2019 March 21 Thursday
ഉജ്ജ്വലമായ ആത്മാവിന് ഒരിക്കലും അടിതെറ്റില്ല – അരിസ്‌റ്റോട്ടില്‍

Editorial

ത്രിപുര: മാറുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖം


ജനാധിപത്യമൂല്യങ്ങളെയും ഭരണഘടനയെയും കാറ്റില്‍ പറത്തിയും രാഷ്ട്രീയതത്വദീക്ഷയും ആദര്‍ശവും ദൂരെക്കളഞ്ഞും ബി.ജെ.പി ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ മലീമസമാക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. ‘ജനാധിപത്യ മാര്‍ഗത്തിലൂടെ അധികാരത്തില്‍ വന്ന് ഒടുവില്‍ ആ ജനാധിപത്യസമ്പ്രദായത്തെ അട്ടിമറിച്ചു ജര്‍മനിയില്‍ ക്രൂരനായ ഏകാധിപതിയായ ഹിറ്റ്‌ലറെ ഓര്‍മിപ്പിക്കുന്നു സമീപകാല ഇന്ത്യയില്‍ ബി.ജെ.പി. വിലയ്‌ക്കെടുക്കല്‍ രാഷ്ട്രീയമെന്ന വ്യത്തികെട്ട അടവാണ് ഇതിനായി ആ പാര്‍ട്ടി പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും അവസാനത്തേതാണു ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പു ഫലം. ഒരു ജില്ലയുടെ അത്ര പോലും വലുപ്പമില്ലാത്ത ത്രിപുരയിലെ തെരഞ്ഞെടുപ്പ് സാധാരണനിലയില്‍ ദേശീയശ്രദ്ധ ആകര്‍ഷിക്കാറില്ല. 59 നിയമസഭാ സീറ്റുകള്‍ അത്ര കാര്യമായി സി.പി.എം ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ എടുക്കാറില്ല.
എന്നാല്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ കൈപ്പിടിയിലൊതുക്കുക എന്നത് ആര്‍.എസ്.എസ് നയമായി എടുത്തതിന്റെ ആദ്യപടിയാണു ത്രിപുരയില്‍ നടത്തിയത്. ഇതിനായവശ്യമായ നിലമൊരുക്കുകയായിരുന്നു അട്ടിമറി രാഷ്ട്രീയത്തിലൂടെ അവര്‍. അതിന്റെ സാമ്പിള്‍ വെടിക്കെട്ടാണ് അരുണാചല്‍പ്രദേശിലും മണിപ്പൂരിലും ഗോവയിലും കണ്ടത്. ഇതര പാര്‍ട്ടി എം.എല്‍.എമാരെ മൊത്തമായി മോഹവില കൊടുത്തു വാങ്ങിയാണ് അവര്‍ അധികാരം പിടിച്ചെടുക്കുന്നത്. ആരു ജയിച്ചാലും ബി.ജെ.പി ഭരണത്തില്‍ വരുന്നത് ഇതുകൊണ്ടാണ്. കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളിലെ എം.എല്‍.എമാരെ ജനപ്രതിനിധികളായല്ല, ഉല്‍പ്പന്നങ്ങളായാണു ബി.ജെ.പി കാണുന്നത്. അതുകൊണ്ടാണു രാത്രി ഉറങ്ങാന്‍ കിടക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പുലരുമ്പോള്‍ ബി.ജെ.പി എം.എല്‍.എമാരായി പരിണമിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ മണിപ്പൂരിലും ഗോവയിലും ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍, ഭരണം കൈയിലൊതുക്കിയതു ബി.ജെ.പി. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേക്കേറുന്നതു ഫലപ്രദമായി തടയാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. കണ്ടറിയാത്തവന്‍ കൊണ്ടറിയുമെന്നൊരു പഴഞ്ചൊല്ലുണ്ട്. ഇനിയതു തിരുത്താം. കണ്ടാലും കൊണ്ടാലും അറിയാത്തവരത്രെ കോണ്‍ഗ്രസുകാര്‍.
