2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

സൂര്യകാന്തിയും പിന്നെ  മലകള്‍ക്കിടയിലെ തിരുമലൈ കോവിലും

അരുണ്‍ വിനയ്

വെളുപ്പിന് മൂന്നരയ്ക്ക് ജാക്കറ്റും, ഹെല്‍മറ്റും തപ്പിപ്പിടിച്ചെടുത്ത് അമ്മയെ ഉണര്‍ത്താതെ മതിലും ചാടി, കുടു കുടു വണ്ടിയുമെടുത്തു ട്രിപ്പ് മോഡ് ഓണ്‍ ആക്കുമ്പോള്‍ മനസിലുണ്ടായിരുന്നത് മൂന്നേ മൂന്നു സ്ഥലങ്ങള്‍. തെങ്കാശി ബോര്‍ഡര്‍ ചിക്കന്‍ കടയും, സുര്യനെ പ്രണയിച്ച സുര്യകാന്തിപൂക്കളും, പുസ്തകങ്ങളെ പ്രണയിച്ചു തുടങ്ങിയ കാലത്ത് ഏറ്റവും നല്ല വൈബുകള്‍ വായനയ്ക്ക് സമ്മാനിച്ച അച്ഛന്‍കോവില്‍ കാടും കാട്ടാറുകളും.
 
കണ്ണറപ്പാലവും കടന്ന്
 
ഒരുപാട് തവണ പോയി വന്ന തെന്മല റോഡില്‍ ഇത്രയും കോടമഞ്ഞ് എന്നെയും കാത്തിരിക്കുന്നുണ്ടാകുമെന്നു സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. തെന്മല ഡാം എത്തുന്നതു വരെയുള്ള റോഡിലെ കോടയിലൂടെ ഗൂഗിളിന്റെ സഹായം കൊണ്ട് വഴിതെറ്റാതെ പതിമൂന്നാം കണ്ണറപ്പാലം എത്തി. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കൊളോണിയല്‍ ഭംഗിയില്‍ 103 മീറ്റര്‍ നീളമുള്ള 13 കമാനങ്ങളോടെയുള്ള ബ്രിട്ടീഷ് നിര്‍മിതിയാണ് പതിമൂന്നാം കണ്ണറപ്പാലം. കാടിനോട് ചേര്‍ന്നുകിടക്കുന്ന ഭാഗമായത് കൊണ്ട് മൃഗങ്ങള്‍ക്കു നദിയിലേക്ക് വന്നു വെള്ളം കുടിക്കുന്നതിനും, മഴവെള്ളം ഒഴുക്കി വിടുന്നതിനുമൊക്കെ വേണ്ടിയിട്ടാവണം പ്രകൃതിയോടു ചേര്‍ന്ന് നില്‍ക്കുന്ന രൂപത്തില്‍ തന്നെ ബ്രിട്ടീഷുകാര്‍ ഈ പാലം ഇത്തരത്തില്‍ നിര്‍മിച്ചത്. പടുകൂറ്റന്‍ കമാനങ്ങളുള്ള കണ്ണറപ്പാലത്തിന്റെ ഏറ്റവും വലിയ അത്ഭുതം, ഇതിന്റെ നിര്‍മാണത്തിനായി സിമെന്റ് ഉപയോഗിച്ചിരുന്നില്ല എന്നതാണ്. 
 
 
കണ്ണറപ്പാലം കഴിഞ്ഞു നേരെ ആര്യങ്കാവ് ചുരം വഴി ചെങ്കോട്ട വച്ചുപിടിക്കുമ്പോള്‍ വലതുവശത്തായി ശങ്കര്‍ സിനിമയ്ക്ക് സെറ്റ് ഇട്ടതുപോലെ, കാറ്റാടിപ്പാടങ്ങളും തെങ്ങിന്തലപ്പുകളും വയലേലകളും നിറഞ്ഞ തമിഴ് ഗ്രാമങ്ങളുടെ വ്യു വേറെ ലെവല്‍ ആണെന്ന് പറയാതെ വയ്യ.
 
