2020 July 07 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മലപ്പുറത്ത് പോരാട്ടം കടുക്കുക പൊന്നാനിയില്‍

എ.കെ ഫസലുറഹ്മാന്‍#

 

മുസ്‌ലിംലീഗിന്റെ ശക്തിദുര്‍ഗമായ മലപ്പുറം ജില്ലയിലെ ശക്തമായ ലോക്‌സഭാ തെരഞ്ഞെടുപ്പ് പോരാട്ടം ഇത്തവണ പൊന്നാനിയിലായിരിക്കും. 1977 മുതല്‍ ലീഗല്ലാതെ മറ്റൊന്നും ജയിക്കാത്ത മണ്ഡലം ശക്തമായ പോരാട്ട വേദിയായത് 2014ലെ തെരഞ്ഞെടുപ്പോടെയാണ്. സംസ്ഥാനത്താകെ ഇടതു തരംഗം ആഞ്ഞടിച്ച 2004ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഇ. അഹമ്മദ് മാത്രമാണ് കേരളത്തില്‍നിന്ന് യു.ഡി.എഫിനുവേണ്ടി കോണികയറിയത്. 2014ലേതിനു സമാന പോരാട്ടം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളെ ചുറ്റിപ്പറ്റിയാണ് ആദ്യഘട്ട ചര്‍ച്ചകള്‍.

പരിചയസമ്പന്നന്‍ തന്നെ മത്സര രംഗത്തുണ്ടാകുമെന്ന് ലീഗ് നേതൃത്വം കൃത്യമായ സൂചന നല്‍കിയ മണ്ഡലത്തില്‍ പാര്‍ട്ടിക്കു വേണ്ടി ഇ.ടി മുഹമ്മദ് ബഷീര്‍ തന്നെ വിധി തേടുമെന്നാണ് വിവരം. 2009ലും 2014ലുമായി തോല്‍വിയറിയാതെ ലോക്‌സഭയിലെത്തിയ ഇ.ടി മുഹമ്മദ് ബഷീറിന് ഇത്തവണയും നറുക്കു വീണാല്‍ മൂന്നാം നിയോഗമാവുമിത്.
2014ല്‍ ഇടതു സ്വതന്ത്രനായി മത്സരിച്ച നിലവിലെ താനൂര്‍ എം.എല്‍.എ വി. അബ്ദുറഹ്മാന്‍ ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച ഇ.ടി 25,410 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിലവില്‍ പാര്‍ലമെന്റിലിരിക്കുന്നത്. 2009ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന 82,684 വോട്ടിന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞത് ലീഗ് കേന്ദ്രങ്ങളെ ആശങ്കയിലാക്കിയിരുന്നു.

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, പൊന്നാനി, തവനൂര്‍, കോട്ടക്കല്‍ നിയമസഭാ മണ്ഡലങ്ങളെ കൂടാതെ പാലക്കാട് ജില്ലയിലെ തൃത്താല കൂടി ഉള്‍പ്പെടുന്നതാണ് പൊന്നാനി ലോക്‌സഭാ മണ്ഡലം. ഇതില്‍ തവനൂര്‍, പൊന്നാനി, താനൂര്‍ മണ്ഡലങ്ങള്‍ ഇടതിനൊപ്പവും ബാക്കി യു.ഡി.എഫിനൊപ്പവുമാണ്. ലോക്‌സഭാ മണ്ഡല പരിധിയിലെ നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലുള്ള കണക്കു നോക്കിയാല്‍ 3,711 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് യു.ഡി.എഫിനുള്ളത്. ശക്തമായ പ്രതിച്ഛായയുള്ള ഒരു ഇടതു സ്ഥാനാര്‍ഥി മത്സര രംഗത്തിറങ്ങിയാല്‍ പൊന്നാനിയിലെ പോരാട്ടം പൊടിപാറുമെന്നുറപ്പാണ്.
അതേസമയം, മികച്ച അക്കാദമിക പിന്‍ബലത്തില്‍ സാമുദായിക, പൊതുവിഷയങ്ങളിലെ സജീവ ഇടപെടലുകള്‍ ഇ.ടിയെന്ന പാര്‍ലമെന്റേറിയനെ രാജ്യമാകെ ശ്രദ്ധേയനാക്കി മാറ്റിയിട്ടുണ്ട്. മുത്വലാഖ് ബില്‍ വിഷയത്തില്‍ പലരും നിലപാടറിയിച്ചെങ്കിലും പൂര്‍ണമായും രാജ്യത്തെ പരമ്പരാഗത മുസ്‌ലിം വിശ്വാസങ്ങളെ സംരക്ഷിക്കുന്ന തലത്തില്‍ ലോക്‌സഭയില്‍ ശബ്ദമായത് ഇ.ടിയായിരുന്നു. മത്സരിക്കാനില്ലെന്ന് ഇ.ടി സ്വയം തീരുമാനിച്ചാല്‍ മാത്രമേ മറ്റൊരു സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചര്‍ച്ച ഉയര്‍ന്നുവരൂ. ശക്തമായ പോരാട്ടത്തിലൂടെ പൊന്നാനി പിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുള്ള സി.പി.എം ഇതിനോടകം തന്നെ ബൂത്ത്തല കമ്മിറ്റികള്‍ രൂപീകരിച്ച് താഴേത്തട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 2004 വരെ ഇടതുപക്ഷത്തിനു വേണ്ടി സി.പി.ഐ മത്സരിച്ചിരുന്ന മണ്ഡലം പിന്നീട് വയനാടുമായി വച്ചുമാറുകയായിരുന്നു.
സി.പി.എം പൊന്നാനി വാങ്ങിയ ശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പിലും സ്വതന്ത്രരെ ഇറക്കി പരീക്ഷണം നടത്തിയ മണ്ഡലത്തില്‍ ഇത്തവണയും സ്വതന്ത്രന്‍ തന്നെ രംഗത്തിറങ്ങുമെന്നാണ് പ്രതീക്ഷ.

