2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

Editorial

ട്രംപിന്റെ നിലപാടുകള്‍ അമേരിക്കയെ തകര്‍ക്കും


 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍നിന്ന് അടിക്കടിയുണ്ടാകുന്ന തലതിരിഞ്ഞ നടപടികള്‍ അമേരിക്കയെ തകര്‍ച്ചയിലേക്കാണ് എത്തിക്കുക. ട്രംപിന്റെ ധാര്‍ഷ്ട്യനിലപാടുകള്‍ ലോകരാഷ്ട്രങ്ങളെ അമേരിക്കയില്‍നിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്. അമേരിക്ക പഴയതുപോലുള്ള സാമ്പത്തികശക്തിയല്ല ഇന്ന്. ആ യാഥാര്‍ഥ്യമുള്‍ക്കൊള്ളാതെ ലോകപൊലിസ് ചമയുകയാണിപ്പോഴും.
ഐക്യരാഷ്ട്രസഭയില്‍ അമേരിക്കന്‍ പ്രതിനിധിയായിരുന്ന നിക്കി ഹാലി കഴിഞ്ഞദിവസം രാജിവച്ചിരിക്കുകയാണ്. പിരിയുന്നേരം നിക്കിയും ട്രംപും സൗഹാര്‍ദം പുലര്‍ത്തിയെങ്കിലും ട്രംപിന്റെ തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗമായ നിക്കി ഹാലി ആദ്യം മുതല്‍ക്കേ ട്രംപിന്റെ വിമര്‍ശകയാണ്. സൗത്ത് കരോലിന ഗവര്‍ണറായിരുന്ന നിക്കി ഹാലി യു.എസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു ട്രംപ് മത്സരിക്കുന്ന വേളയില്‍ത്തന്നെ അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.
ട്രംപിന്റെ വാചകമടികള്‍ ലോകയുദ്ധത്തിനു കാരണമാകുമെന്ന് അവര്‍ പറഞ്ഞിരുന്നു. ട്രംപിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീയുടെ വാക്കുകള്‍ക്കു ചെവികൊടുക്കണമെന്നും നിക്കി ഹാലി അഭിപ്രായപ്പെട്ടിരുന്നു. യു.എന്‍ അംബാസഡറായപ്പോഴാണ് അവര്‍ വിമര്‍ശനം മതിയാക്കിയത്. യു.എന്‍ അംബാസഡറായി നിയമിക്കപ്പെടുമ്പോള്‍ നിക്കി ഹാലി ട്രംപിനു മുമ്പാകെവച്ച നിബന്ധനകള്‍ തന്നെ കാബിനറ്റിലും സെക്യൂരിറ്റി കൗണ്‍സിലിലും അംഗമാക്കണമെന്നും നയരൂപീകരണത്തില്‍ പങ്കാളിയാക്കണമെന്നുമായിരുന്നു.
ട്രംപിനെ ഇംപീച്ച് ചെയ്തു പ്രസിഡന്റ് സ്ഥാനത്തുനിന്നു താഴെയിറക്കാനുള്ള ശ്രമംവരെ വൈറ്റ്ഹൗസില്‍ നടന്നതാണ്. അമേരിക്കയുടെ ചരിത്രത്തില്‍ അത്തരമൊരു സംഭവം അരങ്ങേറിയിട്ടില്ല. വോട്ടിങ്ങിലൂടെ പ്രസിഡന്റിനെ പുറത്താക്കാന്‍ വൈസ്പ്രസിഡന്റിനും കാബിനറ്റ് സെക്രട്ടറിമാര്‍ക്കും അനുവാദം നല്‍കുന്ന ഭരണഘടനയിലെ 25-ാം വകുപ്പ് ഉപയോഗിക്കാനായിരുന്നു നീക്കം. വൈറ്റ് ഹൗസിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെഴുതിയ ലേഖനത്തില്‍ അതിനുക്കുറിച്ചു പറയുന്നുണ്ട്.
വാട്ടര്‍ഗേറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന് അക്കാലത്തെ അമേരിക്കന്‍ പ്രസിഡന്റ് നിക്‌സനെ താഴെയിറക്കിയ വാഷിങ്ടണ്‍ പോസ്റ്റിലെ ലേഖകന്‍ ബോബ് വുഡ്‌വേഡ് എഴുതിയ ‘ഫിയര്‍ ട്രംപ് ഇന്‍ ദി വൈറ്റ് ഹൗസ് ‘എന്ന പുസ്തകത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയെ വഴിതെറ്റിക്കുകയും ലോകത്തെതന്നെ അപകടപ്പെടുത്തുകയുമാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്. അതാണിപ്പോള്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്നത്.