സൂര്യകാന്തിക്കൊപ്പം ഫോട്ടോപിടുത്തം,
അത് നിര്‍ബന്ധാ
 
വെറും വയറ്റില്‍ ബോര്‍ഡര്‍ ചിക്കന്‍ കഴിക്കുന്നതിലെ വൈക്ലബ്യം ഒഴിവാക്കാനായി വണ്ടി നേരെ സുന്ദരപാണ്ട്യപുരത്തേക്കു വച്ചുപിടിച്ചപ്പോള്‍ ‘ആട് കിടന്നയിടത്ത് പൂട പോലും ഇല്ലെന്ന’ അവസ്ഥ ആയിരുന്നു ഫലം. ഏകദേശമുള്ള എല്ലാ തോട്ടങ്ങളിലേയും സുര്യകാന്തികള്‍ വാടി തളര്‍ന്നു വിത്തിന് പാകപ്പെട്ടു തുടങ്ങി എന്ന് കേട്ടപ്പോള്‍ കടുത്ത നിരാശ തോന്നി. എങ്കിലും തോറ്റു കൊടുക്കാന്‍ മനസില്ലാത്തത് കൊണ്ട് തന്നെ ‘അക്കാനി’ വില്‍ക്കാന്‍ നിന്ന മുരുകന്‍ അണ്ണനോട് തലൈവര്‍ രജനി അണ്ണനെയും മനസില്‍ വിചാരിച്ചു തമിഴില്‍ രണ്ടു കീച്ചങ്ങു കീച്ചി.
 
അണ്ണന്‍ പറഞ്ഞ വഴിയെ വയലും, തോടുമൊക്കെ കടന്നു ഹൈവേയുടെ സൈഡിലായി ഒരു സൂര്യകാന്തിതോട്ടം കണ്ടുപിടിച്ചു. ഒന്നാം ക്ലാസിലെ അക്ഷരമാലയില്‍ കണ്ടു കിളിപോയിരുന്ന സുര്യനെ പ്രണയിച്ച സൂര്യകാന്തിയെ ആദ്യമായി കണ്ടപ്പോള്‍ എജ്ജാതി രോമാഞ്ചിഫിക്കേഷന്‍ എന്ന് പറഞ്ഞറിയിക്കാന്‍ പറ്റില്ല. പണ്ടെങ്ങോ വായിച്ച ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സൂര്യകാന്തിപ്പൂക്കളെ കണ്ടു പേടിച്ച ഒരു കുട്ടിയെയായിരുന്നു അപ്പോള്‍ മനസില്‍ ഓര്‍ത്തത്.
 
 
സൂര്യകാന്തി കണ്ടാല്‍ കൂടെ നിന്നുള്ള ഫോട്ടം, അതു നിര്‍ബന്ധമായത് കൊണ്ടും അതൊരു ആചാരമായതു കൊണ്ടും ആവശ്യത്തിലധികം ഫോട്ടോസ് എടുത്തു. എല്ലാം കഴിഞ്ഞു തിരിച്ചുവരാന്‍ ഇറങ്ങിയപ്പോള്‍ ആണ് അന്യന്‍ പാറയെക്കുറിച്ചു ഓര്‍ത്തത്. വെയില്‍ തലയ്ക്കു കത്തിക്കയറുന്നതിനും മുന്നേ സുന്ദരപാണ്ട്യപുരത്തു നിന്നും നാലു കിലോമീറ്റര്‍ അകലെയുള്ള അന്യന്‍പാറ കണ്ടുപിടിച്ചു. അന്യന്‍ സിനിമയിലെ ‘അണ്ടന്‍കാക്ക കൊണ്ടക്കാരി….’ എന്ന പാട്ടിന്റെ ചിത്രീകരണത്തിനായി സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെയും കമല്‍ ഹസന്റെയുമൊക്കെ ചിത്രങ്ങള്‍ പെയിന്റ് കൊണ്ട് വരച്ചിട്ട വലിയ പാറകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. അന്ന് മുതല്‍ പ്രദേശവാസികള്‍ അന്യന്‍ പാറ എന്ന് വിളിച്ചു തുടങ്ങുകയായിരുന്നു. പാറകളിലെ ചിത്രങ്ങള്‍ കാലക്രമേണ നിറം മങ്ങിയെങ്കിലും ഇപ്പോഴും സഞ്ചാരികള്‍ക്ക് ഇതൊരു ആകര്‍ഷണകേന്ദ്രമാണ്.
 