ഉന്നത വിദ്യാഭ്യാസ മന്ത്രി ജലീലിനെ രംഗത്തിറക്കി പൊന്നാനി പിടിക്കാന്‍ ലക്ഷ്യമിട്ടിരുന്ന ഇടതിനു പക്ഷെ ബന്ധുനിയമനം പണികൊടുത്തു. വിവാദങ്ങള്‍ക്കിടയിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശമായ ജലീലിനെ തന്നെ കളത്തിലിറക്കണമെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ താല്‍പര്യം.
സുരക്ഷിതമായ സംസ്ഥാന രാഷ്ട്രീയത്തില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനോട് കൂടുതല്‍ എതിര്‍പ്പ് ജലീലിനു തന്നെയാണ്. പിണറായി വിജയനാണ് ജലീല്‍ മത്സരിക്കുന്നതിനോട് താല്‍പര്യമില്ലാത്ത മറ്റൊരാള്‍. മന്ത്രിസഭയിലെ ന്യൂനപക്ഷ മുഖമായ ജലീല്‍ വിജയിച്ചില്ലെങ്കില്‍ സര്‍ക്കാരിനു പേരുദോഷമാവും.
അതേസമയം, ബന്ധുനിയമനത്തിലൂടെ പ്രതിരോധത്തിലായ ജലീലിനു മഖം മിനുക്കാന്‍ ലോക്‌സഭയിലേക്കുള്ള ചുവടുമാറ്റം ഗുണം ചെയ്യുമെന്ന് ജില്ലയിലെ സി.പി.എം നേതാക്കള്‍ കരുതുന്നു. കൂടാതെ പാര്‍ട്ടിയുടെ സുരക്ഷിത സീറ്റെന്നു കരുതുന്ന തവനൂരില്‍ എം.ബി ഫൈസലിനെ കളത്തിലിറക്കി ഇടതു സ്വതന്ത്രനെ ഒഴിവാക്കി പാര്‍ട്ടി സാമാജികരുടെ എണ്ണം കൂട്ടാമെന്നും ആലോചനയുണ്ട്.

ശക്തമായ വോട്ട് ചോര്‍ച്ചയുണ്ടായ 2014ലെ തെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടി, കോട്ടക്കല്‍ മണ്ഡലങ്ങളാണ് യു.ഡി.എഫിനെ തുണച്ചത്. മേഖലയില്‍ ശക്തമായ സ്വാധീനമുള്ളയാളും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അബ്ദുറബ്ബിനെതിരേ ശക്തമായ മത്സരം കാഴ്ചവച്ചയാളുമായ നിയാസ് പുളിക്കലകത്താണ് ഇടതുപക്ഷത്തു സാധ്യതയുള്ള മറ്റൊരാള്‍. എല്‍.ഡി.എഫ് കണ്‍വീനറും മുന്‍ രാജ്യസഭാംഗവുമായ എ. വിജയരാഘവനാണ് പൊന്നാനിയില്‍ കണ്ണുംനട്ടിരിക്കുന്ന മറ്റൊരാള്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.