2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കശ്മീരിന്റെ പേരില്‍ ഇന്ത്യാ- യു.എസ് തര്‍ക്കം, നരേന്ദ്രമോദി തന്റെ മധ്യസ്ഥത തേടിയെന്ന് ട്രംപ്, നിഷേധിച്ച് ഇന്ത്യ; വിദേശനയം മാറ്റിയോയെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: കശ്മീര്‍ പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട് ഇന്ത്യക്കും അമേരിക്കക്കും ഇടയില്‍ പുതിയ തര്‍ക്കം. പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മധ്യസ്ഥത തേടിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിക്കുകയും ഇന്ത്യ അതുനിഷേധിക്കുകയും ചെയ്തതാണ് പുതിയ വിവാദം. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കഴിഞ്ഞദിവസം വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ്, കശ്മീര്‍ പ്രശ്‌നത്തില്‍ അമേരിക്കയ്ക്ക് ഇടപെടാന്‍ കഴിഞ്ഞേക്കുമെന്ന് ട്രംപ് പ്രതികരിച്ചത്. കശ്മീര്‍ വിഷയം മോദി തന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നെന്നും പ്രശ്‌നത്തില്‍ മധ്യസ്ഥനാകുന്നതില്‍ മോദിക്ക് എതിര്‍പ്പില്ലെന്നാണു കരുതുന്നതെന്നുമാണു ട്രംപ് പറഞ്ഞത്.

അത്തരത്തില്‍ യാതൊരു അഭ്യര്‍ഥനയും ട്രംപിനോടു മോദി നടത്തിയിട്ടില്ലെന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ‘ഇന്ത്യയും പാക്കിസ്ഥാനും ആവശ്യപ്പെട്ടാല്‍ കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്നു യു.എസ് പ്രസിഡന്റ് പറഞ്ഞതായി കണ്ടു. അങ്ങനെയൊരു ആവശ്യമോ അഭ്യര്‍ഥനയോ പ്രധാനമന്ത്രി മോദി നടത്തിയിട്ടില്ല. പാക്കിസ്ഥാനുമായുള്ള എല്ലാ വിഷയങ്ങളും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര വിഷയമാണ്. ഇക്കാര്യത്തില്‍ മൂന്നാംകക്ഷി മധ്യസ്ഥതയുടെ ആവശ്യമില്ലെന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്’- വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

ട്രംപിനോടു മധ്യസ്ഥത വഹിക്കാന്‍ മോദി ആവശ്യപ്പെട്ടിട്ടില്ലെന്നും നിലപാടില്‍ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു. പാക്കിസ്ഥാനുമായുള്ള എല്ലാ ചര്‍ച്ചകള്‍ക്കും ഷിംല, ലഹോര്‍ കരാറുകളാണ് അടിസ്ഥാനമാക്കുന്നത്. ചര്‍ച്ചകള്‍ പുരോഗമിക്കണമെങ്കില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ 50 നാളുകള്‍ പൂര്‍ത്തിയാക്കിയ ദിവസം തന്നെ കശ്മീര്‍ വിഷയത്തിലെ ട്രംപിന്റെ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. സപ്തംബറില്‍ മോദിയുടെ യു.എസ് സന്ദര്‍ശനത്തിനു മുന്നോടിയായി ട്രംപും പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും തമ്മിലുള്ള കൂടിക്കാഴ്ചയെ സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു ഇന്ത്യ. ഇമ്രാന്‍ ഖാന്‍ യു.എസില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുകയുമാണ്. അതിനിടെയാണ് മധ്യസ്ഥനാകാന്‍ മോദി അഭ്യര്‍ഥിച്ചെന്ന ട്രംപിന്റെ പ്രസ്താവന വന്നത്. കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ വേണ്ടെന്നതാണ് ഇന്ത്യയുടെ എക്കാലത്തെയും നിലപാട്. എന്നാല്‍, ട്രംപിന്റെ അവകാശവാദം ഇന്ത്യയുടെ ഈ നിലപാടിന് വിരുദ്ധമായിരുന്നു. ഇത് പാകിസ്താന്‍ ആയുധമാക്കിയേക്കുമെന്ന വ്യാഖ്യാനം ഉയര്‍ന്നതിന് പിന്നാലെയാണ് നിഷേധക്കുറിപ്പുമായി വിദേശകാര്യമന്ത്രാലയം രംഗത്തുവന്നത്.

ട്രംപിന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷവും ആയുധമാക്കുകയുണ്ടായി. വിഷയത്തില്‍ മോദി വിദേശസഹായം തേടിയതു രാജ്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല കുറ്റപ്പെടുത്തി. ട്രംപിനെ മോദി തള്ളുമോയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും നയം മാറിയോയെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ലയും ചോദിച്ചു. പ്രധാനമന്ത്രി തന്നെ വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തതോടെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെടുമെന്ന് ഉറപ്പായി.

പിന്നാലെ, കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചര്‍ച്ചയാണ് വേണ്ടതെന്ന വിശദീകരണവുമായി അമേരിക്ക രംഗം മയപ്പെടുത്തി.

Trump says PM Modi asked him to mediate in Kashmir dispute, India denies claim


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News