2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഒറ്റുകാരന്‍ സവര്‍ക്കറുടെ വാളല്ല, സ്വാമി വിവേകാനന്ദന്റെ വാക്ക്

ശുഐബുല്‍ ഹൈതമി 8606210049

 

പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും മുതല്‍ താഴോട്ടുള്ള എല്ലാ ഹിന്ദുത്വ നേതാക്കളുടെയും മതാത്മക രാഷ്ട്രീയശാസ്ത്രം എല്ലാവര്‍ക്കും അറിയുന്നതാണ്. ഹൈന്ദവ ആചാര്യന്മാരുടെയും സന്യാസിമാരുടെയും ജന്മ-സമാധി ദിവസങ്ങളില്‍ ഭംഗിവാക്കുകളില്‍ പൊതിഞ്ഞ ആദരാഞ്ജലികള്‍ അര്‍പ്പിക്കുക അവരുടെ പതിവാണ്. കഴിഞ്ഞ ദിവസം ഭാരതം ദര്‍ശിച്ച ഏറ്റവും പ്രഗത്ഭനായ ‘ഹിന്ദു’ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായിരുന്നു. പതിവുപോലെ ഈ വര്‍ഷവും ദേശീയ ഹിന്ദുത്വ കേന്ദ്രങ്ങള്‍ അജ്ഞത നടിച്ചു. എന്തുകൊണ്ടാണ് വി.ഡി സവര്‍ക്കര്‍ക്കും അയാളുടെ വിചാരധാര ഉല്‍പാദിപ്പിച്ച ആര്‍.എസ്.എസ് ഫാസിസ്റ്റുകള്‍ക്കും സ്വാമി വിവേകാനന്ദന്‍ അനഭിമതനാകുന്നു എന്ന് മനസിലാകാന്‍ വി.ഡി സവര്‍ക്കരുടെ ഹിന്ദുത്വത്തില്‍നിന്ന് വിവേകാനന്ദന്റെ ഹിന്ദൂയിസത്തിലേക്കുള്ള ദൂരം വിശകലനം ചെയ്യേണ്ടി വരും. ഹിന്ദുവാകല്‍ എന്ന കാര്യത്തിന് മണ്ണാലും രക്തത്താലും രാഷ്ട്രത്താലുമുള്ള പൊതുത്വം മാനദണ്ഡമായിരുന്നു സവര്‍ക്കറുടെ പക്കല്‍. വിവേകാനന്ദന്റെ പക്കല്‍ മനുഷ്യനായാല്‍ മതിയായിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും പ്രശസ്തനായ ഹിന്ദുപണ്ഡിതനാര് എന്ന ഒരു ചോദ്യം അക്കാദമിക്കല്‍ പര്‍പസായി ചോദിക്കപ്പെട്ടാല്‍ ലഭിക്കുന്ന ഒന്നാമത്തെ ഉത്തരമാണ് സ്വാമി വിവേകാനന്ദന്‍. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതിന്റെ 400ാം വാര്‍ഷികത്തോടനുബന്ധിച്ച് ചിക്കാഗോയില്‍ 1893 സെപ്റ്റംബര്‍ 11 മുതല്‍ 17 വരെ നടന്ന വിശ്വമത സംവാദത്തില്‍ വിവേകാനന്ദന്‍ ചെയ്ത അഞ്ചു പ്രഭാഷണങ്ങളും എഴുതിത്തയാറാക്കിയ അതിഗഹനമായ ഒരു പ്രബന്ധവുമാണ് അദ്ദേഹത്തിന്റെ മതമാനവിക വീക്ഷണങ്ങളുടെ രത്‌നസാരം. കൂടാതെ ശ്രീരാമകൃഷ്ണ മഠം പുറത്തിറക്കിയ ഢശ്‌ലസമിമിറവമവശ െരമഹഹ ീേ വേല ിമശേീി എന്ന ബൃഹത് ഗ്രന്ഥത്തില്‍ അദ്ദേഹത്തിന്റെ സകല രേഖീയ പരാമര്‍ശങ്ങളും പ്രസ്താവനകളും തുന്നിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഇവകളിലൊരിടത്തും ഒരു സാഹചര്യത്തിലും വിരോധമോ ഹിംസാത്മകമായ ഉഗ്രവാദമോ കാണാന്‍ കഴിയില്ല. പ്രത്യുത, ദൈവവിശ്വാസിയും ലോകമത സൗഹൃദ വാദിയും നിര്‍മലഹൃത്തനും അതികഠിനമായ ആത്മതപസ്വിയെയുമാണ് വിവേകാനന്ദനില്‍ ദര്‍ശിക്കാനാവുക. സകല ദര്‍ശനങ്ങളിലെയും പൊതുനന്മകളെ സ്വാംശീകരിക്കുന്ന ദാര്‍ശനിക സങ്കേതവും, പ്രകൃതിയിലെ സൃഷ്ടിജാലങ്ങളുടെ നൈസര്‍ഗിക നീതി ഉറപ്പുവരുത്തുന്ന നാഗരിക വ്യവസ്ഥയും മാത്രമാണ് ഹൈന്ദവത എന്നു വിവേകാനന്ദന്‍ സ്ഥാപിച്ചു. വംശശുദ്ധീവാദം മധ്യേഷ്യന്‍ നാഗരിതയുടെ രാഷ്ട്രീയതന്ത്രമാണെന്ന് അദ്ദേഹം ഉറക്കെ പറഞ്ഞു. ഹൈന്ദവതക്ക് അഭ്യന്തരമോ ബാഹ്യമോ ആയ ശത്രുക്കളില്ലെന്നും പുറംതള്ളലല്ല ഉള്‍ക്കൊള്ളലാണ് ആത്മീയതയുടെ ലക്ഷണമെന്നും തുറന്നു പറഞ്ഞു.

