2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

പ്രവാസികള്‍ മൂരാച്ചികളല്ല ‘പ്രയാസി’കളാണ് സര്‍

പുത്തൂര്‍ റഹ്മാന്‍

 

 

കേരളത്തിന്റെ ഏറ്റവും വിലപിടിപ്പുള്ള കയറ്റുമതി കേരളീയര്‍ തന്നെയാണ്. ഇന്ത്യയില്‍ ഏറ്റവുമധികം മനുഷ്യവിഭവശേഷി കയറ്റുമതി ചെയ്യുന്ന സംസ്ഥാനമാണു കേരളം. ലോകത്തെങ്ങും മലയാളികളുണ്ട്. കൊട്ടാരവാസികളായ അതിസമ്പന്നര്‍ മുതല്‍ ആടുജീവിതം നയിക്കുന്ന ദരിദ്രനാരായണന്മാര്‍ വരെയുണ്ട് ആ പ്രവാസിസമൂഹത്തില്‍. ഇവരെല്ലാം ചേര്‍ന്നാണു കേരളത്തെ തീറ്റിപ്പോറ്റുന്നത്.

ഈ യാഥാര്‍ഥ്യത്തിനു മുന്നില്‍ കേരള വികസനത്തിന്റെ മറ്റെല്ലാ ഏടുകളും നിസാരമാണ്. നാട്ടിലൊരു പ്രയാസം വരുമ്പോള്‍ കേരളത്തിലെ സാധാരണകുടുംബങ്ങള്‍ മുതല്‍ ഭരണകൂടങ്ങള്‍വരെ സഹായം തേടി ഓടിയെത്തുന്നത് ഗള്‍ഫുനാടുകളിലാണ്. അവിടെയാണല്ലോ പ്രവാസികള്‍ എളുപ്പത്തില്‍ പ്രാപ്യമാകുന്നത്. പ്രവാസികള്‍ നേടിത്തരുന്ന വിദേശനാണ്യമാണു കേരളത്തിന്റെ സാമ്പത്തികാടിത്തറ.
ഈ സാമ്പത്തികസ്രോതസുകളുടെ ഭാവിക്കും കേരളത്തിന്റെ ഭാവിക്കും ഒരുപോലെ പ്രയോജനപ്പെടുത്തുകയെന്ന നിലയ്ക്കാണു കേരളം സംരംഭകത്വസൗഹൃദ സംസ്ഥാനമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പരിണമിച്ചത്. ഭാവിയെ ലക്ഷ്യംവയ്ക്കുന്ന ഈ ദൗത്യങ്ങള്‍ക്കേറ്റ ഉണക്കാനാവാത്ത മുറിവാണു നാട്ടില്‍ തിരിച്ചെത്തി സംരംഭകനായി മാറിയ പ്രവാസി മലയാളി സാജന്റെ ആത്മാഹുതി.

