2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

Editorial

ട്രാന്‍സ്‌പോര്‍ട്ട് മാഫിയയുടെ തല്ലുകൊള്ളേണ്ടവരല്ല മലയാളികള്‍


 

കേരളം തെരഞ്ഞെടുപ്പ് ചൂടിന്റെ മൂര്‍ധന്യാവസ്ഥയിലെത്തി നില്‍ക്കുന്ന സമയത്താണ് ഒരു സ്വകാര്യ ദീര്‍ഘദൂര ബസിലെ യാത്രക്കാരെ ബസ് ജീവനക്കാര്‍ അതിക്രൂരമായി മര്‍ദിച്ച സംഭവമുണ്ടായത്. തെരഞ്ഞെടുപ്പ് ആവേശത്തിനിടയിലും അതു വലിയൊരു വാര്‍ത്തയായി കത്തിപ്പടര്‍ന്നു. അതിശക്തമായ പ്രതിഷേധം തന്നെ ഇക്കാര്യത്തില്‍ മലയാളി സമൂഹത്തില്‍ നിന്ന് ഉയര്‍ന്നു. ഈ പ്രതിഷേധത്തിന്റെ ഫലമായി സര്‍ക്കാര്‍ ശക്തമായ നടപടികളിലേക്കു നീങ്ങുകയാണിപ്പോള്‍.

കഴിഞ്ഞ ശനിയാഴ്ച രാത്രി തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്കു പുറപ്പെട്ട പ്രമുഖ അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് കമ്പനിയായ ‘സുരേഷ് കല്ലട’യുടെ ബസ് ഹരിപ്പാടു വച്ച് കേടായതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. യാത്ര തുടരാന്‍ ബദല്‍ സംവിധാനമൊരുക്കുക എന്ന ന്യായമായ ആവശ്യം യാത്രക്കാര്‍ ഉന്നയിച്ചതോടെ പ്രകോപിതരായ ബസ് ജീവനക്കാര്‍ അവരുമായി വാക്കേറ്റത്തിലേര്‍പെടുകയാണ് ആദ്യമുണ്ടായത്. ബസ് വൈറ്റിലയിലെത്തിയപ്പോള്‍ ജീവനക്കാരും ഗുണ്ടകളുമടങ്ങുന്ന ഒരു സംഘം ബസില്‍ തള്ളിക്കയറി മൂന്നു ചെറുപ്പക്കാരെ ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ഒരു സഹയാത്രികന്‍ സംഭവം ഫേസ്ബുക്ക് വഴി പുറംലോകത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധവും തുടര്‍ന്നു നടപടികളുമുണ്ടായത്. പ്രതികളില്‍ ഏഴു പേര്‍ അറസ്റ്റിലായിട്ടുണ്ട്. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ‘ഓപറേഷന്‍ നൈറ്റ് റൈഡ്’ എന്ന പേരില്‍ സ്വകാര്യ ദീര്‍ഘദൂര ബസുകള്‍ പരിശോധിക്കാനും ചട്ടലംഘനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാനും ആരംഭിച്ചിട്ടുമുണ്ട്.