ആര്യന്മാര്‍ മാത്രമാണ് ദൈവപ്രിയരെന്ന് തുടക്കത്തിലും പിന്നീട് അവര്‍ മാത്രമേ ഹോമോസാപ്പിയമാരായിട്ടുള്ളൂ എന്നുതന്നെയും വരുത്തിത്തീര്‍ക്കേണ്ട ആവശ്യക്കാരാണ് ഹിന്ദുമതത്തെ മലിനമാക്കുന്നതെന്ന് 120ലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പേ 30 വയസുകാരനായ ഒരു യുവസന്യാസി ലോകത്തോട് വിളിച്ചുപറയുമ്പോള്‍ ഇന്ത്യന്‍ ഫാസിസം അതിന്റെ ഗര്‍ഭഗൃഹത്തിലായിരുന്നു എന്നോര്‍ക്കണം. വിവേകാനന്ദന്‍ തന്റെ ചിക്കാഗോ പ്രഭാഷണത്തിന്റെ മുഖവുരയില്‍ ചൊല്ലിയ ശ്ലോകം തന്നെ ഹൈന്ദവതയുടെ ഋജുവായ ആവിഷ്‌കാരമായിരുന്നു. ‘പലയിടങ്ങളിലായുറവെടുത്ത പല പുഴകളിലെയും വെള്ളം കടലില്‍ കൂടിക്കലരുന്നുവല്ലോ, അതു പോലെയല്ലെയോ പരമേശ്വര, രുചിവൈചാത്യം കൊണ്ട് മനുഷ്യര്‍ കൈക്കൊള്ളുന്ന വഴികള്‍ വിഭിന്നമെങ്കിലും വളഞ്ഞോ പുളഞ്ഞോ അവകള്‍ പലമക്കളായി പ്രത്യക്ഷപ്പെടുന്നുവെങ്കിലും, അങ്ങയിലേക്കാണവയുടെ ഏക ശുഭാന്ത്യം’
എന്നര്‍ഥം വരുന്ന ആമുഖവാചകം ജുഗുപ്‌സാവഹമായ കടുംപിടിത്തങ്ങളില്‍നിന്ന് തന്റെ മതത്തെ പരിരക്ഷിക്കാനുള്ള ഒരാചാര്യന്റെ കുതറിത്തെറിക്കലാണെന്നാണ്, വിവേകാനന്ദനെ കുറിച്ച് ഏറ്റവും ആധികാരികമായി നിരൂപണ പഠനം നടത്തിയ ആംഗലേയ തൂലികാകാരി മേരി ലൂയിസ് ബര്‍ക്ക് നിരീക്ഷിക്കുന്നത്. ചിക്കാഗോയിലെ തന്റെ പ്രബന്ധത്തില്‍ ഇക്കാര്യം വിവേകാനന്ദന്‍ വളച്ചുകെട്ടില്ലാതെ പറഞ്ഞിരുന്നു. ‘പലനിറങ്ങളുള്ള പളുങ്കുപലകകളില്‍ കൂടി ഒരേ വെളിച്ചം വരികയാണ്. മനുഷ്യരുടെ ശരീരങ്ങളിലും കര്‍മങ്ങളിലും ഉണ്ടാകുന്ന വ്യത്യസ്ത നിറവ്യതിയാനങ്ങള്‍ അങ്ങനെ കണ്ടാല്‍ മതി. ഭഗവാന്‍ കൃഷ്ണാവതാരത്തില്‍ ഹിന്ദുവിനോട് ഇപ്രകാരം അരുള്‍ ചെയ്തിരിക്കുന്നു. മണിമാലയിലെ നൂലുപോലെ എല്ലാ മതത്തിലും ഒറ്റശക്തിയായി ഈശ്വരനുണ്ട്. ഹിന്ദുവിന് മാത്രമേ മോക്ഷമുള്ളൂ, മറ്റാര്‍ക്കുമില്ല എന്ന തരത്തില്‍ ഒരു വാക്യമെങ്കിലും ഏതെങ്കിലും വേദങ്ങളില്‍ കാണിച്ചുതരാന്‍ ഞാന്‍ ഈ ലോകത്തെ വെല്ലുവിളിക്കുന്നു’.