ഒരായുസുകൊണ്ടു സമ്പാദിക്കാന്‍ കഴിഞ്ഞതത്രയും മറുനാട്ടില്‍ നിക്ഷേപിച്ചു ലാഭം കൊയ്യുന്നതിനു പകരം പെറ്റനാടിന്റെ ഗുണത്തിനുതകും വിധം നിക്ഷേപിക്കാന്‍ തയാറായ ഗുണകാംക്ഷിയാണു തിക്താനുഭവങ്ങള്‍ കൊണ്ടു ഹൃദയം തകര്‍ന്ന് ആത്മഹത്യയില്‍ ജീവിതസ്വപ്നങ്ങള്‍ അവസാനിപ്പിച്ചത്. നമ്മുടെ നാടിനേറ്റ അപമാനമാണിത്. പിറന്നനാടിനെ ചൊല്ലിയുള്ള പ്രവാസിജനതയുടെ വിചാരവികാരങ്ങളെയാകെ നിരാശകൊണ്ടു മൂടിയ ദുരന്തമായി ഇപ്പോള്‍ സാജന്റെയും തൊട്ടുമുന്‍പേ സുഗതന്റെയും ആത്മഹത്യകള്‍.
കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ പ്രവാസി സമൂഹം ഇന്ത്യയിലേയ്ക്കയച്ചത് 4.83 ലക്ഷം കോടി രൂപയാണ്. നടപ്പുവര്‍ഷം അത് 5.54 ലക്ഷം കോടി കടക്കുമെന്നാണു സൂചന. യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ടതായതു കൊണ്ട് ഈ കണക്കുകളില്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്നുറപ്പാണ്. കണക്കിലെ പെരുപ്പിച്ചു കാട്ടലുകള്‍ ആവശ്യമില്ലാത്ത രാജ്യമാണ് യു.എ.ഇ. ഇരുന്നൂറോളം രാജ്യക്കാര്‍ ഒത്തുവാഴുന്ന യു.എ.ഇ എന്ന ഒരൊറ്റ വിദേശ രാജ്യത്തുനിന്ന് പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്കയച്ച തുകയാണ് ഇപ്പറഞ്ഞത്.
യു.എ.ഇയില്‍ 16 ലക്ഷത്തിലേറെ മലയാളികളുണ്ടെന്നാണു പറയുന്നത്. മേല്‍പ്പറഞ്ഞ തുകയില്‍ യു.എ.ഇ മലയാളികളുടെ വിഹിതം 1.02 ലക്ഷം കോടി രൂപയാണ്. യു.എ.ഇയിലെ വിദേശികളില്‍ പ്രവാസിപ്പണം കൂടുതല്‍ നാട്ടിലേയ്ക്ക് അയച്ചവരും ഇന്ത്യക്കാരാണ്. നാട്ടിലേയ്ക്കു പണമയച്ച പ്രവാസികളില്‍ ഇന്ത്യക്കാരുടെ വിഹിതം 38.1 ശതമാനമാണെന്നാണു യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ കണക്ക്. ഈ കണക്കുകളില്‍ നിന്നു വായിച്ചെടുക്കാനാകും വിദേശങ്ങളില്‍ പ്രയാസപ്പെടുന്ന പ്രവാസിമലയാളികള്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കും അവരുടെ നാടിനോടുള്ള പരിഗണന എത്രമാത്രമാണെന്ന്. ജി.സി.സി ഉള്‍പ്പെടേ എല്ലാ വിദേശരാജ്യങ്ങളിലുമുള്ള പ്രവാസി സമൂഹത്തിന്റെ നാടുമായുള്ള നാഭീനാള ബന്ധത്തിന്റെ പരിച്ഛേദമാണ് ഈ കണക്കുകള്‍.

പ്രവാസമെന്ന സാമ്പത്തിക സ്രോതസ് സ്ഥിരമല്ലെന്ന ബോധം കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ശക്തമായി. ഗള്‍ഫ് പ്രവാസത്തിന്റെ കാര്യം തന്നെ നോക്കാം. എഴുപതുകളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ പ്രധാന സാമ്പത്തിക സ്രോതസും തൊഴില്‍ ദാതാവും പെട്രോളിയം ഉല്‍പന്ന വിപണിയുമായിരുന്നു. വന്‍കിട രാജ്യങ്ങളായ അമേരിക്കയും യൂറോപ്യന്‍ ശക്തികളും ഗള്‍ഫിലെ പെട്രോളിയത്തെ ആശ്രയിച്ചു. ഗള്‍ഫ് മേഖലയ്ക്കു സാമ്പത്തിക ക്ഷീണമുണ്ടായാല്‍ അതിന്റെ പ്രതിധ്വനി എല്ലാ രാജ്യങ്ങളിലുമുണ്ടാകും.
ഇതര വികസിതരാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഗള്‍ഫില്‍ കൃഷിയും വ്യവസായങ്ങളും വളരെ കുറവാണ്. അതുകൊണ്ടുതന്നെ എല്ലാ രാജ്യങ്ങളുടെയും മേല്‍ത്തരം കാര്‍ഷികവിഭവങ്ങളുടെയും വ്യാവസായികോല്‍പ്പന്നങ്ങളുടെയും വലിയ വിപണിയാണ് ഗള്‍ഫ്. ഗള്‍ഫില്‍ രാഷ്ട്രീയമോ സാമ്പത്തികമോ ആയ ഏതു പ്രതിസന്ധി ഉണ്ടായാലും ഈ വിപണിയില്‍ ആഘാതമുണ്ടാകും. ഗള്‍ഫ് രാജ്യങ്ങളുടെ സ്വദേശിവല്‍ക്കരണ പദ്ധതികള്‍ പോലും ഇതരനാടുകളെ പ്രതിസന്ധിയിലാക്കുന്നത് നമുക്ക് അനുഭവം കൊണ്ടറിയാം. ഗള്‍ഫു പോലെ കരുത്തുറ്റ തൊഴില്‍മേഖല കേരളീയര്‍ക്ക് ഇന്നും വേറെയില്ല. മൂന്നാംലോക രാജ്യങ്ങളിലെ വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികള്‍ക്കെല്ലാം ഗള്‍ഫാണ് ഇന്നും പ്രതീക്ഷയും ലക്ഷ്യവും.

