2019 February 21 Thursday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

ട്രംപും കിമ്മും കണ്ടുമുട്ടുമ്പോള്‍

അര്‍ശദ് തിരുവള്ളൂര്‍ 9526991939

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി സിംഗപ്പൂരില്‍ ജൂണ്‍ 12ന് നടത്തുന്ന ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം ഉത്തരകൊറിയയുടെ ആണവ നിരായുധീകരണമാണ്. എന്നാല്‍, അമേരിക്കയില്‍ ഉടന്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ തന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് വിജയിക്കാനുള്ള ശ്രമമാണ് കിമ്മുമായുള്ള ഉച്ചകോടിയിലൂടെ ട്രംപ് ലക്ഷ്യമിടുന്നതെന്നും അതല്ല, സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടാനാണെന്നും രാഷ്ട്രീയ വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. ട്രംപിന് നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ സെനറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടത് ഇവിടെ കൂട്ടിവായിക്കാം. ഇനി ആണവ നിരായുധീകരണമാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെങ്കില്‍ നിലവിലെ നിലപാടുകള്‍ രണ്ടാലൊരു രാജ്യം മാറ്റാതെ സാധ്യമല്ല. ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് ഉത്തരകൊറിയയുടെയും യു.എസിന്റെയും നിലപാടുകള്‍ വ്യത്യസ്തമാണെന്ന് ദക്ഷിണകൊറിയയില്‍ സ്ഥിതി ചെയ്യുന്ന കൊറിയന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സെക്യൂരിറ്റി അഫേഴ്‌സ് ഡയറക്ടര്‍ കിം തായ് ജുന്‍ കഴിഞ്ഞ ദിവസം മാധമ്യങ്ങളോട് പറഞ്ഞിരുന്നു. ഘട്ടംഘട്ടമായുള്ള ആണവ നിരായുധീകരണമാണ് ഉത്തരകൊറിയ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍, സമ്പൂര്‍ണമായും ഉടനെയുമുള്ള ആണവ നിരായുധീകരണമാണ് യു.എസിന്റെ ആവശ്യം. തങ്ങളുടെ ആണവ നിരായുധീകരണ നിലപാട് ഉത്തരകൊറിയ അംഗീകരിച്ചില്ലെങ്കില്‍ ഉച്ചകോടിയില്‍ നിന്ന് ഇറങ്ങിപ്പോരുമെന്ന് ട്രംപ് പറഞ്ഞിരുന്നു. 

സമ്പൂര്‍ണ ആണവ നിരായുധീകരണം, ഘട്ടംഘട്ടമായുള്ള നിരായുധീകരണം ഈ വിഷയങ്ങളില്‍ കൃത്യമായ പദ്ധതികളില്ലാതെ ഇരു രാജ്യങ്ങളും മുന്നോട്ടുപോവുന്നത് രാഷ്ട്രീയ വിദഗ്ധര്‍ ആശങ്കയോടെയാണ് വിലയിരുത്തുന്നത്. ആവശ്യമായ പദ്ധതികളോ ആസൂത്രണങ്ങളോ ഇല്ലാതെ പെട്ടെന്നുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കൊറിയന്‍ റിസര്‍ച്ച് സെന്ററിലെ രാഷ്ട്രീയ വിദഗ്ധയായ ലി ഹോ റിങ് വ്യക്തമാക്കി. സമ്പൂര്‍ണ ആണവ നിരായുധീകരണമാണെങ്കില്‍ അതിന്റെ കാലയളവ്, രീതികള്‍ എന്നിവ സംബന്ധിച്ച് കൃത്യമായ തയാറെടുപ്പുകള്‍ നടത്തണം. അടിത്തട്ട് മുതലുള്ള പരിശോധനകളും ആസൂത്രണങ്ങളും നടത്താതെ ഉന്നത നേതൃത്വം മാത്രം ഇടപെട്ടുള്ള നീക്കമാണ് സിംഗപ്പൂരിലെ ഉച്ചകോടിയുമായി ബന്ധപ്പെട്ട് നടന്നത്. പുറമെ വളരെ ഭംഗിയായ ഇതിനെ കാണുമെങ്കിലും നിരവധി പിശകുകള്‍ ഉച്ചകോടിയില്‍ സംഭിവിച്ചേക്കാമെന്ന് ലി ഹോ റിങ് പറഞ്ഞു.
ആണവ നിരായുധീകരണത്തെ ഉത്തരകൊറിയ അംഗീകരിക്കുന്നുണ്ടെന്നാണ് ഉത്തരകൊറിയയിലെ ആണവായുധ നിര്‍മാണകേന്ദ്രങ്ങള്‍ കഴിഞ്ഞ മാസം മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ തകര്‍ത്തതിലൂടെ അറിയിക്കുന്നത്. എന്നാല്‍, മുന്‍കൂട്ടി തയാറാക്കിയ നാടകം മാത്രമായിരുന്നു ഇതെന്ന നിരീക്ഷണവുമുണ്ട്.