ശുദ്ധിസങ്കല്‍പ്പങ്ങളുടെ ആധാരമായ വര്‍ണാശ്രമവ്യവസ്ഥ യുക്തിഭദ്രമാണെന്ന് വിവേകാനന്ദന്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. വ്യാസമഹര്‍ഷിയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു, ‘എന്തിനധികം പറയണം, ആധുനിക ഹൈന്ദവ ജീവിതത്തിന്റെ ഘടന പാകപ്പെടുത്തിയ വ്യാസന്‍ പറഞ്ഞുവല്ലോ: നമ്മുടെ വര്‍ണാശ്രമങ്ങള്‍ക്ക് പുറത്തും ഉത്തമ പുരുഷന്മാരെ കാണാമെന്ന്.

ഹൈന്ദവതയും ഇതര മതങ്ങളും

‘വിശ്വമതം’ എന്ന ഉപശീര്‍ഷകച്ചുവട്ടില്‍ അതേ പ്രബന്ധത്തില്‍ സ്വാമി വിവേകാനന്ദന്‍, ഇതര മതങ്ങളോടുള്ള തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. സെമിറ്റിക് മതങ്ങളില്‍ സമ്പൂര്‍ണ മാനവികത ഇസ്‌ലാമില്‍ അന്തര്‍ലീനമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നതു കാണാം.
ഇസ്‌ലാമിലെ സാഹോദര്യ സിദ്ധാന്തം വിവേകാനന്ദനെ പലവട്ടം കോരിത്തരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പലയിടത്തും പറഞ്ഞു. അമേരിക്ക, ചൈന, ജപ്പാന്‍, കാനഡ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ തന്റെ ദൗത്യനിര്‍വഹണത്തിനു വേണ്ടി സന്ദര്‍ശനം നടത്തിയ സ്വാമി, അമേരിക്കയിലെ ഒരു മസ്ജിദില്‍ സാമൂഹികമായ വലുപ്പച്ചെറുപ്പങ്ങളില്ലാതെ സകലരും സമത്വഭാവത്തില്‍ പ്രാര്‍ഥിക്കുന്ന ദൃശ്യമാണ് ഏറ്റവും ആനന്ദദായക കാഴ്ചയായി എടുത്തു പറഞ്ഞത്.
‘മുസ്‌ലിമായ ഒരാളെ ഒരു സഹോദരനായി ഞാന്‍ ആഹ്ലാദപൂര്‍വം സ്വീകരിക്കും. വ്യത്യാസങ്ങള്‍ ഇത്തിരിപോലും നോക്കാതിരിക്കുന്ന ഇങ്ങനെയൊരുമതം വേറെയില്ല. നിങ്ങളിലെ ഒരു സാധാരണക്കാരന്‍ മുസ്‌ലിമായാല്‍ തുര്‍ക്കി സുല്‍ത്താന് അയാളോടൊന്നിച്ച് ഭക്ഷണം കഴിക്കാന്‍ വിരോധമുണ്ടാകില്ല. (സ്വാമി ഇതു പറയുന്ന