തൊഴില്‍പ്രശ്‌നങ്ങള്‍ കുറവും തൊഴിലവസരങ്ങളുടെ കൂടുതലും ഗള്‍ഫ്പണത്തിന്റെ മൂല്യവും തൊഴില്‍ദാതാക്കളുടെ നല്ലസ്വഭാവവും ഇപ്പോഴും കേരളീയരെ ഗള്‍ഫിലേക്കു ആകര്‍ഷിക്കുന്നു. അതേസമയം, ഏറെക്കുറെ അരനൂറ്റാണ്ടായി ഗള്‍ഫില്‍ നിന്നു കേരളം സമ്പാദിച്ചുകൂട്ടിയ പണം എത്രമാത്രം ഭാവിയിലേയ്ക്കു വിനിയോഗികപ്പെട്ടുവെന്നതും കേരളത്തിലെ സുപ്രധാന ആലോചനയാണ്. ഭാവിയിലേയ്ക്കു പ്രയോജനപ്പെടുംവിധം ഗള്‍ഫില്‍നിന്നുള്ള സമ്പാദ്യം നിക്ഷേപമാക്കി മാറ്റുകയെന്ന ചിന്ത ഇങ്ങനെയാണു സജീവമായത്.
ഗള്‍ഫില്‍നിന്നുള്ള സാമ്പത്തികവരവ് നിലയ്ക്കുന്ന ഏതനുഭവവും തങ്ങളെ നിസ്സഹായരാക്കുമെന്നു ബോധ്യപ്പെട്ട കേരളീയര്‍ അങ്ങനെയാണു സംരംഭകത്വപദ്ധതികളിലേക്ക് തിരിഞ്ഞത്. ഇറാഖ്-കുവൈത്ത് യുദ്ധം മുതല്‍ ഈയിടെയുണ്ടായ സഊദിയിലെ നിതാഖാത്ത് പ്രശ്‌നങ്ങള്‍ വരെ ഈ ചിന്തയെ അനുകൂലമായി സഹായിച്ചു. ഗള്‍ഫ് പ്രവാസികളായ അതിസമ്പന്നരും സാധാരണക്കാരും ഇപ്പോള്‍ നാട്ടിലെ നിക്ഷേപം വര്‍ധിപ്പിക്കാനാണു ശ്രമിക്കുന്നത്. അതേസമയം, ഇന്ത്യയിലെ വിവിധ സംസ്ഥാനസര്‍ക്കാരുകളും ഈ അനുകൂലതരംഗത്തെ പ്രയോജനപ്പെടുത്താന്‍ പുതിയ നീക്കങ്ങളും നിയമ നിര്‍മാണങ്ങളും നടത്തി. കേരളവും ഇക്കാര്യത്തില്‍ പിറകിലായിരുന്നില്ല.
സംരംഭകത്വസൗഹൃദ സംസ്ഥാനമാക്കി മാറ്റി കേരളത്തിലേയ്ക്കു വിദേശനിക്ഷേപം ആകര്‍ഷിക്കുകയെന്നതു കഴിഞ്ഞദശകത്തില്‍ കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകളുടെ പ്രധാന ലക്ഷ്യമായി. സംരംഭകത്വം, സ്റ്റാര്‍ട്ടപ്പ് എന്നിവ കേരളത്തിലെയും ഗള്‍ഫ് മലയാളികളുടെയും പ്രധാന ചര്‍ച്ചാവിഷയമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക കേരളസഭയെന്ന ആശയവുമായി മുന്നോട്ടു വരികയും ഗള്‍ഫില്‍ നിന്നുള്ള നിക്ഷേപസാധ്യതകളെ സജീവപരിഗണനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തപ്പോള്‍ കക്ഷിഭേദമില്ലാതെ പ്രവാസിമലയാളികള്‍ അതിനെ പിന്തുണച്ചു.

