2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

തൃണമൂല്‍ നേതാക്കളെ അസം വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു; പൊലിസ് മര്‍ദിച്ചെന്ന് ആരോപണം, ‘സൂപ്പര്‍ എമര്‍ജന്‍സി’യെന്ന് മമത

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിന്ന് തിരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ അസം വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ദേശിയ പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടിക പുറത്തിറക്കിയതിന്റെ പ്രശ്ചാത്തലത്തില്‍ സാഹചര്യം പഠിക്കാനാണ് സംഘം എത്തിയത്. എന്നാല്‍ ഇവരെ സില്‍ച്ചാര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു.

നഗരത്തില്‍ സംഘടിപ്പിച്ച പൗരത്വ കണ്‍വെന്‍ഷനില്‍ സംബന്ധിക്കാനായി ഉച്ചയ്ക്ക് ഒന്നരയോടെയാണ് എട്ടംഗ പ്രതിനിധി സംഘം എത്തിയത്. ഇവരെ പൊലിസ് അറസ്റ്റ് ചെയ്ത് മര്‍ദിച്ചെന്നും ആരോപണമുണ്ട്. സംഘത്തില്‍ ആറു പേര്‍ എം.പിമാരാണ്.

സംഭവം ‘സൂപ്പര്‍ അടിയന്തരാവസ്ഥ’ ആണെന്ന് തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി പറഞ്ഞു. നഗരത്തില്‍ 144 പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് പൊലിസുകാര്‍ സംഘത്തെ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്.

”ഇതു സംബന്ധിച്ച രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നില്ല. പൊലിസ് പിടികൂടി തന്നെയും സഹപ്രവര്‍ത്തകനെയും മര്‍ദിച്ചു”-സുഖേന്ദു ശേഖര്‍ എം.പി പറഞ്ഞു. ഇവരെ തടഞ്ഞുവച്ചതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

അസമിലെ ജനങ്ങള്‍ ഭീതിയിലാണെന്നും സൂപ്പര്‍ അടിയന്തരാവസ്ഥയാണിതെന്നും മമത വിമര്‍ശിച്ചു. ജനാധിപത്യത്തെ അപായപ്പെടുത്താനാണ് ബി.ജെ.പിയുടെ ശ്രമം. അസമില്‍ എന്താണ് ബി.ജെ.പി ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നത്? സില്‍ച്ചാര്‍ വിമാനത്താവളത്തില്‍ എം.പിമാരും മാധ്യമങ്ങളും തടഞ്ഞുവയ്ക്കപ്പെട്ടത് ആശങ്കയുണ്ടാക്കുന്നുവെന്നും മമത പറഞ്ഞു.

അതേസമയം, തൃണമൂല്‍ നേതാക്കന്മാരുമായുള്ള സംഘര്‍ഷത്തില്‍ ഒരു വനിതാ പൊലിസ് ഉള്‍പ്പെടെ മൂന്ന് പൊലിസുകാര്‍ക്ക് പരുക്കേറ്റുവെന്ന് അസം പൊലിസ് ആരോപിച്ചു.

എന്നാല്‍, അസമില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് എന്താണ് കാര്യമെന്നാണ് ബി.ജെ.പിയുടെ വാദം. ”അവരാണ് പ്രശ്‌നം. തൃണമൂല്‍ എം.പിമാരോട് അവിടെ പോകാന്‍ ആരാണ് പറഞ്ഞത്? വേറെ ആരും പോയിട്ടില്ല. പ്രശ്‌നമുണ്ടാക്കാനാണ് അവര്‍ പോയത്. പെട്ടെന്ന് മടങ്ങിവരണം”- ബി.ജെ.പി ബംഗാള്‍ ഘടകം പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.