കാലത്ത് തുര്‍ക്കി ഖിലാഫത്തിന്റെ നാളുകളായിരുന്നു). വെള്ളക്കാരനും നീഗ്രോയും അടുത്തടുത്ത് മുട്ടുകുത്തി പ്രാര്‍ഥിക്കാനിരിക്കുന്നത് ഞാനൊരിടത്തും കണ്ടിട്ടില്ല. പക്ഷെ, മുഹമ്മദീയ്യരുടെ ഇടയില്‍ എല്ലാവരും സമന്മാരാണ് ‘.

ക്രിസ്ത്യന്‍ മതത്തെയും അദ്ദേഹം ആദരിച്ചിരുന്നു. നിര്‍മല മാനസികാവസ്ഥയാണ് ക്രിസ്തു സന്ദേശമെന്നാണ് വിവേകാനന്ദന്‍ പറഞ്ഞത്. കാഠിന്യങ്ങളുടെ ചുറ്റുപാടുകളില്‍ കാരുണ്യം ചൊരിഞ്ഞ യേശുവിന്റെ മാര്‍ഗം നിലനില്‍ക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ഭാരതത്തിന്റെ എന്നല്ല, പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും പ്രതിഭാസിക മാര്‍ഗങ്ങള്‍ വിഭിന്നമാണെന്നും എന്നാല്‍ എല്ലാറ്റിന്റെയും പിന്നിലെ നിമിത്തം ഏകമാണെന്നുമാണ് വിവേകാനന്ദ ദര്‍ശനം. മതം, രാഷ്ട്രം, രാഷ്ട്രീയം, സമൂഹം, കുടുംബം തുടങ്ങിയ എല്ലാ സാമൂഹിക സംവിധാനങ്ങളിലും ഈ രൂപഭിന്നതകള്‍ ആവശ്യമാണ്. ‘എല്ലാ മുഖങ്ങളും ഒരേ ദിക്കിലേക്ക് തിരിയുന്ന കാലം അപ്രായോഗികമാണ്. ഉള്‍ക്കൊള്ളലാണ് മനുഷ്യഗുണം. പുറംതള്ളല്‍ മൃഗീയതയാണ്. വിവേകാനന്ദന്‍ നിരീക്ഷിച്ചു’. ഒരു രാഷ്ട്രത്തെ വിഭിന്ന ഭക്ഷണപ്രിയരായ ഒരു തറവാട്ടിലെ അംഗങ്ങോടാണ് അദ്ദേഹം ഉപമിച്ചത്. ‘ദിവ്യവരദാനങ്ങളായ സൂര്യനും മഴയും മുഹമ്മദീയരോടും ക്രൈസ്തവരോടും ഹിന്ദുക്കളോടും ഒരുപോലെയാണ് വര്‍ത്തിക്കുന്നത്. വ്യക്തികളെ നോക്കി വെയിലും കാറ്റും ഭാവം മാറുന്നില്ല, പൂക്കളും പഴങ്ങളും നിലനില്‍ക്കുന്ന മണ്ണിന്റെ ഉടമസ്ഥനെ നോക്കാറില്ല. പിന്നെ മനുഷ്യര്‍ മാത്രം വിവേചനങ്ങളുടെ തത്വശാസ്ത്രം വിളിച്ചുകൂവുന്നതെന്തിനാണ് ‘ എന്ന് വിവേകാനന്ദന്‍ ഉച്ചത്തില്‍ ചോദിച്ചപ്പോള്‍ ചിക്കാഗോ കണ്ണീരണിയുകയായിരുന്നു.

