2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍; ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന്

 

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ തിരികെ നാട്ടില്‍ കൊണ്ടുവരാന്‍ നടപടിയാകുന്നു. പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിരിക്കുകയാണ് റെയില്‍വേ മന്ത്രാലയം. ഇനി ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടി അനുമതി വേണം.

ഡല്‍ഹിയില്‍ നിന്നായിരിക്കും ആദ്യ സര്‍വീസ്. അഞ്ചുസംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാണ് ഇതില്‍ കൊണ്ടുവരിക. പഞ്ചാബ്, ജമ്മുകശ്മീര്‍, ചണ്ഡീഗഢ്, ഡല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായിരിക്കും ഈ ട്രെയിന്‍ സര്‍വീസിന്റെ പ്രയോജനം ആദ്യ ഘട്ടത്തില്‍ ലഭ്യമാവുക. ഡല്‍ഹി ഒഴികെയുള്ള സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളെ റോഡ്മാര്‍ഗം ഡല്‍ഹിയില്‍ എത്തിച്ച് ഇവിടെ നിന്ന് ട്രെയിനില്‍ അയക്കാനാണ് തീരുമാനം. ഈ സര്‍വീസ് വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കും ഉണ്ടായിരിക്കുക എന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

ഡല്‍ഹിയിലാണ് ഏറ്റവുമധികം വിദ്യാര്‍ഥികള്‍. 723 പേരാണ് ലോക്ക്ഡൗണിനെ തുടര്‍ന്ന് അവിടെ കുടുങ്ങിക്കിടക്കുന്നത്. പഞ്ചാബ്, ഹരിയാന, ഹിമാചല്‍ എന്നീ സംസ്ഥാനങ്ങളില്‍ യഥാക്രമം 348, 89, 17 എന്നിങ്ങനെയാണ് കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍. ഇവരെ ഡല്‍ഹിയില്‍ എത്തിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ച് ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക്് കത്തയച്ചതായും പിണറായി പറഞ്ഞു. തുടര്‍ന്ന്് ഡല്‍ഹിയില്‍ നിന്ന് പ്രത്യേക ട്രെയിനില്‍ നാട്ടില്‍ എത്തിക്കുന്നതിനുളള സാധ്യതയാണ് പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജാമിയ മിലിയ സര്‍വകലാശാലയിലെ പെണ്‍കുട്ടികള്‍ അടക്കം 40 വിദ്യാര്‍ഥികളാണ് ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരോട് താമസിക്കുന്ന ഹോസ്റ്റലില്‍ നിന്ന് മെയ് 15ന് മുന്‍പ് ഒഴിയണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് നിരീക്ഷണ കേന്ദ്രമാക്കാന്‍ അധികൃതര്‍ ഉദ്ദേശിക്കുന്നതായാണ് അറിയുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.