പല പ്രവൃത്തികളുടെയും പേരില്‍ ഇതിനകം ലോകരാഷ്ട്രങ്ങളില്‍ മിക്കതിന്റെയും അനിഷ്ടം അമേരിക്ക ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. അതില്‍ അവസാനത്തേതാണ് സഊദി രാജകുടുംബത്തിനു നേരേ നടത്തിയ വിമര്‍ശനം. അമേരിക്കയുടെ സഹായമില്ലെങ്കില്‍ സഊദി ഭരണകൂടം രണ്ടാഴ്ച തികയ്ക്കുകയില്ലെന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്.
ട്രംപിന്റെ അപക്വമായ ജല്‍പ്പനങ്ങള്‍ക്ക് സഊദി ഭരണാധികാരി മുഹമ്മദ് സല്‍മാന്‍ പക്വതയാര്‍ന്ന മറുപടിയും നല്‍കി. അമേരിക്കയേക്കാളും പഴക്കമേറിയ രാഷ്ട്രമാണു സഊദി അറേബ്യയെന്നും അറബ്‌രാഷ്ട്രങ്ങളുടെ നിക്ഷേപം അമേരിക്കയില്‍നിന്നു പിന്‍വലിച്ചാല്‍ തീരാവുന്നതേയുള്ളൂ അമേരിക്കയുടെ സാമ്പത്തികബലമെന്നും ആയുധം വാങ്ങുന്നുണ്ടെങ്കില്‍ പണം നല്‍കുന്നുണ്ടെന്നുമായിരുന്നു സല്‍മാന്‍ രാജാവിന്റെ മറുപടി.
ഇതുവഴി, ഇറാനു പിറകെ സഊദി അറേബ്യയെയും ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്കാണു തിരിച്ചടിയേറ്റിരിക്കുന്നത്. ഇറാനുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം മറ്റു രാഷ്ട്രങ്ങളും പാലിക്കണമെന്ന ട്രംപിന്റെ ഭീഷണി അറബ്‌രാഷ്ട്രങ്ങളൊന്നും ചെവികൊണ്ടിട്ടില്ല. എണ്ണയുല്‍പാദനം വര്‍ധിപ്പിച്ചു കയറ്റുമതി ചെയ്യാനുള്ള ഇറാന്റെ ശ്രമം പൊളിക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം.
എന്നാല്‍, എണ്ണയുല്‍പ്പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് എണ്ണയുല്‍പ്പാദനം കുറയ്ക്കാനാണു തീരുമാനിച്ചത്. ഇതു ട്രംപിനേറ്റ മറ്റൊരു പ്രഹരമായി. ട്രംപിന്റെ പുതിയ പല നിലപാടുകളും കാരണം അറേബ്യന്‍ രാഷ്ട്രങ്ങള്‍ അമേരിക്കയുടെ ബദ്ധശത്രുവായ റഷ്യയോട് അടുക്കുകയാണ്. ഇതും ട്രംപിനെ ചൊടിപ്പിക്കുന്നു.
അമേരിക്കയടക്കമുള്ള അഞ്ചു വന്‍ശക്തികള്‍ 2015ല്‍ ഇറാനുമായി ആണവകരാര്‍ ഒപ്പുവച്ചിരുന്നു. ഒബാമയ്ക്കുശേഷം അധികാരത്തില്‍വന്ന ട്രംപ് ഏകപക്ഷീയമായി കരാറില്‍നിന്നു പിന്മാറിയെങ്കിലും മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളൊന്നും പിന്മാറിയില്ല. അതിനാല്‍ അമേരിക്ക ഇറാനുമേല്‍ ചുമത്തിയ ഉപരോധം ഫലിക്കുന്നില്ല. ഇതിലുള്ള ഈര്‍ഷ്യയാണ് അറേബ്യന്‍ രാഷ്ട്രങ്ങളോടു ട്രംപ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരിക്കല്‍വന്ന സാമ്പത്തികമാന്ദ്യം അമേരിക്കയെ വീണ്ടും പിടികൂടുവാനുള്ള സാധ്യതയും ഏറെയാണ്. അറേബ്യന്‍ രാഷ്ട്രങ്ങളുടെ ശതകോടി ഡോളറുകളുടെ നിക്ഷേപം അമേരിക്കയിലുണ്ട്. അതു പിന്‍വലിച്ചാല്‍ തീരാവുന്നതേയുള്ളൂ അമേരിക്കയുടെ സാമ്പത്തികാടിത്തറ. ഈ വസ്തുത വൈറ്റ് ഹൗസിനറിയാം. അതിനാല്‍ ട്രംപിന്റെ പല ഉത്തരവുകളും ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ല. ട്രംപ് അധികാരമേറ്റയുടനെ ഏഴു മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് വിസാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പശ്ചിമേഷ്യന്‍ പ്രശ്‌നപരിഹാരത്തിനുള്ള ദ്വിരാഷ്ട്ര ഫോര്‍മുല ഇസ്‌റാഈലിനുവേണ്ടി ട്രംപ് തകര്‍ത്തു. ഇസ്‌റാഈല്‍ തലസ്ഥാനം ടെല്‍അവീവില്‍നിന്നു മുസ്‌ലിംകളുടെ പുണ്യസ്ഥലമായ ജറൂസലമിലേയ്ക്കു മാറ്റി. ഇതെല്ലാം മുസ്‌ലിം വിരോധത്താലായിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.