വിവേകാനന്ദന്റെ ഭാരതീയ സങ്കല്‍പ്പം

ഭാരതത്തെ ഒരു തണല്‍മരത്തോടാണ് വിവേകാനന്ദന്‍ ഉപമിച്ചത്. ഒരു വിത്ത് വിതക്കപ്പെടുന്നു. മഴയും വായുവും വെളിച്ചവും ചേരുമ്പോള്‍ അത് നാമ്പും തൂമ്പുമെടുത്ത് പൊടിക്കുന്നു. അത് പിന്നീട് വളര്‍ന്ന് പന്തലിക്കുന്നു. വളര്‍ച്ചാ മധ്യേ വിത്ത് വെള്ളമോ മണ്ണോ ആകുന്നില്ല. അതുപോലെ ബാക്കിയുള്ളവയും സ്വത്വം മാറുന്നില്ല. പക്ഷെ വിത്തുമുളച്ചപ്പോള്‍ മരം വളര്‍ന്നു. ഈ മരത്തേക്കുറിച്ച് കേവലം വിത്തിന്റെ രൂപഭേദമെന്ന് പറയാനൊക്കില്ല. മണ്ണും വെള്ളവും വായുവും കൂടിയാണ് മരം. ആ മരമായ ഭാരതത്തെ കുറിച്ച് വിത്തെന്നോ വെള്ളമെന്നോ മണ്ണെന്നോ വിശേഷിപ്പിക്കാന്‍ ആര്‍ക്കും പറ്റില്ല. വിത്തിനും മരത്തിനുമിടയിലെ ഘടകങ്ങളാണ് മതജാതി സംസ്‌കാരങ്ങള്‍. ഇത്ര സുന്ദരമായി വേറൊരാള്‍ ഭാരതീയ ബഹുസ്വരതയെ ലളിത വല്‍ക്കരിച്ചിട്ടുണ്ടാകില്ല.
ചുരുക്കത്തില്‍, തെറ്റായി ഉണര്‍ത്തപ്പെടുന്ന ഹിന്ദുവികാരം ഒരു മഹാരാജ്യത്തിന്റെ സ്വസ്ഥതകെടുത്തിയ ഇക്കാലത്ത് അമിത്ഷാ മുതല്‍ കെ. സുരേന്ദ്രന്‍ വരെയുള്ള വര്‍ഗീയതയുടെ മുക്കുവന്മാര്‍, വിവേകാനന്ദന്‍ സ്‌നാനം ചെയ്ത കടലിലൊന്ന് കാലുകുത്തിയാല്‍ മതി, ഈ പുഴുത്തുകെട്ട മതമദങ്ങളില്‍നിന്ന് ഒരു നക്ഷത്രത്തിന്റെ വലിപ്പമുള്ള ഈ രാജ്യം രക്ഷപ്പെടാന്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.