2019 December 10 Tuesday
ജി സി സി ഉച്ചകോടി ഇന്ന് റിയാദിൽ: ഖത്തർ അമീർ പങ്കെടുക്കുമോയെന്നു ഉറ്റു നോക്കി അറബ് ലോകം

വിജയരാഘവനറിയാം പാണക്കാട്ടെ പോരിശ

സി.വി.എം വാണിമേല്‍

 

ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവനറിയാം പാണക്കാട്ടെ പോരിശകള്‍. എന്നിട്ടും ഒന്നുമറിയാത്തവനെപ്പോലെ പാണക്കാട്ടെ സയ്യിദുമാരെ പരാമര്‍ശിക്കുന്നത് ചില ദുഃശക്തികളെ തൃപ്തിപ്പെടുത്താനാണെന്നറിയാം. പാണക്കാട്ടെത്തുന്ന ശരണാര്‍ഥികളുടെ കണക്കെടുത്താല്‍ രാഘവന്‍ സഖാവിനോടൊപ്പമുറങ്ങിയവരും ഒന്നിച്ചുണ്ടവരുമുണ്ടാകുമെന്ന് ഓര്‍ത്താല്‍ നന്ന്.
മാര്‍ക്‌സിസ്റ്റ് ഇന്ത്യയുടെ സര്‍വസ്വവുമായിരുന്ന ഹര്‍കിഷന്‍ജി വരെ സമ്മതിച്ച കുടുംബമാണ് പാണക്കാട്ടെ സയ്യിദ് കുടുംബം. മത, വര്‍ഗ, കക്ഷിഭേദമില്ലാതെ പാണക്കാട്ടെത്തുന്ന മനുഷ്യപ്രവാഹം കാണാന്‍ സഖാവ് പരാജയരാഘവനെ (ഈയിടെ ഈ സഖാവ് തൊട്ടതെല്ലാം വിവാദമാണ്. പരാജയമാണ്) പാണക്കാട്ടേക്ക് വിനയത്തോടെ ക്ഷണിക്കുന്നു. എന്തിനാണെന്നല്ലേ, പാണക്കാട്ടെ സയ്യിദുമാരുടെ അനുഗ്രഹം വാങ്ങാനെത്തുന്നവരില്‍ എത്ര സഖാക്കളുണ്ടെന്നറിയാന്‍.

മാനസിക സംഘര്‍ഷവും ദുരിതപൂര്‍ണമായ ജീവിതവുമായി നരകിക്കുന്നവര്‍ ഭൗതികേച്ഛയില്ലാതെ മനുഷ്യരെ സ്‌നേഹിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നിടങ്ങളിലെത്തും.
അവര്‍ അതില്‍ സായൂജ്യരാണ്. കാരണം അവിടെ കളങ്കമില്ല, വീരാരാധനയില്ല. കച്ചവടമില്ല. സാക്ഷാല്‍ ഇ.എം.എസിനു പോലും ഇതു സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ കമ്മ്യൂണിസത്തിന്റെ വേരറ്റുപോകുമെന്ന ഭയത്താല്‍ ഒന്നും തുറന്ന് പറഞ്ഞില്ലെന്നു മാത്രം.

ഒരു സംഭവം പറയട്ടെ. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ദുബൈയില്‍ ഒരു സ്വകാര്യ സന്ദര്‍ശനത്തിനെത്തിയതാണ്. നായിഫ് റോഡിലെ ഡല്‍ഹി ദര്‍ബാറിലാണ് താമസം. ഒരു വെള്ളിയാഴ്ച ദിവസം വൈകുന്നേരം അഞ്ചോടടുത്തു കാണും. ദേരയിലെ അണ്ണാച്ചി ഗല്ലിയിലെ മുരുകനെന്ന യുവാവ് തന്റെ അച്ഛനുമായി ഹൈദരലി ശിഹാബ് തങ്ങളെ കാണാനെത്തിയിരിക്കുന്നു. രോഗിയായ അച്ഛന്റെ വളരെക്കാലത്തെ ആഗ്രഹമാണ് പാണക്കാട്ടെ തങ്ങളെ കാണുകയെന്നത്. ഒടുവില്‍ അതു സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു അച്ഛനും മകനും.