മലയ്ക്കു മുകളിലെ 
തിരുമലൈ കോവില്‍
 
അന്യന്‍ പാറയും കണ്ടിറങ്ങി വീണ്ടും ചെങ്കോട്ട വന്നു ബോര്‍ഡര്‍ ചിക്കന്‍ കടയായ റഹ്മത്ത് പറോട്ട സ്റ്റാള്‍ അന്വേഷിച്ചു കണ്ടുപിടിച്ചപ്പോള്‍ അകത്തേക്ക് എത്തി നോക്കാന്‍ പറ്റാത്തത്ര തിരക്കായിരുന്നു അവിടെ. എങ്ങനെയൊക്കെയോ ആള്‍ക്കാര്‍ക്കിടയിലൂടെ ഉള്ളിലെത്തിയപ്പോള്‍ ബിരിയാണിയുടെ മണം മൂക്കില്‍ വന്നലട്ടുന്നു. ഡയറ്റൊക്കെ മറന്നു നല്ല ചൂടന്‍ മട്ടന്‍ബിരിയാണിയും ഒരു ഭംഗിക്ക് അവരുടെ സ്‌പെഷ്യല്‍ പൊരിച്ച ചിക്കനും വാങ്ങി കഴിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ ബിരിയാണി എന്ന് പറഞ്ഞു ചോറും ചിക്കന്‍ കറിയും ചേര്‍ത്തു വില്‍ക്കുന്നവന്‍മാരെയൊക്കെ എടുത്തു കിണറ്റില്‍ ഇടാന്‍ തോന്നും.
 
നേരെ അവിടെ നിന്നു തിരുമലൈ കോവില്‍ മാപ്പില്‍ സെറ്റ് ചെയ്തു ഇറങ്ങുമ്പോള്‍ ഇരുട്ടുന്നതിനും മുന്നേ കാട് കയറണമെന്ന ചിന്തയായിരുന്നു. തമിഴ്‌നാടിന്റെ തനിമ നിറഞ്ഞ ഗ്രാമങ്ങളും നാട്ടിടവഴികളുമെല്ലാം കടന്ന് ഉള്ളിലേക്ക് ചെല്ലുമ്പോള്‍ പോകുന്ന വഴിയിലെല്ലാം മാവിന്തോട്ടങ്ങളും, അങ്ങിങ്ങായി ആരെയും ശല്യം ചെയ്യാതെ മയിലുകളുമെല്ലാം കാണാന്‍ കഴിഞ്ഞു. പോകുന്ന വഴിയെ അകലെ നിന്നു തന്നെ ഉയരത്തിലായി തിരുമലൈ കുമാരസ്വാമി കോവില്‍ കാണാന്‍ സാധിക്കും. 
 
ഏറ്റവും താഴെ പ്രധാന കവാടത്തില്‍ 20 രൂപയുടെ പാസ് എടുത്തു മുകളിലേക്ക് കയാറാനായി ടാര്‍ ചെയ്ത മനോഹരമായ റോഡ് കാണാനാകും. ഇത്രയും വലിയ മലയുടെ മുകളിലക്ക് ഇങ്ങനെയൊരു റോഡ് നിര്‍മിക്കാന്‍ എത്രമാത്രം കഷ്ടപ്പാടാണെന്നുള്ളത് ചിന്തിക്കാന്‍ പോലും സാധിക്കില്ല. ക്ഷേത്രത്തിലേക്ക് എത്തുന്നതിനായി പ്രധാനമായും രണ്ടു വഴികളാണ് ഉള്ളത് ഒന്നുകില്‍, 600 ഓളം പടികള്‍ കയറുകയോ അല്ലെങ്കില്‍ നേരത്തെ പറഞ്ഞ റോഡിലൂടെ കറങ്ങി കയറുകയോ ചെയ്യാം. മുകളിലേക്ക് കയറുംതോറും അവിടെ നിന്നും കിട്ടുന്ന കാഴ്ചകള്‍ വര്‍ണിക്കാന്‍ പറ്റാത്ത അത്രയുമുണ്ട്. പച്ചവിരിച്ച കൂറ്റന്‍ മലകളും, അകലെയായി ഒരു ഡാമും കാണാന്‍ സാധിക്കും. ഏതു കാലാവസ്ഥയില്‍ ആയാലും തിരുമലൈ കോവിലിനു മുകളില്‍ എപ്പോഴും തണുപ്പും, കനത്ത കാറ്റും ആയിരിക്കും എന്ന് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ കോമ്പോണ്ടിനുള്ളിലായി ഒരു കുളം അത്ഭുതമായി സ്ഥിതി ചെയ്യുന്നുണ്ട്, ഇത്രയും വലിയ മലയുടെ മുകളില്‍ ആഴമുള്ള ഈ കുളം ശരിക്കുമൊരു സമസ്യയാണ് ഏവര്‍ക്കും.
 
