2020 February 20 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മോദിയുമായും ഇമ്രാന്‍ഖാനുമായും ടെലഫോണില്‍ സംസാരിച്ച് ട്രംപ്; സംഘര്‍ഷാവസ്ഥ കുറയ്ക്കാന്‍ ഇരുവരോടും അഭ്യര്‍ത്ഥന

 

വാഷിങ്ടണ്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവികള്‍ എടുത്തുകളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ചതിനെത്തുടര്‍ന്ന് ഇന്ത്യക്കും പാകിസ്താനും ഇടയില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരിക്കെ ഇരുരാഷ്ട്രങ്ങളുടെയും നേതാക്കളെ ടെലഫോണില്‍ വിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെ രാത്രിയോടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും സംസാരിച്ച ട്രംപ്, ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നിലവിലെ സംഘര്‍ഷ സാഹചര്യം ലഘൂകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇരുരാഷ്ട്രങ്ങളുടെയും നേതാക്കളുമായി പ്രസിഡന്റ് സംസാരിച്ചതായി വൈറ്റ് ഹൗസ് വക്താവ് ഹോഗന്‍ ഗിഡ്‌ലെ പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാര, വാണിജ്യ, സാമ്പത്തിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും സംസാരത്തില്‍ ചര്‍ച്ചയായതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.

ട്രംപുമായുള്ള സംഭാഷണിത്തിനിടെ പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ഇന്ത്യാവിരുദ്ധ നീക്കങ്ങള്‍ നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഭീകരവാദവും ആക്രമണങ്ങളുമില്ലാത്ത പരിതസ്ഥിതി സൃഷ്ടിക്കേണ്ടത് പ്രധാനമാണെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിച്ചാല്‍ മാത്രമേ സമാധാനം സാധ്യമാകുവെന്നും മോദി പറഞ്ഞു. ഇന്ത്യയ്‌ക്കെതിരായ ആക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലയില്‍ മേഖലയിലെ ചില നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ സമാധാനം നിലനിര്‍ത്തുന്നതിനു യോജിച്ചതല്ല. പട്ടിണിയും നിരക്ഷരതയും രോഗങ്ങളും നേരിടാന്‍ ആരുമായും സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഭീകരതയോടു വിട്ടുവീഴ്ച്ചയുണ്ടാകില്ല- മോദി പറഞ്ഞു. ഇന്ത്യയെ വാണിജ്യപരിഗണനാപട്ടികയില്‍ നിന്ന് അമേരിക്ക നീക്കിയതിനു പിന്നാലെ ഇരുരാജ്യങ്ങള്‍ക്കും ഇടയിലുണ്ടായ വാണിജ്യതര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.

30 മിനിറ്റ് ഇരുനേതാക്കളും ഫോണില്‍ സംസാരിച്ചു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തകളഞ്ഞ ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഇതാദ്യമായാണ് ഇന്ത്യാന്‍ പ്രധാനമന്ത്രിയുമായി സംസാരിക്കുന്നത്.

മോദിയുമായി സംസാരിച്ച ശേഷമാണ് ട്രംപും ഇമ്രാനും ഫോണില്‍ സംഭാഷണം നടത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി കശ്മീരില്‍ കര്‍ഫ്യൂ തുടരുകയാണെന്നും നിരവധി നേതാക്കള്‍ അറസ്റ്റിലാണെന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അദ്ദേഹം ട്രംപിനെ അറിയിച്ചതായി പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേശി പറഞ്ഞു. രാജ്യാന്തര നിയമങ്ങള്‍ ഇന്ത്യ ഉയര്‍ത്തിപ്പിടിക്കണമെന്നും ഖാന്‍ ട്രംപിനോട് ആവശ്യപ്പെട്ടു.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തകളഞ്ഞ ഇന്ത്യയുടെ നീക്കത്തിനെതിരെ യു.എന്‍ രക്ഷാസമിതി അടിയന്തരമായി ഇടപെടണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്തുണതേടി ഇമ്രാന്‍ ഖാന്‍, ട്രംപിനെ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമേരിക്ക അനുകൂല നിലപാട് സ്വീകരിക്കുകയുണ്ടായില്ല.

Trump stresses need to reduce India-Pakistan tension in phone calls to PM Imran, Modi #kashmir 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.