കേരളത്തിന്റെ വര്‍ത്തമാനകാല ആവശ്യത്തിനനുസരിച്ചു പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കേണ്ടതുണ്ട്. വ്യാപാരമേഖലയെ പ്രോത്സാഹിപ്പിക്കാന്‍ സംരംഭകത്വവികസന പദ്ധതി ആരംഭിക്കുകയും അതിന്റെ കീഴില്‍ സ്റ്റാര്‍ട്ടപ്പ് വികസനം, സ്വയംതൊഴില്‍ വികസനം, ചെറുകിട ഇടത്തരം സംരംഭ വികസനം എന്നിവ ഉറപ്പാക്കുകയും ചെയ്യണം.
സര്‍ക്കാര്‍ വിഭവങ്ങളെയും സംവിധാനങ്ങളെയും മാത്രം ആശ്രയിച്ചു നവകേരളസൃഷ്ടി സാധ്യമല്ല. സാധ്യമായ എല്ലാ തലങ്ങളില്‍നിന്നും നിക്ഷേപം വരേണ്ടതുണ്ട്. നിക്ഷേപകര്‍ക്കു പ്രോത്സാഹനം, പുതിയ സംരംഭങ്ങള്‍ക്കു ചുവപ്പുനാടയുടെ കുരുക്കില്ലാതെ സുതാര്യമായി അനുമതികള്‍, ഏകജാലകത്തിലൂടെയുള്ള വേഗതയാര്‍ന്ന നടപടിക്രമങ്ങള്‍. ലോക കേരളസഭയില്‍ അദ്ദേഹം ഇത്തരം കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഏറെ പ്രതീക്ഷിച്ചു.
ചട്ടങ്ങളുടെയും ചിട്ടവട്ടങ്ങളുടെയും തടസങ്ങളില്ലാതെ ഏതുതരം സംരംഭങ്ങളും ആരംഭിക്കാവുന്ന അവസരം കേരളം ഒരുക്കുമെന്നും അനുമതികള്‍ക്കായുള്ള നെട്ടോട്ടം അവസാനിപ്പിച്ചു നാട്ടില്‍ വ്യവസായപദ്ധതികള്‍ ആരംഭിക്കാന്‍ വേണ്ടതു ചെയ്യുമെന്നും പ്രവാസിസംരംഭകര്‍ക്കു കേരളം അനുയോജ്യമല്ലെന്ന പരാതി അതോടെ അവസാനിക്കുമെന്നും മുഖ്യമന്ത്രി തന്നെയാണു വാക്കുതന്നത്. അതിനദ്ദേഹം ദുബൈയിലുമെത്തി. കേരളത്തിലെ വ്യവസായപാര്‍ക്കുകളില്‍ അഞ്ചുശതമാനം ഭൂമി പ്രവാസികള്‍ക്കു മാറ്റിവയ്ക്കുമെന്ന ബജറ്റ് വാഗ്ദാനം കൂടി നടത്തി.

