2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

യൂറോപ്യന്‍ ചാംപ്യന്‍മാരായി ലിവര്‍പൂള്‍; ടോട്ടനത്തെ തകര്‍ത്തത് രണ്ടുഗോളിന്

 

മഡ്രിഡ്: ടോട്ടനത്തെ മലര്‍ത്തിയടിച്ച് യുവേഫ ചാംപ്യന്‍സ് ലീഗ് ജേതാക്കളായി ലിവര്‍പൂള്‍. പൊരുതിക്കളിച്ച ടോട്ടനം ഹോട്‌സ്പറിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തകര്‍ത്താണ് ലിവര്‍പൂള്‍ തങ്ങളുടെ ആറാം ചാംപ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. കഴിഞ്ഞവര്‍ഷം ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡില്‍നിന്നേറ്റ തോല്‍വിയുടെ കയ്പ് ലിവര്‍പൂള്‍ കോച്ച് യൂര്‍ഗന്‍ ക്ലോപ്പിന് ഇനി മറക്കാം. ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹും പകരക്കാരന്‍ ദിവോക് ഒറിജിയുമാണ് ലിവര്‍പൂളിന് വേണ്ടി വലചലിപ്പിച്ചത്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ത്തന്നെ പനാല്‍റ്റിയിലൂടെയാണ് മുഹമ്മദ് സലാഹ് ലക്ഷ്യം കണ്ടത്. കളി തീരാന്‍ മൂന്നു മിനിറ്റ് ശേഷിക്കെയാണ് ദിവോക് ഒറിജിയുടെ ഗോള്‍ പിറന്നത്. യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ലിവര്‍പൂളിന്റെ ആറാം കിരീടമാണിത്. 2005നുശേഷമുള്ള ആദ്യ കിരീടവും.

 

 

നാടകീയതോടെയാണ് ഫൈനല്‍ തുടങ്ങിയത് തന്നെ. കളിതുടങ്ങി ഒരു മിനിറ്റാകും മുന്‍പേ ബോക്‌സിനുള്ളില്‍ സാദിയോ മാനേയെടുത്ത കിക്ക് ടോട്ടനത്തിന്റെ സിസോക്കോ കൈ കൊണ്ട് തടുത്തു. റഫറി പെനാല്‍റ്റി വിധിച്ചു. പെനാല്‍റ്റിയെടുത്ത സലാഹിന് പിഴച്ചില്ല, 1- 0. രണ്ടാം മിനിറ്റില്‍ തന്നെ ലിവര്‍പൂള്‍ ഒരു ഗോളിന് മുന്നില്‍. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ ഏറ്റവും വേഗതയേറിയ രണ്ടാം ഗോള്‍. 2005ല്‍ പൗലോ മാല്‍ദീനി നേടിയ ഗോളാണ് ഏറ്റവും വേഗതയേറിയത്. ചാംമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടുന്ന അഞ്ചാമത്തെ ആഫ്രിക്കന്‍ താരമെന്ന റെക്കോഡും ഇതിലൂടെ സലാഹ് നേടി. ഇതിന് മുമ്പ് റബാഹ് മാജര്‍, സാമുവല്‍ ഏറ്റൂ, ദിദിയര്‍ ദ്രോഗ്ബ, സാദിയോ മാനേ എന്നിവരാണ് ഈ നേട്ടം പിന്നിട്ടത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടുന്ന ആദ്യ ഈജിപ്ഷ്യന്‍ താരവും സലാഹ് തന്നെ.

 

 

 

ആ ഗോള്‍ പിറന്നതോടെ പ്രതിരോധത്തിലൂന്നി കളിച്ച ലിവര്‍പൂളിന്റെ തന്ത്രം വിജയിച്ചു. ആദ്യ പകുതിയില്‍ 50 ശതമാനത്തിലധികം പന്ത് കാലിലുണ്ടായിട്ടും ടോട്ടനത്തിന് ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിര്‍ക്കാനായില്ല. രണ്ടാം പകുതിയിലും ടോട്ടനം ഗോള്‍ മടക്കാനായി ആഞ്ഞുശ്രമിച്ചു. സോണിന്റേയും ഹരി കെയ്‌നിന്റേയും മുന്നേറ്റം പക്ഷേ ലക്ഷ്യത്തിലെത്തിയില്ല. പ്രതിരോധനിരയില്‍ വാന്‍ ഡൈക് പാറപോലെ ഉറച്ചുനിന്നു. ഇതിനിടെ വീണുകിട്ടിയ അനുകൂല ഫ്രീക്കും ഭാഗ്യം തുണച്ചില്ല. എറിക്‌സണ്‍ എടുത്ത ഫ്രീ കിക്ക് ഗോള്‍കീപ്പര്‍ അലിസണെ മനോഹരമായി തടുത്തിട്ടു.

 

 

കളി തീരാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ ദിവോക് ഒറിജി രണ്ടാമതും വലകുലുക്കി. ഫിര്‍മിന്യോയുടെ പകരക്കാരനായാണ് ദിവോക് ഒറിജി ഇറങ്ങിയത്. ക്ലോപ്പിന്റെ തീരുമാനം ശെരിവയ്ക്കുന്നതായി ഒറിജിയുടെ പ്രകടനം. ടോട്ടനം ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിലായിരുന്നു ഗോളിന്റെ പിറവി.

 

കോര്‍ണറില്‍നിന്നെത്തിയ പന്ത് രക്ഷപ്പെടുത്തുന്നതില്‍ ടോട്ടനം താരങ്ങള്‍ കാട്ടിയ അലസതയാണ് ഗോളിനു വഴിവച്ചത്. ടോട്ടനം താരം വെര്‍ട്ടോംഗന്‍ ഹെഡ് ചെയ്തകറ്റാന്‍ ശ്രമിച്ച പന്ത് പിടിച്ചെടുത്ത മാറ്റിപ് അതുനേരെ ആളൊഴിഞ്ഞുനിന്ന ഒറിജിക്കു മറിച്ചു. രണ്ടു ചുവടു മുന്നോട്ടു കയറി പോസ്റ്റിന്റെ വലതുമൂല ലക്ഷ്യമിട്ട് ഒറിജിയുടെ ഷോട്ട്. ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ നീട്ടിയ കരങ്ങള്‍ കടന്ന് പന്ത് വലയില്‍, 2- 0. ഇതോടെ ചെമ്പടയുടെ ആരാധകര്‍ ഗാംലറിയില്‍ വിജയാഹ്ലാദവും തുടങ്ങി.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.