2019 February 21 Thursday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

സമാധാനത്തുടക്കത്തിന്റെ 12 സെക്കന്റ്; സിംഗപ്പൂരില്‍ പകയകന്ന ചരിത്രസാക്ഷ്യം

രണ്ടാംഘട്ട ചര്‍ച്ച തുടങ്ങി; ആദ്യ ചര്‍ച്ച ഫലപ്രദമെന്ന് ട്രംപ്‌

സിംഗപ്പൂര്‍: അറുപത്തിയഞ്ചു വര്‍ഷത്തെ കടുത്ത വിദ്വേഷം ആ 12 സെക്കന്റ് നേരത്തേക്ക് അലിഞ്ഞില്ലാതായി. രാവിലെ 6.30നു സാന്റോസ ദ്വീപിലെ കാപെല്ല ഹോട്ടലില്‍ ലോകസമാധാനം പുതിയ അധ്യായം രചിച്ചു. ചരിത്രനിമിഷങ്ങള്‍ക്ക് സാക്ഷിയെന്നോണം അമേരിക്കയുടേയും ഉത്തരകൊറിയയുടേയും പതാകകള്‍ തൊട്ടുരുമ്മി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ആദ്യമായി നേരിട്ടുകണ്ടു. ഏറ്റുമുട്ടലിന്റെ കനത്ത വാക്കുകളെറിഞ്ഞ ആ ചുണ്ടുകളില്‍ പുഞ്ചിരി പടര്‍ന്നു. 12 സെക്കന്റ് നീണ്ട ഹസ്തദാനം. പിന്നെ ചിലതു മന്ത്രിച്ചു.

ട്രംപ്: ഗംഭീരം, നമ്മള്‍ ഒരു വലിയ ചര്‍ച്ചയ്ക്ക് തുടക്കമിടുകയാണ്. വന്‍ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു. എനിക്ക് അഭിമാനമുണ്ട്, ചര്‍ച്ച വിജയിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഉന്‍: ഇവിടംവരെ എത്തിയ വഴികള്‍ അത്ര എളുപ്പമല്ല. പഴയ ചെയ്തികളും ദുരാഗ്രഹവും നമ്മുടെ വഴിയില്‍ ഒരുപാടു തടസ്സങ്ങള്‍ ഉണ്ടാക്കി. എന്നാല്‍ അതു തരണം ചെയ്ത് നമ്മള്‍ ഇവിടെ എത്തി.

പിന്നെ ചര്‍ച്ചയ്ക്കായി ഹോട്ടലിലെ ലൈബ്രറി ഹാളിലേക്ക്. ഫോണിലൂടെപോലും ഒരിക്കലും സംസാരിച്ചിട്ടില്ലാത്ത ഇരുവരും നാലുമീറ്റര്‍ നീളമുള്ള മേശയ്ക്കപ്പുറവും ഇപ്പുറവും ഇരുന്നു. ഇരു രാജ്യങ്ങളുടേയും വിദ്വേഷത്തോളം പഴക്കമുള്ള ആ മേശ മുന്‍പ് സിംഗപ്പൂര്‍ ചീഫ് ജസ്റ്റിസ് ഉപയോഗിച്ചിരുന്നതാണ്. മാധ്യമങ്ങള്‍ ആ ചരിത്രനിമിഷം ഒപ്പിയെടുക്കാന്‍ തിരക്കുകൂട്ടി.


ട്രംപ്- ഉന്‍ കൂടിക്കാഴ്ചയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം


അടച്ചിട്ട മുറിയില്‍ ഇരുനേതാക്കളും പരിഭാഷകരും മാത്രമായിരുന്നു ആദ്യ ചര്‍ച്ചയില്‍. വണ്‍-ഓണ്‍-വണ്‍ ചര്‍ച്ചയ്ക്കു ശേഷം സംഘാംഗങ്ങളും കൂടിയുള്ള രണ്ടാംഘട്ട ചര്‍ച്ച.

വണ്‍-ഓണ്‍-വണ്‍ മീറ്റിംഗ് ഫലപ്രദമെന്ന് 45 മിനുട്ട് നേരത്തെ ആദ്യ ചര്‍ച്ചയ്ക്കു ശേഷം ട്രംപ് പറഞ്ഞു.

ഉപദേഷ്ടാവിന് ഹൃദയാഘാതം

ട്രംപിന്റെ മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് ലെറി കഡ്‌ലോയ്ക്ക് ഹൃദയാഘാതം. ചര്‍ച്ച തുടങ്ങുന്നതിനു മുന്‍പായിരുന്നു സംഭവം. ഉടന്‍ അദ്ദേഹത്തെ വാള്‍ട്ടര്‍ റിഡ് മിലിറ്ററി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ട്രംപ് തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.


 


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.