കേരളത്തില്‍ 13 വ്യവസായ എസ്റ്റേറ്റുകളുണ്ട്. 2440 ഏക്കര്‍ ഭൂമിയാണ് ഇവിടങ്ങളില്‍ സംരംഭകര്‍ക്കായി നീക്കിവച്ചത്. ഇതിനു പുറമെ കെ.എസ്.ഐ.ഡി.സിയുടെ കൈവശം 1000 ഏക്കറും കിന്‍ഫ്രയില്‍ 3000 ഏക്കറും ഭൂമിയുണ്ട്. വ്യവസായങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ അനുമതിയും അനുകൂല ഘടകങ്ങളുമാണ് ഇവയുടെ പ്രത്യേകത. ഇവിടെങ്ങളിലെല്ലാം സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി അഞ്ചുശതമാനം ഭൂമി സര്‍ക്കാര്‍ മാറ്റിവയ്ക്കുന്നതായാണു കഴിഞ്ഞ കേരള ബജറ്റില്‍ വ്യക്തമാക്കിയത്.
ഇത്രയും തുറന്ന മനസോടെ പ്രവാസികളെ സ്വീകരിക്കാന്‍ മുന്നോട്ടു വന്ന സര്‍ക്കാരിനു മേല്‍ സാജന്റെ അപമൃത്യു ഏല്‍പ്പിച്ചിരിക്കുന്നത് മായ്ക്കാനാവാത്ത കളങ്കമാണ്. പ്രവാസിസംരംഭകരെ പിന്നോട്ടടിപ്പിക്കുന്ന പാരിസ്ഥിതികാനുമതി, പലതരം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ക്കും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കുമായുള്ള നെട്ടോട്ടം, രാഷ്ട്രീയസംഘടനകളുടെ കൊടിനാട്ടലുകള്‍ ഒന്നും ഇനി ഉണ്ടാവില്ലെന്ന ലോകകേരള സഭയില്‍ മുഴങ്ങിയ ഉറപ്പും പ്രവാസി പുനരധിവാസമെന്ന കാലങ്ങളായുള്ള ആവശ്യം പരിഹരിക്കാന്‍ കേരളത്തെ പ്രവാസി സംരംഭകസൗഹൃദ സംസ്ഥാനമാക്കി മാറ്റാമെന്ന വാഗ്ദാനവും ലംഘിക്കപ്പെട്ടതു ഭരണകക്ഷിയാല്‍ തന്നെയാണെന്നതു അങ്ങേയറ്റം ഖേദകരമാണ്. എന്തുകൊണ്ടിങ്ങനെ എന്നതിനു പല കാരണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

എന്നാല്‍ ചര്‍ച്ചകളില്‍ വരാത്ത ഒരു കാരണമുണ്ട്. കേരളത്തിന്റെ ഏറെ പ്രകീര്‍ത്തിക്കപ്പെടുന്ന ഇടതുപക്ഷ മനസിന് ഈ കുറ്റകൃത്യത്തില്‍ കൃത്യമായ പങ്കുണ്ടെന്നു പറയാതെ വയ്യ. ഇടതുചിന്ത തലയ്ക്കകത്തുള്ളവര്‍ക്കു മുന്നില്‍ ഏതു കാര്യത്തിലും മുതലാളിയും തൊഴിലാളിയുമാണുള്ളത്. മുതലാളിവര്‍ഗവും തൊഴിലാളി വര്‍ഗവുമെന്ന ചിന്തയില്‍ തളയ്ക്കപ്പെട്ട ബുദ്ധിയാണത്. ഗള്‍ഫിലോ മറ്റു രാജ്യങ്ങളിലോ തൊഴിലെടുക്കുന്നവരാണു കേരളത്തെ ജീവിപ്പിക്കുന്ന പ്രവാസിമലയാളികള്‍. അവരില്‍ സ്വന്തം നിക്ഷേപം നടത്തി സ്ഥാപനം നടത്തുന്ന സംരംഭകര്‍ മാത്രമാണ് ആകെയുള്ള തൊഴിലാളിയിതരര്‍.