സംസ്ഥാനം കേന്ദ്രീകരിച്ച് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ലോബി നിയമം ലംഘിച്ചു നടത്തുന്ന വിളയാട്ടങ്ങളിലേക്കു വിരല്‍ചൂണ്ടുന്നതിനൊപ്പം പൊതുഗതാഗത മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതുകൂടിയാണ് ഈ സംഭവം. തീര്‍ത്തും വലിയൊരു മാഫിയാ സംഘത്തിന്റെ സ്വഭാവമാര്‍ജിച്ചു കഴിഞ്ഞ വന്‍കിട ട്രാന്‍സ്‌പോര്‍ട്ട് ലോബി നിയമവ്യസ്ഥകളെ വെല്ലുവിളിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിരവധി പരാതികള്‍ ഇതോടെ ഉയരുന്നുണ്ട്.
ഇതിനു മുന്‍പും സമാന അനുഭവങ്ങളുണ്ടായ പലരും ഇപ്പോള്‍ അതൊക്കെ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ആ ശബ്ദങ്ങളെപ്പോലും ഭീഷണിപ്പെടുത്തി ഒതുക്കാനുള്ള നീക്കത്തിലാണ് സ്വകാര്യ ബസ് മാഫിയയും അവര്‍ തീറ്റിപ്പോറ്റുന്ന ഗുണ്ടാസംഘങ്ങളും. ഇത്തരം വെളിപ്പെടുത്തല്‍ നടത്തുന്നവര്‍ക്കും യുവാക്കളെ മര്‍ദിച്ചതിനു സാക്ഷികളായവര്‍ക്കുമെതിരേ കടുത്ത ഭീഷണികളാണ് ഇവരില്‍ നിന്ന് ഉയരുന്നത്. കുറ്റക്കാരെ പ്രതിരോധിക്കാന്‍ വര്‍ഗീയ കാര്‍ഡ് ഇറക്കിപ്പോലും ചിലര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. യാത്രക്കാരില്‍ നിന്ന് അന്യായമായിപ്പോലും ഈടാക്കുന്ന പണം യഥേഷ്ടം വാരിയെറിഞ്ഞ് രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലുള്ള പലരിലും സൃഷ്ടിച്ചെടുത്ത സ്വാധീനമാണ് ഇവര്‍ക്ക് ഇതിനു ധൈര്യം നല്‍കുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

ഈ സ്വാധീനത്തിലൂടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഗതാഗത മേഖലയെയും നിയമപാലന സംവിധാനങ്ങളെയും പോലും നിയന്ത്രിക്കാന്‍ ഇക്കൂട്ടര്‍ ത്രാണി നേടിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇവര്‍ നടത്തുന്ന ചട്ടലംഘനങ്ങള്‍ പലപ്പോഴും നിയമത്തിനു മുന്നില്‍ വരാറില്ല. വലിയ തുക ചെലവഴിച്ചു യാത്രചെയ്യുന്നവര്‍ക്കു നേരെ ചില സന്ദര്‍ഭങ്ങളില്‍ ഇവര്‍ ധിക്കാരത്തോടെ പെരുമാറുന്നതിനെക്കുറിച്ച് പരാതികളുയര്‍ന്നാലും കാര്യമായ നടപടികള്‍ ഉണ്ടാവാറില്ല. കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസുകളുടെ സമയക്രമം നിശ്ചയിക്കുന്നതില്‍ ഇടപെടാന്‍ പോലും ഇവര്‍ക്കു കഴിയുന്നു എന്നറിയുമ്പോള്‍ ഇവരുടെ സ്വാധീനശക്തിയുടെ അളവു ബോധ്യപ്പെടും.

കേരളീയ സമൂഹത്തിന് ഒരിക്കലും ഒഴിച്ചുകൂടാനാവാത്തതാണ് ദീര്‍ഘദൂര യാത്രകള്‍. വിദേശരാജ്യങ്ങളിലെന്നപോലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ചെന്ന് ജോലി ചെയ്ത് അന്നം കണ്ടെത്തുന്നവരാണ് മലയാളികളില്‍ വലിയൊരു വിഭാഗം. രാജ്യത്തെ പുതിയ സാമ്പത്തിക സാഹചര്യത്തില്‍ ഇങ്ങനെയുള്ളവരുടെ എണ്ണം നാള്‍ക്കുനാള്‍ പെരുകിവരികയുമാണ്. അവരുടെ ആവശ്യത്തിന്റെ നാലിലൊന്നു പോലും നിറവേറ്റാനുള്ള ഗതാഗത സംവിധാനങ്ങള്‍ പൊതുമേഖലയിലില്ല. ഇത്തരം പല സ്ഥലങ്ങളിലേക്കും ട്രെയിന്‍ സൗകര്യങ്ങള്‍ ഏറെ പരിമിതമാണ്. അതുകൊണ്ടു തന്നെ ചുരുങ്ങിയത് ഒരു മാസം മുമ്പെങ്കിലും റിസര്‍വ് ചെയ്യാതെ ട്രെയിന്‍ യാത്ര സാധ്യമാവില്ല. ദിവസങ്ങള്‍ക്കു മുമ്പ് യാത്ര തീരുമാനിക്കേണ്ടി വരുന്നവര്‍ക്ക് പരിമിതമായ തത്കാല്‍ ടിക്കറ്റുകളെ പ്രതീക്ഷിച്ചിരിക്കാനുമാവില്ല. കെ.എസ്.ആര്‍.ടി.സി സര്‍വീസുകളും പരിമിതമാണ്. ഇതുമൂലം അന്യായമായ യാത്രാക്കൂലി നല്‍കി സ്വകാര്യ ബസുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നവരാണ് ഇതുപോലുള്ള ആക്രമണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇരകളാകുന്നത്.

