2018 December 14 Friday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

ഞങ്ങള്‍ ഇനിയും കാണും, പലതവണ കാണും; ലോകസമാധാനത്തിലേക്ക് ചുവടുവച്ച് ട്രംപും കിമ്മും

കൊറിയന്‍ ഉപദ്വീപില്‍ സമ്പൂര്‍ണ ആണവനിരായുധീകരണം

സിംഗപ്പൂര്‍: ലോകം കാത്തിരുന്ന മുഹൂര്‍ത്തത്തിനു സിംഗപ്പൂരില്‍ സമാപനം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും പങ്കെടുത്ത ഉച്ചകോടി അവസാനിച്ചു. സമാധാനത്തിലേക്ക് ഒരു ചുവടുകൂടി വച്ച്, പരസ്പരം കൈകൊടുത്ത് ഇരുവരും പിരിഞ്ഞു.

തുടര്‍ചര്‍ച്ചകളും ആണവനിരായുധീകരണവും സമാധാനവും ഉറപ്പുനല്‍കുന്ന ധാരണാപത്രത്തില്‍ ഇരുവരും ഒപ്പുവച്ചു. ആദ്യഘട്ട വണ്‍-ഓണ്‍-വണ്‍ ചര്‍ച്ചയ്ക്കു ശേഷം നയതന്ത്ര പ്രതിനിധികളുമായി നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയ്്ക്കു ശേഷമാണ് കരാര്‍ ഒപ്പുവച്ചത്. ധാരണാപത്രത്തിലെ വിശദാംശങ്ങള്‍ ലഭ്യമല്ല.


 

ട്രംപ്- ഉന്‍ കൂടിക്കാഴ്ചയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം


ഉത്തര കൊറിയയുമായി നല്ല ബന്ധം എന്നും ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ കാലത്തില്‍നിന്നു വ്യത്യസ്തമായിരിക്കും അത്. ഞങ്ങള്‍ തമ്മില്‍ ഒരു പ്രത്യേക ബന്ധം ഉണ്ടാക്കിയിട്ടുണ്ട്. ലോകത്തെ വലിയ, ശക്തമായ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ഇനി ശ്രമം. ചര്‍ച്ച പ്രതീക്ഷിച്ചതിലും പുരോഗതിയിലെത്തി. ഉത്തര കൊറിയയിലെ ആണവനിരായുധീകരണം ഉടന്‍ ആരംഭിക്കും-ട്രംപ് പറഞ്ഞു.

കിം വളരെ പ്രാഗല്ഭ്യമുള്ളയാളാണ്. തന്റെ രാജ്യത്തെ അദ്ദേഹം നന്നായി സ്‌നേഹിക്കുന്നുവെന്ന് ഞാന്‍ മനസിലാക്കി. ഉന്നിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കും. ഞങ്ങള്‍ ഇനിയും കാണും, പലതവണ കാണും-ട്രംപ് പറഞ്ഞു.

കഴിഞ്ഞ കാലത്തെ പിന്നില്‍ ഉപേക്ഷിക്കുന്നുവെന്നും ഇതു പുതിയ ചരിത്രമാണെന്നും കിം ജോങ് ഉന്‍ പറഞ്ഞു. ലോകത്ത് വലിയൊരു മാറ്റം ഇനി കാണാം. സമാധാനത്തിലേക്കുള്ള ചുവടുവയ്പ്പാണിത്. ട്രംപിന് നന്ദി- കൂടിക്കാഴ്ചയ്ക്കു ശേഷം കിം പറഞ്ഞു.

സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

ആണവനിരായുധീകരണം ലക്ഷ്യം

കൊറിയന്‍ ഉപദ്വീപില്‍ സമ്പൂര്‍ണ ആണവനിരായുധീകരണത്തിനു ശ്രമിക്കുമെന്ന് അമേരിക്ക-ഉത്തര കൊറിയ ധാരണാപത്രം. ഇതിനായി ഉത്തര കൊറിയന്‍ സര്‍ക്കാര്‍ അമേരിക്കയോടൊപ്പം ചേരും. ശാശ്വത സമാധാനത്തിനു ദീര്‍ഘകാല ശ്രമം നടത്തും. കൊറിയന്‍ ഉപദ്വീപിലെ ജനങ്ങളുടെ അഭിവൃദ്ധിക്കും സമാധാനത്തിനും ഒരുമിച്ചു പോരാടുമെന്നും ഇരു രാജ്യങ്ങളും ഒപ്പുവച്ച കരാറില്‍ പറയുന്നു.


Also Read: സമാധാനത്തുടക്കത്തിന്റെ 12 സെക്കന്റ്; സിംഗപ്പൂരില്‍ പകയകന്ന ചരിത്രസാക്ഷ്യം


 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.