2020 January 26 Sunday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

റെയ്ഡില്‍ മൊബൈല്‍ പിടിച്ചെടുത്ത സംഭവം: കൊടി സുനിയെയും ഷാഫിയെയും പൂജപ്പുര ജയിലിലേക്കു മാറ്റും

 

തൃശൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ കൊടി സുനിയെയും മുഹമ്മദ് ഷാഫിയെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇവരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത പശ്ചാത്തലത്തിലാണിതെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് പറഞ്ഞു.

പുതുതായി ചുമതലയേറ്റ ഋഷിരാജ് സിങിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ അപ്രതീക്ഷിത റെയ്ഡ് നടത്തിയിരുന്നു. ജയില്‍ അധികൃതരെ അറിയിക്കാതെയാണ് റെയ്ഡ് നടത്തിയത്. തൃശൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് വിയ്യൂരില്‍ റെയ്ഡ് നടത്തിയത്.

ഷാഫിയില്‍ നിന്ന് രണ്ടു മൊബൈല്‍ ഫോണുകളാണ് പിടികൂടിയത്. രണ്ടും സ്മാര്‍ട്ട് ഫോണുകളാണ്. മുന്‍പും ഷാഫിയില്‍ നിന്ന് ഫോണുകള്‍ പിടിച്ചിരുന്നു. 2017 ല്‍ വിയ്യൂരിലും 2014 ല്‍ കോഴിക്കോട്ടും ജയിലില്‍ കഴിയുമ്പോഴായിരുന്നു ഇത്.

റെയ്ഡ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും

രാഷ്ട്രീയ സ്വാധീനവും അനധികൃത ഇടപെടലും നടക്കുന്നുവെന്നു വ്യാപകമായി ആക്ഷേപമുള്ള കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ ജയില്‍ മേധാവി ഋഷിരാജ് സിങിന്റെ നേതൃത്വത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്. അതീവ രഹസ്യമായി നടന്ന റെയ്ഡില്‍ ആയുധങ്ങള്‍, മൊബൈല്‍ ഫോണുകള്‍, റേഡിയോ ഉള്‍പ്പടെ നിരവധി സാധനങ്ങള്‍ പിടികൂടിയത്.

ശനിയാഴ്ച പുലര്‍ച്ചെ 4.15 മുതല്‍ രാവിലെ 7.15 വരെയായിരുന്നു റെയ്ഡ്. മൂന്നു മൊബൈല്‍ ഫോണുകള്‍, ഹെഡ്‌ഫോണ്‍, റേഡിയോകള്‍, 510 രൂപ, കഞ്ചാവ് ബീഡികള്‍, കത്രിക, കത്തി, ചാര്‍ജര്‍, ചീട്ടുകള്‍ തുടങ്ങിയ സാധനങ്ങളാണു സെല്‍ ബ്ലോക്കുകളില്‍ നിന്നു പിടികൂടിയത്. പത്തു സെല്‍ ബ്ലോക്കുകളിലും സമീപത്തെ ആശുപത്രി ബ്ലോക്കുകളിലുമായിരുന്നു പരിശോധന. ജീവപര്യന്തം തടവുകാരായ എറണാകുളം സ്വദേശി ഉണ്ണി, തമിഴ്‌നാട് സ്വദേശി മുരുകേശന്‍, ചിറ്റാരിപ്പറമ്പ് മഹേഷ് വധക്കേസില്‍ പ്രതിയായ സി.പി.എം പ്രവര്‍ത്തകന്‍ രഞ്ജിത്, മറ്റൊരു കേസിലെ ജീവപര്യന്തം തടവുകാരന്‍ ചിതാനന്ദന്‍ എന്നിവരില്‍ നിന്നാണു മൊബൈല്‍ ഫോണ്‍ പിടികൂടിയത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മിന്നല്‍ പരിശോധനയില്‍ പിടികൂടിയ സാധനങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു

 

ഇവരെ ജയിലില്‍ നിന്നു മാറ്റുമെന്നു ജയില്‍ സൂപ്രണ്ട് ടി. ബാബുരാജ് പറഞ്ഞു. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പൊലിസ് നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഉത്തരമേഖലാ ഐ.ജി അശോക് യാദവ്, ജില്ലാ പൊലിസ് മേധാവി പ്രതീഷ് കുമാര്‍, ജയില്‍ സൂപ്രണ്ട് ടി. ബാബുരാജ് എന്നിവരും 150 പൊലിസുകാരുമാണു പരിശോധന നടത്തിയത്.

ജയിലിലെ സൂപ്രണ്ടിനു താഴെയുള്ള ഒരു ഉദ്യോഗസ്ഥരെയും പരിശോധനയില്‍ പങ്കെടുപ്പിച്ചില്ല. ജയില്‍ മേധാവിയായി ചുമതലയേറ്റതിനു പിന്നാലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനെ കുറിച്ചാണ് ഋഷിരാജ് സിങിന് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്. ഈ സാഹചര്യത്തിലാണു മറ്റാരെയും അറിയിക്കാതെ അദ്ദേഹം തന്നെ നേരിട്ടു പരിശോധനയ്‌ക്കെത്തിയത്. ജയിലില്‍ എത്തിയപ്പോഴാണു പൊലിസിനെ വിളിച്ചത്. സെന്‍ട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മദ്യം, ഭക്ഷണം, മയക്കുമരുന്ന് എന്നിവ നിര്‍ബാധം കടത്തുന്നുണ്ടെന്നും ചില കൊലക്കേസ് പ്രതികളും മറ്റും ജയിലിനകത്തു ക്വട്ടേഷന്‍ പ്രവര്‍ത്തനം നടത്തുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. ജയിലില്‍ തടവുകാര്‍ പിരിവെടുത്ത് ടെലിവിഷന്‍ സ്ഥാപിച്ച സംഭവത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെയുള്ള മൂന്നു ഉദ്യോഗസ്ഥരെ ഋഷിരാജ് സിങ് ചുമതലയേറ്റതിനു പിന്നാലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.