ആണവ നിരായുധീകരണത്തിന് അമേരിക്ക മാതൃകയായി ഉയര്‍ത്തിക്കാട്ടുന്നത് ലിബിയന്‍ ഏകാധിപതി ഗദ്ദാഫിയെയാണ്. അല്ലെങ്കില്‍ ഗദ്ദാഫിയുടെ അന്ത്യമായിരിക്കും കിം ജോങ് ഉന്നിനും സംഭവിക്കുകയെന്ന് ഭീഷണിയും യു.എസ് ദേശീയ സുരക്ഷാ ഉപദേശകനായ ജോണ്‍ ബോള്‍ട്ടന്‍ മുഴക്കിയിരുന്നു. 2003ല്‍ ഇറാഖിലെ സദ്ദാം ഭരണകൂടത്തിനെതിരേ യു.എസ് സൈന്യം ആക്രമണം നടത്തിയപ്പോള്‍ അടുത്തത് ലിബിയയിലാവുമെന്ന് ഗദ്ദാഫി ഭയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ആണവായുധങ്ങള്‍ സമ്പൂര്‍ണമായി നശിപ്പിക്കുകയാണെന്ന് ഗദ്ദാഫി പ്രഖ്യാപിച്ചു. രണ്ട് വര്‍ഷത്തിനുള്ള ആയുധങ്ങള്‍ സമ്പൂര്‍ണമായും രാജ്യത്ത് നിന്ന് നീക്കി. ഇതിനെ തുടര്‍ന്ന് ലിബിയയില്‍ ആണവായുധങ്ങളില്ലെന്ന് അന്താരാഷ്ട്ര അന്വേഷണ സംഘം ലിബിയക്ക് സര്‍ട്ടിഫിക്കറ്റും നല്‍കി. ഇതാണ് ലിബിയന്‍ മോഡല്‍ ആണവനിരായുധീകരണം .

എന്നാല്‍, ഇത്തരത്തിലുള്ള സമ്പൂര്‍ണ ആണവ നിരായുധീകരണം ഉത്തരകൊറിയ അംഗീകരിക്കാന്‍ സാധ്യതയില്ല. ജോണ്‍ ബോള്‍ട്ടന്റെ പ്രസ്താവനക്കെതിരേ ഉത്തരകൊറിയ ശക്തമായി പ്രതികരിച്ചത് ഇക്കാരണത്താലായിരുന്നു. ലോകം കൊട്ടിഘോഷിക്കുന്ന കിം ജോങ് ഉന്‍, ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ചയില്‍ സമ്പൂര്‍ണ ആണവ നിരായുധീകരണം ഉത്തരകൊറിയ അംഗീകരിച്ചില്ലെങ്കില്‍ മൂന്നാം ലോക യുദ്ധമൊന്നും നടക്കാന്‍ സാധ്യതയില്ല. ചൈനയുമായും റഷ്യയുമായും ഉത്തരകൊറിയ പുലര്‍ത്തുന്ന ശക്തമായ ബന്ധം തിരിച്ചറിഞ്ഞ് അത്തരത്തിലുള്ള തീരുമാനത്തില്‍ നിന്ന് ട്രംപ് പിന്‍മാറിയേക്കാം. എന്നാല്‍, സമ്പൂര്‍ണ നിരായുധീകരണത്തിന് കിം തയാറാവുകയാണെങ്കില്‍ ഭീഷണിയില്ലാത്തെ കൊറിയന്‍ ഭൂഖണ്ഡത്തെ നമുക്ക് പ്രതീക്ഷിക്കാം.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.