2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

മോദിക്ക് ക്ലീന്‍ ചിറ്റ്: തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭിന്നത, യോഗത്തില്‍ നിന്ന് അശോക് ലവാസ വിട്ടു നിന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എല്ലാ പരാതികളും ക്ലീന്‍ ചിറ്റ് നല്‍കിയ സംഭവത്തില്‍ എതിരഭിപ്രായം പ്രകടിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മിഷണര്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ന്യൂനപക്ഷ തീരുമാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നില്ലെന്ന് പരാമര്‍ശിച്ച അശോക് ലവാസയാണ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ, സുഷീല്‍ ചന്ദ്ര, അശോക് ലവാസ എന്നിവരടങ്ങിയതാണ് മൂന്നംഗം തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഐകകണ്‌ഠേനയാണ് ഈ സമിതി തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്. അതില്ലെങ്കില്‍ ഭൂരിപക്ഷം നോക്കും.

എന്നാല്‍ ന്യൂനപക്ഷ അഭിപ്രായം രേഖപ്പെടുത്താന്‍ തയ്യാറായില്ലെന്നാരോപിച്ചാണ് അശോക് ലവാസ യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. ‘ന്യൂനപക്ഷ തീരുമാനം രേഖപ്പെടുത്താതെ വന്നതു മുതല്‍ ഫുള്‍ കമ്മിഷന്റെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു’- അശോക് ലവാസ മെയ് നാലിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു.

നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പരാതികളില്‍ ഓരോന്നിനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായ്ക്കു നേരെയും പരാതി ഉയര്‍ന്നെങ്കിലും നടപടിയുണ്ടായില്ല. ഇതിലെല്ലാം അശോക് ലവായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.