ഈ മേഖലയില്‍ സ്വാധീനമോ കൊള്ളരുതായ്മയോ മൂലം ഭരണകൂടവും ഉദ്യോഗസ്ഥ മേധാവികളും പുലര്‍ത്തുന്ന കുറ്റകരമായ അനാസ്ഥയാണ് ഈ അവസ്ഥയ്ക്കു പ്രധാന കാരണം. അന്യനാടുകളില്‍ അധ്വാനിച്ച് സംസ്ഥാനത്തേക്ക് സമ്പത്തു കൊണ്ടുവരുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് അതിനു പരമാവധി സൗകര്യമൊരുക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. എന്നാല്‍ ഇതുവരെ നാടു ഭരിച്ചവരൊന്നും അതിനു കാര്യമായ പ്രാധാന്യം നല്‍കിയിട്ടില്ല. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഉള്ള വരുമാനത്തില്‍ വലിയൊരു പങ്കു ലഭിക്കുന്നത് ദീര്‍ഘദൂര സര്‍വീസുകളില്‍ നിന്നാണ്. എന്നാല്‍ ദീര്‍ഘദൂര റൂട്ടുകളില്‍ യാത്രക്കാര്‍ ഏറെയുണ്ടായിട്ടും വേണ്ടത്ര ബസുകള്‍ ഇറക്കി വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കം കെ.എസ്.ആര്‍.ടി.സിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല. ഉള്ള സര്‍വീസുകളിലാവട്ടെ യാത്രക്കാര്‍ക്ക് ജീവനക്കാരില്‍ നിന്ന് മാന്യമായ പെരുമാറ്റം പോലും ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. കല്ലട സംഭവത്തിന്റെ പശ്ചാത്തലത്തിലെങ്കിലും ഇത്തരം കാര്യങ്ങളിലേക്ക് ഭരണകൂടത്തിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ടതുമുണ്ട്.

അതോടൊപ്പം നിയമങ്ങളെ കാറ്റില്‍പറത്തി തോന്നിയപോലെ സര്‍വീസ് നടത്തുന്ന സ്വകാര്യ ദീര്‍ഘദൂര ബസ് ലോബിക്ക് മൂക്കുകയറിടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുകയും വേണം. സ്പീഡ്, വാഹനത്തിലെ സൗകര്യങ്ങള്‍, യാത്രാമുടക്കമുണ്ടായാല്‍ ബദല്‍ മാര്‍ഗങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ഇക്കൂട്ടര്‍ ചട്ടങ്ങളെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കര്‍ശന നടപടി സ്വീകരിക്കണം. യാത്രക്കാരോട് മാന്യതയില്ലാതെയും മനുഷ്യത്വരഹിതമായും പെരുമാറുന്നത് വിട്ടുവീഴ്ചയില്ലാത്ത നടപടികളിലൂടെ തടയണം. നിയമം അനുശാസിക്കുന്ന യാത്രക്കൂലി മാത്രമാണ് ഇവര്‍ ഈടാക്കുന്നതെന്നും ഉറപ്പുവരുത്തുകയും വേണം. ഇക്കാര്യങ്ങളില്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇനിയും വൈകിക്കൂടാ. സ്വകാര്യ ബസ് സര്‍വീസ് മാഫിയാ സംഘങ്ങളുടെ തല്ലുകൊള്ളേണ്ടവരല്ല മലയാളികളെന്ന് ഭരണാധികാരികള്‍ ഇനിയെങ്കിലും മനസിലാക്കണം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.