പ്രവാസിവ്യവസായികളായ ഇന്നറിയപ്പെടുന്ന മുതലാളികളും തൊഴില്‍തേടി വരികയും തൊഴിലെടുക്കുകയും കഠിനാധ്വാനത്തിലൂടെ സംരംഭങ്ങള്‍ പടുത്തുയര്‍ത്തുകയും ചെയ്തവരാണ്. അവരും തൊഴിലാളികളായിരുന്നവരാണ്. വിദേശ ഗവണ്മെന്റുകള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ (റസിഡന്റ് കാര്‍ഡ്,ബത്താക്ക, ഇക്കാമ) ഫലത്തില്‍ ലേബര്‍ കാര്‍ഡ് കൂടിയാണ്. തൊഴില്‍ സംസ്‌കാരത്തിന്റെയും സംരംഭകത്വത്തിന്റെയും ഗുണാത്മകവും ക്രിയാത്മകവുമായ രീതികള്‍ മലയാളികള്‍ ശീലിച്ചതു വിദേശങ്ങളില്‍ നിന്നായിരിക്കും.
നമ്മുടെ നാടിന്റെ ഇടതുമനോഭാവങ്ങളായ സമരവും കൊടിനാട്ടലും അവിടെ അവര്‍ക്കു നേരിടേണ്ടി വന്നിട്ടില്ല. അവര്‍ കണ്ടിട്ടുള്ളത് വിദേശങ്ങളിലെ അവരെ സ്വാഗതം ചെയ്യുന്ന സര്‍ക്കാരുകളെയും സംവിധാനങ്ങളെയും മാത്രമാണ്. കേരളത്തിലെ രാഷ്ട്രീയക്കാരന്റെ കുതികാല്‍വെട്ടുകളും കള്ളക്കളികളും മനസിലാക്കാന്‍ കഴിയാതെ അവരുടെ ഭീഷണികള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്ന പ്രവാസിസംരംഭകര്‍ പെട്ടെന്നു തളര്‍ന്നുപോകുന്നതും അതുകൊണ്ടാണ്. സാജന്റെയും സുഗതന്റെയും അനുഭവം ഈ കാര്യങ്ങള്‍ കൃത്യമായി നമ്മുടെ മുന്‍പാകെ വെളിപ്പെടുത്തുന്നുണ്ട്.
സാജന്‍ ഒരു വേള താന്‍ ജീവിച്ച ആഫ്രിക്കന്‍ രാജ്യം എത്രമേല്‍ വ്യവസായങ്ങള്‍ക്ക് അനുകൂലമായിരുന്നുവെന്ന കാര്യം അയവിറക്കുന്നുണ്ട്. സുഗതന്‍ ആദ്യമാദ്യം ഭീഷണിക്കു മുന്നില്‍ സംഭാവനകള്‍ നല്‍കി പിടിച്ചുനില്‍ക്കാന്‍ നോക്കി. ഒടുക്കം കൈയയച്ചു സംഭാവന കൊടുക്കാന്‍ സുഗതന്റെ കൈയില്‍ ഒന്നും ശേഷിച്ചില്ലായിരുന്നു. ജീവിതത്തില്‍ തോല്‍വി സമ്മതിച്ചു സുഗതന്‍ പിന്മാറി. സാജന്‍ പാര്‍ട്ടിക്കൊപ്പം നിന്നിട്ടും രക്ഷ കിട്ടിയില്ല. അവരെല്ലാം കേരളത്തിലെ മേല്‍പ്പറഞ്ഞ മനോഭാവങ്ങള്‍ക്കു മുന്നില്‍ പകച്ചുപോവുകയും നിസ്സഹായരായിപ്പോവുകയുമാണ്.

