാണ് രാജ്‌നാഥ് സിങും മാര്‍ക് എസ്പറും തമ്മിലുള്ള സംഭാഷണം. തിങ്കളാഴ്ച രാത്രിയാണ് നരേന്ദ്രമോദിയുമായും ഇമ്രാന്‍ഖാനുമായും ട്രംപ് ടെലഫോണില്‍ സംസാരിച്ചത്. ട്രംപുമായുള്ള സംഭാഷണിത്തിനിടെ പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ഇന്ത്യാവിരുദ്ധ നീക്കങ്ങള്‍ നരേന്ദ്ര മോദി, ട്രംപിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പിന്നാലെ ഇമ്രാനുമായി സംസാരിച്ച ട്രംപ്, കശ്മീര്‍ പ്രശ്‌നത്തില്‍ പ്രകോപനപരമായ പ്രസ്താവനകളുണ്ടാവാതെ സൂക്ഷിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്നും ട്രംപ് ഇരുനേതാക്കളോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

Trump Talks Mediation On Kashmir Again, Says Lot To Do With Religion #370 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.