കമ്മ്യൂണിസ്റ്റ് ചൈനയിലെ എഴുത്തുകാര്‍ക്കിടയില്‍ ഈയിടെ ചൂടേറിയ ചര്‍ച്ച നടന്നു. വിഷയം ആത്മീയത സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം. കള്ള ദൈവങ്ങളും ആത്മീയ തട്ടിപ്പുകളും ദുരാചാരങ്ങളും സമൂഹത്തിന്റെ സ്വസ്ഥത ഊതിക്കെടുത്തുമ്പോള്‍ സ്‌നേഹത്തിന്റേയും അനുകമ്പയുടേയും സഹായത്തിന്റേയും ജീവിത വിശുദ്ധിയുടേയും പാരമ്യതയില്‍ വേദനിക്കുന്ന മനസുകളെ ആശ്വസിപ്പിക്കുന്ന ആത്മീയ സ്പര്‍ശങ്ങള്‍ അവഗണിക്കപ്പെട്ടു കൂടായെന്നിടത്തേക്ക് സംവാദമെത്തിയപ്പോള്‍ പൂര്‍ണമാകാതെ ചര്‍ച്ചയ്ക്കു പൂട്ടുവീഴുകയായിരുന്നു. ചവിന്‍ തെരേയോ എന്ന പീക്കിങിലെ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി പറയുന്നതിങ്ങനെ: ആത്മീയതയെ തള്ളിക്കളയാനാവില്ല. തകര്‍ന്ന മനസുകള്‍ക്കൊടുവില്‍ അവിടെയാണാശ്വാസം.
റഷ്യയിലെ സമര്‍ഖണ്ഡില്‍ കമ്മ്യൂണിസത്തെ കുഴിച്ചിട്ട് ആത്മീയ പ്രഭാഷണത്തിന്റെ വഴിയില്‍ ബഹുദൂരം സഞ്ചരിച്ച ഇവാന്‍ സദ്രിയും ഭൗതിക ചികിത്സ പരാജയപ്പെടുന്നിടത്ത് വേദനിക്കുന്ന മനുഷ്യന്റെ ഒടുവിലത്തെ പ്രതീക്ഷ ആത്മീയതയെ പ്രാപിക്കലാണെന്ന് തുറന്നടിച്ച ഖബ്‌റിഖ സോച്ചിയും കമ്മ്യൂണിസത്തിന്റെ മുഖംമൂടി വലിച്ചുകീറുകയാണ്.

ചൈനയില്‍ കമ്മ്യൂണിസ്റ്റ് ആചാര്യരായ കള്ളദൈവങ്ങളെ തുറുങ്കിലടച്ച വാര്‍ത്തയും മറക്കാറായിട്ടില്ല. ആത്മീയത കച്ചവടമല്ല. ദൈവങ്ങളെ സൃഷ്ടിക്കലല്ല. നല്ലൊരു ആത്മീയ പുരുഷന്‍ മികച്ച സേവകനായിരിക്കും.
ഇതിന് മുന്‍പും പാണക്കാട് കുടുംബത്തെ വിജയരാഘവന്‍ അകാരണമായി മാധ്യമങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. പാണക്കാട്ടെ പ്രത്യേക തകളും ആ കുടുംബത്തിന്റെ ദേശസ്‌നേഹവും പൊതുമണ്ഡലങ്ങളിലെ സ്വാധീനവും സ്വീകാര്യതയും അധികാരത്തിന്റേതല്ല. കുലമഹിമകളുടേതല്ല. ദുഃസ്വാധീനങ്ങളുടേതല്ല.

ഈ ദേശത്തിന്റെ പിറവിയോളം പഴക്കമുള്ള, നാടും നാട്ടുകാരും ഒന്നിച്ചൊന്നായ് പതിച്ചുകൊടുത്ത അംഗീകാരമാണത്. അധികാരികളെ സൃഷ്ടിക്കുന്നവരാണവര്‍. അധികാരം കൈയേന്തുന്നവരല്ല. ജനങ്ങളാല്‍ വാഴ്ത്തപ്പെടുന്ന ജനസേവനത്തിന്റെ വഴിയിലെ മാസ്മരിക നാമമാണത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News