സംസ്ഥാനമെന്ന നിലയില്‍ കേരളം ചില മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. അതു ‘കേരള മോഡല്‍’ വികസനമെന്ന ഓമനപ്പേരില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, നമ്മുടെ മനോഭാവങ്ങള്‍ക്കു സാരമായ തകരാറുകള്‍ വരുത്തിയ ആശയങ്ങളുടെ കടുംപിടുത്തങ്ങളില്‍ നിന്ന് ഇന്നും കേരളം മോചനം നേടിയിട്ടില്ല. അതിലേറ്റവും പ്രതിലോമകരമായതാണു കേരളത്തിന്റെ ഇടതുപക്ഷ മനസെന്നു പറയാതെ വയ്യ. സുസ്ഥിരവും സ്വാശ്രയവുമായ വികസനക്കാഴ്ചപ്പാടിലേയ്ക്കു വളരാന്‍ പലപ്പോഴും കേരളത്തിലെ ഇടതുനേതാക്കളെ അനുവദിക്കാത്തത് അവരുടെയുള്ളിലെ തൊഴിലാളിവര്‍ഗബോധം തന്നെയാണ്.

കേരളത്തില്‍ 45 ലക്ഷം യുവാക്കള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേരു ചേര്‍ത്തു തൊഴിലിനായി കാത്തുകഴിയുന്നു. ഉന്നതവിദ്യാഭ്യാസവും പ്രൊഫഷനല്‍ കോഴ്‌സും പൂര്‍ത്തിയാക്കിയ ഭൂരിപക്ഷം പേരും അനുയോജ്യമായ തൊഴില്‍ നേടാനാവാതെ മോഹഭംഗത്തിന്റെയും നിരാശയുടെയും പിടിയിലമരുകയാണ്. അതേസമയത്താണ് ഇപ്പറഞ്ഞ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകേണ്ട സംരംഭകരായെത്തുന്ന മലയാളികള്‍ ഇങ്ങനെ തോല്‍പ്പിക്കപ്പെടുന്നത്. എന്തുകൊണ്ടു മലയാളിക്ക് ഈ ദുരന്തം സംഭവിക്കുന്നുവെന്നത് ഇനിയെങ്കിലും തുറന്നമനസോടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ലോകത്തു പല ദേശങ്ങളിലും മാര്‍ക്‌സിസം വിപ്ലവത്തിലൂടെ അധികാരത്തിലെത്തിയപ്പോള്‍ കേരളം മറ്റൊരു വഴി ലോകത്തിനു പരിചയപ്പെടുത്തി. ജനാധിപത്യത്തിലൂടെ കമ്മ്യൂണിസ്റ്റുകള്‍ അധികാരം കൊയ്ത നാടായി കേരളം. മലയാളികളുടെ വീക്ഷണത്തെയും ചിന്തയെയും ബോധത്തെയും സംസ്‌കാരത്തെയും സമ്പദ്‌വ്യവസ്ഥയെയും സാമൂഹികബന്ധങ്ങളെയും രാഷ്ട്രീയ,സാമൂഹിക ജീവിതത്തെയും തിട്ടപ്പെടുത്തിയ അളവുകോലു കണക്കെ ഇടതു പ്രത്യയശാസ്ത്രം കേരളത്തെ ബാധിച്ചു.
അതിന്റെ ഉപകാരങ്ങളുണ്ട്, ഉപദ്രവങ്ങളുമുണ്ട്. മഹത്തായ ആശയങ്ങള്‍ അതിന്റെ വ്യാഖ്യാതാക്കളുടെ കൈകളാല്‍ സംഹാരശേഷി നേടുന്നതും ചരിത്രത്തിലും വര്‍ത്തമാന കാലത്തിലും കണ്ടതാണ്. ദുഷ്ടലാക്കും പ്രതികാരവായ്പുമാകണമെന്നില്ല, ചിലപ്പോള്‍ അതിരു കവിഞ്ഞ മുതലാളിത്തവിരോധമോ തൊഴിലാളിവര്‍ഗബോധമോ ആയിരിക്കാം ശ്യാമള എന്ന മുനിസിപ്പല്‍ ചെയര്‍പേഴ്‌സണെ ഇത്രയും ക്രൂരയാക്കി മാറ്റിയത്. കേരളത്തിലാകെ ഇത്തരം ഇടതുപിടിവാശികളുടെ ഇരകളെ കാണാം. കാറല്‍ മാക്‌സിനു മുന്നിലുണ്ടായിരുന്ന ലോകമല്ല ഇത്. ചൂഷകനായ മുതലാളിയും ചൂഷിതനായ തൊഴിലാളിയുമായിരുന്നു മാക്‌സിന്റെ മുന്നില്‍. നമ്മുടേതു സംരംഭകരുടെ കാലമാണ്. സംരംഭകത്വവും സ്റ്റാര്‍ട്ടപ്പുകളുമാണു ചുറ്റിലും.
സമൂഹസംരംഭകത്വം പുതിയ സാമൂഹികമുന്നേറ്റങ്ങളുടെ പിന്നിലെ ബലമായി മാറിക്കൊണ്ടിരിക്കുന്നു. മുതലാളി-തൊഴിലാളി വര്‍ഗബന്ധമല്ല ഇവിടെ പ്രവര്‍ത്തിക്കുന്നത്. അതേസമയം, ചൂഷണത്തിനും പുതിയ സൂത്രങ്ങള്‍ ഉരുത്തിരിയുന്നു. ചൂഷകന്‍ മിക്കപ്പോഴും പാര്‍ട്ടിയാണെന്നതു മറ്റൊരു വിരോധാഭാസം. ലോകത്തിലെ ചെറുതും വലുതുമായ എന്റര്‍പ്രണ്വര്‍ഷിപ്പുകളെ മുഴുവന്‍ നിരീക്ഷിക്കുകയും പഠനവിധേയമാക്കുകയും ചെയ്യുന്ന ചൈനീസ് സര്‍വകലാശാല സന്ദര്‍ശിച്ചതിനെപ്പറ്റി കേരള നിയമസഭാ സ്പീക്കര്‍ ദുബൈയില്‍ വച്ചു വിസ്മയഭരിതനായി സംസാരിക്കുന്നതു കഴിഞ്ഞവര്‍ഷം കേള്‍ക്കാന്‍ കഴിഞ്ഞു.

