2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

‘ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എല്ലാ പാപങ്ങളും പൊറുക്കപ്പെടും’; ടോം വടക്കന്റെ പോസ്റ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെ കോണ്‍ഗ്രസ് മുന്‍ നേതാവ് ടോം വടക്കന്റെ പഴയപോസ്റ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. നിങ്ങള്‍ ഒരു തവണ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ അതോടെ നിങ്ങളുടെ പാപങ്ങളെല്ലാം ശുദ്ധീകരിക്കപ്പെടും എന്നതുള്‍പ്പെടെയുള്ള ട്വിറ്ററിലെ പഴയ കുറിപ്പുകളാണ് കുത്തിപ്പൊക്കപ്പെട്ടത്. പുല്‍വാമാ ആക്രമണത്തില്‍ കോണ്‍ഗ്രസ്സിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിവിടുന്നതെന്നായിരുന്നു ഇന്ന് ബി.ജെ.പി ആസ്ഥാനത്തുവച്ച് ടോം വടക്കന്‍ മാധ്യമങ്ങളോടു പറഞ്ഞത്. പുല്‍വാമാ ആക്രമണത്തിനു മുന്‍പ് കഴിഞ്ഞമാസം മൂന്നിനാണ് ബി.ജെ.പി നലപാടിനെ വിമര്‍ശിച്ചുള്ള ടോം വടക്കന്റെ കുറിപ്പ്.

ഇതിനു പുറമെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണമോ സാമ്പത്തിക തട്ടിപ്പോ ഉണ്ടായാല്‍ അവര്‍ എന്തു ചെയ്യും? നേരെ ബി.ജെ.പിയില്‍ ചേരും എന്ന വസുദേവന്‍ കെയുടെ ട്വീറ്റ് ടോം വടക്കന്‍ ഈ മാസം അഞ്ചിന് പങ്കുവച്ചിട്ടുമുണ്ട്. ചൊവ്വാഴ്ചയാണ് അവസാനമായി ടോംവടക്കന്‍ തന്റെ ട്വിറ്റര്‍ പേജില്‍ കുറിപ്പിട്ടത്. അതാവട്ടെ, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റ് പങ്കുവയ്ക്കുന്നതും. അതിനു മുന്‍പ് ഈ മാസം ആറിനു പുല്‍വാമാ വിഷയത്തില്‍ ബി.ജെ.പിക്കെതിരായ കോണ്‍ഗ്രസ്സിന്റെ മറ്റൊരു കുറിപ്പും ടോം വടക്കന്‍ പങ്കുവച്ചിട്ടുണ്ട്. റാഫേല്‍ ഇടപാടില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വിമര്‍ശനമുന്നയിക്കുന്ന വാര്‍ത്തയുടെ ലിങ്ക് കഴിഞ്ഞമാസം പത്തിനും പങ്കുവച്ചു.
പാകിസ്താന്‍ അതിര്‍ത്തിയില്‍ ഇന്ത്യനടത്തിയ വ്യോമാക്രമണം പാര്‍ട്ടിക്കു കര്‍ണ്ണാടകയില്‍ 22 ലോക്‌സഭാ സീറ്റുകള്‍ നേടിത്തരുമെന്ന മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പയുടെ വിവാദ പ്രസ്താവനയെ ‘വൃത്തികെട്ട രാഷ്ട്രീയം’ എന്നാണ് ടോം വടക്കന്‍ കഴിഞ്ഞമാസം 28 ലെ കുറിപ്പില്‍ വിശേഷിപ്പിച്ചത്. റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്ന് ചൂണ്ടിക്കാണിക്കുന്ന ദിഹിന്ദു ദിനപത്രം പുറത്തുവിട്ട രേഖകള്‍ അദ്ദേഹം എട്ടിന് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഇവയെല്ലാം ട്വിറ്ററില്‍ നിന്നു നീക്കാതെ രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് ‘കുത്തിപ്പൊക്കാന്‍ അവസരം’ നല്‍കിയാണ് ടോംവടക്കന്റെ ബി.ജെ.പി പ്രവേശനം.
മലയാളത്തിലുള്‍പ്പെടെയുള്ള ചാനല്‍ചര്‍ച്ചകളിലും സാമൂഹിക മാധ്യമങ്ങളിലും കോണ്‍ഗ്രസ്സിന്റെ നിലപാടുകള്‍ ഉറപ്പിക്കാനായി ഇതുവരെ വാദിച്ചുവന്ന ടോം വടക്കന്റെ പഴയ ബി.ജെ.പി വിരുദ്ധ പ്രതികരണങ്ങള്‍ ഇനിയും കൂടുതല്‍ പുറത്തുവരുമെന്ന കാര്യത്തില്‍ സംശയമില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.