തെരഞ്ഞെടുപ്പ് അട്ടിമറികളിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനയെയുമാണു ബി.ജെ.പി അപകടപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന യാഥാര്‍ഥ്യം ഇതുവരെ കോണ്‍ഗ്രസും സി.പി.എമ്മും മനസ്സിലാക്കിയിട്ടില്ലെന്നാണോ. ബഹുഭൂരിപക്ഷം ജനങ്ങളും ഇപ്പോഴും വിശ്വാസമര്‍പ്പിച്ചിരിക്കുന്ന കോണ്‍ഗ്രസിനു ചുവരെഴുത്തുകള്‍ വായിക്കാന്‍ കഴിയുന്നില്ലെന്നതു സങ്കടകരമാണ്. ഇപ്പോള്‍ മേഘാലയയില്‍ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന വിലപേശലിനെയെങ്കിലും ചെറുത്തു തോല്‍പ്പിക്കുവാന്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനു കഴിയുമോയെന്നാണു ജനാധിപത്യ വിശ്വാസികള്‍ ഉറ്റുനോക്കുന്നത്.
സി.പി.എം കാണിച്ചുകൊണ്ടിരിക്കുന്ന മണ്ടത്തം വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കും അവര്‍ തിരിച്ചറിയുക. അതുപോലെയല്ല ബഹുഭൂരിപക്ഷം വരുന്ന ജനാധിപത്യവിശ്വാസികള്‍ കോണ്‍ഗ്രസിനെ കാണുന്നത്. ജനം വിശ്വാസപൂര്‍വം നല്‍കുന്ന ഭൂരിപക്ഷം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയാത്തവിധം ദുര്‍ബലമാണോ കോണ്‍ഗ്രസ് നേതൃത്വം. ത്രിപുര ലക്ഷ്യം വച്ചു കഴിഞ്ഞ രണ്ടുവര്‍ഷമായി ഇറക്കുമതി ചെയ്യപ്പെട്ട ആര്‍. എസ്.എസുകാര്‍ കഠിനപ്രയത്‌നത്തിലായിരുന്നു. ത്രിപുരയിലെ സാമൂഹ്യസാംസ്‌കാരിക രംഗങ്ങളില്‍ ഇടപെട്ട് അവര്‍ ബി.ജെ.പിക്കുവേണ്ടി പ്രവര്‍ത്തിച്ചു. ചെങ്കോട്ടകളില്‍ ബി.ജെ.പി ഒരിക്കലും കടന്നുവരില്ലെന്ന സി.പി.എം ധാര്‍ഷ്ട്യത്തെ അങ്ങനെ ആര്‍.എസ്. എസ് പരാജയപ്പെടുത്തി. മണിക് സര്‍ക്കാരെന്ന ദരിദ്രനായ മുഖ്യമന്ത്രി മാസശമ്പളമായി വെറും എണ്ണൂറു രൂപ കൈപ്പറ്റുന്ന ആളാണെന്നത് ഒരു ചലനവും സി.പി.എമ്മിന് അനുകൂലമായി ഉണ്ടാക്കിയില്ല. കേരളത്തിലെ സി.പി.എം നേതാക്കള്‍ക്കു പറഞ്ഞു ചിരിക്കാനുള്ള ഫലിതത്തിനപ്പുറം മണിക് സര്‍ക്കാറിന്റെ വിശുദ്ധിയാര്‍ന്ന വ്യക്തിപ്രഭാവം സി.പി.എം നേതാക്കളെപ്പോലും ആകര്‍ഷിച്ചിരുന്നുവോവെന്ന കാര്യം സംശയകരമാണ്. നേരത്തെ രണ്ടുശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബി.ജെ.പിയെ 40 ശതമാനത്തിലെത്തിച്ചത് സി.പി.എമ്മിന്റെ അമിതമായ ആത്മവിശ്വാസമാണ്.
വിഘടനവാദികളായ ഗോത്ര സമൂഹങ്ങളെ യും മധ്യവര്‍ഗ ഉദ്യോഗസ്ഥ വിഭാഗങ്ങളെയും മോഹനവാഗ്ദാനം നല്‍കി വശത്താക്കി കൊണ്ടിരിക്കുമ്പോള്‍തന്നെ ബി.ജെ.പിയുടെ തുരുപ്പു ശീട്ടായ വിലപേശല്‍ രാഷ്ട്രീയവും മറുവശത്തു അരങ്ങേറുന്നുണ്ടായിരുന്നു. ഭരണഘടനയില്‍ നിന്നു മതേതരത്വമെ വാക്കു വെട്ടിമാറ്റുകയെന്നതാണു ബി.ജെ.പിയുടെ ആത്യന്തികലക്ഷ്യം. അതിനുവേണ്ടി സംസ്ഥാന ഭരണകൂടങ്ങള്‍ കൈയേറാന്‍ അവര്‍ ഏതു കുത്സിതമാര്‍ഗവും സ്വീകരിക്കും. അതു കണ്ടറിഞ്ഞു മുന്‍കരുതലെടുക്കുന്നതില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസും ഇടത്പക്ഷ പ്രസ്ഥാനങ്ങളും പരാജയപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പു കമ്മിഷനെയും ജുഡിഷ്യറിയെയു ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും കേന്ദ്ര ഭരണസംവിധാനത്തെയും ബി.ജെ.പി ഉന്നംവയ്ക്കുന്ന ലക്ഷ്യത്തിനുവേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി വ്യാപകമായി ഉയരുമ്പോഴും മുഖ്യധാരാകക്ഷികള്‍ അതിനുനേരേ കണ്ണടക്കുകയാണെങ്കില്‍ മതേതര ജനാധിപത്യ സമ്പ്രദായത്തിന്റെ തകര്‍ച്ചയായിരിക്കും ഭാവിയില്‍ സംഭവിക്കുക.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.