 
ഒരുപാട് മലകളുടെ നടുവിലായി നില്‍ക്കുന്നത് കൊണ്ടാണ് തിരുമലൈ കോവില്‍ എന്ന പേര് ഈ അമ്പലത്തിനു ലഭിച്ചത്. പാര്‍ക്കിങ്ങില്‍ വച്ചിരുന്ന ബൈക്കുകളൊക്കെ നിരനിരയായി കാറ്റടിച്ചു മറിഞ്ഞു വീഴുന്നുമുണ്ടായിരുന്നു. നിര്‍ത്താതെ വീശുന്ന തണുത്ത കാറ്റിലൂടെ സുക്ഷിച്ചു മലയിറങ്ങിയില്ലെങ്കില്‍ വീണു പോകുമെന്ന് തോന്നി. അവിടെ നിന്നുമിറങ്ങി പിന്നെ മുന്നും പിന്നും നോക്കാനുണ്ടായിരുന്നില്ല, നേരെ അച്ഛന്‍കോവില്‍ കാട്ടിലേക്കായിരുന്നു.
 
അച്ഛന്‍കോവില്‍ കാട്ടിലേക്ക്
 
തിരുമലൈ കോവിലില്‍ നിന്ന് 25 കിലോമീറ്ററോളം ദൂരെ ആയിട്ടായിരുന്നു കേരള ഫോറെസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആദ്യ ചെക്ക്‌പോസ്റ്റ്. സാധാരണ അനുഭവപെടാറുള്ള ഫോറെസ്റ്റ് ഓഫിസര്‍മാരുടെ പെരുമാറ്റത്തില്‍ നിന്നു വിഭിന്നമായി വളരെ സൗമ്യമായി സംസാരിക്കുകയും കാര്യങ്ങള്‍ വിവരിച്ചു തരികയും ചെയ്തു തന്ന ഗാര്‍ഡ് ആയിരുന്നു അവിടെയുണ്ടായിരുന്നത്. കാടിന്റെ ഇരുളില്‍ ചെന്നിറങ്ങുമ്പോള്‍ കിളികളുടെ പാട്ടുകളും, മരങ്ങള്‍ക്കിടയിലൂടെ തഴുകിയൊഴുകുന്ന കാറ്റിന്റെ ശബ്ദവും. അതിനിടയിലൂടെ മരങ്ങളില്‍ നിന്നും മരങ്ങളിലേക്ക് ചാടി മറയുന്ന മലയാണ്ണാന്മാരുടെ പേടിപ്പിക്കലും. പല സ്ഥലങ്ങളിലും കാടിനുള്ളില്‍ ഭക്ഷണം പാകം ചെയ്യാന്‍ പാടില്ലെന്നുള്ള ബോര്‍ഡുകള്‍ ഉണ്ടായിരുന്നിട്ടും പലരും അതൊന്നും ഗൗനിക്കാത്തമട്ടിലായിരുന്നു.
 
ഉത്തരവാദിത്തമില്ലാത്ത ഇത്തരക്കാര്‍ കാരണമായിരുന്നു ചെമ്പ്രപീക്ക് പോലെയുള്ള പല സ്ഥലങ്ങളിലും കാട്ടുതീ പടര്‍ന്നത്. കാടിനു നടുവിലൂടെ കുറെ ദൂരം ഡ്രൈവ് ചെയ്തു പോയാല്‍ ഇടയ്‌ക്കെല്ലാം ആദിവാസി സെറ്റില്‍മെന്റുകള്‍ കാണാനാകും. തിരികെ പുനലൂരിലേക്ക് വന്നെത്തുന്ന വഴിയില്‍ മഴപെയ്തത് കൊണ്ടും പ്രളയത്തിന്റെ ഭാഗമായി മണ്ണിടിഞ്ഞുപോയത് കൊണ്ടുമൊക്കെ കുറെ ദൂരം മോശം വഴികള്‍ ആയിരുന്നെങ്കിലും കാടിന്റെ ലഹരി ആസ്വദിക്കുന്നതിനിടയില്‍ ഇതൊന്നും അലട്ടിയില്ല. 15 മണിക്കൂറിനുള്ളില്‍ അനുഭവിച്ചറിഞ്ഞ നിമിഷങ്ങള്‍ ഒരുപക്ഷെ, ഒരു യുഗത്തോളം വലുതായിരുന്നതു പോലെ തോന്നി.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.