ദുബൈയിലെ അനേകായിരം മലയാളിസംരംഭകരില്‍ ഏറ്റവും ലാഭം കൊയ്ത നൂറുപേരെക്കുറിച്ചുള്ള പുസ്തകം പ്രകാശിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗബോധവും താത്വികവിശകലനങ്ങളും ‘അടിത്തട്ടില്‍ സജീവമായ അന്തര്‍ധാര’കളും കൂടിക്കലര്‍ന്നുണ്ടായ സമരങ്ങള്‍ മൂലം കേരളത്തിലെ പൂട്ടിപ്പോയ അനേകം ‘മുതലാളിത്ത മൂരാച്ചി’ സംരംഭങ്ങളെ ഓര്‍ത്തുപോയി. ഒരു പൗരനെന്ന നിലയ്ക്ക് അദ്ദേഹത്തോട് ഇത്രയെങ്കിലും പറയാതെ വയ്യ, ‘സര്‍, കാറല്‍ മാക്‌സ് കണ്ടിട്ടില്ലാത്ത മുതലാളിമാരാണിപ്പോള്‍ ലോകം നിറയെ. ഞങ്ങള്‍ മുതലാളിത്ത മൂരാച്ചികളല്ല, ഊണിലും ഉറക്കിലും നാടു മനസിലുള്ള പാവപ്പെട്ട പ്രവാസികളാണു സര്‍, പ്രയാസികളാണ് സര്‍ ഞങ്ങള്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.